സംഘി കലക്കിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്ന കോണ്‍ഗ്രസ്

 
Jess Varkey Thuruthel & Zachariah

വര്‍ഗ്ഗീയതയെ ചെറുത്തു തോല്‍പ്പിക്കും എന്നാണ് കോണ്‍ഗ്രസ് സദാ പറയുന്നത്. തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യവും ഇതു തന്നെയാണെന്നും അവര്‍ ആവര്‍ത്തിക്കുന്നു. പക്ഷേ, എപ്പോഴെല്ലാം സംഘികള്‍ കേരള മണ്ണില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ അവിടെയെല്ലാം അവര്‍ക്ക് സര്‍വ്വാത്മനാ പിന്തുണ നല്‍കി കോണ്‍ഗ്രസുമുണ്ടായിരുന്നു. അതായത്, സംഘികള്‍ കലക്കുന്ന വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം തങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് എതിരെയാണ് എന്ന് ജനങ്ങളെ ശക്തമായി ബോധിപ്പിക്കുകയും ചെയ്യുന്നു.

ശബരിമല സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍ കലാപത്തിന് സംഘപരിവാര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍, കോണ്‍ഗ്രസിന്റെ മതേതര നിലപാടുകളുടെ ഉഗ്രരൂപം മറനീക്കി പുറത്തു വന്നതാണ്. അന്ന്, മലയാളികളുടെ മനസുകളില്‍ വെറുപ്പിന്റെ വിത്തെറിഞ്ഞ് ലാഭം കൊയ്യാനുള്ള പുറപ്പാടിലായിരുന്നു സംഘപരിവാര്‍. എന്നാല്‍, മതത്തിന്റെയോ ജാതിയുടേയോ അടിസ്ഥാനത്തിലല്ല, മറിച്ച് സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളികള്‍ ഇവിടെ ജീവിക്കുന്നത് എന്ന പാഠം സംഘികള്‍ക്ക് താമസിയാതെ മനസിലായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് ഇത്രയേറെ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചത് അവിടെയുള്ള മനുഷ്യരുടെ മനസുകളില്‍ വര്‍ഗ്ഗീയ വിഷം ഫലപ്രദമായി കുത്തിവയ്ക്കാന്‍ സാധിച്ചതിനാലാണ്.

ഏറ്റവുമധികം കാവി വത്കരണം നടക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ തന്നെ. വളര്‍ന്നു വരുന്ന കുട്ടികളുടെ മനസുകളില്‍ വര്‍ഗ്ഗീയത മുളപ്പിച്ചാല്‍ അതു പിഴുതെറിയാന്‍ അത്ര എളുപ്പമല്ല. ആ വര്‍ഗ്ഗീയതയില്‍ അവര്‍ വളരും. ആ വര്‍ഗ്ഗീയതയ്ക്കു വേണ്ടി അവര്‍ പ്രയത്‌നിക്കുകയും ചെയ്യും. കേരളത്തില്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയിലുള്‍പ്പടെ സംഘപരിവാര്‍ അജണ്ട നടപ്പാക്കി കാവി വത്കരണം ഊര്‍ജ്ജിതമാക്കുക എന്ന ലക്ഷ്യമാണ് ബി ജെ പിയ്ക്ക്. അതിലൂടെ കേരളത്തില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നവര്‍ സ്വപ്‌നം കാണുന്നു. കാലങ്ങളായി ശ്രമിച്ചിട്ടും നടക്കാതിരുന്ന ഒരു കാര്യമാണിത്. ശബരിമലയില്‍ വന്‍ കലാപമുണ്ടാക്കി കേരളം പിടിച്ചെടുക്കാമെന്നവര്‍ സ്വപ്‌നം കണ്ടു. എന്നാലതു നടന്നില്ല. എങ്കിലും എന്നെന്നും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ബി ജെ പി ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത് കേരളത്തിലെ സര്‍വ്വകലാശാലകളെയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനിലൂടെ ആ അജണ്ട നടപ്പാക്കുകയാണ് സംഘപരിവാര്‍ ഇവിടെ. ബി ജെ പിയുടെ എക്കാലത്തെയും ഏറ്റവും വലിയ എതിരാളി ഇടതുപക്ഷമാണ്. ബിജെപിക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന, അവരുടെ യാതൊരു തരത്തിലുമുള്ള അജണ്ടകള്‍ ഇവിടെ നടപ്പാക്കാന്‍ അനുവദിക്കാത്ത ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സി പി എമ്മിനെ തകര്‍ക്കുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ബി ജെ പി വിഷം കലക്കി രസിക്കുമ്പോള്‍ കരയില്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. പൊന്തിവരുന്ന മീനുകളെ പിടിച്ചെടുക്കാന്‍ തന്നെ.

വ്യക്തമായ ഭൂരിപക്ഷം നല്‍കി ജനങ്ങള്‍ രണ്ടാമതും തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ചില ഭരണ വിരുദ്ധ നിലപാടുകള്‍ പല കോണില്‍ നിന്നുമുയര്‍ന്നു കേള്‍ക്കും. വിമര്‍ശനങ്ങള്‍ക്കധീതമായി ഒരു ഭരണാധികാരിയും ഒരിടത്തും ഭരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസ് മന്ത്രിസഭകളുടെ കാലത്തും അഴിമതിയും ധൂര്‍ത്തും ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പിന്നാലെ വരുന്ന സര്‍ക്കാരുകള്‍ക്ക് അഴിമതി നടത്താനുള്ള മുന്‍കൂര്‍ ജാമ്യമല്ല. എന്നിരുന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളില്‍ വിളറി പൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. മൂന്നാം തവണയും തങ്ങള്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന ഭയവുമവര്‍ക്കുണ്ട്. പരമാധികാരം ഏതു കൈകളിലെത്തുന്നുവോ അത് ആ നാടിന് ആപത്താണ്. കേന്ദ്രത്തിലെ തുടര്‍ഭരണമാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന കഷ്ടതകള്‍ക്കു കാരണം. അതിനാല്‍ത്തന്നെ, പരമാധികാരം ആരുടേയും കൈകളിലെത്താന്‍ പാടില്ല.

നല്ലൊരു പ്രതിപക്ഷമാവാന്‍ കോണ്‍ഗ്രസിന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന്റെ ചട്ടുകമാണെന്നു തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിരിക്കുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന പൊതുതത്വത്തില്‍ വിശ്വസിച്ചു മുന്നേറുകയാണിവിടെ കോണ്‍ഗ്രസ്. ഇടതുപക്ഷം തങ്ങളുടെ എതിരാളികളായിരിക്കെ, ഇടതുപക്ഷത്തെ എതിര്‍ക്കുന്ന വര്‍ഗ്ഗീയ പാര്‍ട്ടിയോടൊന്നു ചേര്‍ന്നു പ്രവൃത്തിക്കാമെന്ന ചിന്ത കോണ്‍ഗ്രസില്‍ കടന്നു കൂടിയിട്ടുണ്ടെന്നു വേണം കരുതാന്‍.

വളര്‍ന്നു വരുന്ന തലമുറയുടെ തലച്ചോറിലേക്ക് വര്‍ഗ്ഗീയ വിഷം കടത്തിവിടുക എന്നത് അത്യന്തം എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ, കോണ്‍ഗ്രസിനെ സംബന്ധിച്ചിടച്ചോളം അതത്ര വലിയ പ്രശ്‌നമാണെന്നവര്‍ കരുതുന്നില്ല. അവര്‍ തീരുമാനങ്ങളെടുക്കുന്നതെല്ലാം വോട്ട് ബാങ്കിനെ ആശ്രയിച്ചാണ്. അല്ലാതെ ഭരണഘടനയുടെ അടിസ്ഥാനത്തിലല്ല.

സംഘപരിവാര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെയാണ്. അതിനാല്‍, ഇടതുപക്ഷത്തെ മൊത്തമായി വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനു പകരം അവര്‍ പിണറായി വിജയനു നേരെ ആയുധമെടുക്കുന്നു.



തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

#Congress #GovernorArifMuhmadKhan #CMPinarayi 

Leave a Reply

Your email address will not be published. Required fields are marked *