മരണമാണു മുന്നില്‍, പക്ഷേ, ഇവളാണു ഭാഗ്യവതി…..

മരണം നൃത്തമാടുന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ആ മനുഷ്യന്‍ പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണു നിങ്ങള്‍….. ഇതുപോലൊരു മനുഷ്യന്‍ നിങ്ങളുടെ കൂടെയില്ലായിരുന്നുവെങ്കില്‍ എന്നേ നിങ്ങള്‍ മരിച്ചു മണ്ണടിയുമായിരുന്നു……!

തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വാക്കുകളായിരുന്നു അത്.

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങിവരികയായിരുന്നു അവള്‍…. അവള്‍ക്കു കരുത്തായി അവളെ താലി ചാര്‍ത്തിയ പുരുഷനും…. ആശുപത്രിയില്‍ ചികിത്സയ്ക്ക് വന്നു പോകുന്നതു കാണുന്നതല്ലാതെ ആ സെക്യൂരിറ്റി ഗാര്‍ഡ് ഇന്നേവരെ ആ മനുഷ്യനോട് കാര്യമായ കുശലാന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല. പക്ഷേ, അവിടെ വരുന്ന ഓരോ രോഗികളും അവരുടെ കൂടെയുള്ളവരും അയാള്‍ക്കു മുന്നിലൂടെയാണ് കടന്നുപോകുന്നത്…. അവരെയെല്ലാം അദ്ദേഹം കാണുന്നുമുണ്ട്…. അവരിലാരിലും കാണാത്തൊരു പ്രത്യേകത ആ യുവതിയുടെ ഭര്‍ത്താവില്‍ ആ കാവല്‍ക്കാരന്‍ കണ്ടെത്തി.

പക്ഷേ, ഭാര്യയെ കൈവെള്ളയില്‍ കൊണ്ടുനടന്നിട്ടും ആ മനുഷ്യനു തിരിച്ചു ലഭിച്ചതോ….?? സ്‌നേഹമോ കരുണയോ പരിഗണനകളോ ഇല്ലാത്ത ദിനരാത്രങ്ങള്‍…… ഒരിക്കലെങ്കിലും അവളവനെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ….?? ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ കണികയെങ്കിലും അവളുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിയുമായിരുന്നല്ലോ……..

കാര്യമായൊന്നു സംസാരിക്കുക പോലും ചെയ്യാത്ത ആ ആശുപത്രി കാവല്‍ക്കാരന് ആ മനുഷ്യനെ മനസിലാക്കാന്‍ കഴിഞ്ഞു….. പക്ഷേ, വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ച് അവരൊരുമിച്ചു രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിട്ടു പോലും ആ മനുഷ്യനെ പൂര്‍ണ്ണമായും മനസിലാക്കാനോ അവന്റെ മനസിനൊപ്പം നില്‍ക്കാനോ അവള്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല…..

മരണത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അവള്‍ക്കു കുറ്റബോധമുണ്ട്…… പക്ഷേ, ചെയ്തുപോയ സ്‌നേഹരാഹിത്യങ്ങള്‍ക്കൊന്നും അതൊരു പരിഹാരമല്ല…..

ആദ്യം രോഗക്കിടക്കയിലായത് അവളുടെ ഭര്‍ത്താവായിരുന്നു. വൃക്കയില്‍ ക്യാന്‍സര്‍….. രോഗത്തിന്റെ തീവ്രതയില്‍ തളര്‍ന്നുപോകരുതെന്ന കരുതലോടെ വളരെ ലളിതമായിട്ടാണ് ഡോക്ടര്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥ ഭാര്യയ്ക്കു മുന്നില്‍ വിശദീകരിച്ചത്….. പക്ഷേ, അവരുടെ കണ്ണുകളില്‍ സങ്കടത്തിന്റെ ലാഞ്ചന പോലുമില്ലായിരുന്നു. എന്നുമാത്രമല്ല, ചെറിയൊരു പുഞ്ചിരിയും ആ ചുണ്ടുകളില്‍ ഉണ്ടായിരുന്നു. അതുകണ്ട ഡോക്ടര്‍ വിശദീകരിച്ചു, ‘മോളേ, ഈ രോഗമത്ര നിസ്സാരമല്ല, കുറച്ചൊക്കെ സങ്കടം മുഖത്താവാം….’

ഡോക്ടര്‍ പറഞ്ഞ വാക്കുകളുടെ ആഴവും അര്‍ത്ഥവും അവള്‍ക്കു മനസിലായി കാണുമോ….?? അറിയില്ല….

സ്വന്തം രോഗത്തെക്കാള്‍ ആ മനുഷ്യനെ തളര്‍ത്തിയത് ഭാര്യയുടെ മുഖത്തെ ഭാവമായിരുന്നു. തന്റെ ഭര്‍ത്താവിന് അതീവമാരകമായൊരു രോഗം ബാധിച്ചുവെന്ന ബോധം പോലുമില്ലാതെ, തികച്ചും ലാഘവത്തോടെ ആ വാര്‍ത്ത നേരിട്ട ഒരു സ്ത്രീ……..

സ്വന്തം രോഗത്തിന്റെ കാഠിന്യത്താല്‍ തീവ്രവേദനയിലൂടെ കടന്നുപോയപ്പോഴും അവളിലെ ആ സ്‌നേഹരാഹിത്യം ആ മനുഷ്യനു ബോധ്യമായി….. ഈ മനുഷ്യന് എന്തു സംഭവിച്ചാലും തനിക്ക് ഒന്നുമില്ലെന്ന നിസംഗ ഭാവം……

രോഗക്കിടക്കയില്‍ നിന്നും അദ്ദേഹമെഴുന്നേല്‍ക്കും മുന്‍പേ ആ ഭാര്യയും രോഗിയായി…. അത്യപൂര്‍വ്വമായൊരു വൃക്ക രോഗം…….

വൃക്ക മാറ്റിവച്ചു പരിഹരിക്കാനാവുന്നതല്ല അവളുടെ രോഗം……

ആയുസു തീരും വരെ ഡയാലിസിസ് എന്ന മാര്‍ഗ്ഗം മാത്രമേ മുന്നിലുള്ളു…..

അവനവള്‍ക്കു കൂട്ടിരുന്നു, കണ്ണുചിമ്മാതെ, സ്വന്തം രോഗം വകവയ്ക്കാതെ….. കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്കവന്‍ കൂപ്പുകുത്തി….. എന്നിട്ടും അവള്‍ക്കു കൊടുക്കുന്ന ചികിത്സയില്‍ യാതൊരു കുറവും വരുത്താനവന്‍ തയ്യാറായില്ല…..

ഡയാലിസിസിനു കൊണ്ടുപോകുന്നതു മാത്രമല്ല, അതു തീരും വരെ ക്ഷമയോടെ ആശുപത്രിയില്‍ ചെലവഴിച്ച്, എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന്, എല്ലാക്കാര്യങ്ങളും നടത്തിക്കൊടുത്തവളെ അനുനിമിഷം ജീവിപ്പിക്കുന്നൊരു പുരുഷന്‍……

അവള്‍ക്കുള്ള ആഹാരമുണ്ടാക്കി, അവളുറങ്ങാന്‍ കാവലിരുന്ന്, അവള്‍ക്കു വേദനിക്കുമ്പോള്‍ കരള്‍ നൊന്തപോലെ വേവലാതിപ്പെടുന്ന, അവളൊന്നു ചുമച്ചാല്‍പ്പോലും വെപ്രാളപ്പെട്ട് ഓടിയെത്തുന്നൊരു പുരുഷന്‍…..

ഇങ്ങനെയൊരു പുരുഷന്റെ പെണ്ണാവാന്‍ കഴിയുക എന്നതല്ലേ ഈ ലോകത്തിലെ ഏറ്റവും വിലപിടിച്ച സമ്പാദ്യം…?? അതല്ലേ ഏറ്റവും വലിയ ഭാഗ്യം…??

ഇങ്ങനെയൊരു സ്‌നേഹം കിട്ടാന്‍ കൊതിക്കാത്തവര്‍ ആരാണുള്ളത്……

പക്ഷേ, തിരിച്ചു കിട്ടുന്നതു സ്‌നേഹരാഹിത്യം മാത്രമാണ്…….

അതിക്രൂരങ്ങളായ കപ്പല്‍ഛേദങ്ങളത്രയും ആ മനുഷ്യന്റെ ജീവിതത്തില്‍ സംഭവിച്ചു കഴിഞ്ഞു….. എന്നിട്ടും വീഴാതെ പിടിച്ചു നില്‍ക്കുന്നു……

ഇങ്ങനെയും മനുഷ്യരുണ്ട്്….. സ്‌നേഹക്കടലാണവര്‍……

അടികാണാക്കടല്‍പോലെ സ്‌നേഹം…… വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍…..

ഇങ്ങനെയുള്ള സ്‌നേഹമാകാന്‍ കഴിയണം…. ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിയണം…… ഇങ്ങനെ സ്‌നേഹിക്കാന്‍ കഴിയുന്ന മനുഷ്യരെ കണ്ടെത്താന്‍ കഴിഞ്ഞവരാണ് ജീവിത വിജയം നേടിയവര്‍….. ചത്താലുമവര്‍ ജീവിക്കും. കാരണം അതു സ്‌നേഹമാണ്, സ്‌നേഹം മാത്രമാണ്……

പക്ഷേ, തിരിച്ചു കിട്ടുന്നതും സ്‌നേഹം തന്നെയാവണം……..

സ്‌നേഹം ദൈവമാണെങ്കില്‍ ആ മനുഷ്യനു പേര്‍ ദൈവമെന്നു തന്നെ……..

……………………………………………………………………

Jess Varkey

jessvarkey@gmail.com

Leave a Reply

Your email address will not be published. Required fields are marked *