സാംകുട്ടിക്ക് ഓർമ്മയുണ്ടോ, സുപ്രീം കോടതിയുട തല്ല് വാങ്ങുന്ന ഈ IAS മാഡത്തിനെ ?

                  Adv. C.V. Manuvilsan

School of Drama യിലേക്ക് സാംകുട്ടിക്ക് ലഭിച്ച ജോലി സ്ഥിരപ്പെടുത്തുണ ആവശ്യത്തിലേക്ക്, താൻ ജനിച്ച സമുദായം സാക്ഷ്യപ്പെടുത്തി കൊണ്ടുള്ള ഒരു ജാതി സർട്ടിഫിക്കേറ്റ് ചോദിച്ച യുവാവിനോട്, സാംകുട്ടി എന്ന പേരുള്ള ഒരാൾ ഒരിക്കലും ഒരു ഹിന്ദു ദളിത് സമുദായംഗം ആകില്ല എന്നു കണ്ടെത്തിയ വില്ലേജ് ഓഫീസറും തഹസീൽദാറും. ഇവരോട് രണ്ട് പേരോടു പൊറുത്താലും പൊറുക്കാനാനാകാത്ത മറ്റൊരു വ്യക്തിയുണ്ട്.

പ്രത്യേകിച്ച് ഒരു തെളിവിൻ്റെയും പിൻബലമില്ലാതെ, സാംകുട്ടി എന്ന ഒരു പേരുകൊണ്ട് മാത്രം പരിവർത്തന ക്രിസ്ത്യാനി എന്ന ജാതി സർട്ടിഫിക്കറ്റു നൽകിയ വില്ലേജ് ഓഫീസർ–തഹസിൽദാർ പ്രഭൃതികളുടെ തോന്ന്യാസത്തെ ശരിവച്ചുത്തരവ് ഇറക്കിയ കോട്ടയം ജില്ലാ കളക്ടർ ആയിരുന്ന ഈ മാഡം. കഴിഞ്ഞ ദിവസത്തെ മാതൃഭൂമിയിൽ വായിക്കാൻ ഇടയായ ഒരു വാർത്തയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു.

https://www.mathrubhumi.com/news/india/supreme-court-warns-rani-george-ias-1.9461961

സംശയിക്കേണ്ട ആൾ അതു തന്നെ. മറ്റൊരു സംസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നിരീക്ഷകയായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥ എന്ന നിലയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുമതി വാങ്ങാതെ പാരീസിലേക്ക് പോയ
അതേ ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് (Rani George IAS) തന്നെ. ഇപ്രകാരം സംസ്ഥാന സർക്കാരിനും ഖജനാവിനും, യാതൊരു ഗുണവും ഇല്ലാത്ത വിദേശയാത്രകൾ ഏറ്റവും കൂടുതലായി നടത്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥ എന്ന ബഹുമതിക്ക് അർഹയായ അതേ ഉദ്യോഗസ്ഥ.

സുപ്രീം കോടതി ജഡ്ജ് ആയി വിരമിച്ച ജസ്റ്റിസ് KM ജോസഫ് ആയിരുന്നു, അന്ന് കേരളാ ഹൈക്കോടതി ജഡ്ജ്. കളക്ടറുടെ ആ ഉത്തരവിനെ റദ്ദ് ചെയ്തുകൊണ്ട് തൻറെ സ്വന്തം ജാതി പറയാൻ സാംകുട്ടിക്ക്, ടിയാൻ്റെ ജാതി സർട്ടിഫിക്കേറ്റ് നൽകുവാൻ വിധിച്ചു ഉത്തരവായി.

സാംകുട്ടിയിലേക്ക് വീണ്ടും

എന്നാൽ ഹൈക്കോടതി വിധിച്ചിട്ടും, ദുരഭിമാനം തലക്ക് പിടിച്ച ഈ കളക്ടർ മേഡം സ്വന്തം ഉത്തരവ് റദ്ദ് ചെയ്ത കോടതി വിധി അംഗീകരിച്ചില്ലെന്ന് മാത്രമല്ല, മന:പൂർവ്വം പുതിയ ഉത്തരവ് ഇറക്കാതെ അതിനെ വൈകിപ്പിച്ചു.

ജാതി സർട്ടിഫിക്കേറ്റ് സമയത്ത് നൽകാനാകാത്തതിൻ്റെ പേരിൽ അന്ന് സാംകുട്ടി കഷ്ടപ്പെട്ടതിന് മാന്യതയുടെ ഒരു ഭാഷയിലും മറുപടി പറയാനാകില്ല. ടിയാൻ്റെ ഭാര്യ കവിത, സുഹൃത്തുക്കൾ ലാസർ ഷൈൻ, അഡ്വ.മായാ കൃഷ്ണൻ എന്നിവരുടെ അത്ര ശക്തമായ പിന്തുണയാണ് സാമിനെ അത്തരം ഒരു സാഹചര്യത്തിൽ സർവ്വ നാശത്തിൽ നിന്നും അതിജീവിപ്പിച്ചത്.

“കോടതിയ ലക്ഷ്യ നടപടികൾ നേരിട്ടേ അടങ്ങൂ” എന്ന അവരുടെ പിടിവാശിക്ക് മുന്നിൽ, ഒടുവിൽ സാം കുട്ടിയ്ക്കും അയാളുടെ അഭിഭാഷകനായ എനിക്കും കീഴടങ്ങേണ്ടി വന്നു. ഒടുവിൽ കോടതിയലക്ഷ്യത്തിൽ പണികിട്ടും എന്ന് ഉറപ്പായപ്പോൾ സാം കുട്ടിക്ക് സെർട്ടിഫിക്കേറ്റ് നൽകി കോടതിയിൽ നിന്നും മാപ്പിരന്നു.

സാംകുട്ടി കേസ്: ഒരു ഫ്ലാഷ്ബാക്ക്

ഈ കഥക്ക് ഒരു പിന്നാമ്പുറമുണ്ട്. അത് കൂടി പറഞ്ഞാലേ, ഈ കഥാപ്രസംഗം പൂർണ്ണമാകൂ.

നാടക രംഗത്ത് ആശയങ്ങളുടേയും സാധ്യതകളുടേയും പുതിയ ഒരു ലോകം സമ്മാനിച്ച് മലയാളികൾക്ക് എക്കാലത്തേക്കും അഭിമാന ഭാജനമായി മാറിയ ഡോ: സാം കുട്ടി പട്ടങ്കരി എന്ന അത്ഭുത പ്രതിഭക്ക്, ഈ നാട്ടിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിധിച്ച ദുരഭിമാനത്തിൻ്റെ, വെറുപ്പിൻ്റെ, ജാതീയ വിദ്വേഷം മൂലം അനുഭവിക്കേണ്ടി വന്ന നിസ്സഹായതയുടെ കഥ.

ബാബുരാമ ചന്ദ്രനെ കടമെടുത്ത് പറഞ്ഞാൽ,

“ആ കഥ…… , അത് –
വല്ലാത്തൊരു കഥയാണ്.”

സാം കുട്ടിയെക്കുറിച്ച്:

കല്ലറ എന്ന രാജ്യത്ത്, താമസിക്കുന്ന സാം കുട്ടിയുടെ അച്ഛനും അമ്മയും ഹിന്ദു മതത്തിലെ പുലയ സമുദായ അംഗങ്ങളാണ്. അവരുടെ മകനായി ജനിച്ച സാംകുട്ടി, കവിതയെ വിവാഹം കഴിച്ചു; അതും സ്വന്തം സമുദായത്തിൽ നിന്നും തന്നെ. ഈ വിവാഹത്തിൽ അവർക്ക് രണ്ട് കുട്ടികൾ ജനിച്ചു.

നാടകം രക്തത്തിൽ അലിഞ്ഞു ചേർന്ന സാംകുട്ടിക്ക് Delhi യിലെ സ്കൂൾ ഓഫ് ഡ്രാമയിലൊരു ജോലി കിട്ടി. ആ ജോലി സ്ഥിരപ്പെടുത്തുന്നതിൻ്റെ ഭാഗമായി, “ജാതി സർട്ടിഫിക്കേറ്റ്” ഉടനടി സമർപ്പിക്കണം എന്ന് വന്നതിനെ തുടർന്ന് നാട്ടിലുള്ള അച്ഛൻ വഴി, സാംകുട്ടി ജാതി സർട്ടിഫിക്കേറ്റിനുള്ള അപേക്ഷ സമർപ്പിച്ചു.

രംഗം: വില്ലേജ് ആഫീസ്:

സാംകുട്ടിയുടെ ജാതി സർട്ടിഫിക്കേറ്റിനുള്ള അപേക്ഷ മേൽ അന്വേഷണം നടത്തിയ വില്ലേജ് ഓഫീസർ, സാംകുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്യുന്നു..

വി.ഒ: നിങ്ങൾ സാംകുട്ടിയുടെ ആരാണ് ?

അച്ഛൻ : അവൻ എൻറെ മകനാണ്

വി.ഒ: നിങ്ങളുടെ പേര് എന്താണ് ?

അച്ഛൻ : തങ്കപ്പൻ എന്നാണ്

വി.ഒ: ഹിന്ദുമതത്തിലെ പുലയ സമുദായ അംഗമായ തങ്കപ്പാ, നിങ്ങൾ എന്തിനാണ് മകന് സാംകുട്ടി എന്ന പേരിട്ടത് ?

ആത്മാഭിമാനത്തിൽ കയറി ചൊറിഞ്ഞു കൊണ്ടുള്ള ഈ ചോദ്യം, അത്യാവശ്യം പൊതു പ്രവർത്തനം കൈ മുതലായുള്ള സാംകുട്ടിയുടെ അച്ഛനെ ഇത്തിരി നന്നായിട്ട് തന്നെ ചൊറിഞ്ഞു. തന്റെ മകന് എന്തു പേരിടണം എന്ന് താനല്ലേ തീരുമാനിക്കേണ്ടത് എന്നും തനിക്ക് ഇഷ്ടമുള്ള ഒരു പേരവനിട്ടു എന്നും പറഞ്ഞിടത്ത് കഥയുടെ ഒന്നാം ഭാഗം അവസാനിച്ചു എങ്കിലും തിരശ്ശീലയ്ക്കപ്പുറത്ത് രണ്ടാം ഭാഗത്തിൻ്റെ മിനുക്ക് പണി ഏതാണ്ട് അന്ന് തന്നെ തുടങ്ങിയെന്ന് പറയാം.

വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്:

സാം കുട്ടി, ഹിന്ദു മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതുകൊണ്ട് ഹിന്ദു പുലയ എന്ന സാമുദായിക സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള യോഗ്യതയില്ല എന്ന് റിപ്പോർട്ട് ചെയ്ത് കൊള്ളുന്നു.

തഹസീൽദാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസിൽ നിന്നും അറിയിച്ചതനുസരിച്ച് തഹസിൽദാറിനെ കാണാൻ സാം കുട്ടി ഡെൽഹിയിൽ നിന്നും താലൂക്കാഫീസിൽ എത്തി. അവിടെ ഒരു ബെഞ്ചിൽ തന്റെ ഊഴം കാത്തിരുന്ന സാംകുട്ടിയെ ആ തഹസിൽദാർ അകത്തേക്ക് വിളിപ്പിച്ചു. വീടിനെയും തൊഴിലിനെയും പറ്റിയൊക്കെ ചില ചോദ്യങ്ങൾ ചോദിച്ച ശേഷം, സാമിൻ്റെ മക്കളെ കുറിച്ച് ചോദിച്ചു. സാംകുട്ടി തൻ്റെ മക്കളുടെ പേര് പറഞ്ഞതും തഹസിൽദാർ, കയ്യിലിരുന്ന സാമിൻ്റെ ഫയൽ താഴെക്ക് വെച്ചു. കണ്ണാടി ഊരി മേശപ്പുറത്തും വെച്ചു. ഈ മുദ്രയുടെ അർത്ഥം മനസ്സിലാകാതെ പകച്ചുനിന്ന സാംകുട്ടിയോട്, ആ തഹസിൽദാർ മക്കളുടെ പേരുകൾ ഒന്നുകൂടി പറയാൻ സാമിനോട് പറഞ്ഞു.

