ഉണ്ടെന്നോ ഇല്ലെന്നോ ആവണം ഉത്തരം, അമ്മയും പെങ്ങളുമില്ലേടാ എന്ന മറുചോദ്യമാവരുത്‌

എന്നോടൊപ്പം ലൈംഗികത പങ്കിടാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയുന്നിടത്തു തന്നെയാണ് യഥാര്‍ത്ഥ സ്ത്രീ പുരോഗതിയും ഫെമിനിസം ചിന്താഗതിയും കുടികൊള്ളുന്നത്. ഉണ്ടെന്നു പറഞ്ഞാല്‍ മുന്നോട്ടു പോകാനും ഇല്ലെന്നു പറഞ്ഞാല്‍ ആ വിഷയം അവിടെ അവസാനിപ്പിക്കാനും കഴിയുന്നിടത്ത് ആണും വലിയവനായി.


ലൈംഗികതയ്ക്കു താല്‍പര്യമുണ്ടോ എന്നു നേരിട്ടു ചോദിച്ചാല്‍ നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും മക്കളുമൊന്നും ഇല്ലേടാ എന്നു ചോദിക്കുന്നിടത്തു തന്നെയാണ് ഏറ്റവും വലിയ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഒളിഞ്ഞിരിക്കുന്നത്. ഉണ്ടെന്നോ ഇല്ലെന്നോ ഒരുത്തരം വളരെ വ്യക്തമായി പറയാന്‍ സാധിക്കുമെന്നിരിക്കേ, ഞാന്‍ അത്തരക്കാരിയല്ലെന്നും നിന്റെ അമ്മയോടു പോയി ചോദിക്കെടാ എന്നും പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്…?? അതുപോലെ തന്നെ, ഇല്ല എന്ന് വ്യക്തമായി ഉത്തരം പറയുമ്പോള്‍ നീ വലിയ ശീലാവതി ചമയേണ്ടെടീ, നിന്റെ സ്വഭാവം എനിക്കറിയാമെടീ, എത്ര പേരുടെ കൂടെ നീ കിടന്നിട്ടുണ്ടെടീ എന്നു ചോദിക്കുന്നവന്റെ കരണം പുകയ്ക്കാനും കഴിയണം പെണ്ണിന്. ഇനി, താല്‍പര്യമുള്ള പെണ്ണിനൊപ്പം ലൈംഗികത പങ്കുവച്ച ശേഷം അവളെ അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി, പറ്റുമെങ്കില്‍ അവളുമൊത്തുള്ള രംഗങ്ങള്‍ വീഡിയോയിലും പകര്‍ത്തി നാലാളെ കാണിച്ച് തോന്നിയവര്‍ക്കെല്ലാം അവളെ കാഴ്ച വയ്ക്കാനുമാണ് ആണ് ശ്രമിക്കുന്നതെങ്കില്‍, അത്തരക്കാര്‍ക്കു മുന്നില്‍ പതറാതെ തക്കതായ മറുപടി കൊടുക്കാനും പെണ്ണിനു കഴിയണം. ഇവിടെയാണ് ഫെമിനിസം, ഇവിടെയാണ് സ്ത്രീ സ്വാതന്ത്ര്യം.

ഞാന്‍ കുടുംബത്തില്‍ പിറന്നവളാണ്/പിറന്നവനാണ്. എനിക്കു ലൈംഗിക ചിന്തയില്ല, എനിക്കതേക്കുറിച്ച് ഒന്നുമറിയില്ല, ഞാനിക്കാര്യത്തില്‍ ചെറിയ കുട്ടിയാണ് തുടങ്ങിയുള്ള നിഷ്‌കളങ്കമറുപടികള്‍ അത്ര നിഷ്‌കളങ്കവുമല്ല. സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും സദാചാരത്തിന്റെ പേരില്‍ അടിച്ചമര്‍ത്തി കെട്ടിപ്പൂട്ടിവച്ച് പുറത്തു പ്രകടിപ്പിക്കുന്ന നിഷ്‌കളങ്കത പൊള്ളത്തരവും പോക്രിത്തരവുമാണ്. സകല ജീവജാലങ്ങള്‍ക്കുമുള്ളൊരു വികാരമാണ് ലൈംഗികത. മനുഷ്യനിലും മറ്റു ജീവജാലങ്ങളിലും അതു വ്യത്യസ്ഥമായിരിക്കും. തനിക്ക് ലൈംഗിക താല്‍പര്യമില്ലെന്നു പറയുന്നവര്‍ അടിയന്തിരമായി ഏതെങ്കിലും ഡോക്ടറെ കണ്ട് അതിനു ചികിത്സിക്കുകയാവും ഉചിതം. കാരണം, ലൈംഗിക ചിന്തകളില്ല എന്നതിനര്‍ത്ഥം അയാള്‍/ അവള്‍ പരിശുദ്ധരാണ് എന്നതല്ല, മറിച്ച് ശാരീരികമായും മാനസികമായും എന്തോ കുഴപ്പമുണ്ടെന്നാണ്.

മനുഷ്യന്റെ ലൈംഗികത പല വിധത്തിലാണ്. എണ്ണമറ്റ ലൈംഗിക വൈവിധ്യങ്ങളുടെ കലവറയാണ് മനുഷ്യമനസ്. പലരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ചിലര്‍ക്ക് വലിയ താല്‍പര്യമായിരിക്കും. ചിലര്‍ക്ക് ഒരു സമയം ഒരു പങ്കാളി എന്ന നിലപാടായിരിക്കും. മറ്റുചിലര്‍ക്കാകട്ടെ പലരുമായും ഒരുമിച്ചു ബന്ധപ്പെടാനും താല്‍പര്യം കാണും. എന്തു തന്നെ ആയാലും സ്വന്തം ലൈംഗിക ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ആ ചിന്തകള്‍ക്കു യോജിക്കുന്ന തരത്തിലുള്ള പങ്കാളിയെ കണ്ടെത്താനും അതിലൂടെ അവരുടെ ലൈംഗികാവശ്യങ്ങളെ തൃപ്തിപ്പെടുത്താനും കഴിയുന്നിടത്താണ് ശാരീരികമായും മാനസികമായും ആരോഗ്യമുള്ളൊരു സമൂഹം രൂപപ്പെടുകയുള്ളു.


മനുഷ്യന്റെ ലൈംഗിക ചിന്തകള്‍ക്കുമേലാണ് മതങ്ങളിവിടെ ഫണം വിരിച്ചാടുന്നത്. അവരവരുടെ ലൈംഗികതയെ തൃപ്തിപ്പെടുത്താന്‍ സാധ്യമാകാത്ത വിധത്തില്‍ അതവരെ ശ്വാസം മുട്ടിക്കുന്നു. സദാചാര ഭ്രാന്തെടുത്ത സ്ത്രീ പുരുഷന്മാര്‍ ലൈംഗികതയെക്കുറിച്ചു പരസ്യമായി പറയുന്നവരെ കടന്നാക്രമിക്കുന്നു. അതേസമയം അനാവ്രതമാകുന്ന നഗ്നമേനി പോലും കണ്ടുനില്‍ക്കാനാവെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നു. പെണ്ണിന്റെ ശരീരം കണ്ടതാണ്, അവള്‍ മറച്ചു പിടിക്കണം, അല്ലെങ്കില്‍ തങ്ങള്‍ക്കു നില തെറ്റുമെന്ന നിലവിളികളും.

വിനായകന്റെ പ്രസ് മീറ്റിന്റെ അടിസ്ഥാനത്തില്‍ Kavya Korom എഴുതിയ കുറിപ്പു കൂടി ഇവിടെ ചേര്‍ക്കുന്നു

വിനായകന്റെ ഇന്റര്‍വ്യൂ, ഒരുത്തി പ്രൊമോഷന്‍ പ്രസ് മീറ്റ് കണ്ടു.

‘നിങ്ങളോട് എനിക്ക് സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ചോദിക്കും എന്ന് അയാള്‍ അവിടെ ഉള്ള ഒരു മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിയാണ് പറഞ്ഞത് എങ്കില്‍, അതില്‍ അവര്‍ക്ക് പ്രശ്‌നം തോന്നിയെങ്കില്‍ ന്യായമാണ് എന്നത് ഒഴിച്ചാല്‍ എനിക്ക് വിനായകന്റെ മറുപടികളില്‍ ഒരു അപാകതയും തോന്നിയില്ല.

അത് മാത്രമല്ല, വിനായകനോട് അവിടെ ഇടപെട്ട മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ചത് തീര്‍ത്തും മര്യാദ ഇല്ലായ്മ ആണ് എന്നാണ് അഭിപ്രായം. നവ്യയും വി കെ പ്രകാശും ഇരുന്നിട്ടും വിനായകനെ ടാര്‍ഗറ്റ് ചെയ്ത് വിവാദം ഉണ്ടാക്കാന്‍ ഉള്ള മനപൂര്‍വ്വ ശ്രമം ആണ് ഉണ്ടായത്. അതില്‍ അവര്‍ വിജയിച്ചു എന്നാണ് ഇന്ന് കാണുന്ന രോഷ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്. നവ്യക്ക് ഞാന്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്നോടും ചോദ്യങ്ങള്‍ ചോദിക്കാം എന്ന് പറയേണ്ടി വരെ വന്നു.

രണ്ട് കാര്യങ്ങള്‍ ആണല്ലോ പ്രശ്‌നം.

ഒന്ന് ഫാന്‍സ്,

സിനിമകള്‍ deegrade ചെയ്യാന്‍ മനപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ ആണ് അയാള്‍ ഫാന്‍സ് വിചാരിച്ചാല്‍ ഒന്നും നടക്കില്ല എന്നും ജോലി ഇല്ലാത്ത തെണ്ടികള്‍ ആണ് അതൊക്കെ ചെയ്യുന്നത് എന്നും പറഞ്ഞത്. മോഹന്‍ലാലിനെ വല്ലോം പറഞ്ഞാല്‍, അങ്കിള്‍ എന്നു വിളിച്ചാല്‍, മമ്മൂട്ടിയെ വിമര്‍ശിച്ചാല്‍, വിജയ് പടത്തെ കുറ്റം പറഞ്ഞാല്‍ ഒക്കെ അറപ്പ് തോന്നുന്ന രീതിയില്‍ തെറി വിളിക്കുന്ന കൂട്ടത്തെ മാത്രമേ വിനായകനും പറഞ്ഞിട്ടുള്ളൂ. അതില്‍ സിനിമാ ആസ്വാദകര്‍ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടാകാന്‍ ആണ്? അല്ലെങ്കില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ ആരാധിക്കുന്ന, ഈ ടോക്‌സിക് ഫാന്‍ വിഭാഗത്തില്‍ പെടാത്ത ആര്‍ക്കും വിഷമം ഉണ്ടാകേണ്ട കാര്യം ഇല്ല.

രണ്ടാമത് മീ ടൂ,

ഞങ്ങള്‍ പ്രമോഷന്‍ ചെയ്യുന്നത് കൊണ്ടാണ് ഒരുത്തി ഒക്കെ വിജയിക്കുന്നത് എന്ന് ഏതോ പത്രക്കാരന്‍ ഒരു മൂന്നു വട്ടം പറയുന്ന കേട്ടു. എന്ത് അഹങ്കാരം ആണ് നോക്കണേ, അതേ ആളോടാണ് ഞാന്‍ ഒരുത്തിയുടെ പ്രമോഷന് വന്നത് ആണ്. നിങ്ങള്‍ ആണ് അനാവശ്യ കാര്യങ്ങള്‍ ചോദിച്ചു ചര്‍ച്ച വഴി മാറ്റുന്നത് എന്നും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്നത് എന്നും വിനായകന്‍ ആവര്‍ത്തിച്ചു പറയുന്നത്. ഈഗോ hurt ആയത് കൊണ്ടാണോ എന്നറിയില്ല, വിനായകനെ ‘നാറ്റിക്കാന്‍’ അയാള്‍ കണ്ട വഴി ആകണം മീ ടൂ ചോദ്യങ്ങള്‍. എന്താണ് മീ ടൂ എന്നു വിനായകന്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ ഉത്തരം കേട്ടപ്പോള്‍ മനസ്സിലാവുന്നത് ആ ചങ്ങാതിക്ക് വലിയ ധാരണ ഇല്ല എന്നാണ്.

നിങ്ങള്‍ക്ക് ഒരാളോട് സെക്സ് വേണമെങ്കില്‍ എങ്ങനെ ആണ് ചോദിക്കുക എന്ന് വിനായകന്‍ പിന്നെയും പിന്നെയും ചോദിക്കുന്നു. പരമ സാത്വികരും മാന്യരുമായ ആര്‍ക്കും മറുപടി ഇല്ല. തൊഴിലിടത്തില്‍ ഞാന്‍ ആരെങ്കിലും ആണോ മീ ടൂ ആരോപിച്ചത് എന്നയാള്‍ ചോദിക്കുന്നുണ്ട്_ 2 തവണ. ആര്‍ക്കും മറുപടി ഇല്ല. അപ്പോള്‍ എവിടെ ആണ് അതിരു വെക്കേണ്ടത് എന്നു വിനായകനു അറിയാം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എടുത്തു പറഞ്ഞില്ല എങ്കിലും അടുപ്പമുള്ള ആളോട് സമ്മതം ചോദിച്ചു രണ്ടു പേര്‍ക്കും സമ്മതം ആണെങ്കില്‍ ആണ് താന്‍ ഇത് വരെ ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെട്ടത് എന്നാണ് അയാള്‍ പറയുന്നത്. അതാണോ നിങ്ങടെ മീ ടൂ എന്നാണ് അടുത്ത ചോദ്യം. ഇത് വരെ തനിക്കെതിരെ വന്ന ആരോപണം എന്താണ് എന്നും എന്താണ് മീ ടൂ എന്നും മറുപടി പറയാത്തവരോടാണ് അയാള്‍ അങ്ങനെയേ ഞാന്‍ ചെയ്തിട്ടുള്ളൂ, അതാണ് മീ ടൂ എങ്കില്‍ ഇനിയും ഉണ്ടാകും എന്ന് പറഞ്ഞത്.

വിനായകന്റെ ഒക്കെ വാക്കുകള്‍ പിടിച്ച്, അയാളുടെ ശരീര ഭാഷ വച്ചു ‘ആണ് അഹന്തയുടെ’ പുളിച്ചു തികട്ടല്‍ എന്നൊക്കെ പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടാണ്. ജെന്‍ഡര്‍ പൊളിറ്റിക്‌സ്, വാക്കിലെ പൊളിറ്റിക്കല്‍ correctness ഒക്കെ വച്ചു മാത്രമല്ല മനുഷ്യനെ അളക്കേണ്ടത് എന്ന് ബോധ്യമുണ്ട്. അതിനേക്കാള്‍ പരിഗണന വിനായകന്‍ അര്‍ഹിക്കുന്നുണ്ട്. അയാള്‍ക്കെതിരെ വന്ന മീ ടൂ എന്തായി എന്നു ചോദിക്കുന്നില്ല. എല്ലാരും മറന്നു കാണും. എന്താണ് നടന്നത് എന്നു. പൊതുവില്‍ മീ ടൂ വിനെ കുറിച്ചും വലിയ വിയോജിപ്പുകള്‍ ഉണ്ട്. മുന്നേ പറഞ്ഞതും ആണ്.

ഇനി മാ.പ്രവത്തകരോടാണ്

1. വിനായകന്റെ ഇന്റര്‍വ്യൂവില്‍ നിങ്ങളില്‍ പലരും കാണിച്ച ബഹുമാനം ഇല്ലായ്മ, അരോഗന്‍സ് ഒക്കെ ഏതേലും സൂപ്പര്‍ താരത്തോടൊ, ‘നല്ല കുടുംബത്തില്‍ പിറന്ന മറ്റാരോടെങ്കിലും നിങ്ങള്‍ കാണിക്കുമോ?
2. ഞങ്ങള്‍ പ്രമോഷന്‍ ചെയ്താണ് തന്റെ സിനിമ വിജയിക്കുന്നത് എന്നു വേറെ ഏതേലും സിനിമാ പ്രമോഷനില്‍ ഒരു നായകനോട് നിങ്ങള്‍ പറയുമോ?
3. മീ ടൂ ആരോപണം വന്ന അലന്‍സിയറോ എന്തിന് ദിലീപിനോട് നിങ്ങള്‍ എന്നേലും ഇത്ര ആവേശത്തില്‍ വ്യക്തിപരമായ അറ്റാക്ക് നടത്തുമോ?
വിനായകന് പല പ്രശ്‌നങ്ങള്‍ ഉണ്ട്. അയാള്‍ക്ക് അരഗന്റ് ആണ്, ശരീര ഭാഷ ഒരു സിനിമാ തരത്തിന്റേത് അല്ല. പക്ഷേ കമ്മടിപ്പാടത്ത് നിന്ന് സ്റ്റേറ്റ് അവാര്‍ഡിലേക്ക് അയാള്‍ നടന്ന വഴി, അതില്‍ അയാള്‍ അനുഭവിച്ച പലതും അയാള്‍ക്ക് ഒരുപാട് ഇളവുകള്‍ കൊടുക്കാന്‍ എനിക്ക് പര്യാപ്തമായ കാര്യങ്ങള്‍ ആണ്.
ആര് സമ്മതിച്ചാലും ഇല്ലേലും!

…………………………………………………………..
Tags: #metoo, #Vinayakan, #Oruthee, consent in sex

Leave a Reply

Your email address will not be published. Required fields are marked *