ഭര്‍തൃപീഢനം സഹിക്കവയ്യാതെ സ്വയം തീകൊളുത്തി, പക്ഷേ, ജ്വലിച്ചുയുന്നു ഈ പെണ്‍പുലി

Written by: Jess Varkey Thuruthel & D P Skariah

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു നീഹാരി മണ്ഡലി എന്ന ഹൈദ്രാബാദുകാരി. ഇന്നിവരുടെ ജീവിതം തീയില്‍ ഹോമിക്കപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമായി ഉഴിഞ്ഞുവച്ചതാണ്.

തീയില്‍ ഹോമിക്കപ്പെട്ട അവളുടെ ജീവിതം അതോടെ അവസാനിച്ചുവെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ശരീരത്തില്‍ 55 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട നീഹാരി മണ്ഡലി ഇന്ന് പൊള്ളലിനെ അതിജീവിച്ച് ജീവിതത്തിലേക്കു മടങ്ങിവന്ന നൂറുകണക്കിനു പേരുടെ ശക്തിയും പ്രതീക്ഷയുമാണ്. കേരളം, ആന്ധ്ര, തെലുങ്കാന എന്നീ മൂന്നു സ്ംസ്ഥാനങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തു കൊടുത്ത് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് ഇന്നിവര്‍.

സ്വന്തം വിധിയെ ശപിച്ച് മരണത്തിലേക്കു നടന്നടുക്കുമ്പോള്‍ നീഹാരിയുടെ പ്രായം 20 വയസായിരുന്നു. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലാണ് നീഹാരി ജനിച്ചത്. 20-ാമത്തെ വയസിലാണ് വിവാഹം നടത്തിയത്. ഒട്ടേറെ സ്വപ്നങ്ങളോടെ ഭര്‍തൃവീട്ടില്‍ ചെന്നുകയറിയ നീഹാരിക്കു സഹിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. അപ്പോള്‍ വെറും രണ്ടാഴ്ച മാത്രമായിരുന്നു നീഹാരിയുടെ ദാമ്പത്യം. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നുമുള്ള പീഡനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ ആശ്രയത്തിനായി സ്വന്തം വീട്ടിലേക്കവള്‍ കയറിച്ചെന്നു.

അപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു നീഹാരി. എന്നാല്‍, സമൂഹത്തിന്റെ ചോദ്യങ്ങളെ ഭയന്ന കുടുംബം അവളെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങിപ്പോകാന്‍ അവളുടെ മാതാപിതാക്കള്‍ അവളോട് ആവശ്യപ്പെട്ടു. ജീവിക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ വന്നപ്പോള്‍ മരിച്ചു കളയാന്‍ തീരുമാനിച്ചു. ദുരിതപൂര്‍ണ്ണമായ ഈ ലോകത്തു നിന്നും താനും തന്റെ കുഞ്ഞും രക്ഷപ്പെടുമെന്നു കരുതി, പക്ഷേ വിധി മറ്റൊന്നായിരുന്നു.

തീകൊളുത്തി മരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. 55 ശതമാനം പൊള്ളലോടെ ജീവിതത്തിലേക്കു മടങ്ങിവന്നു. ശരീരം കുറച്ചെങ്കിലും മെച്ചപ്പെട്ടതാക്കാന്‍ നടത്തേണ്ടി വന്നത് 22 ഓപ്പറേഷനുകളാണ്. ഇന്നിവരുടെ പ്രായം 33 വയസാണ്. പൊള്ളല്‍ ശരീരത്തെ ഏല്‍പ്പിച്ച ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാനുള്ള ഇവരുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. അത് ജീവിതകാലം മുഴുവനുണ്ടാകുമെന്ന് ഇവര്‍ക്കറിയാം. പക്ഷേ, സമാനജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് പുതിയൊരു ജീവിതമുണ്ടാക്കുകയാണ് നീഹാരിയിപ്പോള്‍.

പൊള്ളലില്‍ നിന്നും ജീവിതത്തിലേക്കു മടങ്ങി വരുന്ന ഒരു വ്യക്തിയുടെ ജീവിതം അത്യധികം പ്രയാസമേറിയതാണ്. ജീവിതം കുറച്ചെങ്കിലുമൊന്നു സുഗമമാക്കാന്‍ നിരവധി സര്‍ജ്ജറികള്‍ക്കു വിധേയരാകേണ്ടി വരും. കൂടാതെ മരുന്നുകളും വേണം. എല്ലാറ്റിനും വേണ്ടത് പണമാണ്. പക്ഷേ, അതിനേക്കാളെല്ലാം മുകളിലായി വേണ്ടത് ജീവിക്കണമെന്ന ചിന്തയാണ്. ശരീരത്തിലേറ്റ ഈ മുറിവുകളുമായി ജീവിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പലപ്പോഴും കൈകൊണ്ടൊരു സ്പൂണ്‍ പിടിക്കാന്‍ പോലും കഴിയാതെ വരാറുണ്ടെന്ന് നീഹാരി പറയുന്നു.

തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമാകാനാണ് പിന്നീടുള്ള ജീവിതം നീഹാരി ഉപയോഗപ്പെടുത്തിയത്. അതിനായി Burn Survivor Mission Saviour Trust എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഈ സംഘടനയിലൂടെ, നിരവധി സര്‍ജ്ജന്‍മാരുടെയും സമാന സംഘടനകളുടെയും സഹായത്തോടെ, ഇതുവരെയും 125 ലേറെ ഓപ്പറേഷനുകള്‍ നടത്തി. 900 ത്തിലധികം കൗണ്‍സലിംഗ് സെഷനുകള്‍ നടത്തി.

സ്വയം എരിഞ്ഞടങ്ങാനുള്ള തീരുമാനം പരാജയപ്പെട്ട ശേഷം കഷണങ്ങളായി ചിതറിപ്പോയ തന്റെ ജീവിതത്തെ ചേര്‍ത്തു വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ അനേകായിരങ്ങള്‍ക്കു തണലാകാന്‍ തീരുമാനിക്കുകയായിരുന്നു നീഹാരി. അതിലൊരാളാണ് കോട്ടയം സ്വദേശിയായ രേഷ്മ രാജന്‍. ജീവിതത്തിലെ ആ അപ്രതീക്ഷത അപകടമുണ്ടാകുമ്പോള്‍ രേഷ്മയുടെ പ്രായം 17 വയസായിരുന്നു. 50 ശതമാനം പൊള്ളലോടെ ജീവിതത്തിലേക്കു മടങ്ങിവന്നു. ഒരു പത്രവാര്‍ത്തയിലൂടെ നീഹാരിയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയ രേഷ്മ അവരെ സമീപിക്കുകയായിരുന്നു. മൂന്നു സര്‍ജ്ജറികളില്‍ ഒരെണ്ണം നടത്തിക്കൊടുത്തത് നീഹാരിയുടെ സംഘടനയാണ്. ഇപ്പോള്‍ കഴുത്ത് കൂടുതല്‍ നന്നായി ചലിപ്പിക്കാന്‍ കഴിയുമെന്ന് രേഷ്മ പറയുന്നു.

2014 ല്‍ ഡോക്ടറും രാഷ്ട്രീയക്കാരനുമായ എം കെ മുനീറിനെ കണ്ടുമുട്ടിയതാണ് നീഹാരിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. മുനീറിന്റെ ക്ഷണം സ്വീകരിച്ച് 2017 ല്‍ കേരളത്തിലെത്തിയ നീഹാരി കോഴിക്കോട് ഒരു ക്യാമ്പ് സംഘടിപ്പിച്ച് 24 സര്‍ജ്ജറികള്‍ സൗജന്യമായി നടത്തിക്കൊടുത്തു. ഇപ്പോള്‍ നീഹാരിക്കു കേരളമെന്നാല്‍ തന്റെ രണ്ടാമത്തെ വീടുപോലെ പ്രിയപ്പെട്ടതാണ്.

പേട്ട കോസ്‌മെറ്റിക് ക്ലിനിക്, കേരള പ്ലാസ്റ്റിക് സര്‍ജ്ജന്‍ അസോസിയേഷന്‍, ട്രിവാന്‍ഡ്രം റൗണ്ട് ടേബിള്‍ 66 മായി ചേര്‍ന്ന് നീഹാരിയുടെ ട്രസ്റ്റ് പൊള്ളലില്‍ നിന്നും രക്ഷപ്പെട്ട 15 പേര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തു നല്‍കി. കേരളത്തില്‍ നിന്നും വളരെ നല്ല സഹകരണമാണ് തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് നീഹാരി പറഞ്ഞു.

അവര്‍ നമ്മിലൊരാള്‍, ചേര്‍ത്തു പിടിക്കാം നമുക്കവരെ

പൊള്ളലിനെ അതിജീവിച്ച ശേഷമുള്ള ഓപ്പറേഷനുകള്‍ വളരെ ചെലവേറിയതാണ്. അവ അത്യന്താപേക്ഷിതമാണെന്ന ചിന്ത പലര്‍ക്കുമില്ല. പൊള്ളലില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടാല്‍, ശരീരത്തിലെ വടുക്കളോടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് അതിജീവിച്ചവരില്‍ ഭൂരിഭാഗം പേരും. തുടര്‍ചികിത്സയ്ക്കു പണമില്ലാത്ത, ചികിത്സ വേണമെന്നു പോലും അറിയാത്തവര്‍ക്കാണ് നീഹാരിയുടെ ട്രസ്റ്റ് സൗജന്യ സര്‍ജ്ജറികള്‍ നടത്തിക്കൊടുക്കുന്നത്.


പ്ലാസ്റ്റിക് സര്‍ജ്ജറികള്‍ സെലിബ്രിറ്റികള്‍ക്കു മാത്രമുള്ളതാണെന്നാണ് പലരുടെയും ചിന്ത. എന്നാലിത് പൊള്ളലില്‍ നിന്നും രക്ഷപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം കൂടിയാണ്. പൊള്ളലില്‍ ചര്‍മ്മം നഷ്ടമാകുന്നതിനാല്‍ ഇവര്‍ക്ക് പേശികള്‍ ചലിപ്പിക്കാന്‍ പോലും കഴിയാതെ വരുന്നു. ഇതു നേരെയാക്കാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി അത്യാവശ്യമാണ്.

പൊള്ളലേറ്റവരെ രക്ഷപ്പെടുത്താനുള്ള ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സുലഭമാണ്. എന്നാല്‍ പിന്നീടുള്ള ചികിത്സയ്ക്ക് സൗകര്യങ്ങളില്ല. സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യമുണ്ടെങ്കിലും ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. അതിനാല്‍ പലരും തുടര്‍ ചികിത്സകള്‍ വേണ്ടെന്നു വയ്ക്കുകയാണ് ചെയ്യുക. ഈ പ്രശ്‌നത്തിന് ഫലപ്രദമായൊരു മാര്‍ഗ്ഗം കണ്ടെത്താന്‍ സ്‌കൂളുകളിലും കോളജുകളിലും ബോധവത്കരണ ക്ലാസുകള്‍ നടത്തുകയാണ് നീഹാരി.

ജീവിതത്തിലെ അതികഠിന ദുരിതവഴികള്‍ താണ്ടി വന്നവരെ മനുഷ്യരായി കണക്കാക്കണമെന്നാണ് ഈ സമൂഹത്തോട് നീഹാരിക്കു പറയാനുള്ളത്. അവര്‍ക്കു മെച്ചപ്പെട്ടൊരു ജീവിതം വേണം. സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഈ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സഹായവും പിന്തുണയും അവര്‍ക്കാവശ്യമാണ്.

……………………………………………………………………………………………………………

#NeehariMandali, #burninjury #burnsurvivor #DrMuneer #

Leave a Reply

Your email address will not be published. Required fields are marked *