ഇവര്‍ക്ക് എന്തിനാണീ സെലിബ്രിറ്റി സ്റ്റാറ്റസ് ??

അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പൃഥിരാജിന്റെ കഥാപാത്രമായ കോശിയോട് ബിജുമേനോന്റെ അയ്യപ്പന്‍ അനുകമ്പ കാണിച്ചതിനു പിന്നില്‍ കോശിക്ക് മന്ത്രിമാരും മറ്റ് ഉന്നതതും സിനിമക്കാര്‍ ഉള്‍പ്പടെയുള്ളരുമായുള്ള ബന്ധമായിരുന്നു. അയാളുടെ സ്വാധീനശക്തിയില്‍ തന്റെ ജോലിക്ക് കുഴപ്പമുണ്ടാകുമോ എന്ന ഭയം. വാദി പ്രതിയാകുന്ന ഇക്കാലത്ത്, സെലിബ്രിറ്റികളുടെ ഭാഗത്തു മാത്രം ന്യായവും മറ്റുള്ളവരെല്ലാം തെറ്റുകാരുമെന്ന സാമൂഹിക വ്യവസ്ഥിതിയോടുള്ള ഭയം. അത് തന്റെ സൈ്വര്യജീവിതത്തെ ബാധിച്ചേക്കുമെന്ന ഭയം. ഈ ഭയത്തിന്റെ ആകെത്തുകയായിരുന്നു കോശിയോടു കാണിച്ച അനുകമ്പ.


സെലിബ്രിറ്റികളും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പൗരപ്രമുഖരും കോടീശ്വരന്മാരും തുടങ്ങി ഒരുകൂട്ടം മനുഷ്യരെ വരേണ്യവര്‍ഗ്ഗമായി കാണുന്നുണ്ട് ഈ സമൂഹം. അവര്‍ എന്തുചെയ്താലും ആ തെറ്റുകളെ ന്യായീകരിക്കാന്‍ അവരുടെ ആരാധകരും അണികളും നിരനിരയായി എത്തും. ആ കൂട്ട ആക്രമണങ്ങളെ അതിജീവിക്കാനാവാതെ പരാതി ഉന്നയിച്ചവര്‍ പിന്മാറും. എല്ലാറ്റില്‍ നിന്നും പിന്മാറി ജീവിതത്തോടു തന്നെ വെറുപ്പുമായി ജീവച്ഛവമായി ജീവിച്ചു തീര്‍ക്കും.

ഇരയെന്ന ഓമനപ്പേരു നല്‍കി സൂര്യനെല്ലി പെണ്‍കുട്ടിയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഏതുവിധമാണ് മാറ്റിനിറുത്തപ്പെട്ടത് എന്നു ചിന്തിച്ചാല്‍ പ്രശ്‌നത്തിന്റെ ആഴം എത്രമാത്രമാണെന്നു മനസിലാക്കാം. ആ കേസില്‍ ഉള്‍പ്പെട്ടതത്രയും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രബലരായ ശക്തരായ വ്യക്തികളാണ്.

കാശുള്ളവനും സ്വാധീനമുള്ളവനും മുന്നില്‍ ഓച്ഛാനിച്ചും ആദരവോടെയും നില്‍ക്കാന്‍ പഠിപ്പിക്കുന്ന ഈ സമൂഹം തന്നെയാണ് അവരുടെ തെറ്റുകള്‍ക്കു കുട പിടിക്കുന്നത്. ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ കഴിവു തെളിയിച്ച്, വിജയിച്ചു നില്‍ക്കുന്നവരെ തൊടാന്‍ നിയമം പോലും ഭയപ്പെടുന്ന കാഴ്ച ഭീകരമാണ്. സൂപ്പര്‍ മെഗാ സ്റ്റാറുകളും പൗരപ്രമുഖന്മാരും രാഷ്ട്രീയ പ്രമുഖരും മന്ത്രിമാരുമെല്ലാം അടക്കിഭരിക്കുന്ന ഈ നാട്ടില്‍, അവര്‍ ചെയ്യുന്ന തെറ്റുകള്‍ മൂടിവയ്ക്കപ്പെടുകയാണ്.

ഒരാളുടെ പ്രൊഫഷണലിസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ ഒരു വ്യക്തി പ്രമുഖനായും സെലിബ്രിറ്റിയായും താരങ്ങളായും മെഗാ സൂപ്പര്‍ താരങ്ങളായും രാഷ്ട്രീയ പ്രമുഖനായുമെല്ലാം ജനമനസുകള്‍ കൊണ്ടാടുന്നത്. അല്ലാതെ, ഒരു മനുഷ്യന്റെ നീതിബോധമോ സത്യസന്ധതയോ പരസ്പര ബഹുമാനമോ യാതൊന്നും കണക്കിലെടുക്കുന്നില്ല.

ഇന്ത്യന്‍ ഭരണഘടന ഒരാളെയും വലിയവനാക്കുന്നില്ല, ചെറിയവനും. പക്ഷേ, നാം ചിലരെ തോളില്‍ ചുമക്കുന്നു, ചിലരെ കാല്‍ച്ചുവട്ടിലിട്ടു ചവിട്ടിയരയ്ക്കുന്നു. സ്വഭാവശുദ്ധിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച്, ജീവിതവിജയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഒരുവനെ ചുമക്കണോ ചവിട്ടിത്തേക്കണോ എന്നു തീരുമാനിക്കപ്പെടുന്നത്. സ്ത്രീപീഡകരും ചൂഷകരും കരിഞ്ചന്തക്കാരും കൊലപാതകികളുമിവിടെ തഴച്ചു വളരാന്‍ കാരണവും അതുതന്നെ. സാമ്പത്തിക വിജയം നേടിവര്‍ ചെയ്ത വലിയ വലിയ തെറ്റുകള്‍ ക്ഷമിക്കാവുന്നതും പൊറുക്കാവുന്നതുമാകുന്നു. പണമില്ലാത്തവന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ പോരായ്മകല്‍ പോലും മാപ്പര്‍ഹിക്കാത്ത ക്രൂരകൃത്യവുമായി മാറുന്നു.

കുറ്റകൃത്യങ്ങളുടെ നൂലിഴകള്‍ കീറി പരിശോധിച്ച് ബലാത്സംഗിയെ വിശുദ്ധനും അതിജീവിതയെ കുറ്റവാളിയുമാക്കി മാറ്റാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത്. കഴിവുണ്ടായതു കൊണ്ടു മാത്രം ഒരാളും ബഹുമാനിക്കപ്പെടരുത്. മുന്നിലെത്തുന്ന ഓരോ മനുഷ്യരോടും, പണമുള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ, മാന്യമായി ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ആ വ്യക്തി ബഹുമാനിക്കപ്പെടുകയുള്ളു എന്ന സത്യം ഓരോ മനുഷ്യരും മനസിലാക്കണം. ഏതു വമ്പന്‍ സെലിബ്രിറ്റി ആയാലും അവര്‍ക്കു ബഹുമാനം നല്‍കേണ്ടത് അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ മാത്രമാവണം. കാഴ്ച്ചക്കാരുള്ളപ്പോഴും ഇല്ലാത്തപ്പോഴും മറ്റുള്ളവരോടവര്‍ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവണം ആ വിലയിരുത്തല്‍. രതിയില്‍ സ്ത്രീശരീരത്തെ മാനിക്കാത്ത ഒരുവനും മറ്റൊരു കാര്യത്തിലും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന സത്യവും മനസിലാക്കിയേ തീരു.

മന്ത്രിമാരുടെ, മെഗാ-സൂപ്പര്‍ സ്റ്റാറുകളുടെ രാഷ്ട്രീയ നേതാക്കളുടെ സുഹൃത്താണെന്നോ ബന്ധുവാണെന്നോ മറ്റോ പറഞ്ഞാല്‍ ഇവിടെ എന്തും സാധ്യമാകുമെന്ന് അത്തരക്കാര്‍ക്കറിയാം. അതു തന്നെയാണ് ഇന്‍ക്ഇഫക്ടഡ് ഉടമ പി എസ് സുജേഷിനെപ്പോലുള്ളവരുടെ കരുത്തും. യുവതികള്‍ പരാതിയില്‍ ഉന്നയിച്ച കാര്യം ശരിയാണെങ്കില്‍, 2017 മുതല്‍ ഇയാള്‍ പീഡനങ്ങള്‍ തുടങ്ങിയിരുന്നു. അന്നേ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പിന്നീടുള്ളവരെങ്കിലും രക്ഷപ്പെടുമായിരുന്നു. നിരന്തരമായ ഇയാളുടെ പീഡനങ്ങള്‍ സഹിച്ചു മിണ്ടാതിരുന്നവര്‍ ഇപ്പോഴെങ്കിലുമൊന്നു വായ് തുറന്നതു നന്നായി. പിന്നാലെ വരാനിരുന്ന കുറെപ്പേരെയെങ്കിലും രക്ഷപ്പെടുത്താന്‍ ഈ വെളിപ്പെടുത്തലുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും സിനിമ, സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെയും മതനേതാക്കളെയുമൊന്നും സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കുന്നില്ല എന്നതാണ് ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തഴച്ചു വളരാന്‍ കാരണം. ഇവരെ നിയമത്തിനു കീഴില്‍ കൊണ്ടുവന്നേ തീരു. ഇത്തരം ക്രൂരകൃത്യങ്ങളെ അതിജീവിക്കുന്ന ഓരോ വ്യക്തിക്കും അതിനുള്ള ഇച്ഛാശക്തി ഉണ്ടായേ തീരു. അതിന് വര്‍ഷങ്ങള്‍ കാത്തിരിക്കുകയല്ല വേണ്ടത്, തന്നോട് കാണിച്ചത് അതിക്രമമാണെന്നും ക്രൂരതയാണെന്നും തിരിച്ചറിയുന്ന ആ നിമിഷം പ്രതികരിക്കാന്‍ തയ്യാറാവണം. അതിനുള്ള കഴിവും ആത്മധൈര്യവും അതിജീവിച്ച ഓരോ വ്യക്തിയില്‍ നിന്നും ഈ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ ഉറപ്പാക്കുക, ഇനിയൊരു കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാതിരിക്കുക തുടങ്ങിയ ലക്ഷ്യമാണ് ഈ ആരോപണങ്ങള്‍ക്കു പിന്നിലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. ബലപ്രയോഗത്തിലൂടെ ആസ്വദിക്കേണ്ടതല്ല സെക്‌സ്. ബലപ്രയോഗത്തിലൂടെ നേടുന്നതൊന്നും ആനന്ദകരവുമല്ല. നേടുന്നവരുടെ ലഹരി അതായിരിക്കാം, പക്ഷേ, മറ്റൊരാളുടെ വേദനയില്‍ നിന്നല്ല ആ ലഹരി നേടേണ്ടത്. വഴികളില്‍ ചതിക്കുഴികള്‍ തീര്‍ത്തു കാത്തിരിക്കുന്ന ചെന്നായ്ക്കള്‍ പാഠം പഠിച്ചേ തീരൂ. പോരാട്ടം സത്യസന്ധമാണെങ്കില്‍ അതു നേടേണ്ടത് നീതിയുടെ മാര്‍ഗ്ഗത്തിലൂടെ തന്നെ.

………………………………………………………………

ജെസി തമസോമ
jessvarkey@gmail.com

Tags: Sexual harassment at tattoo center, PS sujesh, tattoo artist, why they are given the celerity status, 

Leave a Reply

Your email address will not be published. Required fields are marked *