Jess Varkey Thuruthel
കോതമംഗലത്തെ ഒരു കോളജില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കള്ളുകുടിച്ചു ബോധം കെട്ടു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയവരും പ്രചരിപ്പിച്ചവരും ശിക്ഷിക്കപ്പെട്ടേ മതിയാകൂ. ആണ്‍കുട്ടികള്‍ മദ്യപിക്കുകയും വഴിയില്‍ കിടക്കുകയും ചെയ്യുന്നതു പോലെ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട് എന്നു വാദിക്കാന്‍ തമസോമ തയ്യാറല്ല. കൂട്ടുകാര്‍ കൂടിയപ്പോള്‍, ഒരു കൗതുകത്തിനു വേണ്ടി മദ്യപിച്ചതായിരിക്കാം ആ പെണ്‍കുട്ടി. ആദ്യമായി മദ്യപിച്ചതിനാല്‍ വീണുപോയതാവാം. നാട്ടുകാര്‍ വിവരം ചോദിച്ചതും തെറ്റല്ല. പക്ഷേ, ആ പെണ്‍കുട്ടിയെയും അവള്‍ പഠിക്കുന്ന കോളജും അവളുടെ വീടും ചോദിച്ചറിഞ്ഞ് കൃത്യമായി വീഡിയോ പിടിച്ച് പ്രചരിപ്പിച്ചവര്‍ ക്രിമിനല്‍ മനസുള്ളവര്‍ തന്നെയാണ്.
കോതമംഗലം ഡ്രഗ്സ് മാഫിയയുടെ പിടിയിലാണ് എന്നത് പോലീസിനും അറിവുള്ള കാര്യമാണ്. ഇക്കാര്യങ്ങള്‍ പലതവണ തമസോമ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. പത്താംക്ലാസിലും പ്ലസ്ടുവിലും മറ്റും പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഡ്രഗ് മാഫിയയുടെ പിന്നാലെ ഞങ്ങളുമുണ്ട്. ആ സംഘത്തില്‍ പെട്ട ഒരു പെണ്‍കുട്ടി മരണം തെരഞ്ഞെടുത്തു കഴിഞ്ഞു.
നിസ്സാര കൗതുകത്തിന്റെ പേരില്‍ തന്നെയാണ് ഓരോ വ്യക്തിയും മദ്യപാനത്തിലേക്കു ചുവടു വയ്ക്കുന്നത്. പിന്നീട് കൂട്ടുകാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കും മറ്റും വഴങ്ങി കൂടുതല്‍ക്കൂടുതല്‍ പരീക്ഷണങ്ങളിലേക്കു പോകുന്നു. നീര എന്ന പേരില്‍ ശീതളപാനീയത്തിന്റെ ഗണത്തില്‍ സര്‍ക്കാര്‍ തന്നെ ബീയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുന്നുമുണ്ട്. പക്ഷേ, കുട്ടികള്‍ക്കറിയില്ല, ഉറ്റ സുഹൃത്തുക്കളെന്നു തങ്ങള്‍ കരുതുന്ന പലരും ഡ്രഗ്സിന്റെ വിതരണക്കാരാണെന്ന സത്യം. ഓരോ കുട്ടിയെയും അവരുടെ അനുമതിയോടെയോ ചതിച്ചോ ഗ്രഗ്സിന്റെ ലോകത്തേക്ക് കൊണ്ടുവരികയാണിവര്‍ ചെയ്യുന്നത്. പിന്നീട് അതിന്റെ ആസക്തിയില്‍ നിന്നും രക്ഷപ്പെടാനാവാതെ ജീവിതം നശിപ്പിക്കേണ്ടി വരുന്നു.
മിഠായിയുടെ രൂപത്തില്‍ പോലും ഇന്ന് സിന്തറ്റിക് ഡ്രഗ്‌സ് വില്‍ക്കപ്പെടുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലുള്ള പല പെട്ടിക്കടകളിലും ഇതു ലഭ്യവുമാണ്. ആരു നശിച്ചു പോയാലും തങ്ങള്‍ക്കു പണം വേണം എന്ന ചിന്താഗതിയുമായി നടക്കുന്ന കുറെയേറെ മനുഷ്യര്‍. അയല്‍പക്കത്തുള്ളവര്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ആ പെണ്‍കുട്ടിയുടെ വീഡിയോ പിടിച്ചു പ്രചരിപ്പിച്ചവരും ഇതേ മാനസികാവസ്ഥയിലുള്ളവര്‍ തന്നെ.
ഒരു വ്യക്തി നന്നാകുന്നതിലും നശിക്കുന്നതിലും സമൂഹത്തിനു വലിയ പങ്കുണ്ട്. വെള്ളമടിച്ചു ബോധമറ്റുപോയ പെണ്‍കുട്ടിയെ ഒരു കൊടുംപാതകിയെപ്പോലെ ആ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പഠിക്കാന്‍ വിട്ട കുട്ടി ഷാപ്പില്‍പ്പോയി മദ്യപിച്ചു എന്നതു തെറ്റുതന്നെയാണ്. പക്ഷേ, ഇത്രമാത്രം അപമാനിക്കപ്പെടാനും നിന്ദിക്കാനും മാത്രം തെറ്റൊന്നും ആ പെണ്‍കുട്ടി ചെയ്തിട്ടില്ല. പൂര്‍ണ്ണമായും ഡ്രഗ്സിന്റെ വഴിയിലൂടെ പോയി ജീവിതം നശിപ്പിക്കാതെ കാത്തു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആ സമൂഹത്തിലുള്ള ഓരോരുത്തര്‍ക്കുമുണ്ട്. അതിനു പകരം, വലിയ വീരകൃത്യം ചെയ്യുന്ന ലാഘവത്തില്‍ ആ പെണ്‍കുട്ടിയുടെ വീഡിയോ എടുത്തു പ്രചരിപ്പിച്ചിരിക്കുന്നു! നാളെ ഇത് സ്വന്തം വീട്ടില്‍ നടന്നാലും ഇവര്‍ ഇതുപോലെ ചെയ്യുമോ? ബോധംകെട്ടു കിടക്കുന്നത് വീഡിയോ എടുത്തു പ്രചരിപ്പിച്ചവരുടെ മകളോ സഹോദരിയോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുമായിരുന്നോ? ചെയ്യില്ല എന്നാണ് ഉത്തരമെങ്കില്‍, ആ വീണുകിടക്കുന്നത് ആരുടെ മകളോ സഹോദരിയോ ആകട്ടെ, അവളോടു ചെയ്തത് അക്ഷന്തവ്യമായ കുറ്റമാണ്. ശിക്ഷിക്കപ്പെട്ടേ മതിയാകൂ.
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47