ഉക്രൈന്‍ രക്ഷാദൗത്യം: സര്‍ക്കാരിനെ വിചാരണ ചെയ്യും മുന്‍പ്…….

 


ഉക്രൈനില്‍ പെട്ടുപോയൊരു മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓമനിച്ചു വളര്‍ത്തിയ സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെപ്പോലും യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ബി ജെ പി സര്‍ക്കാരിനു നേരെയും ഇന്ത്യന്‍ എംബസിക്കു നേരെയുമുള്ള പരാതികളുടെ പെരുമഴയ്ക്ക് ശമനമില്ല ഇപ്പോഴും.

നായയെപ്പോലും തിരികെ എത്തിച്ച സര്‍ക്കാരിനു നേരെ ഇത്ര രൂക്ഷമായ വിമര്‍ശനമോ എന്ന ചോദ്യത്തിനു മറുപടിയായി വന്ന കമന്റ് ഇങ്ങനെയായിരുന്നു. ‘ഇതിനിടയിലും മോഡി സ്തുതി നടത്തുന്നോ സംഘീ’ എന്ന്.

നരേന്ദ്ര ദാമോദര്‍ മോഡിയുടെ രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെ ആയിരുന്നാലും ഉക്രൈന്‍ രക്ഷാ ദൗത്യത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നടത്തിയത് അത്യന്തം പ്രശംസനീയമായ കാര്യമാണ്. പക്ഷേ, അതു സമ്മതിച്ചു കൊടുത്താല്‍ തങ്ങള്‍ക്കെന്തോ പോരായ്മയുള്ളതു പോലെയാണ് ഈ വിമര്‍ശന ശരങ്ങള്‍ കേന്ദ്രത്തിനും എംബസിയ്ക്കും നേരെ തൊടുക്കുന്നത്.

ഉക്രൈനില്‍ യുദ്ധം തുടങ്ങുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പേ ആ രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പലപല പ്രശ്‌നങ്ങള്‍ ഉന്നയിച്ച് എംബസി നിര്‍ദ്ദേശത്തെ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളയുകയാണ് ചെയ്തത്.

അതിനു ശേഷം ദിവസങ്ങള്‍ക്കകം യുദ്ധം പൊട്ടിപ്പുറപ്പെട്ടു, യുദ്ധത്തില്‍ നീതിയും ന്യായവുമില്ല. ജയം മാത്രമാണ് പ്രധാനം. കുഞ്ഞുങ്ങളുടെ കണ്ണുനീരിനു പോലും വിലയില്ലാത്ത യുദ്ധഭൂമിയില്‍, ന്യായം തിരയുന്നവരെ വിഢികളെന്നു വിളിക്കാന്‍ മാത്രമേ കഴിയുകയുള്ളു.

ഉക്രൈന്‍ ഇന്ത്യയുടെ അയല്‍രാജ്യമല്ല. വളരെ ദൂരെയുള്ളൊരു യൂറോപ്യന്‍ രാജ്യം. ആ രാജ്യത്തു സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നതിനു പരിമിതികളുണ്ട്. എങ്കിലും കഴിയുന്ന മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അവിടെ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാന്‍ സര്‍ക്കാരും എംബസിയും നടത്തിയ ശ്രമങ്ങള്‍ക്കിടെയാണ് കെടുകാര്യസ്ഥതയുടെ കുത്തൊഴുക്കുമായി മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും, പ്രത്യേകിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍, അവരെ നേരിട്ടത്.

യുദ്ധത്തിന്റെ കരിനിഴല്‍ ഉക്രൈന്‍ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ ഫെബ്രുവരി 15 മുതല്‍ അവിടെനിന്നും രക്ഷാ ദൗത്യം പൂര്‍ത്തിയാക്കും വരെ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായിരുന്നു ഇന്ത്യന്‍ എംബസിയും ജീവനക്കാരും. ഭയവിഹ്വലരായ വിദ്യാര്‍ത്ഥികളുടെ തുടരെയുള്ള ഫോണ്‍വിളികള്‍ക്ക് ഉത്തരം കൊടുക്കാനവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. അത്തരമൊരു പരിതസ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ ഫോണ്‍കോളുകളുടെ പെരുമഴയായിരിക്കും. അവയ്‌ക്കെല്ലാം മറുപടി നല്‍കേണ്ടതുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം താറുമാറായ ഒരവസ്ഥയില്‍, പരിമിതമായ ചുറ്റുപാടില്‍ ജോലി ചെയ്യുമ്പോള്‍ സംഭവിക്കുന്ന ചില പിഴവുകള്‍ മാത്രമാണ് എംബസിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അതിനെ, തങ്ങളുടെ തങ്ങള്‍ സഹിക്കുന്ന ദുരിതങ്ങളുടെ കുത്തൊഴുക്കു കൊണ്ട് ആക്രമിക്കുകയായിരുന്നു മലയാളി വിദ്യാര്‍ത്ഥികള്‍.

മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരന്തരം നടത്തുന്ന പരാതികള്‍, വീഡിയോകള്‍. അവരെ രക്ഷിക്കാന്‍ അശ്രാന്തം പരിശ്രമിക്കുന്നവരുടെ മാനസിക വീര്യം തകര്‍ക്കാനും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ വിലയിടിച്ചു കാണിക്കാനുമല്ലാതെ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടായത്…??

ഇനി മലയാളി വിദ്യാര്‍ത്ഥികളെ വിട്ട് തമിഴ് വിദ്യാര്‍ത്ഥികളുടെ വാക്കുകളൊന്നു കാതോര്‍ക്കുക. യുദ്ധഭൂമിയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹനായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും എംബസിയും നടത്തിയ ശ്രമങ്ങളുടെ ഫലം കൊണ്ടു മാത്രമാണ് ഞങ്ങള്‍ക്ക് ഈ നാട്ടില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. ഈ നാടിനോടു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.’


രക്ഷപ്പെടുത്താന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ തമിഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇകഴ്ത്തിക്കാണിച്ചില്ല. വേഗത പോരെന്ന പരാതിയും പറഞ്ഞില്ല. മറിച്ച്, ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് ആവര്‍ വില കല്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവര്‍ അനുസരിച്ചു.

സ്വദേശത്തേക്കു മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഒരു നീണ്ട പട തന്നെയുണ്ടായിരുന്നു. സ്‌നേഹോഷ്മളമായ വരവേല്‍പ്പ്.

നല്ലതിനെ നല്ലതെന്നും തെറ്റിനെ തെറ്റെന്നും പറയാന്‍ നമ്മള്‍ പഠിച്ചേ തീരൂ.

പക്ഷേ, രാഷ്ടീയമാണ് നമ്മുടെ നാടിനെ നിയന്ത്രിക്കുന്നത്. കാണുന്ന ഏതിലും രാഷ്ട്രീയം കാണും. അവര്‍ ചെയ്താല്‍ ഛെ… എന്നാല്‍ ഞങ്ങള്‍ ചെയ്യുന്നതെന്തും മഹത്തരമെന്ന നിലപാട്.

നമ്മുടെ നാടിനൊരു പ്രശ്‌നമുണ്ട്. കാണുന്ന എന്തിലും കുറ്റം വിധിക്കുന്നൊരു വല്ലാത്തൊരു മനസിന്‍രെ ഉടമകളാണ് ബഹുഭൂരിപക്ഷം മലയാളികളും. രാഷ്ട്രീയത്തിലാണെങ്കില്‍ പറയുകയും വേണ്ട. ഞാനിട്ടാല്‍ ബര്‍മുഡ, നീയിട്ടാല്‍ വള്ളിക്കളസം എന്ന ന്യായങ്ങള്‍ കൃത്യമായി ചേരുന്നൊരിടമാണ് രാഷ്ട്രീയം. ഭരിക്കുന്ന പാര്‍ട്ടികള്‍ ചെയ്യുന്നതെന്തും കുറ്റകരവും തിരുത്തപ്പെടേണ്ടതുമാണെന്ന് പ്രതിപക്ഷത്തിരിക്കുന്നവരൊന്നാകെ അങ്ങു തീരുമാനിക്കും. ഭരിക്കുന്നവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും കുറ്റവിചാരണയുടെ കുത്തൊഴുക്കില്‍ മുക്കിക്കളയും.

വ്യക്തി ജീവിതം എന്തു തന്നെ ആയാലും രാഷ്ട്രീയത്തില്‍ മാന്യത പുലര്‍ത്തിയിട്ടുള്ള രാഷ്ട്രീയ നേതാവ് ശശി തരൂര്‍ മാത്രമാണ്. പെരുമാറ്റത്തിലെ അന്തസുകൊണ്ട് ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. ബി ജെ പിയുടെ ചീത്ത പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോഴും ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കാന്‍ അദ്ദേഹം മടി കാണിക്കാറില്ല. അത്തരമൊരു രാഷ്ട്രീയ മാന്യതയാണ് മറ്റെല്ലാ നേതാക്കള്‍ക്കും ഉണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ള നേതാക്കള്‍ നമുക്കില്ലാതെ പോയി. ഉള്ളതെല്ലാം സ്വന്തം പാര്‍ട്ടിക്കു വേണ്ടി മാത്രം ശബ്ദമുയര്‍ത്തുന്നവരായിപ്പോയി. പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കു വേണ്ടി രാജ്യത്തെയും ജനങ്ങളെയും അവഗണിക്കുന്നവര്‍.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും സ്വന്തം നാടിന്റെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ഭാരതീയനും ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. മറ്റുരാജ്യങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ നടത്തിയത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് തിരിച്ചറിയേണ്ടേത് അതിന്റെ ഗുണഫലമനുഭവിച്ചവരാണ്. ആ ഒരു തിരിച്ചറിവുപോലുമില്ലാത്തവര്‍ എത്ര വലിയ ഡോക്ടറായാലും നാടിനതുകൊണ്ട് യാതൊരു ഗുണവുമില്ല.

……………………………………………………………………….
ജെസ് വര്‍ക്കി
Thamasoma.com
jessvarkey@gmail.com


Tags: Indian medical students evacuated from Ukraine, why blame India for evacuation activities? medical students in Ukraine

Leave a Reply

Your email address will not be published. Required fields are marked *