“ബെയ്റ്റ് & സ്വിച്ച്”: ഒരു ന്യൂസ്റൂം അടവു ശാസ്ത്രം

അഡ്വ. CV മനുവിൽസൻ

ഇന്നത്തെ മാധ്യമ ലോകത്ത്, പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് ഒരു കലയും അതിലേറെ വെല്ലുവിളിയും ആണ്. TV, പത്രം, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിവരങ്ങൾ നമ്മളിലേക്ക് എത്തുന്നതിനൊപ്പം, നാം അറിയാതെ തന്നെ ചില സൂക്ഷ്മ തന്ത്രങ്ങളിൽ കുടുങ്ങുകയും ചെയ്യുന്നുണ്ട്. അതിന് ഉപയോഗിക്കുന്ന ഒരു പ്രധാന തന്ത്രമാണ്, “ബെയ്റ്റ് & സ്വിച്ച്” (Bait and switch) . അനുദിനം സാമൂഹിക അപകടമായി മാറി കൊണ്ടിരിക്കുന്നതും ഗൗരവതരമായ ആശയ വിനിമയത്തെ ബാധിക്കുന്നതുമായ ഒരു പ്രധാന കുതന്ത്രമാണ് “ബെയ്റ്റ് & സ്വിച്ച് .”

എന്താണ് “ബെയ്റ്റ് & സ്വിച്ച്”?

ഇത് ആദ്യം വഞ്ചനാപരമായ മത്തപ്പത്ര മാർക്കറ്റിംഗ് തന്ത്രമായിരുന്നെങ്കിലും, ഇന്നിത് മാധ്യമ തന്ത്രങ്ങളിൽ തന്നെ അത്ഭുതകരമായ ഒരു ആയുധമായി മാറിയിരിക്കുന്നു.

ഇത് പ്രവർത്തിക്കുന്ന രീതിയിലേക്കു നോക്കാം:

  1. മാധ്യമങ്ങൾ, ലാഭം കൊയ്യുന്ന തലക്കെട്ടുകളിലൂടെയോ ആകർഷകമായ കഥകളിലൂടെയോ (ബെയ്റ്റ്) നിങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റും.
  2. പിന്നീട്, അത് തുടർന്നുള്ള പ്രാധാന്യമില്ലാത്ത വിഷയങ്ങളിലേക്ക് (സ്വിച്ച്) മാറ്റി നയിക്കും.
  3. അത് വഴി; ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ പ്രധാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ വഴി തിരിച്ച് വിടുന്നു.

ഉദാഹരണത്തിന്, ഒരു ചാനൽ വലിയ രാഷ്ട്രീയ വാർത്ത വാഗ്ദാനം ചെയ്ത് ജനശ്രദ്ധ ആകർഷിക്കും. എന്നാൽ, ആ വാർത്ത വായിക്കുമ്പോഴും കാണുമ്പോഴും അതിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാറി മറിയുന്നതായും, അനാവശ്യ ഗോസിപ്പുകൾ ഹൈലൈറ്റ് ചെയ്യപ്പെട്ട് കൊണ്ട്, പ്രശസ്തരുടെ വിവാദങ്ങൾ മാത്രം നില നിർത്തിക്കുന്നുവെന്ന് കാണാം.

മലയാള മാധ്യമങ്ങളിൽ “ബെയ്റ്റ് & സ്വിച്ച്”.

മലയാളം മാധ്യമങ്ങളും ഇതിൽ നിന്ന് ഒട്ടും ഒഴിവല്ല. പൊതുജനശ്രദ്ധയെ മുഖ്യപ്രശ്നങ്ങളിൽ നിന്ന് വിട്ടുനയിക്കാൻ പലപ്പോഴും താഴെ പറഞ്ഞിരിക്കുന്ന തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്:

  1. സെലിബ്രിറ്റി ശ്രദ്ധാമാറ്റം:

തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർത്ഥികളുടെ നയവിശകലനം കൊടുക്കേണ്ടി വരുന്ന സമയത്ത്, മിക്കവാറും സെലിബ്രിറ്റികളുടെ സ്വകാര്യജീവിതമാണ് മാധ്യമങ്ങൾ മുൻഗണിക്കുന്നത്.

  1. വ്യക്തിപരമായ സ്‌കാൻഡലുകൾ:

ചില രാഷ്ട്രീയ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, ആ വ്യക്തിയുടെ സ്വകാര്യ ജീവിതം, മാധ്യമങ്ങളിൽ മുൻപന്തിയിൽ വരുന്നതു കാരണം, യഥാർത്ഥ അഴിമതി, ഒന്നുകിൽ ചർച്ചകളിൽ മങ്ങിയിരിക്കും; അല്ലെങ്കിൽ മറയ്ക്കപ്പെടും.

  1. കുറ്റകൃത്യങ്ങളിൽ നയ ശരാശ്രയം:

പ്രധാന കുറ്റകൃത്യങ്ങളിൽ, സമൂഹത്തിലെ ചിന്തകൾ അല്ലെങ്കിൽ നിയമപരമായ വശങ്ങൾ നിഷേധിച്ച് പ്രതിയുടെ അനാവശ്യമായ വ്യക്തിഗത വിവരങ്ങളിലേക്ക് മാധ്യമങ്ങൾ ജനങ്ങളെ നയിക്കുന്നു.

സെൻസേഷണലിസവും തന്ത്രവും: റേറ്റിംഗുകളുടെ പ്രാധാന്യം

മാധ്യമങ്ങൾക്ക് റേറ്റിംഗുകളും പരസ്യവും പ്രധാനപ്പെട്ടതാണ് എന്നത് മനസ്സിലാക്കാം; പക്ഷേ അതിനായി അവർ അവലംബിക്കുന്ന നാടകീയതയും, ന്യൂസ് കാണാനിരിക്കുന്ന പ്രേക്ഷകരെ ഇക്കിളിപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ള വെറും പൈങ്കിളികളുമാണ് സാധാരണ, ജനപ്രിയമായി പ്രചരിക്കുന്നത്.

എന്നാൽ, ഈ അനാവശ്യ പർവതീകരണങ്ങൾക്ക് ഇടയിൽ, രാജ്യത്തെയും സംസ്ഥാനത്തെയും ഒക്കെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, തൊഴിൽ സാധ്യതകൾ, പൊതുജന ആരോഗ്യം എന്നിവയ്ക്ക് സംബന്ധിക്കുന്ന ഗൗരവകരമായ പൊതു ചർച്ചകൾക്ക് ഇടം നൽകാതെ, വിഷയത്തിൽ നിന്നും വ്യതിചലിച്ചുള്ള വിചിത്ര ചർച്ചകളിൽപ്പെട്ട്, പ്രധാന പ്രശ്നങ്ങൾ മറയ്ക്കപ്പെടുന്നു.

ഇത്, ആരുടെ ബുദ്ധിയാണ് ?

ആവശ്യത്തിലും അധികം Entertainment ചാനലുകൾ ഉള്ള നമ്മുടെ നാട്ടിൽ 24 മണിക്കൂർ വാർത്താ ചാനലുകളും Entertainment ആക്കി കൊണ്ട്, ഊതി പെരുപ്പിക്കുന്ന വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റുകൾക്കിടയിൽ പെടുത്തി യഥാർത്ഥ പ്രശ്നങ്ങളിലേക്കുള്ള വഴി അടച്ചു കളയുന്ന ഈ ബുദ്ധി, ആരുടെ ബുദ്ധിയാണ് ?

നിലവാരമുള്ള ചർച്ചകളുടെ അഭാവം, സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു രാജ്യത്തിലെ ജനങ്ങൾ, ഒരിക്കൽ ആ നാടിൻ്റെ മുഖ്യ വ്യക്തികളിൽ നിന്ന് തെറ്റിപ്പോകുമ്പോൾ, സംഭവിക്കുന്നത് എന്താണ് എന്ന് ആലോചിച്ചിട്ടുണ്ടോ?

കാലം കാത്തിരുന്നിരിക്കുന്ന സാമൂഹ്യ മാറ്റം സാധ്യമാകാൻ സാധ്യത കുറക്കുന്ന വഴി തന്നെ അടച്ചു കളയുന്ന ഈ ബുദ്ധി, ആരുടെ ബുദ്ധിയാണ് ?

ആ ബുദ്ധി, ആരുടെ ബുദ്ധിയാണ് എന്ന് കണ്ട് പിടിക്കാൻ,
മാധ്യമ ഉപഭോക്താക്കളായ നാം ഏവരും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

മെലിഞ്ഞ തലക്കെട്ടുകളോ അല്ലെങ്കിൽ ഉപരിപ്ലവ വാർത്തകളോ കാരണമാക്കിയെടുത്ത് ഒരു തരത്തിലും നമ്മൾ സ്വാധീനിക്കപ്പെടാൻ പാടില്ല.

യഥാർത്ഥ പ്രശ്നങ്ങൾ എന്താണ് എന്നതിനുള്ള അറിയിപ്പുകൾ നൽകാനുള്ള ശ്രദ്ധയാണ് നിർബന്ധിതമായി നൽകേണ്ടത്.

മാധ്യമങ്ങളിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ത്യൻ പ്രസ് കൗൺസിൽ ആക്ട് പോലുള്ള നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ഇതിനെ കടയാനായിട്ടൊരു മാധ്യമ സാക്ഷരത അത്യാവശ്യമാണ് എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും ജനാധിപത്യ ബോധമുള്ള പൗരന്മാർ തിരിച്ചറിയണം. അതിനായി, വായനക്കാർക്കും പ്രേക്ഷകർക്കും ഇത്തരം തന്ത്രങ്ങളെക്കുറിച്ച്, ആവശ്യമായ അറിവ് പകരണ്ടേത്, ജനാധിപത്യത്തിൻ്റെ ഒരു അത്യാവശ്യമാണ്.

  1. “ബെയ്റ്റ് & സ്വിച്ച്” തന്ത്രം സൂക്ഷ്മമായതാണെങ്കിലും, നമ്മുക്കിടയിൽ ഗൂഢവും വ്യാപകവുമായി പ്രവർത്തിക്കുന്നുണ്ട് എന്നതിനെ യാഥാർത്ഥ്യബോധത്തോടെ കാണണം.
  2. ജനാധിപത്യ ബോധമുള്ള പൗരന്മാരായി, ജാഗ്രതയും സൂക്ഷ്മതയും പാലിച്ചുകൊണ്ട് യഥാർത്ഥ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം.
  3. സത്യത്തിന്റെയും പ്രസക്തമായ ചർച്ചകളുടെയും അന്വഷണത്തിൽ പരാജയപ്പെടാൻ നമ്മളെത്തന്നെ നാം അനുവദിക്കരുത്.

cvmanuvilsan@gmail.com
9846288877

Tags: #baitandswitch #bait #switch #education #Politics #Democracy #media #Manuvilsan

…………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *