പാമ്പുകടിയേറ്റു മരിച്ച 17കാരനെ പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്റെ കുറിപ്പ്

Dr. Levis Vaseem. M, Forensic Surgeon, Manjeri Medical college

04.09.24

ചില ദിവസങ്ങളില്‍ വരുന്ന കേസുകള്‍ മനസ്സില്‍ തറച്ചു മായാതെ പോയതിനാലാണോ എന്നറിയില്ല, കഴിഞ്ഞവര്‍ഷം എടുത്ത അതേ തൂലിക നിങ്ങള്‍ക്ക് മുമ്പില്‍ വരഞ്ഞിടാന്‍ വിരല്‍ത്തുമ്പുകള്‍ നിര്‍ബന്ധിതമാകുന്നു (Snake Bite Case).

സാധാരണഗതിയില്‍ ഫോറന്‍സിക് സര്‍ജന്മാര്‍ പോലീസിന്റെ അന്വേഷണങ്ങള്‍ക്ക് താങ്ങാവുന്ന വിധം സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ സര്‍വീസുകള്‍ നല്‍കുന്നത് കുറവായിരിക്കും. എന്നാല്‍ മുന്നില്‍ കിടക്കുന്ന ശരീരങ്ങളില്‍ കത്തിവെക്കുന്ന ചില പോലീസ് സര്‍ജന്മാരെങ്കിലും ചെയ്യുന്നതിന് മുമ്പേ മരണകാരങ്ങളും അനുബന്ധ വസ്തുതകളും കണ്ടെത്തുന്നതിലുപരി, തനിക്കീ കേസുകള്‍ വഴി സമൂഹത്തിന് എന്ത് പാഠം നല്‍കാന്‍ ഉണ്ട് എന്ന് ചിന്തിക്കുന്ന കമ്മ്യൂണിറ്റി ഫോറന്‍സിക് എന്ന ആശയം മുറുകെ പിടിക്കുന്നവര്‍ ആയിരിക്കും.

03.09.24
ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ കിടത്തിയ 17 വയസ്സുള്ള കൗമാരക്കാരന്റെ (Snake Bite) രക്തസ്രാവത്താല്‍ മുഖരിതമായ മുഖം മാത്രമല്ല, അവന്റെ ജീവിത സാഹചര്യങ്ങളും മരിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളും മനസ്സില്‍ തീരാ നോവ് ആയി അലമുറയിടുന്നു. ഒരുപക്ഷേ തന്റെ ജീവിത സാഹചര്യങ്ങളാല്‍ അവധി ദിവസങ്ങളില്‍ പഠനത്തിന്റെ കൂടെ പച്ചക്കറിക്കടയില്‍ ജോലി നോക്കിയിരുന്ന പൊന്നുമോന്‍. അന്നത്തെ ജീവിതോപാധികള്‍ ഭോഗിച്ച് അല്ലലില്ലാതെ മുന്നോട്ടു പോകുമ്പോള്‍ ഇടത്തരക്കാരുടെ സാമ്പത്തിക സംഘര്‍ഷങ്ങള്‍ നമുക്ക് അന്യമാണല്ലോ ല്ലേ!

തലേദിവസം വൈകിട്ട് 4.30ന് കടയുടെ മൂലയില്‍ നിന്നും പച്ചക്കറി പെട്ടി എടുക്കുന്നതിനിടയില്‍ കൈകളില്‍ എന്തോ കടിച്ചതായി തോന്നുകയും, തൊട്ടടുത്ത ക്ലിനിക്കില്‍ കാണിക്കുകയും ഉടന്‍തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുപോവുകയും ചെയ്തു. കൊണ്ടുപോയത് ആകട്ടെ ബൈക്കിലും; അതും നിലമ്പൂര്‍ ബൈപ്പാസ് ചെയ്ത് ഏതോ വിഷ വൈദ്യന്റെ അടുത്തേക്കും! ശാരീരിക അവശതകളും ഛര്‍ദിയും പ്രകടമായിരുന്ന അവനില്‍ വൈദ്യന്‍ എന്തു ചെയ്തു എന്നത് വെളിവായിട്ടില്ല, പിന്നെ ആംബുലന്‍സില്‍ കയറ്റി നിലമ്പൂരില്‍ മരിച്ചെത്തിയപ്പോഴേക്കും 6 മണിയായിരുന്നു. ‘അടിത്തട്ടിലുള്ള പാവങ്ങളാണ് കൂടുതലും പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ എത്തുന്നത്’ എന്ന് പണ്ട് എന്റെ ഒരു സീനിയര്‍ പോലീസ് സര്‍ജന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയ പോലെ തോന്നി. ഏകദേശം 20 മിനിറ്റ് കൊണ്ട് എടക്കരയില്‍ നിന്നും നിലമ്പൂരില്‍ എത്തുന്നതിനു പകരം, ഒന്നരമണിക്കൂര്‍ എടുത്തു എന്ന വസ്തുത തേങ്ങലുകള്‍ക്കപ്പുറം മാറ്റങ്ങളിലേക്കുള്ള മുറവിളികളികള്‍ക്ക് വഴിവക്കുന്നു.

ഈ കഥയില്‍ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു : ഒന്ന്- കുട്ടിയെ കടിച്ചതിന് കൂടുതലും സാധ്യത പാമ്പാണെന്ന് അറിഞ്ഞിട്ടും, കൊണ്ടുപോകേണ്ട വിധം കൊണ്ടുപോയില്ല.
രണ്ട് – നാടന്‍ വൈദ്യങ്ങളോടുള്ള അതിഭ്രമം കാരണമാണോ എന്നറിയില്ല, സമയത്തെ കൂട്ടുപിടിച്ച് വിഷവൈദ്യ ചികിത്സ തേടിയലഞ്ഞ് തീര്‍ച്ചയായും രക്ഷപ്പെടാമായിരുന്ന ഒരു കേസിനെ മരണത്തോട് അടുപ്പിച്ചു എന്നുള്ളതും.

ഇനി കാര്യത്തിലേക്ക് വരാം: കടിയേറ്റ് കഴിഞ്ഞാല്‍ അത് പാമ്പാണെങ്കിലും ഉറപ്പില്ലെങ്കിലും ആദ്യം ചെയ്യേണ്ടത് കടിച്ചയാളെ പരിഭ്രാന്തിയില്‍ ആക്കാതിരിക്കുക എന്നുള്ളതാണ്; അയാളെ ശാന്തനാക്കുകയും, ശ്വാസോച്ഛ്വാസം നിയന്ത്രണ വിധേയമാക്കാന്‍ പറയുകയും ചെയ്യുക. ഉടന്‍തന്നെ പ്രതിവിഷ ചികിത്സ ASV (Anti nsake venom) കൊടുക്കുന്ന തൊട്ടടുത്തുള്ള ഹോസ്പിറ്റലിലേക്ക്, കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം കൊണ്ടുപോവുകയും ചെയ്യുക. കാരണം ഇവ രണ്ടും രക്ത ചംക്രമണം കൂട്ടി വിഷവ്യാപ്തനം വര്‍ധിപ്പിക്കാന്‍ കാരണമാകാവുന്നതാണ്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ഒരാളെ മുമ്പ് ഇത്തരത്തില്‍ കുഴിമണ്ഡലി എന്ന അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്പ് അതിരാവിലെ കടിച്ചതില്‍ ഒരു മണിക്കൂറിനുള്ളില്‍ മരണപ്പെട്ട കാര്യം ഇപ്പോഴും ഓര്‍ത്തെടുക്കുന്നു. കാരണം അടുത്ത ഹോസ്പിറ്റലിലേക്ക് എത്താന്‍ അയാള്‍ക്ക് അരമണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു!
ബൈക്കില്‍ ഒരിക്കലും കൊണ്ടുപോകാതിരിക്കുക. കൈകാലുകളിലാണ് കടി ഏറ്റതെങ്കില്‍, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാന്‍ വേണമെങ്കില്‍ സ്പ്ലിന്റ്‌റ് (splint) ചെയ്യാവുന്നതാണ് (കുറച്ച് വീതിയുള്ള നീളത്തില്‍ എന്തെങ്കിലും വെച്ച് അധികം മുറുകാത്ത വിധം കെട്ടുക). മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പരിപൂര്‍ണമായും ഒഴിവാക്കുക.
ഈ കേസില്‍ മോന്റെ ഇരു കൈകളിലും 2 സെന്റീമീറ്റര്‍ ഗ്യാപ്പിലുള്ള വിഷപ്പാമ്പുകളുടെ രണ്ട് കടിപ്പാടുകള്‍ (puncture fang marks)വീതം ഉണ്ടായിരുന്നു.

കടിപ്പാടുകള്‍ക്ക് താഴെ രക്തം കല്ലിച്ചു കണ്ടതിനാലും വീക്കം ഉണ്ടായതിനാലും, രക്തസ്രാവം ഉണ്ടായതിനാലും, രക്തക്കുഴലുകളെയും രക്തഗണങ്ങളെയും ബാധിക്കുന്ന (haemotoxic) അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകള്‍ ആവാനാണ് കൂടുതലും സാധ്യത, അതും ചേനത്തണ്ടന്‍ പോലുള്ളവ (Russel viper), കാരണം ഈ പാമ്പുകള്‍ ആഞ്ഞു കൊത്തുന്നവയും, ധാരാളം വിഷം അകത്തേക്ക് ചീറ്റുന്ന നിര്‍ഭയരും ആയിരിക്കും. സാധാരണഗതിയില്‍ മരണം സംഭവിക്കാന്‍ അത്തരം അണലികളുടെ 40 മുതല്‍ 50 മില്ലിഗ്രാം മാത്രം വിഷം മതി. ഇരു കൈകളിലും കടി കിട്ടിയതിനാല്‍ മിനിമം 100 മുതല്‍ 200 മില്ലിഗ്രാം വരെ വിഷം അകത്തു ചെന്നിരിക്കാം (envenomtion)! പിന്നെ മരണത്തിലേക്ക് അടുക്കുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത് ശരീരത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം വഴി മാത്രമായിരിക്കും (Consumption coagulopathy in acute DIC).

പറയുന്ന ഓരോ നിമിഷവും തൊണ്ടയിടറി പോകുന്ന ഈ സംഭവം സമൂഹ മനസ്സാക്ഷിയിലോട്ട് ഇട്ടു തരുന്നു :

കടിച്ച കൈകള്‍ അനക്കാതെ കൊണ്ടുപോകേണ്ട ഈ കേസില്‍ ആ പാവപ്പെട്ട കൗമാരക്കാരനെ ബൈക്കില്‍ വെച്ച് കൊണ്ടുപോയത് പൊതുജനത്തിന്റെ അജ്ഞതയാണോ, അതോ റഫര്‍ ചെയ്ത ആളുടെ അശ്രദ്ധയാണോ.

പിന്നെ രക്ഷപ്പെടാനുള്ള എല്ലാ വഴികളും സമയങ്ങളും മുമ്പിലുള്ളപ്പോള്‍ പോലും വഴിമാറി, നാടന്‍ വൈദ്യങ്ങളിലേക്ക് ചേക്കേറുന്നത്, അതിനോടുള്ള ആസക്തിയാണോ, അതോ തെളിയിക്കപ്പെട്ട മെഡിക്കല്‍ വൈദ്യങ്ങളോടുള്ള പുച്ഛമാണോ.

പ്രിയ സഹൃദയരിലേക്ക് വാതായനങ്ങള്‍ തുറന്നിടുന്നു, നമുക്ക് ചുറ്റും ഈ നടനം ആവര്‍ത്തിക്കാതിരിക്കാന്‍, ജീവിതത്തിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന ആ കൗമാരക്കാരന്റെ ആത്മാവിന് മുമ്പില്‍ അതിനു വേണ്ടി നിത്യശാന്തി നേര്‍ന്നുകൊണ്ട്, നല്ലൊരു നാളെക്കായി പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തന്‍ തുണക്കുമാറാകട്ടെ.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *