അര്‍ജ്ജുന്‍ റെസ്‌ക്യു: പാപക്കറ കഴുകി വെളുപ്പിച്ചെടുത്ത് കര്‍ണാടക കോണ്‍ഗ്രസ്

Thamasoma News Desk

കര്‍ണാടകയിലെ ഷിരൂരില്‍, അതിഭീകരമായ മണ്ണിടിച്ചിലുണ്ടായതിന്റെ രണ്ടാം ദിനവും വെറും രണ്ടു ജെ സി ബി കള്‍ മാത്രമുപയോഗിച്ച് മണ്ണുമാറ്റി റോഡ് ക്ലിയര്‍ ചെയ്യുന്നത് കണ്ട്, മണ്ണിനടിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസിനെയും മറ്റും സമീപിച്ച അര്‍ജ്ജുന്റെ (Arjune) ബന്ധുക്കള്‍ക്കു ലഭിച്ചത് വെറും നിസ്സഹകരണം മാത്രമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ആ സംഭവത്തിനോ മണ്ണിനടിയില്‍ പെട്ട ജീവനുകളെ രക്ഷപ്പെടുത്താനോ ആദ്യമണിക്കൂറുകളില്‍ ശ്രമിച്ചതേയില്ല. ഗംഗാവാലിപ്പുഴയില്‍ ആദ്യം നടത്തിയ തെരച്ചിലില്‍ ഏതാനും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സംതൃപ്തരായ കര്‍ണാടക ടീം റോഡ് ക്ലിയര്‍ ചെയ്യുന്ന പണികളിലാണ് ഏര്‍പ്പെട്ടത്. അന്ന് പുഴയില്‍ തെരച്ചില്‍ നടത്തിയവര്‍ പറഞ്ഞിരുന്നു, അര്‍ജ്ജുന്‍ ഓടിച്ച ട്രക്ക് പുഴയില്‍ ഇല്ലെന്ന്. രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണമായും കരയില്‍ കേന്ദ്രീകരിക്കാന്‍ മറ്റു രണ്ടു കാരണങ്ങള്‍ കൂടിയുണ്ട്.

അതില്‍ ഒന്നാമത്തേത് അപകടം നടന്നതിന്റെ പിറ്റേന്ന് അര്‍ജ്ജുന്റെ ഫോണ്‍ റിംഗ് ചെയ്തിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. അതോടൊപ്പം അര്‍ജ്ജുന്‍ ഓടിച്ച ട്രക്ക് ഓഫ് ആയ ശേഷം പിന്നീട് ഓണ്‍ ആയിട്ടുണ്ട് എന്ന് ട്രക്ക് ഉടമ മനാഫും പറഞ്ഞിരുന്നു. ഈ രണ്ടു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ജ്ജുനും ട്രക്കും പുഴയിലല്ല, മറിച്ച് കരയില്‍ മണ്ണിനടിയിലാണ് എന്ന ഉറച്ച വിശ്വാസത്തില്‍ രഞ്ജിത്ത് ഇസ്രായേലിയും മറ്റും എത്തിയത്. അക്കാര്യം ആ മനുഷ്യന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. പുഴയിലാണ് വീണതെങ്കില്‍ ട്രക്ക് ഓണാവില്ല, അതുമാത്രമല്ല, ഫോണ്‍ റിംഗ് ചെയ്യുകയുമില്ല. അതിനാല്‍, അര്‍ജ്ജുന്‍ റോഡിലാണ് ഉള്ളതെന്ന് രഞ്ജിത് ഉറപ്പിച്ചിരുന്നു.

ഇത്രയും വലിയ അപകടമുണ്ടായിട്ടും യാതൊരു കുലുക്കവുമില്ലാതെ, ജീവന്‍ രക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്താതിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെള്ളപൂശണമെങ്കില്‍ ചെറിയ കളികളൊന്നും പോരെന്ന് പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. ബന്ധുക്കളും മനാഫും പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാതെ, ട്രക്ക് ഓണ്‍ ആയി എന്നതും ഫോണ്‍ റിംഗ് ചെയ്തു എന്നതും സത്യമാണോ എന്നു പരിശോധിച്ചറിയേണ്ടതായിരുന്നു. അത് ആരും ചെയ്തില്ല. കരയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അതേ പ്രാധാന്യത്തോടെ പുഴയിലും നടത്തേണ്ടിയിരുന്നു. അതും ആരും ചെയ്തില്ല. അത്യന്താധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്ന് ട്രക്ക് എവിടെയാണ് മറഞ്ഞിരിക്കുന്നത് എന്നു കണ്ടെത്തുക എന്നതായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. കരയിലെ മണ്ണുമുഴുവന്‍ നീക്കി തപ്പിനോക്കിയിട്ടും കാണാതെ വന്നപ്പോഴാണ് കര്‍ണാടക സര്‍ക്കാര്‍ പുഴയിലേക്കു തിരിഞ്ഞത്. സമ്മര്‍ദ്ദമെന്നോ എന്തുതന്നെ വിളിച്ചാലും ഇതിനു ന്യായീകരണമില്ല.

അപകടത്തില്‍പ്പെട്ട് കാണാമറയത്തായ ജീവനുകളെ ഏതുവിധേനയും രക്ഷപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ, എന്നാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നു കണ്ട അങ്കലാപ്പില്‍ പറഞ്ഞ കെട്ടുകഥയാവാം ഫോണ്‍ റിംഗ് ചെയ്തതും എന്‍ജിന്‍ ഓണ്‍ ആയതുമെല്ലാം. അത് എന്തുതന്നെ ആയാലും അര്‍ജ്ജുന്‍ കരയിലെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്ന് വിശ്വസിക്കാന്‍ കാരണവും അതുതന്നെയാണ്.

മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ, രക്ഷാപ്രവര്‍ത്തനം പോലും നടത്താതെ വലിയൊരപകടത്തെ വെറും നിസ്സാരമായി തള്ളിക്കളഞ്ഞ കര്‍ണാടക സര്‍ക്കാരിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് നാനാഭാഗത്തു നിന്നും ഇപ്പോള്‍ നടക്കുന്നത്. റിപ്പോര്‍ട്ടിംഗില്‍ പാളിച്ച വന്നിട്ടുണ്ടാകാം. ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാനോ അര്‍ജ്ജുന്‍ കുടുങ്ങിക്കിടക്കുന്നത് എവിടെയെന്നു കൃത്യമായി പറയുന്നതിലോ തെറ്റു സംഭവിച്ചിരിക്കാം. അതൊന്നും കര്‍ണാടക സര്‍ക്കാര്‍ ചെയ്ത മനസാക്ഷിയില്ലാത്ത അനാസ്ഥയ്ക്ക് ന്യായീകരണമല്ല. കേരളത്തിലായിരുന്നു ഇത്തരമൊരു അപകടം സംഭവിച്ചതെങ്കില്‍ എല്ലാ ഭാഗത്തും ഒരുപോലെ തെരച്ചില്‍ നടത്തുമായിരുന്നു. വിലപ്പെട്ട സമയം ഈവ്വിധം പാഴാക്കിക്കളയില്ലായിരുന്നു. ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരും സംവിധാനവും മനുഷ്യജീവന് പുല്ലുവില പോലും കൊടുത്തില്ല. രക്ഷാദൗത്യം പത്തു ദിവസം നീളാനുള്ള കാരണവും അതുതന്നെ. എന്നിട്ടിപ്പോള്‍ ആരുടെയൊക്കെയോ ചുമലില്‍ കുറ്റഭാരം കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യന്റെ കണ്ണുനീരിന്റെ അളവെടുക്കുന്നവരുമുണ്ട്. രഞ്ജിത് ഇസ്രായേലിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തു തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന ‘എട്ടുമണി സൂര്യന്‍’ വിനു വി ജോണിന്റെ വിലാപവും കേട്ടു. എല്ലാ സംവിധാനങ്ങളും റിപ്പോര്‍ട്ടര്‍മാരുമെല്ലാം ഉള്ള വലിയൊരു മാധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ളവര്‍. തങ്ങള്‍ക്കു കിട്ടിയ വിവരം ശരിയാണെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും അവരത് ഉപയോഗപ്പെടുത്തിയില്ല. അതിനര്‍ത്ഥം വാര്‍ത്തയ്ക്കു വേണ്ടി എന്തും വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവരാണ് ഈ മാധ്യമങ്ങള്‍ എന്നുതന്നെയാണ്.

ഒരിടത്ത് തങ്ങളുടെ പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട ദു:ഖത്തില്‍ കഴിയുന്ന കുടുംബത്തെ ആക്രമിക്കുകയും അവര്‍ക്കെതിരെ ഹേറ്റ് ക്യാംബെയിനും നടത്തുക. മറ്റൊരിടത്ത്, സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മനുഷ്യനെതിരെ ഹേറ്റ് ക്യാംമ്പെയിന്‍ നടത്തുക. അയാളുടെ ചിത്രങ്ങള്‍ സി പി എം ലോഗോയ്‌ക്കൊപ്പം തിരുകിക്കയറ്റി എല്ലായിടത്തും പ്രചരിപ്പിക്കുക. എന്തുതരം മനുഷ്യരാണീ മലയാളികള്‍?

…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *