ആ ബലാത്സംഗിയിതാ ജഡ്ജിയായി വിധി പ്രസ്താവിക്കുന്നു!


 Jess Varkey Thuruthel

ജിന്‍ഞ്ചര്‍ മീഡിയ നടത്തിയ ഒരു അഭിമുഖത്തില്‍, ശ്രീജിത്ത് ഐപിഎസ് അവതാരികയോടു ചോദിച്ചു, നിങ്ങളൊരു റേപ്പിസ്റ്റ് ആണോ എന്ന്! അവതാരിക അല്‍പ്പമൊന്നു പതറി. രാത്രി പുറത്തിറങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ആവശ്യമുള്ളപ്പോഴെല്ലാം രാത്രി പുറത്തിറങ്ങാറുണ്ട് എന്നും ലേശം സങ്കോചത്തോടു അവതാരക മറുപടി പറഞ്ഞു. ബര്‍മുഡയുമിട്ട്, മദ്യപിച്ചു ചുവടുറയ്ക്കാത്ത കാലുകളോടെ രാത്രിയില്‍ ഒരു സ്ത്രീയെ റോഡില്‍ കണ്ടാല്‍ നിങ്ങളുടെ ചിന്ത എന്തായിരിക്കും എന്നതായി ശ്രീജിത്തിന്റെ അടുത്ത ചോദ്യം. അഭിമുഖത്തിനെത്തിയ ശ്രീജിത്തിനോടു ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ അവതാരിക വീണ്ടും പകച്ചു.

ഓടുന്ന ട്രെയിനില്‍ സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു വലിച്ചെറിഞ്ഞ ഗോവിന്ദച്ചാമിയോട് ശ്രീജിത്ത് ആ ചോദ്യം ചോദിച്ചു, നീ എന്തിനിതു ചെയ്തു എന്ന്! അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി, അവള്‍ അതിനു വേണ്ടിയല്ലെങ്കില്‍പ്പിന്നെ രാത്രി എന്തിനു യാത്ര ചെയ്തു എന്നാണ്! രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലും വക്കീലന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത് ഇക്കാര്യമാണ്. രാത്രി, ലൈംഗികതയ്ക്കല്ലാതെ അവള്‍ പിന്നെ എന്തിനു പുറത്തിറങ്ങി? അവള്‍ക്കു വേണ്ടത് അവള്‍ക്കു ഞങ്ങള്‍ കൊടുത്തു എന്ന്!

സാധാരണയായി സ്ത്രീകള്‍ പുറത്തിറങ്ങാത്ത സമയങ്ങളിലും ഇടങ്ങളിലും പുറത്തിറങ്ങുന്ന സ്ത്രീകളെ കാണുമ്പോള്‍ നിങ്ങളില്‍ ഉണ്ടാകുന്ന വികാരം അവള്‍ സെക്‌സിനു വേണ്ടി ദാഹിക്കുന്നവളാണ് എന്നും അതിനാണ് അവള്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയത് എന്നുമാണെങ്കില്‍, ഇവിടെ ശിക്ഷിക്കപ്പെടേണ്ടത് ബലാത്സംഗികളായ ഗോവിന്ദച്ചാമികള്‍ മാത്രമല്ല, ഇത്തരത്തില്‍ ചിന്തിച്ച നിങ്ങളും കൂടിയാണ്. ബലാത്സംഗികള്‍ക്കു മാത്രമല്ല, ബലാസ്തംഗത്തിന് ഒത്താശ ചെയ്യുന്നവര്‍ക്കു കൂടി ശിക്ഷയുള്ള നാടാണിത്.

ഇനി കല്‍ക്കട്ട ഹൈക്കോടതിയുടെ ഈ വിധിയിലേക്കു വരാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ അവരുടെ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും വെറും രണ്ടുമിനിറ്റു നേരത്തെ സുഖത്തിനു വേണ്ടി വഴങ്ങിക്കൊടുക്കരുതെന്നുമാണ് ജസ്റ്റിസുമാരായ ചിത്ത രഞ്ജന്‍ ദാഷ്, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി വിധിച്ച വിധിയാണിത്. പെണ്‍കുട്ടികള്‍ തങ്ങളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കണമെന്നും ലൈംഗികതൃഷ്ണകളെ നിയന്ത്രിക്കണമെന്നും കോടതി പറയുന്നു. അല്ലാത്ത പക്ഷം ബലാത്സംഗം ചെയ്യപ്പെടുമെന്നും അതിന്റെ പേരില്‍ പ്രതികളെ ശിക്ഷിക്കേണ്ടതില്ലെന്നും പറയാതെ പറഞ്ഞുകൊണ്ട് കുറ്റവാളികളെ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുന്നു!

ഈ ആധുനിക കാലഘട്ടത്തിലും ഇത്തരത്തില്‍ ഇടുങ്ങിയ ചിന്താഗതിയുള്ള മനുഷ്യര്‍ ഇന്ത്യയില്‍ ധാരാളമായി ഉണ്ടെന്നതാണ് നമ്മുടെ നാടിന്റെ ശാപം. എവിടെ നിന്നും നീതി കിട്ടുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നുവോ ആ പരമോന്നത നീതിപീഠങ്ങളിലും ഇത്തരക്കാര്‍ വിലസുന്നു എന്നത് നമ്മുടെ ഗതികേടാണ്.

അടിവസ്ത്രം ധരിച്ച്, മദ്യപിച്ച് വേച്ചുവേച്ച് റോഡിലൂടെ നടന്നു നീങ്ങുന്ന ഒരു പുരുഷനെ ആരും കയറിപ്പിടിക്കുന്നില്ല. അതില്‍ ആരും തെറ്റൊന്നും കാണുന്നുമില്ല. പക്ഷേ, അതൊരു സ്ത്രീയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മനസില്‍ തീരുമാനമെടുത്തു കഴിഞ്ഞു, അവള്‍ക്ക് ‘മറ്റേ സൂക്കേടാണ്, മാറ്റിക്കൊടുക്കാം’ എന്ന്.

ബഹുമാനപ്പെട്ട ശ്രീജിത്ത് ഐ പി എസ്, താങ്കള്‍ പറയൂ, താങ്കള്‍ ഞങ്ങള്‍ക്കു മുന്നിലേക്കിട്ടു തന്ന ഈ ചിന്താശകലത്തിന്റെ അടിസ്ഥാനത്തില്‍, ജഡ്ജിക്കസേരയിലിരുന്ന് ഇത്തരം മ്ലേച്ഛമായ വിധി പ്രഖ്യാപിച്ച ജസ്റ്റിസുമാര്‍ ഏതു ഗണത്തില്‍ പെടും, പറയൂ?

Leave a Reply

Your email address will not be published. Required fields are marked *