സാം തൻ്റ മക്കളുടെ പേര് പറഞ്ഞു:

“മൂത്തയാൾ ഫയദോർ സാം ബ്രൂട്സ്”
“ഇളയവൻ റെമോൺ സാംസേജ്”

അർത്ഥ ഗർഭമായി താടി തടവി ചിരിച്ച തഹസീൽദാറിനോട്, ഈ പേരുകൾ യഥാക്രമം ദസ്തയോവ്സ്കി, ചെഗുവേര എന്നിവരുടെ പേരുകളാണ് എന്ന് പറഞ്ഞ് മനസ്സിലാക്കുവാൻ സാംകുട്ടി ശ്രമിച്ചു എങ്കിലും അത് കമഴ്ത്തിവെച്ച കപ്പിൽ വെള്ളമൊഴിച്ചതുപോലെയായി.

തഹസിൽദാറുടെ ഉത്തരവ്:

സാംകുട്ടിയുടെ കുടുംബം, വർഷങ്ങൾക്ക് മുൻപേ ഹിന്ദു മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതും അന്വേഷണത്തിൽകയാൽ, ടിയാൻ ഹിന്ദു മതത്തിലെ പുലയ സാമുദായ അംഗമല്ല എന്ന് കണ്ടെത്തി കൊണ്ട് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിച്ച് ഉത്തരവാകുന്നു.

ഒരു തെളിവിൻ്റെയും വസ്തതകളുടെയും അടിസ്ഥാനത്തിൽ അല്ലാതെ പുറപ്പെടുവിച്ച ഈ ഉത്തരവിനെതിരെ, സാംകുട്ടി കളക്ടർക്ക് അപ്പീൽ നൽകി. തൻറെ ജാതി സർട്ടിഫിക്കറ്റ് വേണ്ടിയുള്ള അവകാശം തെളിയിക്കുന്നതിന് ആവശ്യമായ മുഴുവൻ രേഖകളും സാംകുട്ടി കളക്ടറുടെ മുൻപാകെ ഹാജരാക്കിയെങ്കിലും സ്വാഭാവിക നീതി എന്ന നിലയിൽ അപേക്ഷകനായ സാംകുട്ടിയെ ഒരിക്കൽ പോലും കേൾക്കാതെ, തഹസിൽദാരുടെ ആ ഉത്തരവിനെ ശരി വെച്ച് കൊണ്ട് ആ കളക്ടർ അപ്പീൽ തീരുമാനമാക്കി.

ജില്ലാ കളക്ടറുടെ ഉത്തരവ്:

സാംകുട്ടിയുടെ കുടുംബം വർഷങ്ങൾക്ക് മുൻപേ ഹിന്ദു മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് എന്ന് വില്ലേജ് ഓഫീസർ തന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതും ആയത് തഹസിൽദാർ നടത്തിയ പുനരന്വേഷണത്തിൽ ശരിയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളതാകയാൽ, ടിയാൻ ഹിന്ദു മതത്തിലെ പുലയ സാമുദായ അംഗം എന്ന സർട്ടിഫിക്കറ്റിന് അർഹനല്ല എന്ന തഹസിൽദാരുടെ ഉത്തരവ് ശരിവെച്ചുകൊണ്ട് അപ്പീൽ തള്ളുന്നു.

ഈ ഉത്തരവിനെ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്ത സാംകുട്ടി തൻറെ വാദം തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ തെളിവുകളും അവിടെ ഹാജരാക്കുകയും അത് ബോധ്യപ്പെട്ട ഹൈക്കോടതി, ജില്ലാ കളക്ടറുടെ പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തു. ഹർജ്ജിയിൽ സാംകുട്ടി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കുവാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു.

ആ ഉത്തരവാണ് ഈ കഥയിലെ ഇന്നത്തെ സീനിയർ IAS അനുസരിക്കാൻ മനസ്സില്ല എന്ന നിലപാടെടുത്തത്.

വളരെ ക്ഷമാശീലനും സൗമ്യനും സഹൃദയനുമായ ജസ്റ്റിസ് KM ജോസഫ് സാർ പോലും അവരുടെ വാശിക്ക് മുന്നിൽ കീഴടങ്ങി കൊണ്ട്, ഒടുവിൽ ഈ ബഹുമാന്യയോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ വേണ്ടി ഉത്തരവ് നൽകി.

ഒടുവിൽ കളി കാര്യമായി തുടങ്ങി എന്ന് മനസ്സിലായതോടെ, കോടതി അലക്ഷ്യ നടപടിയിൽ നിന്നും രക്ഷപ്പെടാനായി, ടിയാൾ സാം കുട്ടിക്ക് ജാതി സർട്ടിഫിക്കറ്റ് നൽകി. സാംകുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കോടതി വഴി കിട്ടിയ ഒരൊന്നൊന്നര ജാതി സർട്ടിഫിക്കറ്റ്.

കാലത്തിൻ്റെ കാവ്യനീതി :

അന്നത്തെ ആ കോട്ടയം ജില്ലാ കളക്ടർ ആണല്ലോ ഇന്ന് സുപ്രീം കോടതിയിൽ നിന്നും ഈ പണി മേടിച്ച സീനിയർ IAS ആഫീസർ എന്നറിയുമ്പോൾ, അടാന രാഗത്തിൽ ഒരു സംഗീത ശകലം, ഒരു ചെവിയിലൂടെ കയറി മറു ചെവിയിലൂടെ ഇറങ്ങി പോയതു പോലെ ഒരു തോന്നൽ.

ചെലപ്പോ അതെൻ്റെ തോന്നലാകാം. പക്ഷേ അന്ന് അവർ എഴുതി കൊടുത്ത മാപ്പ്, ചുമ്മാ കോടതിയെ പറ്റിക്കാൻ മാത്രം ആയിരുന്നു എന്നും; കോടതിയല്ല ദൈവം വിചാരിച്ചാൽ പോലും തൻറെ സ്വഭാവം മാറില്ല എന്ന് അവർ തെളിയിക്കുകയായിരുന്നു എന്നാണ് ഈ വാർത്ത കാണുമ്പോൾ തോന്നുന്നത്.

എനിക്ക് തോന്നിയിട്ടുണ്ട് കാലം ചില നേരങ്ങളിൽ കോടാലിയുടെ വെട്ടു കൊണ്ട മരത്തിനെ പോലെയാണെന്ന്. കോടാലി ആ വെട്ട് വളരെ വേഗം മറക്കും എന്നാൽ മരം മറക്കില്ല, കാരണം വെട്ടു കൊണ്ടത് മരത്തിനല്ലേ ?

ADV C V Manuvilsan

#Manuvilsan #SamKuttyPattankary #LasarShine

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

One thought on “സാംകുട്ടിക്ക് ഓർമ്മയുണ്ടോ, സുപ്രീം കോടതിയുട തല്ല് വാങ്ങുന്ന ഈ IAS മാഡത്തിനെ ?

  1. ജാതീയതയെ (കേരളത്തിലെങ്കിലും) ഉമ്മറപ്പടിക്ക് പുറത്ത് നിർത്താൻ കഴിഞ്ഞെങ്കിലും തൊഴിലിടങ്ങളിൽ ഇന്ത്യയിലെമ്പാടും ശക്തമായി ആചരിക്കപ്പെടുന്നു! അവസരങ്ങൾ നിഷേധിക്കൽ , ഒറ്റപ്പെടുത്തൽ, പ്രസക്തമല്ലാത്ത ജോലികൾ നൽകുക തുടങ്ങി പൂർത്തിയാകാറായ പ്രൊജക്ടിൽ നിന്ന് അവസാന നിമിഷം മാറ്റപ്പെടുക എന്ന അവസ്ഥ വരെയുണ്ട്. ഗവേഷണ രംഗത്തെ ചതികൾ വർണനകൾക്കും അപ്പുറമാണ്. DRDO യിൽ പോലും ഇത്തരം ഭ്രഷ്ട് നേരിട്ടവരുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. മത രാഷ്ട്രീയം കൊഴുക്കുന്നത് വീണ്ടും ജാതീയത പൂത്തുലയാൻ കാരണമാകുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *