വീഡിയോ കോളിലൂടെ ഭര്‍തൃ പൂജ: ടെക്‌നോളജിയും മതവെറി സംരക്ഷണത്തിനായി

Thamasoma News Desk

വീഡിയോ കോളില്‍ അവളുടെ ഭര്‍ത്താവാണ്. ആ മൊബൈല്‍ വച്ചിരിക്കുന്ന കസേരയില്‍ പൂക്കളും ചന്ദനത്തിരികളും നിരത്തിയിരിക്കുന്നു (Technology). പൂക്കളാല്‍ നിര്‍മ്മിച്ച പരമ്പരാഗതമായ ഒരു മാല അവള്‍ മുടിയിലണിഞ്ഞിട്ടുണ്ട്. പൂക്കളും പാലും കൊണ്ട് അവള്‍ ആ വീഡിയോ കോളിനു മുന്നില്‍ പൂജ നടത്തുകയാണ്. അതെല്ലാം കണ്ടുകൊണ്ട് വീഡിയോയില്‍ അവളുടെ ഭര്‍ത്താവും. ടെക്‌നോളജി വിസ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന 21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സ്ത്രീയുടെ നേര്‍ച്ചിത്രമാണിത്.

ഭര്‍ത്താവിന്റെ ആയുസിനും ആരോഗ്യത്തിനും സന്തോഷത്തിനും ഉയര്‍ച്ചയ്ക്കുമായി പൂജകളും വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തുന്ന സ്ത്രീകളുണ്ട്. മതാചാരത്തിന്റെ ഭാഗമാണത്. ഭര്‍ത്താവിനെ ദൈവമായി കണ്ട് പൂജിക്കുന്നവര്‍, തല്ലിക്കൊന്നാല്‍പ്പോലും ഭര്‍ത്താവിനെതിരെ യാതൊന്നും എതിര്‍ത്തു സംസാരിക്കാത്തവര്‍. ഭര്‍ത്താവു മരിച്ച ചിതയില്‍ വീണു മരിച്ച് സതി അനുഷ്ടിച്ചിരുന്ന സ്ത്രീകളെ ഈ ദുരാചാരത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ നിരവധി നവോത്ഥാനങ്ങളും സമരങ്ങളും നടത്തേണ്ടി വന്നു. ഭര്‍ത്താവു മരിച്ചാല്‍ ആജീവനാന്തം ജീവിതത്തിലെ എല്ലാ വര്‍ണ്ണങ്ങളും സന്തോഷങ്ങളും ആഘോഷ നിമിഷങ്ങളുമുപേക്ഷിച്ച് വീട്ടകങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകളുണ്ട്. ഈ നെറികേടുകള്‍ക്ക് അറുതി വന്നത് അതിശക്തമായ നിരവധി സമരങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും ശേഷമാണ്. വിദ്യാഭ്യാസവും ടെക്‌നോളജിയുടെ ആവിര്‍ഭാവവുമെല്ലാം ഇന്ത്യയിലെ ജനങ്ങളെയും ആധുനികതയിലേക്കു നയിച്ചിരുന്നു. എന്നാലിപ്പോള്‍, ആചാര സംരക്ഷണത്തിനായി ആ ടെക്‌നോളജി തന്നെ ഉപയോഗിക്കപ്പെടുന്നു എന്നതാണ് പരമ ദയനീയം. മതത്തിന്റെയും വര്‍ണ്ണത്തിന്റെയും വരേണ്യ മനുഷ്യരുടെയും അടിമത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ അടിമയാക്കപ്പെട്ട മനുഷ്യര്‍ തയ്യാറല്ലെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ.

Video courtesy: Rinku

തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി കര്‍വ ചൗത്തില്‍ സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നല്ല പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ അവിവാഹിതരായ സ്ത്രീകള്‍ മഹാശിവരാത്രിയില്‍ ഇതുപോലുള്ള പൂജകള്‍ നടത്താറുണ്ട്. ഭക്ഷണമുപേക്ഷിച്ച്, ഉപവസിച്ച്, സ്ത്രീകള്‍ ആചാരങ്ങളില്‍ പങ്കെടുക്കുന്നു. എന്നാല്‍, ഈ പ്രാചീന ആചാരത്തിനായി ടെക്‌നോളജിയും ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

ഇന്‍സ്റ്റഗ്രാം ഉപയോക്താവായ റിങ്കു റോയ് മേരാ അല്‍വെല ശിവ് എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ ഒരു പെണ്‍കുട്ടി വീഡിയോ കോളില്‍ പങ്കെടുക്കുന്നു. ചുവന്ന സാരിയുടുത്ത പെണ്‍കുട്ടി മൊബൈലില്‍ പൂക്കള്‍ അര്‍പ്പിച്ചും പാലൊഴിച്ചും കസേരയില്‍ വട്ടമിട്ടും ചടങ്ങുകള്‍ നടത്തുന്നതാണ് വീഡിയോയിലുള്ളത്. മഹാശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ടതാണ് വീഡിയോയിലെ ആചാരങ്ങള്‍.

എവിടെ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഇതില്‍ പറഞ്ഞിട്ടില്ല. പക്ഷേ, പശ്ചിമ ബംഗാളില്‍ നിന്നെവിടെ നിന്നോ ആണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഇതിനോടകം ഈ വീഡിയോ 280 ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു, 700,000-പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

21-ാം നൂറ്റാണ്ടിലെ കോടതിയും സംരക്ഷിച്ചു പിടിക്കുന്നത് ദുരാചാരങ്ങളെയാണ്. വിവാഹിതരായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം അണിയണമെന്നും അത് അവളുടെ മതപരമായ ബാധ്യതയാണെന്നും വിധിച്ചത് മധ്യപ്രദേശിലെ ഒരു കുടുംബക്കോടതിയാണ്. അഞ്ചുവര്‍ഷം മുന്‍പ് പിണങ്ങിപ്പോയ ഭാര്യയുമായുള്ള വിവാഹ ബന്ധം പുന:സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവില്‍ നിന്നും സ്വയം മോചനം നേടി ഒറ്റയ്ക്കു ജീവിക്കാന്‍ തീരുമാനിച്ച സ്ത്രീയോടാണ് നെറ്റിയില്‍ സിന്ദൂരവുമണിച്ച് കൂടെപ്പോകാന്‍ കോടതി വിധിച്ചത്. ഭര്‍ത്താവ് പീഡിപ്പിച്ചതിന് സ്ത്രീ പോലീസില്‍ പരാതി നല്‍കിയില്ലെന്നും അതിനാല്‍ പീഡിപ്പിച്ചതിനു തെളിവില്ലെന്നും കാണിച്ചായിരുന്നു കോടതിയുടെ ഈ നടപടി. യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ടില്ലെന്നും അവളാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയതെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്ക് ഒരാളോടൊപ്പം താമസിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അതിന് അനുമതി നല്‍കുക എന്നത് ആ വ്യക്തിയുടെ അവകാശമാണ്. ഇഷ്ടമില്ലാത്ത ബന്ധം തുടരാന്‍ അനുവദിക്കുന്നതിലൂടെ മതാചാരങ്ങളാണ് അരക്കിട്ടുറപ്പിക്കുന്നത്.

കൊച്ചു കുട്ടികളുടെ മനസില്‍പ്പോലും കടത്തി വിടുന്നത് മതവിഷമാണെന്ന വസ്തുതയാണ് ഈ വാര്‍ത്ത വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍, നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അവന്റെ ജന്മദിനത്തിന് കൂട്ടുകാര്‍ക്കു നല്‍കാനായി ചോക്ലേറ്റുകള്‍ കൊണ്ടുവന്നു. എന്നാലത് ഹലാല്‍ ചോക്ലേറ്റാണെന്നും അതു കഴിക്കാന്‍ പാടില്ലെന്നും സഹപാഠികള്‍ വ്യക്തമാക്കി. അവന്റെ ക്ലാസിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും മാര്‍വാറികളും സിന്ധികളുമാണ്. വളരെ കുറച്ചു മുസ്ലീം കുട്ടികള്‍ മാത്രമേ ആ ക്ലാസിലുള്ളു. മുസ്ലീം കുട്ടികള്‍മാത്രമാണ് ആ ചോക്ലേറ്റുകള്‍ കഴിച്ചത്. ഹലാല്‍ എന്ന അറബി വാക്കിനര്‍ത്ഥം അനുവദനീയമെന്നാണ്. മുസ്ലീം ഡയറ്ററി നിയമപ്രകാരം ഉണ്ടാക്കിയത് എന്നര്‍ത്ഥം. സഹപാഠികള്‍ ചോക്ലേറ്റുകള്‍ നിഷേധിക്കാന്‍ ഒരേയൊരു കാരണമേയുള്ളു, മുസ്ലീങ്ങള്‍ കൊടുക്കുന്നതൊന്നും കഴിക്കാന്‍ ഹിന്ദുകുട്ടികള്‍ തയ്യാറല്ല എന്നതു മാത്രം.

ഭക്ഷണത്തിലും മതം കലര്‍ത്തുകയാണ് ഈ ആധുനിക ടെക്‌നോളജി യുഗത്തിലെ മനുഷ്യര്‍. കൊച്ചു കുട്ടികളുടെ മനസില്‍പ്പോലും കുത്തിവയ്ക്കപ്പെടുന്നത് ഈ മതവിഷമാണ്.

…………………………………………………………………………………………………………………………….

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *