പൊറുതിമുട്ടിയ ജനം കോടതിയില്‍ പോയി. ബന്ദ് നിര്‍ത്തലാക്കിയ കോടതി വിധി
ഹര്‍ഷാരവത്തോടെയാണ് സമാധാന പ്രിയരായ, ജനാധിപത്യസംവിധാനത്തില്‍ അടിയുറച്ചു
വിശ്വസിക്കുന്ന ജനങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍, കുബുദ്ധികളായ രാഷ്ട്രീയ
നേതാക്കളും പ്രവര്‍ത്തകരും മന്ത്രിമാരും മത രാഷ്ട്രീയ പാര്‍ട്ടികളും ആ
നിയമം വളച്ചൊടിച്ചു. അക്കാലയളവു വരെ, ഹര്‍ത്താല്‍ എന്നാല്‍ കടകള്‍
അടച്ചിട്ടുള്ള സമരമായിരുന്നു. എന്നാല്‍, ബന്ദു നിരോധിച്ചതോടെ, ബന്ദിന്റെ
എല്ലാ സ്വഭാവങ്ങളും ഹര്‍ത്താല്‍ ഏറ്റേടുത്തു. നിരത്തിലിറങ്ങിയാല്‍
വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. തുറന്നാല്‍ കടകള്‍ക്കു നേരെ കല്ലേറ്. വീടിനു
വെളിയിലിറങ്ങിയാല്‍ തെറിവിളി. ആകെക്കൂടി, ബന്ദ് എന്ന വാക്കിനോട് എന്തോ
ഒരസ്‌കിത ഉണ്ടായിരുന്നതുപോലെ. അതുകൊണ്ട് ആ വാക്കങ്ങു നിരോധിച്ചു. ഇപ്പോള്‍
ബന്ദ് എന്ന വാക്ക് ആരും ഉച്ചരിക്കാറില്ല. കോര്‍ട്ടലക്ഷ്യമാണു പോലും…!
ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ കടന്നാക്രമിച്ച് ചിലര്‍ പറയാറുണ്ട്.
ഹര്‍ത്താലാണ് പ്രതിഷേധം രേഖപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന്.
ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ
തള്ളിപ്പറയുകയാണത്രെ. സത്യത്തില്‍ ഹര്‍ത്താല്‍ നടത്തുന്നവരാണ് ഇന്ത്യന്‍
ഭരണഘടനയെയും പരമാധികാരത്തെയും തള്ളിപ്പറയുന്നത്. സ്വാതന്ത്ര്യത്തോടെ
ജീവിക്കുവാനും യാത്ര ചെയ്യുവാനും ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു
നല്‍കുന്നുണ്ട്. ആ പരമാധികാരത്തെയാണ് ഹര്‍ത്താല്‍ നടത്തുന്നവരും
ഹര്‍ത്താല്‍ അനുകൂലികളും കൈയ്യൂക്കുകൊണ്ട് ജനങ്ങളില്‍ നിന്നും
തട്ടിത്തെറിപ്പിക്കുന്നത്.
ഹര്‍ത്താലിന്റെ ബദല്‍
ഹര്‍ത്താല്‍ നടത്തേണ്ടത് പൊതുജനങ്ങളുടെ നെഞ്ചത്തല്ല, മറിച്ച്, ആരാണോ നീതി
നിഷേധിച്ചത്, ആരാണോ തെറ്റു ചെയ്തത്, അവരുടെ വീട്ടുമുറ്റത്ത്. നീതി
നിഷേധിച്ചവരെ, തെറ്റു ചെയ്തവരെ വീടിനു പുറത്തിറങ്ങാന്‍ പോലും
അനുവദിക്കരുത്. ഇങ്ങനെയുള്ള ഹര്‍ത്താലുകള്‍ ഒറ്റ ദിവസമല്ല, കാര്യം സാധിച്ചു
കിട്ടുന്നതു വരെ നടത്തണം. അതതു പ്രദേശത്തെ പഞ്ചായത്തു മെംബര്‍മാര്‍,
പഞ്ചായത്തു പ്രസിഡന്റ്, രാഷ്ട്രീയ നേതാക്കള്‍, എം എല്‍ എ മാര്‍
കൗണ്‍സിലര്‍മാര്‍, മന്ത്രിമാര്‍, എം പിമാര്‍ എന്നിവരെ വീടിനു
പുറത്തിറങ്ങാന്‍ പോലും അനുവദിക്കരുത്. അപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക്
തീരുമാനമാകും. അല്ലാതെ, നിരപരാധികളായ മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യം
നഷ്ടപ്പെടുത്തി വീടിനകത്തിരുത്തുന്നത് കാടത്തമാണ്. ആശുപത്രിയില്‍
പോകേണ്ടവര്‍, പരീക്ഷകള്‍ക്കു പോകേണ്ടവര്‍, നാട്ടിലേക്കെത്തിയ
ടൂറിസ്റ്റുകള്‍, വിശപ്പടക്കാന്‍ വേണ്ടി പണിയെടുക്കുന്നവര്‍, ഇവരെയെല്ലാം
വീട്ടിനകത്തിട്ടിട്ട് വീരസ്യം പുലമ്പരുത്.
കാണിക്കേണ്ടത് അത്യാവശ്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവരെ തല്ലിച്ചതച്ചു
കൊണ്ടാവരുത്. അതു കാടത്തമാണ്. പോലീസ് അതിക്രമം കാണിച്ചെങ്കില്‍ അവരെയും
ഒരിടത്തും പോകാന്‍ അനുവദിക്കരുത്. വീട്ടിനകത്ത് തന്നെ അടച്ചിരിക്കട്ടെ
അവരും. പോലീസ് സ്‌റ്റേഷനിലും ഇതുതന്നെയാവാം. അല്ലാതെ, വല്ലവരും തെറ്റു
ചെയ്തതിന് ശിക്ഷിക്കേണ്ടത് നിരപരാധികളെയല്ല. തെറ്റുചെയ്തവന്റെ
വീട്ടുമുറ്റത്ത് ഹര്‍ത്താല്‍ നടത്താന്‍ കഴിവില്ലാത്തവര്‍ വീരസ്യം
പുലമ്പരുത്…
തെറ്റുചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്, നിരപരാധികളെയല്ല. ആരാണോ കുറ്റം
ചെയ്തത് അവരാണ് ശിക്ഷിക്കപ്പെടേണ്ടത്. അല്ലാതെ പിഞ്ചുകുഞ്ഞുങ്ങളോ രോഗികളോ
ഗര്‍ഭിണികളോ ഒന്നുമല്ല. അതിനര്‍ത്ഥം ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവര്‍
ആണെന്നല്ല, മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ താല്‍പര്യമില്ലാത്തവര്‍ ആണെന്നും
അല്ല. കുറ്റക്കാരെയാണ് ശിക്ഷിക്കുന്നതെങ്കില്‍ കേരളത്തിലെ, ഇന്ത്യയിലെ
മുഴുവന്‍ ജനങ്ങളുമുണ്ടാകും കൂടെ. നിരപരാധികളുടെ നെഞ്ചത്തേക്കു കയറാന്‍
രാഷ്ട്രീയ ഗുണ്ടകള്‍ മാത്രമേ കാണൂ. ജനാധിപത്യബോധമുള്ള ഒറ്റ ഒരുത്തനും
ഉണ്ടാകില്ല.