Jess Varkey Thuruthel
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 201 പ്രകാരം ഏതെങ്കിലുമൊരു കുറ്റകൃത്യം ആരെങ്കിലും മൂടി വയ്ക്കുകയോ തെളിവുകള്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ കുറ്റം ചെയ്യുമെന്ന അറിവുണ്ടായിട്ടും തടയാതിരിക്കുകയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ (Hema Committee Report) അടിസ്ഥാനത്തില്‍ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒരു ക്രൈമിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരാണ്. അതിന്റെ തലപ്പത്ത് വമ്പന്മാരുണ്ട് എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഒരക്ഷരം പോലും മിണ്ടാതെ അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ രാജി വച്ചതിനും ആ കമ്മറ്റി തന്നെ പിരിച്ചു വിട്ടതിനും പിന്നില്‍ അതിശക്തമായൊരു തന്ത്രമുണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇപ്പോള്‍ ആരോപണ വിധേയവരായവര്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കരുത് എന്നതാണ് ആ തന്ത്രം. ഇനിയവര്‍ക്ക് ആരുടേയും ചോദ്യങ്ങളെ നേരിടേണ്ടതില്ല. ആരോടും ഉത്തരം പറയേണ്ടതുമില്ല.
ജസ്റ്റിസ് ഹേമയ്ക്കു (Justice Hema) മുമ്പാകെ നടികള്‍ ഓരോരുത്തരായി തങ്ങള്‍ക്കു നേരിടേണ്ടി വന്ന ഭീകരത തുറന്നു പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജസ്റ്റിസ് ഹേമ തന്നെ ശരിവയ്ക്കുന്നുമുണ്ട്. ഇത്രയേറെ തെളിവുകളും പരാതികളും ലഭിച്ചിട്ടും അഞ്ചു വര്‍ഷക്കാലം ഈ റിപ്പോര്‍ട്ട് ഫ്രീസറില്‍ ഇരിക്കാന്‍ കാരണമെന്ത്? പരാതിക്കാരുടെ പേരുവിവരങ്ങള്‍ മറച്ചു പിടിച്ചുകൊണ്ട് കുറ്റവാളികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്നിരിക്കെ എന്തിനിത് ഇത്രകാലം മൂടി വച്ചു?
നടി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരിയിലാണ്. അതിനു ശേഷം സിനിമയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളാണ് കേരളത്തിലുണ്ടായത്. അതോടെ, 2018 മെയില്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു പഠന കമ്മറ്റി രൂപീകരിച്ചു. കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു ഈ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. കമ്മറ്റി രൂപീകരിച്ച് ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. തുടര്‍ന്നിങ്ങോട്ട് ഏകദേശം 5 വര്‍ഷക്കാലത്തോളം ഈ റിപ്പോര്‍ട്ട് പുറത്തു വിടാതെ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയായിരുന്നു. നിരവധിയായ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നിരിക്കുന്നു.
ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് ലൈംഗികത ഒരു തെറ്റല്ല. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും പരസ്പര സമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെടാം. പക്ഷേ, ബലമായിട്ടോ, അനുവാദമില്ലാതെയോ, ചതിച്ചോ, പറഞ്ഞു പറ്റിച്ചോ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. അതിനു ശിക്ഷയുമുണ്ട്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍, സിനിമ ഒരു തൊഴിലായി കൊണ്ടുപോകണമെങ്കില്‍ സ്ത്രീകള്‍ പലര്‍ക്കും കിടന്നുകൊടുത്താല്‍ മാത്രമേ സാധിക്കുകയുള്ളു എന്ന കണ്ടെത്തലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പ്രായപൂര്‍ത്തി ആയവരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, സ്ത്രീകള്‍ ഉപയോഗിക്കപ്പെട്ടു. സ്‌ത്രൈണത കൂടി പുരുഷന്മാര്‍ക്കും രക്ഷയില്ലാതായി. ലൈംഗികതയില്‍ വ്യത്യസ്ഥതയും മറ്റും തിരയുന്നവര്‍ അതിനനുസരിച്ചുള്ള ഇരകളെ കണ്ടെത്തുകയും ചെയ്തു കൊണ്ടിരുന്നു. എന്നാല്‍, സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത് ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും മാത്രമല്ല, പലരുടേയും ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്.
നാലര പതിറ്റാണ്ടിലേറെ മലയാള സിനിമയെ കാല്‍ക്കീഴിലാക്കിയിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ നടക്കുന്ന ഈ ഭീകര കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ മാത്രം വിഢികളാണോ മലയാളികള്‍? സിനിമാ മേഖലയിലുള്ള നെറികേടുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ഒന്നുമറിയില്ലെന്ന ഭാവത്തില്‍ മൗനമായിരിക്കുകയാണ് ഈ മഹാനടന്മാര്‍. മോഹന്‍ലാല്‍ നായകമായ ശിക്കാറിന്റെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു നടന്‍ ശ്രീനാഥിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണം. ആ കേസിന്റെ ഫയല്‍ പോലും കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി.
ഹൈക്കോടതി വക്കീലായ മനുവില്‍സന്റെ വാക്കുകളിലൂടെ: ഒരു കുറ്റകൃത്യത്തെ പറ്റി അറിവ് ലഭിച്ചിട്ട് അത് അനന്തര നടപടികള്‍ക്കായി പോലീസിനെ അറിയിക്കാതിരിക്കുന്നത് ഒരു കുറ്റ കൃത്യമാണ് എന്ന വിവരം അറിഞ്ഞു കൂടാത്തത്ര നിയമ നിരക്ഷരയാണ് ജസ്റ്റിസ് ഹേമ, എന്നാണോ ചിലര്‍ അര്‍ത്ഥമാക്കുന്നത്. 2000 ത്തിലധികം ലൈംഗിക പീഢന പരാതികളില്‍ അമ്മ എന്ന താരസംഘടന നടപടികള്‍ എടുത്തില്ല എന്ന് കമ്മീഷന്‍ കണ്ടെത്തി എന്ന് മാധ്യമങ്ങളിലെ പുലിക്കുട്ടികള്‍ വെളിപ്പെടുത്തുമ്പോള്‍, നാളിതു വരെയായി അങ്ങനെയൊരു കാര്യം അറിഞ്ഞിട്ടും അത് ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ക്രൈം രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളിലേക്ക് കടക്കുവാന്‍ വേണ്ടി ഒരു നടപടിയും എടുക്കാതിരുന്ന ഹേമാ കമ്മിറ്റിയിലെ ഓരോ അംഗങ്ങളും, വളരെ സീരിയസായ ലൈംഗിക ആരോപണം മറച്ചു വച്ചു എന്ന ക്രിമിനല്‍ കുറ്റം അല്ലേ ചെയ്തത്?
രഞ്ജിത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റ കൃത്യത്തെ സംബന്ധിച്ച അറിവുകള്‍ ഉണ്ടായിട്ടും ആ വിവരം പോലീസില്‍ അറിയിക്കാതെ മൂടി വച്ച ധന്യാ രാജേന്ദ്രന്‍ എന്ന ജേര്‍ണലിസ്റ്റും ജോഷി ജോസഫ് എന്ന സിനിമാ സംവിധായകനും എന്തുകൊണ്ടാണ് കുറ്റവാളികള്‍ അല്ലാതായി മാറുന്നത്? പീഡന പരാതി അതി ജീവിതയ്ക്ക് മാത്രമേ കൊടുക്കാനാകൂ എന്നാണോ ഇവര്‍ കരുതുന്നത്? ദിലീപ് പ്രതിയായ കേസിലെ എഫ് ഐ ആര്‍ രജിസ്ടര്‍ ചെയ്തത് ഇരയുടെ പരാതിയിന്മേല്‍ അല്ല എന്ന സാമാന്യ അറിവ് പോലും ഇവര്‍ ഇരുവര്‍ക്കും ഇല്ല എന്നാണോ പറഞ്ഞു വരുന്നത്?
അതിഭീകരമായ കുറ്റകൃത്യങ്ങള്‍ നടന്നു, നടന്നുകൊണ്ടിരിക്കുന്നു. അതിഭീകരമായ കുറ്റകൃത്യങ്ങള്‍ നടന്നു, നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ തെളിവുകള്‍ കണ്ടെത്തിയ കമ്മറ്റിയും അതിലെ അംഗങ്ങളും സംഭവത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ അറിഞ്ഞ സര്‍ക്കാരും മാധ്യമസിംഹങ്ങളും സിനിമയിലെ മൗനിബാബകളുമെല്ലാം ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇക്കാലമത്രയും മിണ്ടാതിരുന്നതിന്റെ പേരില്‍ കുറ്റക്കാരാണ്.
…………………………………………………………………………
Section 201 of the Indian Penal Code states that if someone hides or destroys evidence of a crime, knowing or believing that the offense has been committed, with the intention of protecting the offender from punishment, they can be punished with imprisonment up to seven years, and fined.
As this is the law, those who cover up crimes in Malayalam Film industry must be punished.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975