ഇതെന്റെ സ്വാതന്ത്ര്യമാണ്, ഇതെന്റെ അവകാശമാണ്. ഇതെനിക്ക് നല്‍കുന്നത് തികഞ്ഞ ആത്മവിശ്വാസമാണ്’ എന്ന ഒരു പെണ്‍കുട്ടിയുടെ ഉറക്കെയുറക്കെയുള്ള പ്രഖ്യാപനങ്ങള്‍ ഇതെഴുതുമ്പോഴെന്റെ കാതില്‍ മുഴങ്ങുന്നുണ്ട്. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ശിരോവസ്ത്രത്തിനു വേണ്ടി വീറോടെ പോരാടുന്ന ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണത്. എന്റെ മനസിനെ ഏറെ അലോസരപ്പെടുത്തുന്ന ഒരു കാഴ്ചയും പ്രഖ്യാപനങ്ങളുമാണത്.
‘ഇതാ, ഞാന്‍ നിങ്ങളുടെ അടിമ. ഈ അടിമത്തം എനിക്കിഷ്ടമാണ്. ഇതെന്റെ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന എനിക്കു തരുന്ന എന്റെ അവകാശവുമാണിത്’ എന്ന് ആ പെണ്‍കുട്ടി ഉച്ചൈസ്ഥരം ഘോഷിക്കുന്നു. മതവാദികളെല്ലാം കൈയ്യടിക്കുന്നു. കാണൂ, അവളുടെ ചങ്കൂറ്റം കാണൂ. അവളുടെ ആത്മധൈര്യം കാണൂ എന്ന ആര്‍പ്പുവിളികള്‍…..
അറിഞ്ഞുകൊണ്ടും അറിയാതെയും അടിമത്തത്തെ ആഘോഷമാക്കുന്നവരാണ് സ്ത്രീകള്‍. അതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നു വാദിക്കുന്നവര്‍. പുരുഷനെ തൃപ്തിപ്പെടുത്തുന്നതാണ് തങ്ങളുടെ ധര്‍മ്മമെന്നും തങ്ങളുടെ ജീവിത ലക്ഷ്യം തന്നെ അതിനു വേണ്ടിയുള്ളതാണെന്നും ഉറച്ചു വിശ്വസിക്കുന്നവര്‍. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്തു ജീവിക്കുന്നവര്‍.
കുടുംബം സമൂഹത്തിന്റെ ചെറുപതിപ്പാണ്. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടുന്ന ഏറ്റവും ചെറിയൊരു സമൂഹം. പഴയ കാലങ്ങളില്‍ സമൂഹം ചില നിയമങ്ങള്‍ ബോധപൂര്‍വ്വം മനുഷ്യമനസുകളിലേക്ക് അടിച്ചേല്‍പ്പിച്ചിരുന്നു. അവന്റെ സുഖത്തിനും സൗകര്യത്തിനും സ്വതന്ത്രജീവിതത്തിനും മാത്രമായി അവളുടെ ജീവിതം മാറ്റിവയ്ക്കപ്പെട്ടിരുന്നു. ഭക്ഷണമുണ്ടാക്കുക, വീടു പരിപാലിക്കുക, അവന്റെ മക്കളെ പെറ്റുപോറ്റുക, മക്കള്‍ പിഴച്ചാല്‍ അമ്മ പിഴച്ചതിന്റെ അനന്തരഫലമാണെന്ന പഴികള്‍ കേള്‍ക്കേണ്ടി വരിക, മക്കള്‍ മികച്ചവരായാല്‍ പിതാവിന്റെ ബീജത്തിന്റെ മഹത്വവത്കരണങ്ങള്‍ പാടി നടക്കുക തുടങ്ങി മൃഗങ്ങളെക്കാള്‍ താഴെ മാത്രം സ്ഥാനമുള്ള ഒരു ജീവിതം.
ഇന്ന്, സ്ത്രീകള്‍ക്കു വിദ്യാഭ്യാസമുണ്ട്. ജോലിയുണ്ട്, വരുമാനമുണ്ട്. സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, അപ്പോഴും സമൂഹം അവള്‍ക്കു ചുറ്റും തീര്‍ത്ത വേലിക്കെട്ടുകള്‍ പിടിച്ചൊന്നു കുലുക്കാന്‍ പോലുമുള്ള ശേഷിയില്ലാതെ പഴമയുടെ ആ ജീര്‍ണ്ണാവസ്ഥയിലേക്കു നടന്നടുക്കുകയാണ് കേരളത്തിലെ സ്ത്രീ സമൂഹം. തലമുഴുവന്‍ മൂടുന്ന വേഷം എന്റെ അവകാശമാണെന്നും എന്റെ സ്വാതന്ത്ര്യമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണെന്നും അവള്‍ പ്രഖ്യാപിക്കുന്നതിലൂടെ അടിമത്തമവള്‍ ഏറ്റുവാങ്ങുകയാണ്.
ഇന്നും മനസിലാകാത്തൊരു സമസ്യയുണ്ട്. എന്തിനാണ് ഈ സമൂഹം കുടുംബത്തിന്റെ മാനം സ്ത്രീകളുടെ വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്…?? എന്റെ ശരീര സൗന്ദര്യം ഞാന്‍ വിവാഹം കഴിക്കുന്ന പുരുഷനു മാത്രം കാണാനുള്ളതാണെന്ന പ്രഖ്യാപനവുമായി മുസ്ലീം സ്ത്രീകള്‍ സ്വന്തം ശരീരം തലമുതല്‍ പാദം വരെ മൂടുന്നു. തിരുനെറ്റിയില്‍ സിന്ദൂരവും താലിയും ചാര്‍ത്തി മറ്റു ചില രീതിയില്‍ സ്വന്തം അടിമത്തം മറ്റു സ്ത്രീകളും അരക്കിട്ടുറപ്പിക്കുന്നു.
ഇന്നീ നിമിഷം നീയുമായി കിടക്കറ പങ്കിടാന്‍ ഞാന്‍ തയ്യാറല്ല, എന്റെ മനസ് അതിനു പാകപ്പെട്ടിട്ടില്ല, ഞാനത് ആഗ്രഹിക്കുന്ന നിമിഷത്തില്‍ മാത്രമേ എനിക്കതു സാധ്യമാകുകയുള്ളു എന്നു പ്രഖ്യാപിക്കുന്നതല്ലേ യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യം…??
നീ ആഗ്രഹിക്കുന്ന നിമിഷത്തിലല്ല, നീയും ഞാനും ഒരുമിച്ചാഗ്രഹിക്കുന്ന നിമിഷത്തില്‍ മാത്രമേ അതിനു കഴിയുകയുള്ളു എന്നവള്‍ പറയുന്നിടത്തല്ലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം….??
അവള്‍ പണിയെടുത്തുണ്ടാക്കുന്ന പണം അവളുടെ ഇഷ്ടപ്രകാരം ചെലവഴിക്കാന്‍ കഴിയുന്നിടത്തല്ലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം…??
സ്വന്തം മാതാപിതാക്കളെ വീട്ടിലെ ആണ്‍മക്കളുടെ ചുമതലയിലേക്കു വിടാതെ സ്വന്തമായി അധ്വാനിക്കുന്ന പണം കൊണ്ടു സംരക്ഷിക്കാന്‍ കഴിയുന്നിടത്തല്ലെ മകളെന്ന അവളുടെ ജീവിത സ്വാതന്ത്ര്യം….??
പെണ്ണധ്വാനിച്ചിട്ട് ഈ കുടുംബം കഴിയേണ്ട ഗതികേട് ആ കുടുംബത്തിനു വന്നിട്ടില്ലെന്നു പറയുമ്പോള്‍, ഞാന്‍ പണിയെടുത്താലേ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയുന്നിടത്തല്ലേ അവളുടെ സ്വാതന്ത്ര്യം….??
വലിപ്പവും വണ്ണവുമാണ് ലൈംഗിക സംതൃപ്തിയുടെ ആണിക്കല്ലെന്ന അന്ധവിശ്വാസം വച്ചു പുലര്‍ത്തി സ്വന്തം ജീവിതം നരകതുല്യമാക്കുന്ന പുരുഷനെ ഉപേക്ഷിച്ച് ജനിപ്പിച്ച കുഞ്ഞുങ്ങളെ ആത്മവിശ്വാസത്തോടെ വളര്‍ത്തിക്കൊണ്ടു വരുന്നിടത്തല്ലേ അവളുടെ അന്തസ് കുടിയിരിക്കേണ്ടത്….??
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും, സ്ത്രീയും പുരുഷനും ഉള്‍പ്പടെയുള്ള ഓരോ പൗരനും കൊടുക്കുന്ന സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം. പക്ഷേ, പെണ്‍ജീവിതങ്ങള്‍ക്കു മുകളില്‍ ആദ്യം മാതാപിതാക്കളും സമൂഹവും പിന്നീട് താലിച്ചരടിലൂടെ ഒരു പുരുഷനും പിടിമുറുക്കുന്നു. ആ കുരുക്ക് ജീവനെടുത്താല്‍പ്പോലും ഒന്നു പിടയുവാന്‍ പോലുമാകാതെ ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍. താങ്ങുവാനാവാതെ മരിച്ചു വീഴുമ്പോല്‍ മാത്രം ചര്‍ച്ചയാകുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍…..
ഇനിയുമിത്തരം അടിമത്ത വേഷങ്ങളും താലിയും സിന്ദൂരവും കൂച്ചുവിലങ്ങലുകളും തങ്ങളെ ജീവിക്കാനാവാത്ത വിധം ശ്വാസം മുട്ടിക്കുന്നുവെന്ന സത്യം സ്ത്രീകള്‍ തിരിച്ചറിയണം.
സ്ത്രീകളെപ്പോലെ കുടുംബം തന്മയത്വത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിവുള്ളവര്‍, ഉള്ളതുകൊണ്ട് അല്ലലേതുമില്ലാതെ ജീവിക്കാന്‍ പര്യാപ്തരായവര്‍, ഏതു ജീവിത പ്രതിസന്ധികളെയും അനായാസം തരണം ചെയ്യാന്‍ കഴിവുള്ളവര്‍, പുരുഷന്‍ വച്ചു നീട്ടുന്ന സംരക്ഷണമെന്ന അടിമത്തത്തിന്റെ കെട്ടുപാടുകളെ തകര്‍ത്തെറിയാന്‍ കഴിവുള്ളവരാവണം. അതിനു ധൈര്യം കാണിക്കണം. അല്ലാതെ മതങ്ങള്‍ വച്ചു നീട്ടുന്ന അടിമത്തത്തെ ആര്‍ത്തിയോടെ ആഞ്ഞുപുല്‍കി അതാണ് സ്വാതന്ത്ര്യമെന്നു പ്രഖ്യാപിക്കുകയല്ല വേണ്ടത്……
തിരിച്ചറിവാവണം വിദ്യാഭ്യാസം…. സ്വന്തം കാലുകളിലെ അടിമച്ചങ്ങലകളെയെങ്കിലും തിരിച്ചറിയാനുള്ള കഴിവുണ്ടാവണം ഓരോരുത്തരും നേടുന്ന വിദ്യാഭ്യാസത്തിന്…..
………………………………………………
ജെസ് വര്‍ക്കി
ചീഫ് എഡിറ്റര്‍
തമസോമ ഡോട്ട്‌കോം