Thamasoma News Desk
തൃശൂരില്‍ വെറുപ്പിന്റെ താമര വിരിഞ്ഞു കഴിഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കാനും കേരളമൊട്ടാകെ വെറുപ്പു പടര്‍ത്താനുമുള്ള വിദ്വേഷത്തിന്റെ തിരി തെളിഞ്ഞത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തു നിന്നുമാണ് എന്നതാണ് വിരോധാഭാസം (Gokul Suresh Gopi). സംഘി അജണ്ട കേരളത്തില്‍ നടപ്പാക്കുന്നതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്ന വെറുപ്പിന്റെ വ്യാപാരികള്‍ ഒടുവില്‍ വിജയം കണ്ടിരിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചു എന്നതു മാത്രമല്ല, കേരളത്തിലങ്ങോളം അവര്‍ ഉയര്‍ത്തിയ വോട്ട് ഷെയറും അപകടകരമാം വിധം ഉയര്‍ന്നതാണ്.
തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ, നടി നിമിഷ സജയനു നേരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ‘തൃശൂര്‍ ചോദിച്ചിട്ടു കൊടുത്തില്ല, പിന്നല്ലേ ഇന്ത്യ’ എന്ന അവരുടെ ഒരു പ്രസ്താവനയാണ് അവര്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണത്തിനു കാരണം. പൗരത്വബില്ലുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് നിമിഷ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
തികഞ്ഞൊരു സിനിമാക്കാരനാണ് സുരേഷ് ഗോപി. അഭ്രപാളികളില്‍ അഴിമതിക്കും നീതികേടിനുമെതിരെ പോരാടിയ രക്ഷകന്‍. ജനാധിപത്യത്തിന്റെ കാവല്‍ക്കാരനായി മാത്രം സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തി. ജാതിക്കും മതത്തിനുമപ്പുറം ജനങ്ങളെ സ്‌നേഹിച്ച നായകന്‍. അത്തരം സിനിമകള്‍ ചെയ്ത് ജനഹൃദയങ്ങളില്‍ ഇടംനേടിയ സുരേഷ് ഗോപിയാണ് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് അവരില്‍ മതവിദ്വേഷം കുത്തിനിറച്ച് പരസ്പരം തമ്മില്‍ തല്ലിച്ച് അധികാരമുറപ്പിക്കുന്ന ഒരു പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായത്.
സുരേഷ് ഗോപി തൃശൂരില്‍ തെളിയിച്ച വര്‍ഗ്ഗീയ വിഷം കേരളമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലമൊന്നും വേണ്ട. വര്‍ഷങ്ങളുടെ പരിശ്രമഫലമുണ്ട് അവരുടെ ഈ തെരഞ്ഞെടുപ്പു വിജയത്തിനു പിന്നില്‍. ഓരോ രാഷ്ട്രീയക്കാരനും ജനങ്ങള്‍ക്കു ചെയ്തു കൊടുത്ത നന്മയുടെ പേരിലല്ല ഇവിടെ വിജയിക്കുന്നത്. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും മോചിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മതനേതാക്കളും ഒരു കാലത്തും ആഗ്രഹിക്കുന്നുമില്ല. മതവിശ്വാസം ഏറ്റവും കൂടിയ അളവിലുള്ളവര്‍ തന്നെയാണ് മലയാളികള്‍. അതിനാല്‍ത്തന്നെ മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്ന ഒരു പാര്‍ട്ടിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഈ നാടു പിടിച്ചടക്കാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വരികയുമില്ല.
സ്വന്തം അച്ഛനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുക എന്നത് ഒരു മകന്റെ കടമയാണ്, പ്രത്യേകിച്ചും അച്ഛന്റെ പ്രസ്ഥാനത്തിന്റെ ഭാഗമാകുക കൂടി ചെയ്യുമ്പോള്‍. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നവര്‍ ഒരു ജനതയോടു ചെയ്യുന്ന ദ്രോഹം എത്ര വലുതാണ് എന്ന് ചിന്തിക്കേണ്ട ആവശ്യവും അവര്‍ക്കില്ല. അഭ്രപാളികളില്‍ ജനാധിപത്യത്തിന്റെ സംരക്ഷകനായ ഒരാള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനാധിപത്യത്തെ നശിപ്പിക്കുന്ന കാഴ്ച ദയനീയമാണ്. ഇന്നും രാജഭരണമാണെന്ന തെറ്റിദ്ധാരണയില്‍, ജനപ്രതിനിധികള്‍ രാജാക്കന്മാരാണെന്ന കാഴ്ചപ്പാടില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് ജനങ്ങള്‍ വെറും പ്രജകളും അടിയാന്മാരും മാത്രമാണ്. അവര്‍ക്കാണ് പരമാധികാരമെന്ന് ചിന്തിക്കുക പോലുമില്ല. വര്‍ഗ്ഗീയതയ്ക്ക് ഇന്ത്യന്‍ മണ്ണിന്‍ സ്ഥാനമില്ലെന്ന് ഉത്തരേന്ത്യയിലെ അക്ഷരാഭ്യാസമില്ലാത്തവര്‍ക്കു മനസിലായി. പക്ഷേ, കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് അതു ബോധ്യപ്പെട്ടിട്ടില്ല.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47