Jess Varkey Thuruthel & D P Skariah
വസ്ത്രധാരണ രീതിയില്‍ നിന്നു തുടങ്ങി, ജീവിതത്തിന്റെ സകല മേഖലകളിലും ഭൂരിഭാഗം സ്ത്രീകളും സ്വീകരിക്കുന്നത് സ്വയം പീഢന മാര്‍ഗ്ഗങ്ങളാണ്. ഇത്തരത്തില്‍ സ്വന്തം ശരീരത്തെ സ്വയം വേദനിപ്പിക്കുകയും അത്യധികം കഷ്ടപ്പെടുത്തുകയും നരക യാതനകള്‍ അനുഭവിപ്പിക്കുകയും ചെയ്യുന്നത് പുരുഷകേന്ദ്രീകൃത സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനും ‘അയ്യോ പാവം’ ഇമേജ് നേടിയെടുക്കുന്നതിനും കുലസ്ത്രീ പട്ടത്തിനും വേണ്ടിയാണെന്നതില്‍ തര്‍ക്കമില്ല. ഇത്തരമൊരു ഇമേജിലൂടെ അവള്‍ക്കുണ്ടാകുന്ന നേട്ടം സുരക്ഷിതത്വവും സംരക്ഷണവും മറ്റുമാണെന്ന് അവള്‍ കരുതുന്നു.
പുരുഷനാണ് തനിക്കൊരു ജീവിതം തരുന്നതെന്നും അതിനാല്‍ അവന്‍ പറയുന്നത് അപ്പാടെ അനുസരിക്കുന്നതാണ് തന്റെ ധര്‍മ്മമെന്നും അടിയുറച്ചു വിശ്വസിക്കുകയും മറ്റുള്ളവരും അങ്ങനെ വിശ്വസിക്കണമെന്നു വാശിപിടിക്കുകയും ചെയ്യുന്നവരാണ് ഇത്തരം സ്ത്രീകള്‍. പെണ്ണിനെ ഭൂമിയുമായി ബന്ധപ്പെടുത്തി, ഏതൊക്കെ രീതിയിലുള്ള ക്രൂരതകള്‍ സഹിക്കേണ്ടി വന്നാലും മറുത്തൊരക്ഷരം പറയാതെ അനുസരിക്കേണ്ടവളാണ് സ്ത്രീയെന്നുമുള്ള ബോധം ജനിക്കുന്ന കാലം മുതല്‍ മുലപ്പാലിനൊപ്പം അവളുടെ നാവിലേക്ക് ഇറ്റിക്കുന്നു. ഈ പൊതുബോധത്തില്‍ നിന്നും പുറത്തു കടക്കാന്‍ അവള്‍ തയ്യാറാവുന്നില്ല. അതിനുള്ള ധൈര്യവും തന്റേടവും കാണിക്കുന്നവരെ ചന്തപ്പെണ്ണുങ്ങളുടെ ഗണത്തില്‍ പെടുത്തി അഭിസാരികകളാക്കി മാറ്റിയെടുത്ത് പുരുഷന് യഥേഷ്ടം കയറിപ്പിടിക്കാവുന്നവരാണ് അവരെന്ന ധാരണയുണ്ടാക്കി ഒത്താശ ചെയ്തു കൊടുക്കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരം സ്ത്രീകളുണ്ട്.
സ്ത്രീകളിങ്ങനെ സ്വയം ശിക്ഷിക്കപ്പെടുകയും പീഢനങ്ങള്‍ ഏല്‍ക്കുകയും ചെയ്യുമ്പോള്‍ ഇപ്പുറത്ത് പുരുഷന്‍ ജീവിക്കുന്നത് എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണ് എന്നത് ഇവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. തങ്ങള്‍ ഇങ്ങനെ ആയിരിക്കണമെന്നും പുരുഷന് എന്തും സാധ്യമാണെന്നുമുള്ള അടിച്ചേല്‍പ്പിക്കപ്പെട്ട പുരുഷനിയമാവലിയില്‍ നിന്നും മാറിച്ചിന്തിക്കാന്‍ പോലും ഇത്തരം സ്ത്രീകള്‍ തയ്യാറാവുന്നില്ല എന്നതാണ് ദു:ഖകരം.
ഇപ്പോള്‍ കേരളത്തില്‍ സാധാരണയായി സ്ത്രീകള്‍ ഉപയോഗിക്കുന്ന വേഷമാണ് നൈറ്റി. അതിനടിയില്‍ അടിപ്പാവാട ഉണ്ടായിരിക്കും. പിന്നെ അടിവസ്ത്രങ്ങളും. വീട്ടിലെ ജോലിത്തിരക്കിനിടയില്‍, വിയര്‍പ്പും അഴുക്കും പുരണ്ട് ഗുഹ്യഭാഗങ്ങളിലും ബ്രായുടെ അടിവശവുമെല്ലാം അസ്വസ്ഥമാക്കാറുണ്ട്. ചൂടു കൂടുതലുള്ള കാലാവസ്ഥയാണെങ്കില്‍ വെന്തുരുകും സ്ത്രീ ശരീരം. ഇനി മഴക്കാലമാണെങ്കില്‍ നനഞ്ഞൊട്ടി, ബാക്ടീരിയ, ഫംഗസ് ബാധ മൂലം ചെറിയ നാറ്റവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാവും.
ഇട്ടിരിക്കുന്നതെല്ലാം ഊരിയെറിഞ്ഞ് അസ്വസ്ഥതയില്‍ നിന്നുമൊന്നു രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുക പോലും ചെയ്യാറില്ല പല സ്ത്രീകളും. അവള്‍ ഇതെല്ലാം സഹിച്ച് വീടിനുള്ളില്‍ ഓടിനടന്നു പണിയെടുക്കുന്നു. വീട്ടിലെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്നു. പുരുഷകേന്ദ്രീകൃത പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള നെട്ടോട്ടമാണിവിടെ നടക്കുന്നത്. ഈ വേഷം അവര്‍ക്കു സമ്മാനിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളും അസ്വസ്ഥതകളും ബുദ്ധിമുട്ടുകളുമാണെങ്കിലും അതെല്ലാം സന്തോഷ പൂര്‍വ്വം സഹിക്കുകയാണവള്‍ ചെയ്യുന്നത്. എങ്കില്‍ മാത്രമേ താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ തൃപ്തിപ്പെടുത്തി അടക്കവും ഒതുക്കവും ദൈവഭയവുമുള്ളവള്‍ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളുവെന്ന് അവള്‍ക്ക് നന്നായി അറിയാം.
ഇട്ടിരിക്കുന്ന നൈറ്റി മുട്ടിനു മുകളിലെങ്ങാനും പൊന്തിയിട്ടുണ്ടോയെന്ന് പലതവണ തീര്‍ച്ചപ്പെടുത്തിയാണ് അവളതൊന്ന് ഉയര്‍ത്തികുത്തുന്നതു പോലും. അതായത്, നാണക്കേടു ഭയന്ന് സ്വയമൊരു ചാക്കില്‍ കയറി പഴുപ്പിക്കാന്‍ വച്ച വാഴക്കുല പോലെ വെന്തുരുകാന്‍ അവള്‍ സ്വയം തീരുമാനിക്കുന്നു എന്നര്‍ത്ഥം. സ്വന്തം വീട്ടില്‍ പോലും അവള്‍ക്ക് സ്വന്തം ശരീരം നാണക്കേടാണ്. വിയര്‍പ്പില്‍ കുളിച്ച്, ദേഹമപ്പാടെയുള്ള ചൊറിച്ചില്‍ സഹിച്ച്, ഗുഹ്യഭാഗത്തും മുലകള്‍ക്ക് അടിയിലും വന്നടിയുന്ന വിയര്‍പ്പും അഴുക്കും സഹിച്ച് പുരുഷകേന്ദ്രീകൃത സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ സദാ ജാഗരൂഗരായി നടക്കുന്ന സര്‍വ്വംസഹയായ പെണ്ണ്!
അതേസമയം, ഒരു വീട്ടില്‍ പുരുഷനെങ്ങനെയാണ് നടക്കുന്നത്…?? വീട്ടില്‍ വന്നുകയറിയാലുടന്‍ മിക്ക പുരുഷന്മാരും ആദ്യം ഷര്‍ട്ടഴിച്ചു മാറ്റി കൈലി ധരിക്കും. ഭൂരിഭാഗം പുരുഷന്മാരും വീട്ടില്‍ ഷഡ്ഡിയോ മറ്റേതെങ്കിലും അടിവസ്ത്രമോ ധരിക്കാറില്ല. പിന്നെ മുണ്ടും മടക്കിക്കുത്തി സ്വതന്ത്രമായി നടക്കും. മുണ്ടഴിച്ചിട്ടു നടന്നാല്‍ തട്ടിവീഴുകയോ കാലുകളില്‍ ഉരഞ്ഞ് അസ്വസ്ഥതയുണ്ടാവുകയും ചെയ്യുമത്രെ…! പക്ഷേ, കാല്‍പ്പാദം വരെയുള്ള നൈറ്റിയുമിട്ട് വീട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു പണി ചെയ്യുമ്പോള്‍ അവള്‍ തട്ടിവീഴുമെന്നതോ കാലുകളില്‍ വസ്ത്രം ഉരഞ്ഞ് അസ്വസ്ഥതയുണ്ടാക്കുമെന്നതോ അവരെ ബാധിക്കുന്ന കാര്യമേയല്ല. കാല്‍പ്പാദം മറയ്ക്കാതെ നടക്കുന്ന സ്ത്രീ നാണക്കേടാണെന്നു ചിന്തിക്കുകയും അവരെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്. ഇനി പുരുഷന്‍ നിര്‍ബന്ധിച്ചില്ലെങ്കില്‍ക്കൂടി സ്ത്രീ സ്വയം അങ്ങനെയേ നടക്കൂ. കാരണം, പുരുഷാധിപത്യ സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രത ചില സ്ത്രീകളില്‍ വളരെ കൂടുതലാണല്ലോ.
ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ മുതല്‍, അവള്‍ എങ്ങനെ ഇരിക്കണം, കിടക്കണം, നടക്കണം, എഴുന്നേല്‍ക്കണം, സംസാരിക്കണം, ചിരിക്കണം, എന്നെല്ലാം പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. അവള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല, ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് അഭിപ്രായം പറയാന്‍ പാടില്ല, വീടിനു മുന്‍വശത്ത് ഇരിക്കാന്‍ പാടില്ല, ആളുകള്‍ വീട്ടില്‍ വന്നാല്‍ അകത്തേക്കു വലിയണം, തല കുനിച്ചു നടക്കണം, നടക്കുമ്പോള്‍ ഉറുമ്പു പോലും അറിയാന്‍ പാടില്ല, നീ പെണ്ണല്ലേ, വേറൊരു വീട്ടില്‍ രപോകേണ്ടവളല്ലേ, വളര്‍ത്തു ദോഷമെന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിക്കരുത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിയമാവലിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ഒന്നനങ്ങാന്‍ പോലും നാലാളെ ഭയക്കുന്ന അവസ്ഥയിലാണവള്‍ വളര്‍ന്നു വരുന്നത്.
അവള്‍ക്കു വേണ്ടി അസമയങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നല്ല പെണ്ണുങ്ങളും അഭിസാരികകളും പുറത്തിറങ്ങുന്ന സമയങ്ങളെക്കുറിച്ച് കൃത്യമായ രൂപരേഖയുണ്ടാക്കി. പൊതുവിടങ്ങളില്‍ നിന്നും അവളെ പടിയടച്ചു പിണ്ഡം വച്ചു, അങ്ങനെ, ആ പൊതുവിടങ്ങള്‍ പുരുഷന്റെതുമാത്രമായി. ഇത്തരത്തില്‍, നൂറായിരം നിയമങ്ങള്‍ സൃഷ്ടിച്ചെടുത്ത് അവളെ ഒഴിവാക്കിയെടുത്ത ആ പൊതുവിടങ്ങളിലേക്ക് അവള്‍ സധൈര്യം നടന്നടുക്കുമ്പോള്‍, അവളെ സപ്രമഞ്ചക്കട്ടിലില്‍ ഇരുത്തി അരിയിട്ടു വാഴിക്കുമോ ഈ പാട്രിയാര്‍ക്കല്‍ സമൂഹം….??
അടിച്ചിറക്കിവിട്ട സ്വന്തം ഇടങ്ങള്‍ തിരിച്ചു പിടിക്കാനായി വന്നെത്തുന്ന ഏതവളെയും അവര്‍ കൂട്ടം കൂടി ആക്രമിക്കും, കല്ലെറിയും, ആക്ഷേപിക്കും, പിഴച്ചവളെന്നു മുദ്രകുത്തും, അങ്ങനെ പിഴച്ചവളാക്കിയവളുമാരെ കൈയ്യേറ്റം ചെയ്യാനുള്ള ലൈസന്‍സ് അവര്‍ നേരത്തെ തന്നെ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍, അവളുടെ സൈ്വര്യ ജീവിതമവര്‍ തകര്‍ത്തെറിയും. അവളുടേതായി ഇരുട്ടിടങ്ങളല്ലാതെ ഈ ഭൂമിയില്‍ മറ്റൊന്നുമില്ലെന്ന വിധത്തിലേക്ക് അവളെ കൊണ്ടു ചെന്നെത്തിക്കും. ഈ സംഘടിത പുരുഷാധിപത്യ സമൂഹത്തിന്റെ ഭീകരതയെ ചെറുത്തു തോല്‍പ്പിക്കാന്‍ പോയിട്ട് സ്വന്തം കാലിലൊന്ന് എഴുന്നേറ്റു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത വിധത്തിലവളെ തകര്‍ത്തെറിയും. അതിന് പുരുഷേതിഹാസങ്ങള്‍ പാടിപ്പുകഴ്ത്തി എല്ലിന്‍ കഷണങ്ങള്‍ തിന്നു തൃപ്ത ജീവിതം നയിക്കുന്ന ഒരു പറ്റം പെണ്‍സമൂഹവും കൂട്ടിനുണ്ടാവും. പെണ്ണ് പുരുഷനു വിധേയയായി, അവനു കീഴ്‌പ്പെട്ട് മാത്രമേ ജീവിക്കാനാവൂ എന്നും അല്ലാത്ത പക്ഷം നരകത്തെക്കാള്‍ ഭീകരമായൊരു ജീവിതമാകും അവള്‍ക്കായി ഈ പാട്രിയാര്‍ക്കല്‍ സമൂഹം ഒരുക്കി വച്ചിരിക്കുന്നത്.
സ്വന്തമായി ചിന്തിക്കുവാനും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുവാനും കെട്ടുപാടുകളും കൂച്ചുവിലങ്ങിടുന്ന നിയമങ്ങളുമില്ലാതെ വളര്‍ന്നുവരാനും ഏതൊരു മനുഷ്യനെയും പോലെ അവകാശങ്ങളുള്ളവരാണ് സ്ത്രീകള്‍. ഓരോ വിഷയത്തിലും അവള്‍ക്കു നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. പക്ഷേ, അവളങ്ങനെ പറയുന്ന നിമിഷം മുതല്‍ അവള്‍ ചന്തകളും വേശ്യകളും പിഴച്ചവളുമായി മാറും. സ്വന്തം ജീവിതത്തെക്കുറിച്ചു പോലും യാതൊരഭിപ്രായവുമില്ലാതെ, ആരൊക്കെയോ കൊട്ടുന്ന താളത്തിനൊത്തു ജീവിക്കുന്ന പെണ്ണുങ്ങളാകട്ടെ, പുരുഷകേന്ദ്രീകൃത സമൂഹം എറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളും തിന്ന് സംതൃപ്തമായി ജീവിക്കുന്നു.
എന്റെ ശരീരം ചുക്കിച്ചുളിഞ്ഞിരിക്കാം, ഈ സമൂഹം വരച്ചു ചേര്‍ത്ത അഴകളവുകളേതുമതിനില്ല. തൊലിക്കു നിറമോ മിനുപ്പോ കവിളുകളില്‍ തുടിപ്പോ ചുമപ്പോ ഇല്ല. പക്ഷേ, എനിക്കൊരു നിലപാടുണ്ട്, മനസുണ്ട്, എന്റെതായ ചിന്തകളുണ്ട്. അതിനുമപ്പുറം എനിക്കൊരു മനോഭാവവും വ്യക്തിത്വവുമുണ്ട്. പിഴച്ചവളെന്ന വിളികള്‍ക്കും അതിഭീകരമായ സാമൂഹികാക്രണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കൊലവിളികള്‍ക്കും എന്റെ മനോധൈര്യത്തെ കെടുത്തുവാനാവില്ല. സ്വന്തം വ്യക്തിത്വത്തെയും ജീവിതത്തെയും മാനിക്കുന്ന ഓരോ പെണ്ണിനുണ്ടാകേണ്ട മനോഗുണമാണിത്.
അലറിക്കൊണ്ടടുക്കുന്ന പുരുഷകേന്ദ്രീകൃത സാമൂഹിക നീതിശാസ്ത്രങ്ങളെ അവഗണിക്കാന്‍ അവള്‍ പഠിച്ചേ തീരു. അതോടെ അവള്‍ക്കവളുടെ പൊതുവിടങ്ങളില്‍ നിര്‍ഭയം സഞ്ചരിക്കാനാവും.
Image is taken from Google