Jess Varkey Thuruthel & D P Skariah
വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത് ബലാത്സംഗമല്ല, വാഗ്ദാനലംഘനം മാത്രമെന്ന്….!
ബലാത്സംഗമെന്നത് അതിക്രൂരവും നിന്ദ്യവുമായൊരു കുറ്റകൃത്യമാണ്. ബലാത്സംഗത്തിന് ഇരയാകുന്നവരില്‍ അധികവും സ്ത്രീകള്‍ തന്നെ. പക്ഷേ അപൂര്‍വ്വമായി പുരുഷന്മാരും അതിന് ഇരയാകാറുണ്ട്. മനസിനെയും ശരീരത്തെയും ഇത്രമേല്‍ ക്രൂരമായി മുറിപ്പെടുത്താന്‍ കഴിയുന്ന മറ്റൊരു കുറ്റകൃത്യമില്ല. അത്രമേല്‍ നിന്ദ്യവും നീചവും നികൃഷ്ടവുമാണത്. ബലാത്സംഗമെന്ന കുറ്റകൃത്യവുമായി വിവാഹ വാഗ്ദാന ലൈംഗിക ബന്ധത്തെ ബന്ധപ്പെടുത്തുന്നത് ബലാത്സംഗത്തിന് ഇരയായവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കള്ളത്തരത്തിലൂടെയല്ല അനുമതി വാങ്ങേണ്ടതെന്നും മനസറിഞ്ഞു തരുന്ന അനുമതിയിലൂടെ വേണം ലൈംഗികതയില്‍ ഏര്‍പ്പെടാനെന്നും അല്ലാത്തത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നവയാണെന്നും നിയമ വിദഗ്ധര്‍ പോലും വാദിച്ചു. സ്ത്രീപക്ഷവാദികള്‍ തമസോമയ്‌ക്കെതിരെ വാളെടുത്തു…. പക്ഷേ, ഭയന്നു പിന്മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു.
വിവാഹം കഴിച്ചു കൊള്ളാമെന്ന ഉറപ്പിന്മേല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗികത അത്യന്തം ആസ്വാദ്യകരം തന്നെ. പരസ്പര സമ്മതപ്രകാരം ഇഷ്ടപ്രകാരമമുള്ള ലൈംഗികതയാണത്. അങ്ങനെ ആസ്വദിച്ച ലൈംഗികത, പിന്നീട് വാക്കു മാറുമ്പോള്‍ ബലാത്സംഗമായി മാറുന്നതെങ്ങനെ…?? ആസ്വദിച്ചു നടത്തിയ ലൈംഗികതയും ബലാത്സംഗവും ഒന്നാകുന്നത് എങ്ങനെ….?? ഒന്ന് സമാനതകളില്ലാത്ത കുറ്റകൃത്യം. മറ്റൊന്ന്, ഈ ഭൂമിയില്‍ ലഭിക്കാവുന്നതില്‍ വച്ചേറ്റവും ആസ്വാദ്യകരവും മനോഹരവുമായ നിമിഷങ്ങള്‍. അതെങ്ങനെ തുല്യമാകും….??
തമസോമയുടെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരു വാദവും അന്നുയര്‍ന്നിരുന്നു. സ്ത്രീ അവളുടെ ശരീരം പരിശുദ്ധമായിട്ടാണ് കാണുന്നതെന്നും വിവാഹത്തിലൂടെ മാത്രമേ ലൈംഗികത ആസ്വദിക്കൂ എന്നു തീരുമാനിച്ചിരുന്ന ഒരുവളെ പറ്റിക്കുകയാണ് വാഗ്ദാന പീഡനക്കാര്‍ ചെയ്യുന്നതെന്നും അതിനാല്‍ അതു ബലാത്സംഗമാണെന്നുമായിരുന്നു അവര്‍ ഉന്നയിച്ചത്. പക്ഷേ, ഇതിനും തമസോമയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. സ്വന്തം ശരീരം അത്രമേല്‍ പവിത്രമായി കാണുന്ന ഒരു സ്ത്രീ എന്തുകൊണ്ടാണ് ഒരു വാഗ്ദാനത്തില്‍ തൃപ്തിപ്പെട്ട് ലൈംഗികതയില്‍ ഏര്‍പ്പെട്ടത്…?? പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും വിവാഹം കഴിക്കണമെങ്കില്‍ രജിസ്റ്റര്‍ ഓഫീസില്‍ ഒന്നിക്കാമെന്നിരിക്കെ വെറും വാഗ്ദാനത്തില്‍ തൃപ്തിപ്പെട്ട് എന്തിന് ലൈംഗികതയില്‍ ഏര്‍പ്പെട്ടു?? വിവാഹം കഴിച്ചാല്‍ മാത്രമേ ലൈംഗികത പാടുള്ളുവെന്നു നിര്‍ബന്ധമുള്ള ഒരുവള്‍ എന്തുകൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലുമുള്ള ക്ഷമ കാണിച്ചില്ല??
സ്ത്രീകളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഇത്തരത്തില്‍ വളച്ചൊടിക്കുന്നതു മൂലം നീതി വേണ്ടവര്‍ക്കു കൂടി നീതി നിഷേധിക്കുകയാണ് ചെയ്യുന്നത്. ബലാത്സംഗങ്ങള്‍ക്ക് അറുതിവരുത്താനും ബലാത്സംഗികള്‍ക്ക് തക്ക ശിക്ഷ നല്‍കാനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
ലൈംഗികത എന്നത് ഓരോ മനുഷ്യന്റെയും ജൈവിക പ്രക്രിയയാണ്. വിവാഹത്തിനു മുന്‍പോ ശേഷമോ അതാസ്വദിക്കാന്‍ ഇന്ത്യന്‍ നിയമങ്ങള്‍ പ്രായപൂര്‍ത്തിയായ ഏതൊരു പൗരനും അനുവാദം നല്‍കുന്നുണ്ട്. പക്ഷേ, പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരുവനെയും കുടുക്കാന്‍ തക്ക ഒന്നായിരുന്നു വാഗ്ദാന ലംഘന ലൈംഗിക പീഡനം.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഏതെങ്കിലും കാരണവശാല്‍ വിവാഹത്തില്‍ നിന്നും പിന്മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗത്തിന് കേസു നല്‍കുന്ന പ്രവണത കൂടി വരികയായിരുന്നു. ഇതിനിടയിലാണ് കേരള ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണമെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പുനലൂര്‍ സ്വദേശിക്കെതിരെ യുവതി നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജ്ജിയിലാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍ ആ സ്ത്രീയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ സമാന കുറ്റം ചെയ്യുന്നതു പുരുഷനാണെങ്കില്‍ അയാളുടെ പേരില്‍ ബലാത്സംഗമുള്‍പ്പടെയുള്ള കേസ് ചുമത്തുകയും ചെയ്യും. ലിംഗ സമത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഒരു നാട്ടിലാണ് ഇത്തരം കടുത്ത വിവേചനം നിലനില്‍ക്കുന്നതെന്നത് വിചിത്രമാണ്.
തമസോമ എഴുതിയ മുന്‍ലേഖനം ലിങ്കില്‍ വായിക്കാം: