Thamasoma News Desk
ഓട്ടിസം സ്‌പെക്ട്രം കാറ്റഗറിയില്‍ വരുന്ന ആശയവിനിമയ പ്രതിസന്ധി അനുഭവിക്കുന്ന മകന്റെ തുടര്‍വിദ്യാഭ്യാസ സ്‌ക്കൂള്‍ പ്രവേശന വിഷയത്തിന് സമീപിച്ചപ്പോള്‍ തികഞ്ഞ അനാസ്ഥയും അവഗണനയും കാണിച്ച, കുന്നംകുളം എം.ജെ.ഡി ഹൈസ്‌ക്കൂള്‍ (Kunnamkulam MJD school) പ്രധാനാധ്യാപകന്‍ പി.ജി ബിജുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തത് ഈയിടെയാണ്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം എം ജെ ഡി സ്‌കൂളിന് സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സോ തെറാപിസ്റ്റോ ഇല്ലേ എന്നായിരുന്നു. കാരണം, സ്‌പെഷ്യല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ന്നുവരാനും അവര്‍ക്ക് സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സിന്റെ പ്രത്യേക സേവനം അനിവാര്യമാണ്.
കുന്നംകുളം എം ജെ ഡി സ്‌കൂളില്‍ സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാറുണ്ടെന്നും അവര്‍ക്കു പരിശീലനം നല്‍കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നുമാത്രമല്ല, സ്‌കൂളില്‍ ആഴ്ചയില്‍ രണ്ടുദിവസം സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേറിന്റെയും തെറാപസ്റ്റിന്റെയും സേവനം ലഭ്യമാണെന്നും അവര്‍ പറയുന്നു. സ്‌പെഷ്യല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ പരിശീലിപ്പിച്ച് പരിചയമില്ലാത്ത സ്‌കൂള്‍ ആണെങ്കില്‍, അവരില്‍ നിന്നും ഇത്തരത്തില്‍ നിഷേധാത്മക നിലപാടുകള്‍ ഉണ്ടായേക്കാം. കാരണം, പ്രത്യേകം ട്രെയിനിംഗ് ലഭിച്ച അധ്യാപകരുടെ സേവനം ഈ കുട്ടികളുടെ കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും പ്രത്യേകം പരിഗണനയും പരിശീലനങ്ങളും നല്‍കാനും അധ്യാപകര്‍ക്കു കഴിയണം.
ഓരോ വിദ്യാര്‍ത്ഥികളുടേയും പഠനാവശ്യങ്ങളും ബൗദ്ധിക നിലവാരവും വ്യത്യസ്ഥമാണ്. അവരെ അത്തരത്തില്‍ പരിഗണിക്കുകയും വേണം. പക്ഷഭേതങ്ങളില്ലാതെ വിദ്യാര്‍ത്ഥികളോടു പെരുമാറിയേ തീരൂ. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പലപ്പോഴും അധ്യാപകരില്‍ നിന്നും അത്തരം സമീപനങ്ങള്‍ ഉണ്ടാകാറില്ല. സ്‌പെഷ്യല്‍ ആവശ്യങ്ങളോടുകൂടി ഒരു കുഞ്ഞു ജനിക്കുന്ന നിമിഷം മുതല്‍ ആ കുട്ടിക്കു ജന്മം നല്‍കിയവരെും അവരുടെ കുടുംബത്തെയും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന കാഴ്ചയാണ് സമൂഹത്തില്‍ നിന്നും കാണാനാകുന്നത്. ഒന്നുകില്‍ അതിരു കവിഞ്ഞ സഹതാപം, അല്ലെങ്കില്‍, ചെയ്ത തെറ്റിന്റെ ഫലമെന്ന കുറ്റപ്പെടുത്തലുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം കുട്ടികള്‍ക്കു നേരിടേണ്ടി വരുന്നതും പലപ്പോഴും നിഷേധാത്മക നിലപാടുകള്‍ തന്നെയാണ്.
അതിശക്തമായ കളിയാക്കലുകള്‍ക്കും അവഗണനകള്‍ക്കും തിരസ്‌കരണങ്ങള്‍ക്കും വിധേയരാവുകയാണ് ഇത്തരം കുട്ടികളും അവരുടെ മാതാപിതാക്കളും. ഇത്തരത്തിലൊരു കുഞ്ഞു ജനിച്ചാല്‍, അമ്മയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ച് ഉപേക്ഷിച്ചു പോകുന്ന പിതാക്കന്മാരുമുണ്ട്. ഏതു പ്രതിസന്ധിയിലും അവരെ കൂടെ നിറുത്തി, ഈ സമൂഹത്തില്‍ സാധാരണ ജീവിതം ജീവിക്കാന്‍ കഠിനമായി പരിശീലിപ്പിക്കുന്നവരുമുണ്ട്.
സൗന്ദര്യത്തിന്റെയും കഴിവുകളുടേയും കാര്യത്തില്‍ സമൂഹം ചില അളവുകോലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ പ്രത്യേക അളവുകോലുകള്‍ക്കുള്ളില്‍ വരുന്നവര്‍ മാത്രം മികച്ചവരെന്നും അല്ലാത്തവരെല്ലാം ശരിയല്ലെന്നുമുള്ള കാഴ്ചപ്പാടാണ് സമൂഹത്തിന്. അപ്പോള്‍പ്പിന്നെ സ്‌പെഷ്യല്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. സ്‌കൂളിലേക്കെത്തുന്ന ഈ കുട്ടികളെ അകറ്റിനിറുത്തുകയും മാറ്റിനിറുത്തുകയും ചെയ്യുന്നത് പലപ്പോഴും സഹപാഠികളാണ്. അവരോട് അത്തരത്തില്‍ പെരുമാറാനുള്ള കാരണം അവരുടെ മാതാപിതാക്കള്‍ തന്നെ. ബൗദ്ധികമായോ ശാരീരികമായോ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരെ തങ്ങള്‍ക്കിടയില്‍ നിന്നും ഒഴിവാക്കുക എന്ന എളുപ്പമാര്‍ഗ്ഗമാണ് പലരും സ്വീകരിക്കുന്നത്.
ഒരു പരിഷ്‌കൃത സമൂഹമായി നമ്മളിനിയും മാറിയിട്ടില്ല എന്നതിന്റെ തെളിവാണ് സ്‌പെഷ്യല്‍ നീഡ്‌സ് ആവശ്യമുള്ളവരെ അകറ്റിനിറുത്തുന്ന ചിന്താഗതി. എല്ലാവരും തുല്യരാണ് എന്ന ആശയം ഏറ്റവുമധികം പ്രചരിപ്പിക്കേണ്ട ഇടമാണ് സ്‌കൂളുകള്‍. അതുപോലെ തന്നെ, തങ്ങള്‍ക്കു ലഭിച്ച കഴിവുകളും തങ്ങള്‍ നേടുന്ന അറിവുകളും മറ്റുള്ളവരെ സഹായിക്കാന്‍ കൂടി വേണ്ടിയുള്ളതാണ് എന്ന അടിസ്ഥാന തത്വം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും സ്‌കൂളില്‍ നിന്നു തന്നെ. ഓട്ടിസമോ സംസാര പ്രശ്‌നങ്ങളോ അതുപോലുള്ള മറ്റെന്തെങ്കിലും കാറ്റഗറിയില്‍ പെട്ട കുട്ടികളുണ്ടെങ്കില്‍, അവര്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളിലല്ല ഈ കുട്ടികള്‍ പഠിക്കേണ്ടത്. സാധാരണ സ്‌കൂളുകളില്‍, സാധാരണ കുട്ടികള്‍ക്കൊപ്പം തന്നെ ഈ കുട്ടികളും പഠിച്ചു വളരണം. എങ്കില്‍ മാത്രമേ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും സഹജീവികളോടു പെരുമാറേണ്ട രീതികളും എല്ലാ കുട്ടികളും സായത്തമാക്കുകയുള്ളു.
ഈ കുട്ടികളെക്കൂടി ഉള്‍ക്കൊള്ളിക്കത്തക്ക വിധം പ്രത്യേക സ്റ്റാഫുകളെയും തെറാപിസ്റ്റുകളെയും നിയമിക്കേണ്ടത് സര്‍ക്കാരാണ്. നിഷേധാത്മക നിലപാടു സ്വീകരിച്ച ഒരു അധ്യാപകനെ സസ്‌പെന്റ് ചെയ്തു. പക്ഷേ, സ്വന്തം അവകാശങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത മാതാപിതാക്കളുണ്ട് ഇവിടെ. മറ്റുള്ളവരില്‍ നിന്നും നിരന്തരം അവഹേളനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍. അവരെക്കൂടി ഉള്‍ക്കൊള്ളുന്നതാവണം വിദ്യാഭ്യാസം.
ഹെഡ് ടീച്ചര്‍ ബിജു ഇത്തരത്തില്‍ ഒരാളോടും പെരുമാറില്ലെന്നും ഇത്തരം കുട്ടികളെ മാറ്റിനിറുത്തില്ലെന്നും കുന്നംകുളം എം ജെ ഡി സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. വെറും മൂന്നുദിവസം കൊണ്ടു നടത്തിയ അന്വേഷണവും റിപ്പോര്‍ട്ടും അപൂര്‍ണ്ണമാണെന്നും അവര്‍ പറയുന്നു. മനസില്‍ നെരിപ്പോടെരിയുന്ന സ്‌പെഷ്യല്‍ നീഡ്‌സ് കുട്ടികളുടെ മാതാപിതാക്കളുടെ വേദന ഒരുപക്ഷേ ആ അധ്യാപകര്‍ക്കു മനസിലാകാതെ പോയതാവാം.
വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47