ഉക്രൈനില്‍ റഷ്യ ആക്രമണം നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഉക്രൈനിലെ, പ്രത്യേകിച്ച് കീവില്‍ ഉള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിപ്പോരാന്‍ ക്വീവിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉക്രൈനില്‍ ആകെയുള്ളത് 20,000 ഇന്ത്യക്കാരാണ്. ഇവരില്‍ അധികം പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. അടിയന്തിരമായ സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ തല്‍ക്കാലത്തേക്ക് ഉക്രൈന്‍ വിടണമെന്ന് ആവശ്യപ്പെട്ട വാര്‍ത്ത ഫെബ്രുവരി 15 ല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉക്രൈനില്‍ തങ്ങുന്നവര്‍ അവരുടെ എല്ലാ വിവരങ്ങളും കൃത്യമായി എംബസിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതിനായി പ്രതികൂല സാഹചര്യങ്ങളിലും സാധാരണ പോലെ എംബസി സേവനങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം ബഹിഷ്‌കരിച്ച ഇന്ത്യക്കാരാണ് ഇപ്പോള്‍ രക്ഷാ ദൗത്യത്തിനു വേഗത പോരെന്ന പരാതി ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണ് എന്ന അന്വേഷണത്തിന് ഉത്തരമായി ഒരു വിദ്യാര്‍ത്ഥി പറഞ്ഞ മറുപടി ഇതാണ്. ‘ഞങ്ങള്‍ പപ്പയോടും അമ്മയോടും ഇതേക്കുറിച്ചു ചോദിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നിരക്കുകള്‍ വളരെ കൂടുതലായിരുന്നതിനാലും യൂറോപ്യന്‍ രാജ്യമായതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നു കരുതിയതിനാലും ഞങ്ങള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.’
ഇത്തരത്തില്‍, ഇന്ത്യ നല്‍കി അപായ സൂചനകളെ പാടെ തള്ളിക്കളഞ്ഞവരാണ് ഇന്നിപ്പോള്‍ നടപടികളെ കുറ്റപ്പെടുത്തി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
റഷ്യന്‍ ആയുധങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ഇന്ത്യയുടെ ആയുധ ശേഖരത്തിലെ ഏറിയ പങ്കും റഷ്യയില്‍ നിന്നുള്ളവയാണ്. 1960 നു ശേഷമാണ് ആയുധങ്ങള്‍ക്കായി ഇന്ത്യ കൂടുതലായി റഷ്യയെ ആശ്രയിക്കാന്‍ ആരംഭിച്ചത്. 2021 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആയുധ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ കരാറനുസരിച്ച് 600,000 ലേറെ എകെ-47 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതുകൂടാതെ, ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ സൈനിക, സാങ്കേതിക കരാറനുസരിച്ച് വര്‍ഷം തോറും 30 ബില്യന്‍ ഡോളറിന്റെ ആയുധക്കച്ചവടമാണ് നടത്തുക.
റഷ്യയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെ ഉദാഹരണങ്ങളാണിത്. ഈ ബന്ധം തകരാറിലാക്കി തങ്ങളുടെ വമ്പന്‍ മാര്‍ക്കറ്റ് ഇല്ലാതാക്കാന്‍ റഷ്യ തയ്യാറാവില്ല. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാവണം യുദ്ധ സാധ്യത ഉണ്ടായപ്പോള്‍ത്തന്നെ ഇന്ത്യയ്ക്കത് അറിയാനായത്. അതിനാലാണ് റഷ്യയിലും ഉക്രൈനിലുമുള്ള ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാരിന്റെ മുന്നറിയിപ്പുകളോ എംബസികളുടെ നടപടികളോ മുഖവിലയ്‌ക്കെടുക്കാതെ ഉക്രൈനില്‍ തങ്ങിയവരാണ് ഇപ്പോള്‍ രക്ഷാദൗത്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതായി പരാതിപ്പെടുന്നത്.
1990 ല്‍, സദ്ദാം ഹുസൈന്റെ ഇറാഖി സൈന്യം കുവൈറ്റ് ആക്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ നിസ്സഹായരായി നിന്ന രാജ്യമാണ് ഇന്ത്യ. അന്ന്, കുവൈറ്റിലുണ്ടായിരുന്ന 1,70,000 ഇന്ത്യക്കാരെയും സുരക്ഷിതരായി ഇന്ത്യയിലെത്തിച്ചതിനു പിന്നില്‍ ഒരേയൊരു മനുഷ്യനായിരുന്നു. ടയോട്ട സണ്ണി എന്ന പേരില്‍ അറിയപ്പെടുന്ന മാത്തുണ്ണി മാത്യു ആണ് ആ വലിയ മനുഷ്യന്‍. അന്ന്, വെറും 59 ദിവസം കൊണ്ട് 488 വിമാനങ്ങളിലായി മുഴുവന്‍ ഇന്ത്യക്കാരെയും അദ്ദേഹം നാട്ടിലെത്തിച്ചു. കുവൈറ്റ് ഭരണാധികാരികളുടെ മേല്‍ അത്രത്തോളം സ്വാധീനമുള്ള വേറൊരു മനുഷ്യനുമില്ലെന്നതായിരുന്നു സത്യം. പില്‍ക്കാലത്ത്, അക്ഷയ് കുമാറിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ എയര്‍ലിഫ്റ്റ് എന്ന സിനിമയ്ക്ക് പ്രേരണയായതും ടയോട്ട സണ്ണിയും കുവൈറ്റ് യുദ്ധത്തില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളുമായിരുന്നു.
നിര്‍ഭാഗ്യവശാല്‍, ടയോട്ട സണ്ണിയെപ്പോലെ ഉക്രൈനില്‍ സ്വാധീനമുള്ള ഒരു മനുഷ്യന്‍ നമുക്കില്ലാതെ പോയി. അതിന്റെ എല്ലാ പരിമിതികളും നമുക്കുണ്ട്. പക്ഷേ, എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ടു തന്നെ എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള പരിശ്രമം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. അതിനെ ആരും വിലകുറച്ചു കാണരുത്.
പഠിക്കുന്നതിനു വേണ്ടിയോ ജോലിക്കു വേണ്ടിയോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കു വേണ്ടി ഇന്ത്യ വിടുന്നവരില്‍ ഏറെയും അതുവരെ പോറ്റിവളര്‍ത്തിയ ഈ നാടിനെ പുച്ഛിച്ചു കൊണ്ടാണ് ഈ നാടുവിട്ടു പോകുന്നത്. വിദേശി രാജ്യം തരുന്നതെന്തും അമൃതും ഇന്ത്യയിലുള്ളതെല്ലാം അമേദ്യവുമെന്ന കാഴ്ചപ്പാട്. വിദേശ രാജ്യങ്ങളിലെത്തുന്ന ഏതൊരിന്ത്യക്കാരനും അവിടുത്തെ നിയമങ്ങള്‍ വള്ളിപുള്ളി തെറ്റാതെ അനുസരിക്കാനറിയാം. എന്നാല്‍ ഇന്ത്യയില്‍ കാലുകുത്തുന്ന നിമിഷം, പണത്തിന്റെ അഹങ്കാരത്തില്‍ ഇന്ത്യന്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തുന്നു. നിയമം അനുസരിക്കണമെന്നു പറയുന്ന അധികാരികളെ പുലഭ്യം പറയുന്നു.
അഴിമതി രാജ്യമാണത്രെ…! എല്ലാറ്റിനും കൈക്കൂലി കൊടുക്കണമത്രെ…!! തൊഴിലില്ലത്രെ…! നിയമങ്ങള്‍ ആരും പാലിക്കുന്നില്ലത്രെ…! ഇവിടെ നില്‍ക്കുന്നവര്‍ക്ക് ഭാവിയില്ലത്രെ…!! കുറ്റപ്പെടുത്തലുകളുടെ പെരുമഴയാണ്. നിരവധി പ്രശ്‌നങ്ങളുണ്ടായിരിക്കാം, പക്ഷേ, അതിനിടയിലും ഇന്ത്യ എന്ന രാജ്യത്തിന്റെ മഹത്വമെന്താണെന്ന് എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കണം.
കൊറോണയെന്ന മഹാമാരി ലോകത്തില്‍ ആഞ്ഞടിക്കാനാരംഭിച്ച ആദ്യകാലത്ത് എങ്ങനെയും കേരളത്തിലെത്തിയാല്‍ മതിയെന്നു കരഞ്ഞുകേണവര്‍, രണ്ടാം തരംഗത്തില്‍ നമ്മുടെ നാടിനെ പുലഭ്യം പറഞ്ഞു, കഴിവുകേടിനെ പരിഹസിച്ചു. മൂന്നാം തരംഗത്തില്‍, വിദേശത്തു നിന്നെത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ പാടെ തള്ളിക്കളഞ്ഞു. എന്നിട്ടോ, വിദേശ രാജ്യങ്ങളില്‍ ചെന്നിറങ്ങുമ്പോള്‍ അവര്‍ നിര്‍ദ്ദേശിക്കുന്നത്ര ദിവസങ്ങള്‍ ക്വാറന്റൈനിലിരിക്കാന്‍ യാതൊരു മടിയും കാണിച്ചില്ല. ഇപ്പോഴിതാ, ഉക്രൈന്‍ വിടണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടും അനങ്ങാതിരുന്നവര്‍ ഇപ്പോള്‍ നിലവിളിക്കുകയാണ്. പരാതി പറയുകയാണ്. ഇന്ത്യയുടെ രക്ഷാ ദൗത്യത്തിനു വേഗത പോരത്രെ…!
ഇത്രയേറെ നന്ദികെട്ട മനുഷ്യര്‍, നാടിനോടു കൂറില്ലാത്ത മനുഷ്യരുണ്ടെങ്കില്‍ നിസംശയം പറയാം, അതു മലയാളികളാണ്.
…………………………………..
ജെസ് വര്‍ക്കി
thamasoma.com
jessvarkey@gmail.com
Tags: Why Indians neglect the direction of Indian Embassy in Kyiv? Russia-Ukraine war, India’s evacuation activities, Russian troops, Tayota Sunny,