നടന്നതു കൊടും ക്രൂരത, പക്ഷേ, ദൈവമൊരെണ്ണം കൂടി ജനിച്ചിരിക്കുന്നു!

Jess Varkey Thuruthel

മൂക്കിലും വായിയും പൂജാദ്രവ്യങ്ങള്‍ കയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നു നിസ്സംശയം തെളിഞ്ഞാലും ഗോപന്‍ സ്വാമിയായി (Gopan Swami) ഉയര്‍ത്തപ്പെട്ട മണിയന്റെ കല്ലറയ്ക്കു മുന്നിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തും. കാരണം, മസ്തിഷ്‌കത്തില്‍ ചിതല്‍ ബാധിച്ച മനുഷ്യര്‍ക്ക് ഏതെങ്കിലുമൊരു ദൈവത്തെ കിട്ടിയാല്‍ മാത്രം മതിയാകും.

മതമെന്ന കാപട്യത്തില്‍ പണിയെടുക്കാതെ മൃഷ്ടാന്നം തിന്നും കുടിച്ചും സുഖജീവിതം നയിക്കാമെന്നിരിക്കെ, ഈ ദൈവമാക്കല്‍ മനപ്പൂര്‍വ്വം നടത്തുന്നൊരു അജണ്ട മാത്രമാണ്. ദൈവത്തെയും മതങ്ങളെയും ചോദ്യം ചെയ്യുന്ന മാത്രയില്‍ വ്രണപ്പെട്ടു പോകുന്ന മതജീവികളെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നാനാഭാഗത്തു നിന്നും മീഡിയ ഉള്‍പ്പടെയുള്ളവരുടെ ഭാഗത്തു നിന്നു പോലും ഉണ്ടാകുന്നത്. ഇനിയെങ്ങാനും ഗോപന്‍ സ്വാമി സമാധി ആയതാണോ എന്ന സംശയം ചില കണ്ണുകളിലുമുണ്ട്. അങ്ങനെയല്ല എന്നും ആ പാവം മനുഷ്യനെ മനപ്പൂര്‍വ്വം കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്നും ഉറച്ച ബോധ്യമുണ്ടെങ്കില്‍ പോലും വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന ചിന്തയാണ് എല്ലാവരിലും.

ഇതിനിടയില്‍ തന്നെ, ഗോപന്‍ സ്വാമിയെ ദൈവമാക്കുന്ന പ്രക്രിയ കൂടി നടന്നിരിക്കുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍, മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ അത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആരായാലും പ്രശ്‌നമില്ല, എങ്ങനെ മരിച്ചാലും കുഴപ്പമില്ല, തങ്ങള്‍ക്കൊരു ദൈവത്തെ കിട്ടിയാല്‍ മതി എന്ന ചില വിശ്വാസികളുടെ നിലപാടാണ് കഠിനം. ഇവരെയൊന്നും വിശ്വാസികള്‍ എന്നു വിളിക്കാന്‍ സാധിക്കില്ല. കുറ്റകൃത്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നവര്‍ കുറ്റവാളികള്‍ തന്നെയാണ്.

മരണം എന്നത് അത്ര എളുപ്പം ആര്‍ക്കും പിടികിട്ടാത്ത പ്രകൃതി നിയമമാണ്. ശരശയ്യയില്‍ സ്വയം പ്രാണത്യാഗം ചെയ്തവരുടെ നിരവധിയായ കഥകള്‍ മതഗ്രന്ഥങ്ങളില്‍ നിരവധി കാണാന്‍ സാധിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതല്ല നടക്കുന്നത് എന്നു വ്യക്തമായിട്ടറിയാവുന്നവര്‍ പോലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കു കൈകൊടുക്കുകയാണ്.

ആരു കൊന്നാലും എത്ര ക്രൂരമായിട്ടാണ് ആ കൊലപാതകം നടത്തിയതെങ്കിലും ഇവര്‍ക്കൊരു ദൈവത്തെ കിട്ടിയാല്‍ മതി. എഴുന്നേല്‍ക്കാനും നടക്കാനും കഴിയാതെ കട്ടിലില്‍ കിടന്ന മനുഷ്യന്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച്, പ്രഷറിനും ഷുഗറിനുമുള്ള മരുന്നും കഴിച്ച് മൂത്ത മകനോട് ഒരു വാക്കു പോലും പറയാതെ സ്വന്തം ഇഷ്ടപ്രകാരം സമാധി ആയി പോലും! എന്നിട്ടതു വിശ്വസിക്കാനും ധാരാളം പേര്‍!

അന്ധവിശ്വാസം അതിന്റെ എല്ലാ സീമകളും ലംഘിച്ച് നടമാടുകയാണ് ഈ കേരളക്കരയില്‍. പണിയെടുക്കാതെ കീശവീര്‍പ്പിക്കാനും സുഖജീവിതം നയിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ക്ക് മതത്തെക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ല. ബഹുമാനവും ആദരവും കൈനിറയെ പണവും സുഖസൗകര്യങ്ങളും നിയമം ലംഘിക്കാനുള്ള അവകാശവും എല്ലാം ലഭിക്കുന്ന മറ്റെന്താണുള്ളത്? അങ്ങനെ ഗോപന്‍ സ്വാമിയും ദൈവമായി മാറിക്കഴിഞ്ഞു. കൊന്നതാണെന്നു തെളിഞ്ഞാലും കൊന്നവരും കൂട്ടുനിന്നവരും ശിക്ഷിക്കപ്പെട്ടാലും ഗോപന്‍ സ്വാമി ഇനി ദൈവമായി വാഴും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

ദേഹമാസകലം ഭസ്മം പൂശി കൊലവിളി നടത്തുന്നവര്‍ സന്യാസിമാരാണ്. മതത്തിന്റെ പേരില്‍ രോഗശാന്തി വ്യാപാരം നടത്തുന്നു ചിലര്‍. മതഭ്രാന്തു പിടിച്ച് എന്തും ചെയ്തു കൂട്ടുന്ന മനുഷ്യര്‍. ഇവര്‍ക്കിടയിലേക്ക് മറ്റൊരു ദൈവം കൂടി, ഗോപന്‍ സ്വാമി!

കൊന്നൊഴിവാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ക്ക് ഉള്ള എളുപ്പ വഴിയാണിത്. പ്രായമായവരെ ഭസ്മവും മറ്റു പൂജാദ്രവ്യങ്ങളും ഉപയോഗിച്ചു കൊലപ്പെടുത്തുക, സമാധി ആയതാണെന്നു വിശ്വസിപ്പിക്കുക. വൃദ്ധസദനങ്ങളുടെ എണ്ണവും കുറയും.

…………………………………………………………………………

For advertising / news contact : 8921990170
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *