ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!


1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം
തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി
കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന
ഒരു പദ്ധതിയുടെ പേരിലായിരുന്നോ?





2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക്
ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9
കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ, അതോ
ഡീമോണിറ്റൈസേഷനെ അതിജീവിച്ച ഗവണ്‍മെന്റ്, വകമാറ്റി ചെലവഴിച്ചോ ?

3. കൊല്ലന്റെ ആലയിലെ ഇരുമ്പു കുടിച്ച വെള്ളം തിരിച്ചു ചോദിച്ചാല്‍
ഇരുമ്പത് തിരിച്ചു തരില്ല. അതുപോലെയാണോ, തൊഴിലാളികളുടെ പുനരധിവാസത്തിന്
വേണ്ടി 2014 മുതല്‍ ഗവണ്‍മെന്റ് പിരിച്ച സെസ്സില്‍ നിന്നും ഗുണഭോക്താക്കള്‍
വിഹിതം ചോദിക്കുന്നത്? 
4. ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട പാവം മദ്യ തൊഴിലാളികളുടെ
പുനരധിവാസത്തിന്റെ പേര് പറഞ്ഞ് തുടര്‍ച്ചയായി പിരിച്ചു കൊണ്ടേയിരുന്ന 5 %
സെസ്സ്, പുതിയ ബഡ്ജറ്റിന് ശേഷം ഒറ്റയടിക്ക് നിര്‍ത്തലാക്കിയതിന്റെ
ചേതോവികാരം എന്തായിരിക്കണം?
ഈ ചോദ്യങ്ങളുമായാണ്, നിഗൂഢതകള്‍ ഒട്ടേറെയുള്ള ഈ അന്വേഷണാത്മക മാധ്യമ ദൗത്യം, തമസോമ ഏറ്റെടുക്കുന്നത്. 
ഇതൊരു കഥയല്ല. ഒരു മുഖ്യധാരാ മാധ്യമങ്ങളിലും പേരിനു പോലും കണ്ടോ വായിച്ചോ
അറിയാന്‍ പറ്റാതെ പോയ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ റിപ്പോര്‍ട്ടിംഗ് മാത്രം.
ജനം സത്യമറിയരുതെന്ന് ആരോ തീരുമാനിച്ച തിരക്കഥയുടെ പൊരുള്‍ തേടി, തമസോമയും
ജനപക്ഷവും ചേര്‍ന്ന് നടത്തിയ ആ യാത്ര, ഞങ്ങളെ ബാര്‍ തൊഴിലാളികളായിരുന്ന
കുഞ്ഞുമോനിലും രാജര്‍ഷി യിലും എത്തിച്ചു. ഇത്, ആ ഒരു ചെറിയ കൂട്ടായ്മയുടെ
നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ്. കുടിച്ച ഇരുമ്പിനെക്കൊണ്ട് തന്നെ
വെള്ളമിറക്കിപ്പിച്ച ഒരു പറ്റം സാധാരണക്കാരായ യുവാക്കളുടെ കഥ.
തമസോമ-ജനപക്ഷം എക്‌സ്‌ക്ലൂസീവ്…**
ഒരിക്കലും ജനിക്കാത്ത പുനര്‍ജ്ജനി 2030, ഇനിയെങ്കിലും ജനിക്കുമോ; അവര്‍ക്ക് വേണ്ടി? 
കേരള സര്‍ക്കാരിന്റെ 2014-2015 മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും
നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് അഞ്ചു
ശതമാനം സെസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പിരിച്ചെടുത്ത ആ 900 കോടിയില്‍ 891
കോടി രൂപ എവിടെ…? കേരളാ ഹൈക്കോടതിയില്‍ ഒരു കൂട്ടം പൂര്‍വ്വ ബാര്‍
തൊഴിലാളികള്‍ ഉയര്‍ത്തിയ തീര്‍ത്തും ലളിതവും ന്യായവുമായ ചോദ്യം
ഇതായിരുന്നു. എന്നാല്‍ ആ ചോദ്യത്തിന്റെ ആന്തരിക അര്‍ത്ഥം ഉള്‍ക്കൊണ്ട്
കൊണ്ട്, ഇതേ ചോദ്യം, ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ഗവണ്‍മെന്റിനോട്
ചോദിച്ചപ്പോള്‍, വിഷയം സങ്കീര്‍ണ്ണമായി മാറി. മറുപടി പറയാതെ ഇരുണ്ട് കളിച്ച
ഗവണ്‍മെന്റിനോട്, നിങ്ങള്‍ ഈ പണത്തിന്റെ അവകാശികളല്ലെന്നും അതിന്റെ
യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് ആ തുക എത്തുന്നത് വരെ, അത് സൂക്ഷിക്കാന്‍
നിയോഗിക്കപ്പെട്ട ‘ട്രസ്റ്റി’ മാത്രമാണെന്നും കോടതി പ്രഖ്യാപിച്ചതോടെ,
ചുരുളഴിയുന്നത് നീണ്ട നാല് കൊല്ലത്തെ വഞ്ചനയുടെ നേര്‍ ചിത്രമാണ്. ഇത്രയും
ഭീമമായ തുക, ഇല്ലാത്ത ഒരു പദ്ധതിയുടെ പേരില്‍ പിരിച്ചു കൊണ്ടേയിരുന്ന
ഗവണ്‍മെന്റ് എന്ന മുതലാളി, ഈ പാവപ്പെട്ടവര്‍ക്ക് ആകെ നല്‍കിയ തുക
കേട്ടാല്‍, ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. ‘വെറും പതിനയ്യായിരം രൂപ.’
സത്യാവസ്ഥ മനസ്സിലാക്കിയ കോടതി, പുനര്‍ജ്ജനിയെ, നാല് മാസത്തിനുള്ളില്‍
ജനിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 
ബാര്‍ അടച്ചുപൂട്ടി തെരുവിലേക്കു വലിച്ചെറിയപ്പെട്ട തൊഴിലാളികളെ
സംരക്ഷിച്ചു കൊള്ളാമെന്നും അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍
പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍, 2014 ല്‍ തന്നെ
സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് ഹൈക്കോടതിയെ
സമീപിക്കുവാനുള്ള നിയമപരമായ അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുമെന്നും
സുപ്രധാനമായ ആ വിധി ന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതാണ്.
കാത്തിരുപ്പിന്റെ വര്‍ഷങ്ങള്‍ നാലു കഴിഞ്ഞിട്ടും, ആ പണം ലഭിക്കാതെ
വന്നപ്പോള്‍, മുന്നോട്ടുള്ള ജീവിതത്തിനു യാതൊരു വിധ മാര്‍ഗ്ഗവുമില്ലാതെ,
ഒരു കൂട്ടം തൊഴിലാളികള്‍ സര്‍ക്കാരിനെ സമീപിച്ചു. അപ്പോള്‍,
ബുദ്ധിരാക്ഷസനും, സാമ്പത്തിക ശാസ്ത്ര വിദഗ്ദനും, സര്‍വ്വോപരി തൊഴിലാളി
വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന നാട്ടിലെ ധനമന്ത്രിയുമായ തോമസ് ഐസക്ക്
അവര്‍കളുടെ ഓഫീസ്, ഈ പാവങ്ങളോട് പറഞ്ഞ മറുപടി കേട്ടാല്‍ ആരും തലയില്‍
കൈവച്ചു പോകും. 
സാഹിത്യവും അലങ്കാരികതയും വഴിഞ്ഞൊഴുകുന്ന ആ മറുപടി ഇങ്ങനെയായിരുന്നു.
കൊല്ലന്റെ ആലയില്‍ ഇരുമ്പു ചുട്ടു പഴുപ്പിക്കുന്നത് നിങ്ങള്‍
കണ്ടിട്ടില്ലേ….? അങ്ങനെ ചുട്ടുപഴുപ്പിച്ച ഇരുമ്പ് പിന്നീട് വെള്ളത്തില്‍
മുക്കും. അപ്പോള്‍, ആ ഇരുമ്പ് ധാരാളം വെള്ളം കുടിക്കും. ഇരുമ്പു കുടിച്ച
വെള്ളം തിരിച്ചു ചോദിച്ചാല്‍ ഇരുമ്പു തിരിച്ചു തരുമോ…? അതുപോലെ തന്നെയാണ്
ഈ പണവും. നിങ്ങളുടെ പണവും ഗവണ്‍മെന്റ് എന്ന ഇരുമ്പു കുടിച്ചു. ഇരുമ്പു
കുടിച്ച ജലം തിരിച്ചു ചോദിക്കുന്നത് പോലെയാണ്, ഗവണ്‍മെന്റ് പിരിച്ച
സെസ്സില്‍ നിന്നും വിഹിതം ചോദിക്കുന്നത്. അത് തരാനാവില്ല.
ബുദ്ധി രാക്ഷസനല്ലാത്ത തൊഴില്‍ മന്ത്രി സഖാവ് ടി.പി. രാമകൃഷ്ണന്റെ
മറുപടിയും വളരെ വിശേഷപ്പെട്ടതു തന്നെ ആയിരുന്നു. ‘ആ പണം സര്‍ക്കാരിന്റെ
പണമാണ്. അതില്‍ നിന്നും ഒരു ചില്ലിക്കാശുപോലും നിങ്ങള്‍ക്കു കിട്ടില്ല.’
എന്നാല്‍, സര്‍ക്കാര്‍ എന്നത് കൊല്ലന്റെ ആലയിലെ വെള്ളം കുടിക്കുന്ന
ഇരുമ്പല്ലെന്നും, യഥാര്‍ത്ഥ അവകാശികള്‍ക്ക് വേണ്ടി അത് കാത്ത്
സൂക്ഷിക്കുന്ന വെറും സൂക്ഷിപ്പുകാരന്‍ മാത്രമാണെന്നുമുള്ള വസ്തുത അറിയാതെ
നടത്തിയ ഈ ജല്‍പ്പനങ്ങള്‍, കുഞ്ഞുമോന്റെയും രാജര്‍ഷിയുടേയും നിശ്ചയ
ദാര്‍ഢ്യത്തെ തളര്‍ത്തിയില്ല.
ഈ പണത്തിന്റെ യഥാര്‍ത്ഥ അവകാശി മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെട്ട
തൊഴിലാളികള്‍ മാത്രമാണെന്നും അവര്‍ക്ക് ആ തുക തിരിച്ചു കൊടുക്കണമെന്നുമുള്ള
സത്യം മറച്ചു വച്ചാണ് ഈ മന്ത്രിമാര്‍ യഥാര്‍ത്ഥ അവകാശികളായ തങ്ങള്‍ക്ക്
മുന്നില്‍ കൈമലര്‍ത്തിക്കാണിച്ചത് എന്ന സത്യം സാമാന്യബോധം കൊണ്ട്
തിരിച്ചറിഞ്ഞ അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും പോരാട്ടങ്ങളുടേയും കഥ പുറം
ലോകം അറിയാത്തത്, വേറൊരു കഥ. സ്വന്തം അവകാശം തിരിച്ചെടുക്കാന്‍ ചെന്ന
ഉടമസ്ഥനെ കല്‍ത്തുറുങ്കിലടച്ച നിധി സൂക്ഷിപ്പുകാരനെക്കുറിച്ചുള്ള കഥകള്‍
നമ്മള്‍ ചെറുപ്രായത്തില്‍ കേട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവനും ജീവിതവും
സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും
അത്യന്തം നിന്ദ്യമായ ഒരു പ്രവര്‍ത്തിയാണ് ഉണ്ടായിരിക്കുന്നത് എന്നത്,
നമ്മേ ലജ്ജിപ്പിക്കുന്നിലെങ്കില്‍, അത് ആരുടെ പ്രശ്‌നം?
തുടരും

(ഇതിലും വലുത് അളയിലിരിപ്പുണ്ട്. തമസോമയും ജനപക്ഷവും കണ്ടെടുത്ത തെളിവുകളോടെ അതു നാളെ പ്രസിദ്ധീകരിക്കും)

One thought on “ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

  1. തൊഴിലാളി സ്നേഹം വെറും നാടകം മാത്രം. മദ്യമുതലാളിമാരെ സഹായിക്കലാണ് സുഖപ്രദം.

Leave a Reply

Your email address will not be published. Required fields are marked *