Thamasoma News Desk
ദുരന്തമോ മരണമോ സംഭവിച്ച വീട്ടിലേക്ക് ചില മനുഷ്യര്‍ ഒഴുകിയെത്തും. ആ അത്യാഹിതത്തില്‍പെട്ടുപോയ മനുഷ്യരുടെ കണ്ണീരിന്റെയും വിലാപത്തിന്റെയും ആഴമളക്കാനായി. ദു:ഖം ഉള്ളിലടക്കിപ്പിടിച്ച് പുറമേ ശാന്തതയോടെ നില്‍ക്കുന്ന ഉറ്റവരുടെ മൃഖങ്ങളിലേക്കും പ്രവൃത്തികളില്ലേക്കും കണ്ണിമ ചിമ്മാതെ അവര്‍ നോക്കിക്കൊണ്ടിരിക്കും. ആ സംഭവത്തിന്റെ അവസാനം കണ്ടിട്ടേ അവരവിടെ നിന്നും പിന്മാറുകയുമുള്ളു. അതിനു ശേഷമാണ് അവലോകനങ്ങള്‍. ഉറ്റവരുടെ കരച്ചിലിന്റെ ആഴമളക്കലുകള്‍. അത്രയ്‌ക്കൊന്നും വിഷമമില്ലെന്ന പറച്ചിലുകള്‍. എന്തേ കരയാത്തതെന്ന സംശയപ്രകടനങ്ങള്‍. മകള്‍ എത്രത്തോളം കരഞ്ഞു, മകന് കുലുക്കമില്ലായിരുന്നല്ലോ. അച്ഛനെന്തേ കരയാത്തെ. അമ്മ എന്തേ ഇത്രയേറെ കരഞ്ഞത്?
സങ്കടം സഹിക്കവയ്യാതെ പൊട്ടിപ്പോയാല്‍ അഭിനയം. ഉള്ളിലൊതുക്കിയാല്‍ ‘മരിച്ച വീടാണെന്നു തോന്നുക പോലുമില്ല’ എന്ന കമന്റുകള്‍. ഉള്ളുനീറിക്കഴിയുന്നവരെ വീണ്ടും വീണ്ടുമുള്ള മുറിപ്പെടുത്തലുകള്‍. ആശ്വസിപ്പിക്കാനെന്ന വ്യാജേന എത്തുന്നവര്‍.
ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജ്ജുന് (Arjun) വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. അതിനിടയിലാണ് ചിലര്‍ ഈ കുടുംബത്തിലുള്ളവരുടെ കണ്ണീരിന്റെ ആഴമളക്കാനെത്തിയിരിക്കുന്നത്. വായില്‍ത്തോന്നിയത് വിളിച്ചു കൂവാനുള്ള വേദിയാവരുത് സോഷ്യല്‍ മീഡിയ. ആ മനുഷ്യന്‍ എവിടെയെന്നറിയാതെ വെന്തുനീറിക്കഴിയുന്ന ആ കുടുംബത്തെയും കേരളക്കരയെയും ഇത്തരത്തില്‍ ക്രൂശിക്കരുത്. അവനവന്റെ വീട്ടില്‍ അത്യാഹിതമുണ്ടാകുമ്പോള്‍ മാത്രമേ ചില വേദനകള്‍ ചിലര്‍ക്കു മനസിലാവുകയുള്ളു. അല്ലാത്തവര്‍ക്ക് ഈ കണ്ണീരും കാത്തിരിപ്പും മനസിലെ വിഷമിറക്കാനുള്ള വേദിമാത്രം.
…………………………………………………………………………
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47