ആഭ്യന്തര പരാതി കമ്മറ്റി ഉണ്ടായേ തീരൂ: പാര്‍വ്വതി തിരുവോത്ത്

Thamasoma News Desk

മലയാള സിനിമയെ നിയന്ത്രിക്കുന്ന വമ്പന്മാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്‍ഡസ്ട്രിക്കു പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എങ്കിലും എതിര്‍പ്പിനു ശക്തികൂടിയത് നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ്. അതിനു ശേഷമാണ് WCC എന്ന സംഘടന തന്നെ രൂപം കൊണ്ടത്. അതിന്റെ തലപ്പത്തു നിന്ന് സധൈര്യം നയിക്കുന്നവരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത് (Parvathy Thiruvothu). സിനിമയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ക്കു നേരെ ശബ്ദിച്ചതു കൊണ്ടു തന്നെ അവര്‍ നാനാവശത്തു നിന്നും എതിര്‍പ്പുകളും നേരിടുന്നുണ്ട്.

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗികമായി വെളിയില്‍ വന്നതിനു ശേഷം ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. സ്ത്രീകളോടു കാണിക്കുന്ന വ്യാപകമായ വിവേചനവും ചൂഷണവും അനീതിയും വെളിച്ചത്തു കൊണ്ടുവരുന്നതാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്. ഏതൊരു മേഖലയെയും പോലെ സിനിമ വ്യവസായവും നിലനിന്നേ തീരൂ. പക്ഷേ, ക്രിമിനകള്‍ക്ക് തക്കതായ ശിക്ഷ നല്‍കിയെങ്കില്‍ മാത്രമേ ഈ മേഖലയിലെ ശുദ്ധീകരണം സാധ്യമാകുകയുള്ളു.

മലയാളം സിനിമാ മേഖലയില്‍ അതിഭീകരമായ ലിംഗവിവേചനം നിലനില്‍്ക്കുന്നുണ്ടെങ്കിലും വീണ്ടെടുപ്പ് ഇനിയും സാധ്യമെന്നു തന്നെയാണ് പാര്‍വ്വതിയുടെ അഭിപ്രായം. ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ മോശമാണെന്ന് ആര്‍ക്കും അഭിപ്രായമില്ല. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതു തന്നെ പുരോഗതിയുടെ അടയാളമാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത് 2019 ലാണ്. അതിനു ശേഷം ആ റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തു വന്നു. ‘അതിനു വേണ്ടി ഞങ്ങള്‍ യാചിക്കുക വരെ ചെയ്തു. വലിയ പോരാട്ടമാണ് ഞങ്ങള്‍ നടത്തിയത്. അതിനൊടുവിലാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് ഭാഗികമായിട്ടെങ്കിലും പുറത്തു വന്നിട്ടുള്ളത്,’ പാര്‍വ്വതി പറയുന്നു.

”ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ മേഖലയിലെ അപാകതകളെക്കുറിച്ചുള്ള പഠനമാണ്. മെച്ചപ്പെട്ട ജോലിസ്ഥലത്തിനും സംസ്‌കാരത്തിനും സമ്പ്രദായങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ഇപ്പോള്‍, അതിന്റെ വൈകാരിക വശങ്ങളിലാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാധാന്യമുള്ള കാര്യത്തിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടുവരാന്‍ ഇപ്പോഴും പോരാടുകയാണ്,’ പാര്‍വ്വതി പറയുന്നു.

തങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഇനിയും ഈ മേഖലയിലേക്കു കടന്നു വരുന്ന സ്ത്രീകള്‍ക്കെല്ലാം വേണ്ടിയാണ് തങ്ങള്‍ പോരാടുന്നതെന്ന് പാര്‍വ്വതി പറഞ്ഞു. ഈ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തു വരില്ലെന്ന് കരുതിയിരുന്നു. എന്നാലിപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഇനി ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളും ചര്‍ച്ചകളും ആവശ്യമാണ്, പാര്‍വ്വതി പറയുന്നു.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975

Leave a Reply

Your email address will not be published. Required fields are marked *