സ്വയംഭോഗവും സ്വവര്‍ഗ്ഗ രതിയും: അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം

Jess Varkey Thuruthel & D P Skariah

ഓരോ ജീവനും ഉത്ഭവിക്കുന്ന കാലം മുതല്‍ അവയുടെ ശരീരത്തില്‍ സ്വമേധയാ ഉള്ള മൂന്നു ഗുണങ്ങളാണുള്ളത്. ഒന്ന് വിശപ്പ്, രണ്ട് ലൈംഗികത, മൂന്ന് പ്രാണഭയം. ഇവ മൂന്നുമാണ് ഓരോ ജീവന്റെയും സ്ഥായീ ഭാവങ്ങള്‍. ഇവയില്‍ വിശപ്പും പ്രാണഭയവും വളരെ പ്രകടമാണെങ്കില്‍ ലൈംഗികത വളരെ സാവധാനം മാത്രം പ്രകടമാകുന്ന ഒന്നാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ ധര്‍മ്മത്തെക്കുറിച്ചും ഓരോ ജീവിയും തൊട്ടും തലോടിയും പരീക്ഷിച്ചറിഞ്ഞു കൊണ്ടേയിരിക്കും. മനുഷ്യരുടെ കാര്യവും ഇങ്ങനെ തന്നെ. ജീവവര്‍ഗ്ഗങ്ങള്‍ക്ക് ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. പക്ഷേ, മനുഷ്യരാകട്ടെ, മത ദൈവ പാട്രിയാര്‍ക്കല്‍ കെട്ടുപാടുകളില്‍ കുടുങ്ങി ജീവിതം നരക തുല്യമാക്കുന്നു.

ആണോ പെണ്ണോ ആരുമായിക്കൊള്ളട്ടെ, ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഓരോ മനുഷ്യനും ലൈംഗികതയുണ്ട്. അതിനെ അടിച്ചമര്‍ത്തുന്നതില്‍ വ്യത്യാസം കണ്ടേക്കാം. പക്ഷേ, ആരോഗ്യമുള്ള മനുഷ്യരില്‍ ലൈംഗികതയുമുണ്ടെന്നതാണ് സത്യം. ആ വികാരമെന്തെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ചെറുപ്രായം മുതല്‍ ആ വികാരം ഓരോ മനുഷ്യനിലുമുണ്ട്.

ജനനം മുതല്‍ 5 വയസ് വരെയുള്ള കാലഘട്ടത്തില്‍, ഓരോ കുഞ്ഞും തന്റെ ശരീരം എന്താണെന്നറിയാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കും. സ്വന്തം ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയും വലിക്കുകയും ഞെക്കുകയും ചെയ്യുന്നതും സ്വാഭാവികമായ വളര്‍ച്ചയുടെ ഭാഗമാണ്. സ്വന്തം ശരീരം പോലെ തന്നെ, പ്രായപൂര്‍ത്തിയായവരുടെ ശരീരത്തെക്കുറിച്ച് അറിയാനും അവരുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാനും അവര്‍ താല്‍പര്യം കാണിക്കും. അമ്മമാരുടെ മുലകളില്‍ സ്പര്‍ശിക്കുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിപ്പിക്കുന്ന ഒരു സാധാരണ സംഭവമാണ്. അവരവരെക്കുറിച്ചും സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചും കൂടുതലായി അറിയാനും ഈ പ്രായത്തില്‍ കുട്ടികള്‍ താല്‍പര്യം കാണിക്കും. എങ്ങനെയാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് എന്നതിനെക്കുറിച്ചും താന്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും ഈ പ്രായത്തില്‍ കുട്ടികള്‍ മുതിര്‍ന്നവരോടു സംശയങ്ങള്‍ ചോദിക്കാറുണ്ട്. ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ കുട്ടികള്‍ മനസിലാക്കുന്നതും ഈ പ്രായത്തില്‍ തന്നെ.

ആറു മുതല്‍ 10 വയസ് വരെ

ലൈംഗികതയെക്കുറിച്ചുള്ള അവരുടെ അന്വേഷണങ്ങള്‍ ഈ പ്രായത്തിലും തുടര്‍ന്നുകൊണ്ടേയിരിക്കും. പക്ഷേ ഈ പ്രായത്തില്‍, സമൂഹം ലൈംഗികതയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട തെറ്റായ ചിന്തകളെക്കുറിച്ച് അവര്‍ കൂടുതലായി അറിഞ്ഞു തുടങ്ങും. ലൈംഗികതയെക്കുറിച്ചു ജിജ്ഞാസുക്കളായ കുട്ടികള്‍ക്ക് സ്വയംഭോഗത്തെക്കുറിച്ച് ശരിയായ അറിവു പറഞ്ഞു കൊടുക്കാന്‍ പറ്റിയ സമയമാണിത്. സ്വന്തം ശരീരത്തില്‍ സ്വയം പരീക്ഷണങ്ങള്‍ നടത്തി അവരവരെ തന്നെ അറിയാന്‍ അവര്‍ പഠിച്ചിരിക്കണം എന്നു സാരം.

11 മുതല്‍ 12 വയസ് വരെയുള്ള പ്രായം

ടീനേജിലേക്ക് കടക്കുന്ന പ്രായമാണിത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ശരീരത്തില്‍ ഹോര്‍മോണ്‍ പരമായി നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടം. ലൈംഗികതയെക്കുറിച്ച് അവര്‍ ചിലപ്പോള്‍ മറ്റുകുട്ടികളുമായി സംശയങ്ങളും സ്വന്തം ആശയങ്ങളും പങ്കു വയ്ക്കാനിടയുള്ള കാലഘട്ടമാണിത്. ഈ പ്രായത്തിലും അവര്‍ സ്വയം ഭോഗം ചെയ്യുന്നതു തുടരുകയും ചെയ്യും. അതെല്ലാം സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളാണ്. റൊമാന്റിക് റിലേഷന്‍ഷിപ്പിനു കുട്ടികള്‍ കൂടുതലായി താല്‍പര്യം കാണിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. വിവാഹത്തിലും ഗര്‍ഭധാരണത്തിലും പിതാവിന്റെ പങ്കെന്ത് എന്നതിനെക്കുറിച്ചു ചിന്തിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്.


സ്വയംഭോഗത്തിന്റെ ഗുണങ്ങള്‍

മറ്റുള്ളവരുടെ അനുവാദമില്ലാതെ, ബലാത്കാരമായി ആരെയും ഭോഗിക്കുന്നില്ല എന്നതു തന്നെയാണ് സ്വയംഭോഗം കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. സ്വയംഭോഗം കൊണ്ടുള്ള മറ്റു ഗുണങ്ങള്‍ ഇവയാണ്.

മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചനം കിട്ടാനും നല്ല ഉറക്കം കിട്ടാനും സ്വയം ഭോഗം ഉപകരിക്കും. അതുപോലെ തന്നെ, ശ്രദ്ധയും മാനസികോന്മേഷം കിട്ടുന്നതിനും ലൈംഗിക ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനും വേദനയില്‍ നിന്നും ആശ്വാസം കിട്ടുന്നതിനും സ്വയം ഭോഗം ഉപകരിക്കും. ആര്‍ത്തവസമയത്തെ ശാരീരിക മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും സ്വയംഭോഗം ഫലപ്രദമായ മാര്‍ഗ്ഗമാണ്.

സ്വയംഭോഗത്തെക്കുറിച്ച് ശരിയായ അറിവില്ലാത്ത ഒരു 15 വയസുകാരന്റെ വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോതിരം ജനനേന്ദ്രിയത്തില്‍ കുരുങ്ങി, ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി എന്നതാണ് വാര്‍ത്തയുടെ സാരാംശം. കൈയില്‍ അണിയാനുള്ള ആഭരണം എന്തുകൊണ്ട് ലിംഗത്തില്‍ തിരുകി കയറ്റി എന്നതിനെക്കുറിച്ചു കൂടുതല്‍ ചിന്തിക്കുമ്പോള്‍ മനസിലാകും അത് സ്വയംഭോഗത്തെക്കുറിച്ചുള്ള അജ്ഞത നിമിത്തം സംഭവിച്ചു പോയതാണെന്ന്.

ലൈംഗികത പ്രശ്‌നമാകുന്നതെപ്പോള്‍

സ്വയംഭോഗമോ സ്വവര്‍ഗ്ഗ ഭോഗമോ ചെയ്യുമ്പോഴല്ല, മറിച്ച് ബലാത്കാരമായി ലൈംഗികത അനുഭവിക്കാന്‍ ശ്രമിക്കുമ്പോഴാണ് അതു പ്രശ്‌നമാകുന്നത്. സ്വയംഭോഗവും സ്വവര്‍ഗ്ഗ ഭോഗവുമെല്ലാം ഓരോ കുട്ടിയുടേയും വളര്‍ച്ചാ കാലഘട്ടത്തില്‍ സംഭവിക്കുന്ന സ്വോഭാവിക സംഭവ വികാസങ്ങളാണ്. സദാചാരത്തിന്റെയും മത-ദൈവ ചിന്തയുടേയും പേരില്‍ ഇത്തരം വികാരങ്ങളെ അടിച്ചമര്‍ത്തി വയ്ക്കുന്നതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്.



സ്വന്തം ലൈംഗിക ചോദനകളും ലൈംഗിക താല്‍പര്യങ്ങളുമെല്ലാം ഓരോ മനുഷ്യനും മനസിലാക്കിയേ തീരൂ. ഏതുതരം പങ്കാളിയുമായി ലൈംഗികതയില്‍ ഏര്‍പ്പെടാനാണ് താല്‍പര്യമെന്നതിനെക്കുറിച്ചും അവര്‍ അറിഞ്ഞിരിക്കണം. സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള പരിപൂര്‍ണ്ണായ അറിവോടെ വേണം ഓരോ വ്യക്തിയും തങ്ങളുടെ ഇണയെ തെരഞ്ഞെടുക്കാന്‍. അല്ലാത്തപക്ഷം, നരകതുല്യമായിത്തീരും. വിട്ടുവീഴ്ചകള്‍ പലതും നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്നല്ലാതെ, ജീവിതം അതിന്റെതായ പൂര്‍ണ്ണതയില്‍ ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ വരും. ആണും പെണ്ണും എന്ന രണ്ടു വിഭാഗം മാത്രമല്ല ജീവിവര്‍ഗ്ഗങ്ങളില്‍ ഉള്ളത്. ലൈംഗികതയെ അടിസ്ഥാനപ്പെടുത്തി മറ്റു നിരവധി വിഭാഗങ്ങളുമുണ്ട്. ജനനേന്ദ്രിയങ്ങള്‍ ആണിന്റെതോ പെണ്ണിന്റെതോ ആണെന്നു കരുതി അവര്‍ അങ്ങനെ തന്നെ ആയിക്കൊള്ളണമെന്നില്ല. അതു തീര്‍ച്ചപ്പെടുത്തുന്നത് സ്വന്തം ലൈംഗികതയാണ്. ആ ലൈംഗികത ഏതെന്ന് സ്വയം തിരിച്ചറിയാന്‍ ഓരോ മനുഷ്യനും കഴിയണം. അല്ലാത്തപക്ഷം ജീവിതം വന്‍ദുരന്തത്തിലാവും അവസാനിക്കുക.

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മദ്യത്തിലേക്കും മയക്കു മരുന്നിലേക്കും മോശം കൂട്ടുകെട്ടിലേക്കും പോകുന്നത് എന്നതും സ്വയംഭോഗത്തെയും സ്വവര്‍ഗ്ഗ ഭോഗത്തെയും അടിച്ചമര്‍ത്താന്‍ വെമ്പല്‍കൊള്ളുന്ന രണ്ടത്താണിമാര്‍ ചിന്തിച്ചേ തീരൂ.

സദാചാരത്തിന്റെ പേരില്‍ സ്വാഭാവികമായ സൗഹൃദങ്ങളെയും ബന്ധങ്ങളെയും തമ്മിലകറ്റുന്നു. ഒരുമിച്ചിരുന്നാല്‍, നടന്നാല്‍ ഈ ലോകം തന്നെ നശിച്ചില്ലാതെയാകുമെന്ന മുറവിളികള്‍ നടത്തി അവരെ തമ്മിലകറ്റുന്നു. പകരം, ബലാത്കാരമായും ഇരുട്ടിന്റെ മറവിലും പിടിച്ചു വാങ്ങുന്നതാണ് മഹനീയമെന്ന ചിന്ത അവരില്‍ രൂഢമൂലമാക്കുന്നു.

ബലാത്സംഗങ്ങള്‍ക്കു വളംവച്ചു കൊടുക്കുക മാത്രമല്ല, മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തകര്‍ത്തെറിഞ്ഞ് അവരെ രോഗികളാക്കുകയാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയെപ്പോലുള്ളവര്‍ ഇവിടെ ചെയ്യുന്നത്.

സ്ത്രീയെന്നാല്‍ തങ്ങളുടെ ലൈംഗികതയെ ശമിപ്പിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നും അവര്‍ സ്വതന്ത്രരായി ജീവിക്കുകയോ വിദ്യാഭ്യാസം ചെയ്യുകയോ എന്തിന് ശുദ്ധവായു ശ്വസിക്കാന്‍ പോലും അനുവദിക്കില്ലെന്ന ചിന്തയില്‍ ചാക്കില്‍ പൊതിഞ്ഞു കൊണ്ടു നടക്കുന്ന രണ്ടത്താണിയെപ്പോലുള്ളവരില്‍ നിന്നും ഇതില്‍ക്കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.


Leave a Reply

Your email address will not be published. Required fields are marked *