രാജ്യം കുമ്പിട്ട് ആദരിക്കണം, ഓരോ ജൈവകര്‍ഷകനെയും


ഈ ഇലക്ട്രോണിക് യുഗത്തില്‍, അതിവേഗം വിസ്മൃതിയിലാവുന്ന നിരവധി
ജോലികളെക്കുറിച്ചുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം നിങ്ങളില്‍ പലര്‍ക്കും
കിട്ടിയിട്ടുണ്ടാവും. ഇന്നുകാണുന്ന പല ജോലികളും നാളെ ഉണ്ടാകില്ല.
വിസ്മൃതിയിലേക്ക് പോയ ജോലികളില്‍ ചിലതാണ് പബ്ലിക് ടെലഫോണ്‍ ബൂത്തുകളുടെ
നടത്തിപ്പ്, കത്തിടപാടുകള്‍ സംബന്ധിച്ച ജോലികള്‍, തുടങ്ങിയവ. പക്ഷേ,
മനുഷ്യര്‍ ആഹാരം കഴിക്കുന്ന കാലത്തോളം നിലനില്‍ക്കുന്ന ഒരു ജോലിയും വരുമാന
മാര്‍ഗ്ഗവുമാണ് കൃഷി. അതില്‍ തന്നെ, ജൈവകൃഷി ജനങ്ങള്‍ക്കു പ്രദാനം
ചെയ്യുന്നത് ആരോഗ്യമുള്ള, രോഗമില്ലാത്ത ഒരു ശരീരവും ജീവിതരീതിയുമാണ്. 

ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതി, ഈ സത്യവും അതിന്റെ ഭീകരതയും മനസിലാവാന്‍.
നാടിന്റെ മുക്കും മൂലയും കീഴടക്കിക്കൊണ്ടിരിക്കുന്ന മാലിന്യകൂമ്പാരങ്ങളാണ്
ഏറ്റവും വലിയ ഭീഷണി. അവനനവന്റെ വീട് വൃത്തിയാക്കി സൂക്ഷിക്കാനുള്ള
വ്യഗ്രതയില്‍ സ്വാര്‍ത്ഥമനുഷ്യന്‍ കാണിച്ചു കൂട്ടുന്ന വിക്രിയകളുടെ ഫലമാണ് ആ
മാലിന്യകൂമ്പാരങ്ങള്‍. അതു പക്ഷേ, അവനവന്റെ തന്നെ നാശത്തിലേക്കുള്ള
എളുപ്പമാര്‍ഗ്ഗമാണ് എന്ന് അവന്‍ തിരിച്ചറിയുന്നില്ല. ഒരല്‍പ്പമൊന്നു തല
ഉയര്‍ത്തി നോക്കുക, നിങ്ങളുടെ ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന നിരവധി
ആശുപത്രികള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും. അവയില്‍ ചെറിയ ക്ലിനിക്കു
മുതല്‍ വമ്പന്‍ ബഹുരാഷ്ട്ര, പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉള്ള ആശുപത്രികളും
ഉള്‍പ്പെടും. ഇത്രമാത്രം ആതുരസേവന കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും എന്തേ
രോഗങ്ങള്‍ കുറയാത്തത്…??? എന്തേ ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങള്‍
ഉണ്ടാകുന്നത്…??? അതിനുള്ള ഉത്തരവും നിങ്ങള്‍ക്കറിയാം. നിങ്ങള്‍
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ആഹാരവും നിങ്ങള്‍
കാലുറപ്പിച്ചു നില്‍ക്കുന്ന മണ്ണും വിഷമയമായിക്കഴിഞ്ഞു…..!!! ഇതിനു
പരിഹാരം ഒന്നേയുള്ളു, ജൈവമാകുക, പ്രകൃതിയിലേക്കു മടങ്ങുക….!!
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും, എന്താണ് ജൈവമെന്ന്. ‘ഭൂമിയില്‍ ജീവന്റെ
നിലനില്‍പ്പിനു വേണ്ടിയാണ് കൃഷി ചെയ്യുന്നത്. പക്ഷേ, ജീവന്റെ നിലനില്‍പ്പ്
എന്നത് പൂര്‍ണ്ണമായും ശരിയല്ല, കാരണം ഈ ഭൂമുഖത്ത് മനുഷ്യന്‍ ഇല്ലെന്നുവച്ച്
മറ്റു ജീവജാലങ്ങളെല്ലാം ജീവിക്കും. എന്നാല്‍ മറ്റു ജീവജാലങ്ങള്‍
ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യനു ജീവിക്കാന്‍ കഴിയുകയുള്ളു. അതിനാല്‍,
മനുഷ്യന്റെ നിലനില്‍പ്പിന് എന്നു പറയുന്നതു തന്നെയാവും കൂടുതല്‍ ശരി.
സൗജന്യമായി നമുക്കു ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ചാണ് നാം
കൃഷിചെയ്യുന്നത്. ഇത് ഏറ്റവും നിസ്സാരമായ ഒന്നായി നിങ്ങള്‍ക്കു
തോന്നിയേക്കാം. പക്ഷേ, ഇതത്ര നിസ്സാരമല്ല. ജൈവകൃഷിയുടെ പേരില്‍ നിരവധി
തെറ്റിദ്ധാരണകളും അനാവശ്യചര്‍ച്ചകളും പൊതുജനങ്ങള്‍ക്കിടയില്‍
നടക്കുന്നുണ്ട്. എന്താണു ജൈവം…? കാര്‍ബണ്‍ സംയുക്തങ്ങളെയാണ് ജൈവം എന്നു
പറയുന്നത്. ഈ കാര്‍ബണ്‍ സംയുക്തങ്ങള്‍ നമ്മുടെ ചെടികളില്‍ ഉണ്ടാകുന്നു.
അതായത് നമ്മുടെ മണ്ണില്‍ ഉള്ള ധാതുതലത്തെ ജീവതലത്തിലേക്ക് മാറ്റുന്ന
ഒരേയൊരു പ്രക്രിയയാണ് ജൈവകൃഷി. നിലവിലുള്ള ഒരു ശാസ്ത്രത്തിനും ധാതുവിനെ
ജീവനുളളതാക്കിമാറ്റാന്‍ കഴിയില്ല. അതിന് സഹായിക്കുന്നത് അനേകശതം കോടി
ജീവാണുക്കളാണ് (Microbs). സൂര്യപ്രകാശം, അന്തരീക്ഷത്തിലെ താപ ഈര്‍പ്പ
അനുപാതം, വെള്ളം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഈ പ്രക്രീയക്ക്
അത്യന്താപേക്ഷിതമാണ്. ധാതുതലം ജീവതലത്തിലേക്കു മാറ്റിക്കഴിയുമ്പോള്‍ അവ
ബോധതലത്തിലേക്ക് എത്തുന്നു. ഭൂമിയില്‍ കാണുന്ന ജീവനുള്ള
എല്ലാവസ്തുക്കളുടേയും ആഹാരം ഈ കാണുന്ന സസ്യലതാദികളും അനുബന്ധ
വസ്തുക്കളുമാണ്. ബോധതലത്തില്‍ നിന്നും ഇവ ആത്മബോധതലത്തിലെത്തുമ്പോള്‍ അവ
മനുഷ്യരിലേക്ക് എത്തിച്ചേരുന്നു. ധാതുതലവും ജീവതലവും ബോധതലവും ആത്മബോധതവും
ചേര്‍ന്ന് ഇവയെ വീണ്ടും ധാതുതലത്തിലേക്കു മാറ്റുന്നു. ഈ ധാതുതലം വീണ്ടും
ജീവതലമാകുന്നു. ഈ പ്രകൃയയെ കാര്‍ബണ്‍ പുനചംക്രമണം എന്നു പറയുന്നു.
ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചറില്‍ മാത്രമേ ഈ കാര്‍ബണ്‍ പുനചംക്രമണം
നടക്കുന്നുള്ളു. രാസ കൃഷിയില്‍ കാര്‍ബണ്‍ പുനചംക്രമണം നടക്കുന്നില്ല.
കാരണം, 5000 മീറ്റര്‍ താഴേക്ക് ഭൂമി കുഴിച്ചാല്‍ കിട്ടുന്ന പെട്രോളിയം
ഉല്‍പ്പന്നങ്ങല്‍ ഉപയോഗിച്ചാണ് രാസകൃഷി നടത്തുന്നത്. ഈ പെട്രോളിയം
ഉല്‍പ്പന്നം കാര്‍ബണ്‍ ആണ്. പക്ഷേ, അത് ഓര്‍ഗാനിക് കാര്‍ബണല്ല, മറിച്ച്
ഹൈഡ്രോകാര്‍ബണ്‍ ആണ്. അതായത് ഹൈഡ്രജനും കാര്‍ബണും അടങ്ങിയിട്ടുള്ള
മിശ്രിതം. ഈ ഹൈഡ്രോകാര്‍ബണിലെ ചില മൂലകങ്ങള്‍ ചെടികള്‍ക്കു
വലിച്ചെടുക്കാന്‍ സാധിക്കും, ചെടികള്‍ ക്രമാധീതമായി വളരുകയും ചെയ്യും.
അവയ്ക്ക് അറിയില്ല, കിട്ടുന്നത് രാസമാണോ ജൈവമാണോ എന്ന്. പക്ഷേ,
ചെടികള്‍ക്കു വലിച്ചെടുക്കാന്‍ കഴിയാത്ത മറ്റുമൂലകങ്ങള്‍ മണ്ണിന്റെ
അമ്ലതയില്‍ വ്യത്യാസമുണ്ടാക്കും. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഒട്ടനവധി
പ്രശ്‌നങ്ങള്‍ ഉണ്ടാക്കും,’ ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റ്
ഭാരവാഹി എം എസ് നാസര്‍ പറഞ്ഞു. 
‘മനുഷ്യരാശിയുടെ ജീവനും നിലനില്‍പ്പിനും വേണ്ടത് ധാതുതലത്തെ ജീവതലമാക്കുന്ന
പ്രക്രിയയാണ്. രാസവളപ്രയോഗം കൊണ്ട് ഉണ്ടായ കെടുതികളാണ് നാമിന്നു
കാണുന്നതെല്ലാം. ഏകദേശം നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരോഗ്യരംഗത്ത് നാം
മുന്‍പന്തിയിലായിരുന്നു. പക്ഷേ, ഇന്നു നാം ഏറ്റവും താഴേക്കു
പോയിരിക്കുന്നു. സമൂഹത്തില്‍ കാണുന്ന മൂല്യച്യുതിക്കുള്ള പ്രധാന കാരണവും
ഇതെല്ലാം തന്നെ. മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ 47
ആല്‍ക്കീനുകള്‍ ഉള്ളത് പച്ചക്കറികളിലാണ്. ലോകത്തില്‍ ഒരു മനുഷ്യനും
മത്സ്യവും മാംസവും മാത്രം കഴിച്ച് ജീവിക്കാനാവില്ല. പച്ചക്കറികള്‍
അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരു മനുഷ്യന്‍ ഒരു
ദിവസം 300 ഗ്രാം പച്ചക്കറികളെങ്കിലും നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഈ
പച്ചക്കറികള്‍ ജൈവമായിരിക്കണം, നിങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും
ഉണ്ടാക്കിയെടുത്തവയുമായിരിക്കണം. ഈ ആഹാരം തന്നെയാണ് നമ്മുടെ ഔഷധം. ശാസ്ത്രം
നമുക്ക് ഒഴിച്ചുകൂടാനാവില്ല, ഓര്‍ഗാനിക് ഫാമിംഗ് അവ തള്ളിക്കളയുന്നുമില്ല.
പക്ഷേ, ധാതുതലത്തെ ജീവതലമാക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല. അതുകൊണ്ടുതന്നെ
കൃഷിയില്‍ ജൈവമാര്‍ഗ്ഗമാണ് ഏറ്റവും മികച്ചത്. രാസകൃഷിയിലൂടെ ഉല്‍പ്പാദനം
കൂട്ടാം, വിഭവങ്ങളുടെ നീളവും വണ്ണവും നിറവും കൂട്ടാം. ധാരാളം
പണവുമുണ്ടാക്കാം. പക്ഷേ, രാസകൃഷി ശാസ്ത്രീയമല്ല, കാരണം അതിന് സാമൂഹിക
പ്രതിബന്ധതയില്ല’ നാസര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകനെമാത്രം ആരും പാവപ്പെട്ടവനായി കാണുന്നില്ല. ബാക്കി എല്ലാ മേഖലയിലും
പാവപ്പെട്ടവര്‍ ഉണ്ട്. പക്ഷേ കര്‍ഷകരെ മാത്രം ആ വിഭാഗത്തില്‍ ആരും
പെടുത്തുന്നില്ല. അവന്റെ അധ്വാനത്തിനു വിലയില്ല. അവന്റെ വിയര്‍പ്പും
കണ്ണീരുമാണ് വിളകളായി നമുക്കു ലഭിക്കുന്നത്. പക്ഷേ, കര്‍ഷകന് അവന്റെ
അധ്വാനത്തിന് അനുസരിച്ച് പ്രതിഫലം നല്‍കാന്‍ ആരും തയ്യാറല്ല. ഈ മേഖലയില്‍
നടക്കുന്നത് കടുത്ത ചൂഷണമാണ്. ഏതു തൊഴില്‍ മേഖലയിലും കൂലിയും ശമ്പളവും
ആയിരം മടങ്ങു വര്‍ദ്ധിച്ചു. പക്ഷേ, കര്‍ഷകന്റെ വിയര്‍പ്പിനും അധ്വാനത്തിനും
മാത്രം വിലയില്ല. കര്‍ഷകന്‍ ആത്മഹത്യ ചെയ്താല്‍ ഇവിടെ ആര്‍ക്കും
പ്രശ്‌നമില്ല. ആര്‍ക്കും ഒരു ദു:ഖവുമില്ല. പാവപ്പെട്ടവന് ഭക്ഷണം
കൊടുക്കേണ്ടതും മണ്ണില്‍ അധ്വാനിക്കുന്നവന് തക്കതായ പ്രതിഫലം
കൊടുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ഷകനെ
സഹായിക്കാനെത്തുന്നവര്‍ ഫണ്ട് ദുര്‍വിനിയോഗം ചെയ്തും ധൂര്‍ത്തടിച്ചും
സ്വന്തം പോക്കറ്റിലാക്കിയും അവനെ നിത്യദുരിതത്തിലേക്കും
ദാരിദ്ര്യത്തിലേക്കും തള്ളിയിടുന്നു.
‘ഓര്‍ഗാനിക് കേരളയുടെ ലക്ഷ്യം ജൈവകൃഷിയുടെ പ്രോല്‍സാഹനമാണ്. ഇതിന് രണ്ടു
തലങ്ങള്‍ ഉണ്ട്. കുടുംബ കൃഷിയും കച്ചവടാവശ്യത്തിനായുള്ള കൃഷിയും.
കുടുംബകൃഷിയുടെ ലക്ഷ്യം സുരക്ഷിത ഭക്ഷണമാണ്. ഇതില്‍ ലാഭ നഷ്ടങ്ങള്‍ ഇല്ല,
വില നിലവാരവും. നാം അധിവസിക്കുന്ന സ്ഥലത്തെ ഭൂമിയും വായു ജലം പ്രകൃതി
എന്നിവയും സംരക്ഷിച്ച് ആരോഗ്യദായകമായ ഒരു ആവാസ വ്യവസ്ഥിതി സൃഷ്ടിക്കുകയും
ചെയ്യുക വഴി ആരോഗ്യ സംരക്ഷണത്തിന് ആശുപത്രികളെ ആശ്രയിക്കുന്നത് കുറച്ചു
കൊണ്ടു വരിക എന്നുള്ളത്. കച്ചവടത്തിനുള്ള കൃഷിയില്‍ വിലയും ലാഭനഷ്ടങ്ങളും
പ്രസക്തമായ കാര്യമാണ്. ഇതിനാണ് സര്‍ക്കാര്‍ ജൈവകൃഷി നയം രൂപികരിക്കേണ്ടത്.
നാസര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമായിട്ടുള്ളത് ഇവിടെയാണ്. ജനങ്ങളെ കുടുംബ
കൃഷിയിലേക്കും സര്‍ക്കാരിനെ കര്‍ഷക സൗഹൃദ ജൈവകൃഷിയിലേക്കും എത്തിക്കുക
എന്നതാണ് ഓര്‍ഗാനിക് ട്രസ്റ്റിന്റെ ആത്യന്തിക ലക്ഷ്യം,’ ഓര്‍ഗാനിക്
കേരളയിലെ അംഗമായ ആര്‍ സോമശേഖരക്കുറുപ്പ് വ്യക്തമാക്കി.
വായുവും വെള്ളവും മണ്ണും പ്രകൃതിയുമെല്ലാം സംരക്ഷിക്കുന്നവരാണ്
ജൈവകര്‍ഷകര്‍. അവരുടെ ജീവതസാഹചര്യം മെച്ചപ്പെടണം. അന്തസോടെ അവര്‍ക്കു
ജീവിക്കാന്‍ കഴിയണം. അതേസമയം പണം കൊടുത്ത് ഭക്ഷ്യവസ്തുക്കള്‍
വാങ്ങുന്നവര്‍ക്ക് വിഷം കഴിക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകാന്‍ പാടില്ല. 
കേരളത്തിലെ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വളരെയേറെ
കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പക്ഷേ, എന്തൊക്കെയോ ചെയ്യുന്നു എന്നു
വരുത്തിത്തീര്‍ക്കുക മാത്രമാണ് മാറി മാറി വരുന്ന സര്‍ക്കാരുകളും
ബന്ധപ്പെട്ട ഉദ്യോഗസ്ഥരും. കേരളത്തില്‍ ആദിവാസികളുടെ അവസ്ഥ തന്നെ
കര്‍ഷകര്‍ക്കും. കോടിക്കണക്കിനു തുകയാണ് ഇവര്‍ക്കായി സര്‍ക്കാര്‍
മാറ്റിവയ്ക്കുന്നത്. പക്ഷേ, അതിന്റെയൊന്നും പ്രയോജനം കര്‍ഷകര്‍ക്കു
കിട്ടുന്നില്ലെന്നു മാത്രം. 
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ചിതലെടുത്ത കാലുകള്‍ പ്രതീകങ്ങളാണ്.
അവന് എന്നും കഷ്ടപ്പാടും യാതനകളും മരണവുമാണ് എന്നതിന്റെ സൂചന.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ സമ്പന്നരാണ്. മാധ്യമങ്ങളെവരെ
വിലയ്‌ക്കെടുക്കാന്‍ കെല്‍പ്പുള്ളവര്‍. മാധ്യമങ്ങളിലെ പരിപാടികള്‍
സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിവുള്ളവര്‍. എന്നാല്‍ അത് പണിയെടുത്ത്
ഉണ്ടാക്കുന്നവരാകട്ടെ, നിത്യ ദാരിദ്ര്യത്തിലും. ഈ അവസ്ഥയ്ക്കു
മാറ്റമുണ്ടാകണം. കര്‍ഷകരുടെ പ്രതിഷേധ സ്വരം ഉയര്‍ന്നു കേള്‍ക്കണം.
അനീതിക്കെതിരെ അവര്‍ പോരാടണം. ആദരിക്കേണ്ടത് ഈ ജൈവകര്‍ഷകരെയാണ്. അവരുടെ
അധ്വാനത്തിനു മുന്നില്‍ ആദരവോടെ ഏവരും തല കുമ്പിടണം. വെള്ളവും വായുവും
പ്രകൃതിയും മണ്ണും ആരോഗ്യകരമായി സംരക്ഷിക്കുന്നത് അവരാണ്. ഈ കര്‍ഷക
കൂട്ടായ്മയ്ക്ക് തമസോമയുടേയും ജനപക്ഷത്തിന്റെയും ആദരം….. ഒപ്പം എല്ലാവിധ
പിന്തുണയും. 
Tags: organic farming, farmers in Kerala, funds for farmers, organic Kerala, 

Leave a Reply

Your email address will not be published. Required fields are marked *