ഇതോ മഹത്തായ മാധ്യമ സംസ്‌കാരം….??


 
Jess Varkey Thuruthel

ഉറ്റവരുടെ മരണത്തില്‍ വെന്തുരുകി മനസു ചത്തുമരവിച്ച മനുഷ്യരുടെ കണ്ണീരിന്റെ അളവും അവരുടെ പെരുമാറ്റ രീതികളും ഉടുത്തിരുന്ന വസ്ത്രങ്ങളും വിലയിരുത്തി, അതുവിറ്റു കാശാക്കുന്നവരെ എന്തു വിളിക്കണം….?? ഇതോ മഹത്തായ മാധ്യമ പ്രവര്‍ത്തനം?

പ്രശസ്ത സിനിമ സീരിയല്‍ താരം സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു അവരെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഏവര്‍ക്കും. അകാലത്തിലുള്ള അവരുടെ വേര്‍പാട് വിശ്വസിക്കാന്‍ പോലുമായിട്ടില്ല അവരെ സ്‌നേഹിച്ചു കൂടെ നിന്ന ഒരാള്‍ക്കു പോലും. ഏറെ സ്‌നേഹിച്ച ഒരു വ്യക്തി മരിച്ചു കിടക്കുമ്പോള്‍ ചിലര്‍ സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞെന്നു വരാം. ചിലര്‍ എല്ലാ വേദനകളും നെഞ്ചിലടക്കിപ്പിടിച്ച് ഒന്നു സംസാരിക്കുക പോലും ചെയ്യാതെ നിന്നേക്കാം. ചിലരാകട്ടെ, ഉള്ളില്‍ സങ്കടക്കടലിരമ്പുമ്പോഴും അക്ഷോഭ്യരായി നിന്നേക്കാം. എന്നാല്‍, മനുഷ്യന്റെ ഏതൊരു വികാരവും വിറ്റു കാശാക്കാനിറങ്ങിയിരിക്കുന്ന ചില മാധ്യമങ്ങളോടൊരു ചോദ്യം… ഇതോ നിങ്ങളുടെ പ്രൊഫഷണല്‍ എത്തിക്‌സ്…??

എത്ര കരഞ്ഞു?? കണ്ണുനീരിന്റെ അളവെത്ര…?? കരച്ചിലിനിടയില്‍ പറഞ്ഞ വാക്കുകള്‍ എന്തെല്ലാമാണ്…?? അവര്‍ ധരിച്ച വസ്ത്രമേതായിരുന്നു…?? അവരുടെ മുഖമെങ്ങനെയായിരുന്നു…?? മരണവീട്ടിലെത്തിയവരുടെ പെരുമാറ്റമെങ്ങനെയായിരുന്നു?? ആരെല്ലാം കരഞ്ഞു…?? എന്നിത്യാദിയായ അനവധി നിരവധി കാര്യങ്ങളുടെ സൂക്ഷ്മവും വിശദവുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ചു പറയുന്നതാണോ നിങ്ങള്‍ പിന്തുടരുന്ന എത്തിക്‌സ്…??

സുബിയെ അവസാനമായി കാണാനെത്തിയ രഞ്ജിനി ഹരിദാസിന്റെ നില്‍പ്പും വേഷവും കൂളിംഗ് ക്ലാസും കണ്ട് രോക്ഷാകുലരായ മാനസിക രോഗികളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മുന്നിലേക്കെത്തിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണോ…??

മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാന്‍ എന്നാണിനി മലയാളികള്‍ പഠിക്കുക…?? സങ്കടം തീരുവോളമൊന്നു കരയാന്‍ പോലും അനുവദിക്കാതെ മാധ്യമപ്പടകള്‍ റോന്തു ചുറ്റുമ്പോള്‍ ക്യാമറക്കണ്ണില്‍ നിന്നും മുഖം തിരിക്കാന്‍ പാടുപെടുന്നവരെയും ക്യാമറയ്ക്കു മുന്നില്‍ വികാരപ്രകടനങ്ങള്‍ നടത്താന്‍ തിടുക്കപ്പെടുന്നവരെയും കാണാം.

സുബി ഈ ലോകം വിട്ടുപോയി. ആരോഗ്യത്തില്‍ ശ്രദ്ധിക്കാത്തതു മൂലമാകാം. മരുന്നു കഴിക്കാത്തതു മൂലമാകാം. ചിരിക്കുന്ന മുഖത്തിനു പിന്നിലും ചില സങ്കടങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കാം. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും ഒരുനാള്‍ മരണത്തെ നേരിട്ടേ തീരൂ. ഒരുപക്ഷേ, നമ്മുടെ ഉറ്റവരായിരിക്കാം. ഏറ്റം വേണ്ടപ്പെട്ടവരായിരിക്കാം. ജീവന്റെ തന്നെ ഭാഗമായവരായിരിക്കാം. ആ വേര്‍പാട് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നും വരില്ല. ആ നിമിഷം ഇത്തരത്തില്‍ ക്യാമറക്കണ്ണുകള്‍ നമ്മെ സാകൂതം നോക്കി നില്‍ക്കുന്നൊരു കാര്യം ചിന്തിച്ചാല്‍ മതിയാകും, ഇത്തരം അധമ ചിന്തകളെ മനസില്‍ നിന്നും ആട്ടിയകറ്റാന്‍.

പാല്‍ നിറഞ്ഞു നില്‍ക്കുന്ന പശുവിന്റെ അകിട്ടിലും ചോര തിരയുന്ന കൊതുകിന്റെ ഔത്സുക്യത്തോടെ, മനസാക്ഷിയോ കാരുണ്യമോ ഔചിത്യമോ ഇല്ലാതെ മാധ്യമങ്ങള്‍ നടത്തുന്ന ഈ പേക്കൂത്തുകള്‍ അത്യന്തം അരോചകമാണ്……


മനുഷ്യരുടെ സ്വകാര്യതയെ തെല്ലും മാനിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്കിടിച്ചു കയറി ന്യായം പറയുന്നവര്‍ക്കെതിരെ ജീവിച്ചിരുന്ന കാലമത്രയും പോരാടിയ ആളായിരുന്നു സുബി. അവരുടെ ജീവനറ്റ ദേഹത്തിനു ചുറ്റുമിപ്പോള്‍ വലംവച്ചു പറക്കുന്നതും സദാചാര പോലീസെന്ന കഴുകന്മാര്‍ തന്നെ.

#SubiSuresh #moralpolice #mediainKerala 

Leave a Reply

Your email address will not be published. Required fields are marked *