Jess Varkey Thuruthel & Zachariah
അടുക്കളയില്‍ നിന്നും അരങ്ങത്തേക്കെത്താനായിരുന്നു ഒരുകാലത്ത് സ്ത്രീകള്‍ സമരം നടത്തിയത്. നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അവര്‍ സര്‍വ്വശക്തിയുമെടുത്തു പോരാടി. പഠിക്കുവാന്‍ അവള്‍ക്ക് അനുവാദമില്ലായിരുന്നു. വീടും വീട്ടുകാരെയും സംരക്ഷിച്ച് അടുക്കളയുടെ മൂലകളില്‍ വീടിന്റെ അകത്തളങ്ങളില്‍ മാത്രമവള്‍ ഒതുങ്ങിക്കൂടി. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍, അവള്‍ വിജയത്തിലെത്തി. വിദ്യാഭ്യാസത്തില്‍ ഇന്ന്, പുരുഷന്മാരെക്കാള്‍ മുന്‍പന്തിയില്‍ സ്ത്രീകളാണ്. പക്ഷേ, അവള്‍ നേടിയ വിദ്യാഭ്യാസം അവളുടെ പോലും ഉയര്‍ച്ചയ്ക്കായി അവള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് സങ്കടകരം.
അവളെ പറക്കാന്‍ അനുവദിക്കാതെ കൈകാലുകള്‍ ബന്ധിച്ച് അകത്തളങ്ങളില്‍ തളച്ചിട്ടത്, അവളുടെ സ്വപ്‌നങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ടത് മതമായിരുന്നു. മതനിയമങ്ങളായിരുന്നു. അഥവാ, അവളെ വീട്ടകങ്ങളില്‍ തളച്ചിടാന്‍ സൃഷ്ടിക്കപ്പെട്ടതായിരുന്നു മതങ്ങളും ദൈവങ്ങളും. പഠിപ്പുള്ളൊരു പെണ്ണിനെ മതങ്ങള്‍ക്കും മതദൈവങ്ങള്‍ക്കും സ്വാധീനിക്കാന്‍ സാധിക്കില്ലെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റുപറ്റി. ഇന്ന്, ഏറ്റവുമധികം വിശ്വാസികളുള്ളത് ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്കിടയിലാണ്. അവരാണ് ദൈവത്തിന്റെ യഥാര്‍ത്ഥ പ്രമോട്ടര്‍മാര്‍.
വീട്ടകങ്ങളില്‍ തയ്യാറാക്കിയിരുന്ന കഞ്ഞി പൊതുനിരത്തില്‍ തയ്യാറാക്കിയാല്‍ മാത്രമേ ആനന്ദം ലഭിക്കുകയുള്ളുവെന്ന് അവര്‍ തീരുമാനിച്ചു. അതാരും അവരില്‍ അടിച്ചേല്‍പ്പിച്ചതല്ല. തങ്ങള്‍ക്ക് ഇങ്ങനെ കഞ്ഞിവച്ചു കിട്ടുന്ന ആനന്ദം മതിയെന്ന് അവര്‍ സ്വയം തീരുമാനിച്ചതാണ്. വീട്ടുജോലികള്‍ ചെയ്യാനും വീട് ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാനും തങ്ങള്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നു. എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുത്തു നടത്താന്‍ ഭൂരിഭാഗം സ്ത്രീകളും മടികാണിക്കുന്നു. കേരളത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം 95 ശതമാനത്തിനു മുകളിലാണ്. പക്ഷേ, ജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ 10 ശതമാനത്തിലും താഴെ മാത്രം.
മണ്ണില്‍ കുഴി കുഴിച്ച് അതില്‍ ഇലയിട്ട് കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യവുമായി എത്തിയ നടന്‍ കൃഷ്ണകുമാര്‍ പറയുന്നു, വായു ശുദ്ധീകരിക്കുന്ന അതിവിശുദ്ധമായ ദിനമാണ് പൊങ്കാല ദിനമെന്ന്. രാജ്യം പത്മഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ച ആര്‍ത്തവ തമ്പുരാട്ടി പറയുന്നു, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ കൊട്ടാല്‍ ചെടികള്‍ വാടിപ്പോകുമെന്ന്. ഈ മാന്യദേഹങ്ങള്‍ എത്രവരെ പഠിച്ചിട്ടുണ്ട് എന്നറിയില്ല. പഠിച്ചത് എത്രവരെ ആയാലും ഇവരൊക്കെ എന്തിനാണ് പഠിച്ചത് എന്നുമാത്രമേ അറിയാത്തതായിട്ടുള്ളു.
കൊറോണ എന്ന കുഞ്ഞന്‍ വൈറസ് ഒന്നു നിറഞ്ഞാടിയപ്പോള്‍, മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ വീട്ടകങ്ങളിലേക്കു ചുരുങ്ങിയ കുറച്ചു കാലങ്ങളുണ്ടായിരുന്നു നമുക്ക്. ആ കാലയളവില്‍, പ്രാര്‍ത്ഥനകളില്ലാത്ത, ആചാരാനുഷ്ഠാനങ്ങളില്ലാത്ത, അവിടവിടെ മാലിന്യങ്ങള്‍ വലിച്ചെറിയാത്ത, പ്രകൃതിയെ നശിപ്പിക്കാത്ത, മലിനപ്പെടുത്താത്ത വളരെ കുറച്ചു കാലയളവ്. ആ കാലയളവിലാണ് മനുഷ്യന്‍ നശിപ്പിച്ച തന്റെ ആരോഗ്യം പ്രകൃതി ഒരിത്തിരിയെങ്കിലുമൊന്നു വീണ്ടെടുത്തത്. അന്ന്, മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നശിക്കുന്ന പ്രകൃതിയെയും ഈ പ്രപഞ്ചത്തെയും കുറിച്ച് ധാരാളം ലേഖനങ്ങള്‍ എഴുതപ്പെട്ടിരുന്നു. ആരാധനാലയങ്ങള്‍ അനന്തമായി അടഞ്ഞുകിടന്നിരുന്നു.
നമ്മുടെ വായുവും വെള്ളവും മണ്ണും അന്തരീക്ഷവും കാടും മേടുമെല്ലാം നശിക്കുന്നതിന്റെ പ്രധാന ഉത്തരവാദി മതമാണ്. മതത്തിനു വേണ്ടി കെട്ടിയുയര്‍ത്തിയ ആരാധനാലയങ്ങള്‍, അവയ്ക്കു വേണ്ടിയുള്ള ആചാരങ്ങള്‍, ആ ആചാരങ്ങള്‍ക്കു വേണ്ടി മലിനമാക്കുന്നു പ്രകൃതി നമുക്കു കനിഞ്ഞരുളിയ സകലതും. ആറ്റുകാല്‍ പൊങ്കാല വായുവിനെ ശുദ്ധീകരിക്കുന്നുവെന്നു പറഞ്ഞ കേമന്മാര്‍ക്കറിയുമോ വായു എങ്ങനെയാണ് ശുദ്ധീകരിക്കപ്പെടുക എന്ന്? അതിന് ഉത്തരം കണ്ടെത്താന്‍ മതം തലയ്ക്കു പിടിച്ച തലച്ചോറിനാവില്ല.
ആരാധനാലയങ്ങള്‍ പണിയാന്‍ വേണ്ടി വെട്ടിനശിപ്പിക്കപ്പെടുകയാണ് കാടുകള്‍. വനത്തിനുള്ളില്‍ കുടിയിരുന്നാലേ ദൈവങ്ങള്‍ക്കും തൃപ്തിയുണ്ടാവുകയുള്ളു. പിന്നെ ആ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള വഴികളായി. അതിനു വേണ്ടി എത്രയോ ജലാശയങ്ങളാണ് മലിനമാക്കുന്നത്! എത്രയോ പ്രദേശത്തെ വായുവാണ് മലിനീകരിക്കപ്പെടുന്നത്!! എന്നുമാത്രമല്ല, ദൈവത്തെ പ്രീണിപ്പിക്കാനെന്ന പേരില്‍ പരസ്പരമുള്ള കടിച്ചു കീറലുകളും. ഇവയുടെ എല്ലാം മുന്‍പന്തിയില്‍, ചൂട്ടും പിടിച്ച് നടക്കുകയാണ് കുറെ സ്ത്രീകള്‍. വിദ്യാഭ്യാസവും അറിവും നേടി, വെളിവുണ്ടായെന്ന് അഹങ്കരിക്കുന്ന സ്ത്രീകള്‍. അവള്‍ക്കു കൂച്ചുവിലങ്ങിടാന്‍ രൂപപ്പെടുത്തിയ നിയമങ്ങളുടെ ഏറ്റവും വലിയ സംരക്ഷകരായി അവള്‍! അടുക്കളയില്‍ നിന്നല്ല, അവള്‍ അരങ്ങത്തേക്കെത്തിയത് അടുക്കളയുമായിട്ടാണ്. പാരതന്ത്ര്യം ചോദിച്ചു വാങ്ങുന്ന സ്ത്രീജന്മങ്ങള്‍!!
…………………………………………………………………………………..
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
………………………………………………………………………..
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47