സിനിമ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ഷൂട്ടിംഗിനിടയില്‍ തീപ്പൊള്ളലേറ്റ വാര്‍ത്തയില്‍ സഹജീവിക്കൊരു അപകടം പറ്റിയതിലുള്ള ദു:ഖമല്ല പലര്‍ക്കുമുള്ളത്, പകരം ആ മനുഷ്യന്റെ കറുപ്പു നിറമാണ്. തൊലിയുടെ നിറം കറുപ്പായ വിഷ്ണു, വെളുത്ത നടീനടന്മാരുടെ രംഗത്തു വന്ന് ആധിപത്യം സ്ഥാപിച്ചതിലെ അസഹിഷ്ണുതയാണ് ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകളില്‍ പ്രതിഫലിക്കുന്നത്. ചിരി ഇമോജി ആയി ഇടുന്നവരുടെയും ഇനിയെന്തു കറുക്കാനാണെന്ന കമന്റിടുന്നവരുടേയും മനസിലുള്ള വൃത്തികെട്ട ജാതി ചിന്തയെ തോല്‍പ്പിക്കണമെങ്കില്‍ ആവശ്യം വേണ്ടത് അസാമാന്യ മനക്കരുത്തും ചങ്കുറപ്പുമാണ്. അല്ലാതെ, സ്വന്തം ജന്മത്തെ ശപിച്ച്, വ്യവസ്ഥിതിയെ പഴിച്ച് മരണത്തിലേക്കു നടന്നടുക്കുകയല്ല വേണ്ടത്.
കറുപ്പെന്നാല്‍ തങ്ങളുടെ അടിമവേല ചെയ്യേണ്ടവരെന്ന പുഴുജന്മകാഴ്ചപ്പാടുകളെ അതേപടി ഒപ്പിയെടുത്തു പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച സിനിമകളായിരുന്നു പുഴുവും ജനഗണമനയും. കറുത്ത തൊലിയുള്ളവരെല്ലാം മ്ലേച്ഛരാണെന്നും തങ്ങളുടെ കക്കൂസ് കഴുകുകയും തൂപ്പുജോലി ചെയ്യുകയും തങ്ങള്‍ എറിഞ്ഞിട്ടു കൊടുക്കുന്ന ആഹാരം കഴിച്ച് മിണ്ടാതിരിക്കുകയും ചെയ്യണമെന്ന സവര്‍ണ്ണ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച സിനിമകള്‍.
മതം രാഷ്ട്രീയത്തില്‍ കലര്‍ന്ന കാലം മുതല്‍ ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. അദികാരം പിടിച്ചടക്കാന്‍ വേണ്ടി ജാതി രാഷ്ട്രീയം കളിക്കുന്ന ഓരോ പാര്‍ട്ടികളും ഇവിടെ ഉണ്ടാക്കിയിട്ടുള്ളത് ജനങ്ങള്‍ തമ്മിലുള്ള ധ്രുവീകരണമാണ്.
അവഹേളിക്കുന്നവരുടെ പത്തി താഴണമെങ്കില്‍ ആത്മഹത്യ ചെയ്തു കളമൊഴിയുകയല്ല വേണ്ടത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ പോരടിക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ ബി ആര്‍ അംബേദ്കര്‍ ഇതിനേക്കാള്‍ ആയിരം ഇരട്ടി അവഹേളനങ്ങളും നിന്ദകളും പരിഹാസങ്ങളും മാറ്റിനിറുത്തലുകളും ഏറ്റുവാങ്ങിയാണ് ഇവിടെ ജീവിച്ചതും ഭരണഘടന എഴുതിയുണ്ടാക്കിയതെന്നും ജാതിയുടെയും നിറത്തിന്റെയും പേരില്‍ കുനിഞ്ഞ ശിരസുമായി നില്‍ക്കുന്ന ഓരോ മനുഷ്യരും മനസിലാക്കിയേ തീരൂ.
ജാതിയുടെയും മതത്തിന്റെയും ഭ്രാന്താലയമായിരുന്ന ഒരു ഭൂമികയില്‍ നിന്നും ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കുന്ന ശക്തിയിലേക്ക് ഒരു മനുഷ്യന്‍ വിജയിച്ചെത്തിയെങ്കില്‍ ആ മനസിലുണ്ടായിരുന്ന നിശ്ചയ ധാര്‍ഢ്യവും ചങ്കുറപ്പും എന്തുമാത്രമായിരുന്നുവെന്ന് ചിന്തിക്കുന്നതു നന്നായിരിക്കും.
ജാതിക്കോമരങ്ങളുടെ ഇളികിയാട്ടങ്ങളും കൊലവിളികളും കണ്ട് ഭയന്നോടിയിരുന്നെങ്കില്‍ ബി ആര്‍ അംബേദ്കര്‍ എന്ന വ്യക്തി ആരാലുമറിയപ്പെടാതെ മരിച്ചു മണ്ണടിയുമായിരുന്നു. എതിര്‍പ്പുകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു പോരാടാന്‍ കഴിയണം. ഈ നെറികെട്ട ജാതിവെറി മനുഷ്യമനസില്‍ നിന്നും പിഴുതെറിയണമെങ്കില്‍ തോറ്റോടുകയല്ല വേണ്ടത്. അന്തസോടെ, അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നേരിടുകയാണു വേണ്ടത്.
പുഴു ജന്മങ്ങളുടെ സ്ഥാനം അമേദ്യത്തിലാണ്. അവിടെക്കിടന്നവ നുളയ്ക്കട്ടെ.