താജിക്കിസ്ഥാന്‍ ഹിജാബ് നിരോധിച്ചു, പക്ഷേ, ഇന്ത്യയില്‍…

Tajikistan bans hijab

Thamasoma News desk

മുസ്ലീം ഭൂരിപക്ഷ രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബ് (Hijab) നിരോധിച്ചുകൊണ്ട് നിയമം പാസാക്കി. രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രമാണ് ഹിജാബ് എന്നും അതിനാല്‍ അതു നിരോധിക്കുന്നുവെന്നും താജിക്കിസ്ഥാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മതേതര ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായിട്ടാണ് ഹിജാബ് നിരോധിച്ചത്.

മുസ്ലീങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ ഈ നിയമം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. നിരവധി മതങ്ങളും വിശ്വാസികളുമുള്ള ഇന്ത്യയില്‍ വസ്ത്രധാരണം മാത്രമല്ല, മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലെമ്പാടും ധരിച്ചുകൊണ്ടാണ് ഓരോ മതവിശ്വാസിയും ജീവിക്കുന്നത്. അതിനാല്‍ത്തന്നെ, അവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരാണ് എന്ന് പ്രഥമ കാഴ്ചയില്‍ത്തന്നെ മനസിലാക്കാം. മതനിരപേക്ഷമെന്ന് വാക്കില്‍ മാത്രമേയുള്ളുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

മെയ് 8 ന് താജിക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ ലോവര്‍ സഭയില്‍ ബില്‍ പാസാക്കി, ജൂണ്‍ 19ന് ഉപരിസഭ ഈ നിയമം അംഗീകരിക്കുകയായിരുന്നു. നിയമം അനുസരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും. ഏകദേശം 10 ദശലക്ഷത്തോളം മുസ്ലീങ്ങളാണ് താജിക്കിസ്ഥാനിലുള്ളത്. മതപരമായ വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിന് ഇവിടെ വിലക്കുണ്ട്.

എന്നാല്‍, എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നതാണ് ചില പൗരന്മാരുടെയും മുസ്ലീം അഭിഭാഷകരുടേയും വാദം. ഹിജാബ് നിരോധിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മതവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്ഗാനിസ്ഥാനിലെ ഇസ്ലാമിക പണ്ഡിതരുടേയും പുരോഹിതരുടേയും യൂണിയന്‍ ആരോപിച്ചു. ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന ഒരു രാജ്യവും മതവസ്ത്രങ്ങള്‍ നിരോധിക്കില്ലെന്നും ഇവര്‍ പറഞ്ഞു.

മനോഹരമായി എംബ്രോയ്ഡറി ചെയ്തതും വര്‍ണ്ണശബളവുമാണ് താജിക്കിസ്ഥാന്‍ വസ്ത്രങ്ങള്‍. പേര്‍ഷ്യന്‍ ശൈലിയിലുള്ള വസ്ത്രങ്ങളാണ് സാധാരണയായി ഇവര്‍ ധരിക്കുന്നത്. രാജ്യത്തിന്റെ തലവനായി 1994 മുതല്‍ സേവനമനുഷ്ഠിക്കുന്ന റഹ്‌മോന്‍ സോവിയറ്റ് അനുഭാവിയാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇദ്ദേഹം രാജ്യത്തെ വംശീയ മതവിഭാഗങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തിട്ടുണ്ട്.

താജിക്കിസ്ഥാന്‍ വസ്ത്രധാരണവും സംസ്‌കാരവും പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. ദേശീയ വസ്ത്രങ്ങളെ മാനിക്കുകയും അവ ധരിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

മതേതര തത്വങ്ങള്‍ പിന്തുടരുന്ന ഓരോ രാജ്യവും പൊതു ഇടങ്ങളില്‍ മതവസ്ത്രങ്ങളും ചിഹ്നങ്ങളും ഉപേക്ഷിക്കുക തന്നെ വേണം. നിരവധി മതങ്ങളുടെ കേന്ദ്രമായ ഇന്ത്യയില്‍ ഓരോ മതസ്ഥരും വേഷത്തിലും പ്രകൃതിയിലും അവരവരുടെ മതവിശ്വാസം വിളിച്ചോതുന്ന തരത്തിലാണ് ജീവിക്കുന്നത്. മുടിയും താടിയും വേഷവും തങ്ങളുടെ മതത്തിന് അനുരൂപമായ രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത്. മതേതരരാജ്യത്ത് മതമേതെന്നു തിരിച്ചറിയുന്ന തരത്തിലുള്ള ജീവിത രീതികളും വസ്ത്രധാരണ രീതികളും ഉപേക്ഷിക്കേണ്ടതാണ്. ഇത് ഒരു മതത്തിനു മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും ബാധകമായിരിക്കണം. എങ്കില്‍ മാത്രമേ മതേതരത്വം എന്ന വാക്കിന് അര്‍ത്ഥമുണ്ടാവുകയുള്ളു.

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *