വ്യത്യസ്ഥമായൊരു ബൈക്ക് വാങ്ങല്‍: ഈ അരക്കിറുക്കോ ശ്രീകണ്ഠന്‍ നായരുടെ മാധ്യമ ധര്‍മ്മം…..??

Jess Varkey Thuruthel & D P Skariah

മറ്റുള്ളവര്‍ക്കു പണികൊടുക്കാനായി ഒരു മനുഷ്യനിറങ്ങിത്തിരിച്ചാല്‍ അതിനു കുട പിടിക്കാനും ഇവിടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ടെന്ന് ശ്രീകണ്ഠന്‍ നായരുടെ ഈ വാര്‍ത്ത നമുക്കു പറഞ്ഞു തരും.

കൊട്ടാരക്കര എഴുകോണ്‍ സ്വദേശിയായ ശ്രീജിത്ത് എന്നയാള്‍ സ്വന്തം അച്ഛനു വേണ്ടി ഒരു ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുന്നു. പക്ഷേ, മറ്റുള്ളവര്‍ വാങ്ങുന്നതു പോലെ ചുമ്മാ പോയി വാങ്ങാനല്ല, അതിലും വ്യത്യസ്ഥത വേണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നുവത്രെ. അതിനാല്‍, ചിട്ടി പിടിച്ചു കിട്ടിയ ഒരു ലക്ഷം രൂപയുമായി ഷോറൂമില്‍ പോയി ബൈക്ക് വാങ്ങുന്നതിനു പകരം അയാള്‍ ചെയ്ത സംഭവമാണ് കുറച്ചു കടന്ന കൈ ആയിപ്പോയത്.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാവാന്‍ വേണ്ടി ഇയാള്‍ ചെയ്തത് ഒരു ലക്ഷം രൂപയെ പത്തു രൂപയുടെ നാണയങ്ങളാക്കി മാറ്റുക എന്നതായിരുന്നു. അതത്ര എളുപ്പമൊന്നുമായിരുന്നില്ല. അതിനായി ഇയാള്‍, ഇടുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ കണ്ണന്റെ സഹായം കൂടി തേടിയതായി പറയുന്നു.

അങ്ങനെ ബാങ്കുകളായ ബാങ്കുകളില്‍ മുഴുവന്‍ തേടി നടന്ന് 10 രൂപ നാണയങ്ങള്‍ ശേഖരിച്ച് അതു ചാക്കിലാക്കി ഷോറൂമില്‍ കൊണ്ടുപോയി കൊടുത്ത് ബൈക്ക് വാങ്ങി അച്ഛനു സമ്മാനിച്ച് ശ്രീജിത്ത് വ്യത്യസ്ഥനായി എന്നതാണ് ശ്രീകണ്ഠന്‍ നായരുടെ വാര്‍ത്ത. ആ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ ഷോറൂം ജീവനക്കാര്‍ 3 മണിക്കൂര്‍ എടുത്തത്രെ…!

വെട്രിവേലിന്റെ നാണയ ശേഖരണത്തിനു പിന്നിലൊരു നന്മയുണ്ടായിരുന്നു….

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുമൊരു വാര്‍ത്ത ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന്, തമിഴ്‌നാട്ടുകാരനായ വെട്രിവേല്‍ തന്റെ കാര്‍ വാങ്ങിയത് 6 ലക്ഷം രൂപയുടെ 10 രൂപ നാണയങ്ങള്‍ കൊടുത്തിട്ടാണെന്ന്. പക്ഷേ, ഈ സംഭവത്തിനു പിന്നില്‍ നല്ലൊരു സന്ദേശമുണ്ടായിരുന്നു. ഇന്ത്യയിലെ സാധാരണ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നത്തിലേക്കൊരു ചൂണ്ടുപലകയുണ്ടായിരുന്നു.

വെട്രിവേലിന്റെ അമ്മയ്ക്ക് ചായക്കടയായിരുന്നു. അതിനാല്‍ത്തന്നെ 10 രൂപ നാണയങ്ങള്‍ നിരവധിയായി ലഭിച്ചിരുന്നു. പക്ഷേ, ഒരു കസ്റ്റമര്‍ പോലും പത്തു രൂപയുടെ നാണയം തിരിച്ചു വാങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ എടുക്കാ നാണയങ്ങളുടെ ഒരു കൂമ്പാരം തന്നെ ആ വീട്ടിലുണ്ടായിരുന്നു.

ഈ നാണയങ്ങള്‍ മാറ്റി നോട്ടാക്കുന്നതിനായി പല ബാങ്കുകളെയും വെട്രിവേല്‍ സമീപിച്ചു. പക്ഷേ, അവരാരും ആ നാണയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. പത്തു രൂപ നാണയങ്ങള്‍ ഉപയോഗ ശൂന്യമാണെന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞിട്ടില്ല. എന്നിട്ടു പോലും ഒരു ബാങ്കു പോലും അതു സ്വീകരിക്കുന്നില്ല. അതിന്റെ ഭാരം കൂടുതലായതിനാല്‍, ജനങ്ങള്‍ക്കും അവ ആവശ്യമില്ല. പിന്നെ എന്തിന് ഈ കോയിനുകള്‍ റിസര്‍വ്വ് ബാങ്ക് അച്ചടിക്കുന്നു…??

ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത, ബാങ്കുകള്‍ക്ക് ആവശ്യമില്ലാത്ത ഈ 10 രൂപ നാണയങ്ങളുടെ അച്ചടി റിസര്‍വ്വ് ബാങ്ക് നിറുത്തലാക്കുകയല്ലേ വേണ്ടത്…?? ഈ ആശയം പ്രചരിപ്പിക്കാനായിരുന്നു വെട്രിവേലിന്റെ തീരുമാനം.

അതിനായി അദ്ദേഹം തന്റെ അമ്മയുടെ കൈവശമുള്ള നാണയ ശേഖരം ഉള്‍പ്പടെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. കിട്ടുന്ന 10 രൂപ നാണയങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ തുടങ്ങി. അങ്ങനെ പത്തു രൂപയുടെ 60,000 നാണയങ്ങള്‍ അഥവാ 6 ലക്ഷം രൂപ. ആ നാണയങ്ങളത്രയും ഒരു കാര്‍ ഡീലര്‍ ഷോറൂമില്‍ കൊടുത്ത് അദ്ദേഹം ഒരു കാര്‍ വാങ്ങി……

ആ നാണയങ്ങള്‍ സ്വീകരിക്കാന്‍ ആ കാര്‍ ഡീലര്‍ ആദ്യം തയ്യാറായില്ല. പക്ഷേ, തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയതോടെ വെട്രിവേലിന് ഷോറൂം ജീവനക്കാര്‍ സര്‍വ്വ പിന്തുണയും നല്‍കി. ആ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി കാര്‍ നല്‍കി.

വെട്രിവേലിന്റെ പ്രവൃത്തിയില്‍ ഒരു നന്മയുണ്ടായിരുന്നു. അയാള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും അവര്‍ക്കു വേണ്ടാത്ത 10 രൂപ നാണയങ്ങള്‍ ശേഖരിച്ചു…… പക്ഷേ, കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ കഷ്ടപ്പെട്ടു തെണ്ടി നടന്നു 10 രൂപയുടെ നാണയങ്ങളാക്കി മാറ്റുകയായിരുന്നു എഴുകോണ്‍ സ്വദേശി ശ്രീജിത്ത്. എന്നിട്ട് ആ നാണയങ്ങളത്രയും എണ്ണിത്തിട്ടപ്പെടുത്താന്‍ ഷോറൂം ജീവനക്കാരെ ഏല്‍പ്പിക്കുകയും ചെയ്തു. വളരെ എളുപ്പമുള്ളൊരു മാര്‍ഗ്ഗം കണ്ണിന്‍ മുന്നിലിരിക്കെ, മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് വ്യത്യസ്ഥനാവാന്‍ ശ്രമിക്കുകയാണ് ശ്രീജിത്ത് ചെയ്തത്. പലര്‍ക്കുമിതൊരു തമാശായിരിക്കാം. ഒരു ചെറുപ്പക്കാരന്റെ കുസൃതിയായി ഇതിനെ വിലയിരുത്തുകയും ചെയ്‌തേക്കാം. പക്ഷേ, ഇതുപോലെ കുസൃതി കാണിക്കാന്‍ മനസു വെമ്പി നില്‍ക്കുന്ന പലരും ഈ സമൂഹത്തിലുണ്ട്. അതുപോലൊരുവനെ നേരിടേണ്ടി വരുമ്പോഴാണ് ഇത്തരം മനുഷ്യരുടെ കുസൃതികള്‍ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നു ബോധ്യമുണ്ടാവുകയുള്ളു.

മനസ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്ത, മറ്റുള്ളവന് എങ്ങനെ പണികൊടുത്തു വ്യത്യസ്ഥനാവാമെന്നു ചിന്തിക്കുന്ന ശ്രീജിത്തിനെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തു തരം മാധ്യമ ധര്‍മ്മമാണ് ശ്രീകണ്ഠന്‍നായര്‍ മുന്നോട്ടു വയ്ക്കുന്നത്…??


Leave a Reply

Your email address will not be published. Required fields are marked *