പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.
ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ നിന്ന് 12.30 ന് മരട്, സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എന്‍ക്ലേവിലെ വസതിയിലെത്തിക്കും. 3 മണിയോടെ അന്ത്യ ശുശ്രൂക്ഷകള്‍ക്കായി എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലേക്ക് കൊണ്ടുപോകും. പൂര്‍ണ്ണമായ പൊലീസ് ഗാര്‍ഡ് ഓഫ് ഓണറോടെയാണ് സംസ്‌കാരം.
സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ രാജിവച്ചു.
നൂറോളം ചിത്രങ്ങള്‍ക്ക് ജോണ്‍ പോള്‍ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംവിധായകന്‍ ഭരതനുവേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത്. ഐ.വി.ശശി, മോഹന്‍, ജോഷി, കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍, കമല്‍, സത്യന്‍ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരന്‍, വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിച്ചു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതന്‍ തിരക്കഥകള്‍, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവര്‍, ഇതല്ല ഞാന്‍ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദര്‍ശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകള്‍ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാള്‍വഴികളിലൂടെ, വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങള്‍, സ്മൃതി ചിത്രങ്ങള്‍, വസന്തത്തിന്റെ സന്ദേശവാഹകന്‍ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.
ഭാര്യ. ഐഷ എലിസബത്ത്. മകള്‍ ജിഷ ജിബി.
തിരക്കഥയെഴുത്തില്‍ സെഞ്ച്വറി തികച്ചിട്ടും സ്വന്തമായി ഒരു വീട് അദ്ദേഹത്തിനുണ്ടായില്ല. സാമ്പത്തിക ലാഭത്തിന് വേണ്ടി സിനിമാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അവസാനനാളുകളില്‍ ജോണ്‍ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളുടെ ദയ തേടേണ്ടി വന്നതും ഏറെ വിഷമിപ്പിക്കുന്നു. 40 വര്‍ഷക്കാലം നീണ്ട ചലച്ചിത്ര ജീവിതത്തിനൊടുവില്‍ ജോണ്‍പോള്‍ കിടപ്പിലാകുമ്പോള്‍, അദ്ദേഹത്തിനുവേണ്ടി സിനിമാരംഗത്ത് നിന്ന് സഹായഹസ്തം ആദ്യം നീണ്ടിരുന്നില്ല. എം.കെ. സാനുമാഷിന്റെ നേതൃത്വത്തിലുള്ള സിനിമാ ഇതര സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒരു കൂട്ടമാണ് ഇതിനായി ആദ്യം രംഗത്ത് എത്തിയത്. രണ്ടു മാസത്തെ ചികിത്സക്ക് ഇരുപത് ലക്ഷം ചെലവിട്ടതോടെ കുടുംബം ബുദ്ധിമുട്ടിലായിരുന്നു.
പക്ഷേ ജോണ്‍പോളിന്റെ ജീവിതം സിനിമയായിരുന്നു. അതുകൊണ്ടുതന്നെ സിനിമാ സംഘടനകളുടെയും സിനിമാ പ്രവര്‍ത്തകരുടെയും മുന്‍കെയിലായിരുന്നു അദ്ദേഹത്തിന് സഹായം എത്തിക്കേണ്ടിയിരുന്നതെന്നും, ഇത് വലിയ നന്ദികേടായിപ്പോയെന്നും അന്നുതന്നെ ജോണ്‍പോളിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.