ഇനിയുമെത്ര ശവങ്ങള്‍ വീഴണം, ഈ തട്ടിപ്പു ലോണ്‍ ആപ്പുകള്‍ക്കു തടയിടാന്‍?

Thamasoma News Desk 

എറണാകുളം കടമക്കുടിയില്‍, രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കാനിടയായതിനു പിന്നില്‍ ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് സംഘമാണ് എന്നതിനു വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വച്ചിട്ടായിരുന്നു കുടുംബം ആത്മഹത്യ ചെയ്തത്. എന്നാല്‍, ഇവരുടെ മരണ ശേഷം, ശില്‍പയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വാട്‌സ്ആപ്പുകളില്‍ ലഭിച്ചതോടെ ലോണ്‍ ആപ്പുകളാണ് ഈ മരണത്തിനു പിന്നിലെന്നു വ്യക്തമായി. ഇത്തരത്തില്‍, 25 പേര്‍ക്ക് സന്ദേശം ലഭിച്ചതായിട്ടാണ് സൂചന.

കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെ, തട്ടിപ്പു സംഘം ശില്‍പയുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയിരുന്നു. ഹിന്ദിയിലായിരുന്നു സന്ദേശമെങ്കിലും ഹിന്ദി അറിയുന്ന ആളെപ്പോലെയല്ല സംസാരിച്ചത് എന്നാണ് സന്ദേശം ലഭിച്ചവര്‍ പറയുന്നത്. ഭീഷണി സന്ദേശത്തിലുള്ളത് ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. പണം തിരിച്ചയച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ളത്.

ലോണ്‍ ആപ്പുകള്‍ മൂലം ജീവിതം അവസാനിപ്പിച്ച ആദ്യത്തെ കുടുംബമോ വ്യക്തികളോ അല്ല ഇവര്‍. ഇതിനു മുന്‍പും എത്രയോ പേര്‍ ലോണ്‍ ആപ്പിന്റെ കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തിരിക്കുന്നു!

പ്രളയവും മഹാമാരിയും തര്‍ത്തെറിഞ്ഞ ജീവിതമാണ് കേരളീയരുടേത്. പലര്‍ക്കും ഇന്നും ഇവയെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഏറെപ്പേരും ഇന്നു കടന്നു പോകുന്നത്. ഇത്തരക്കാരെ സഹായിക്കാനും ജീവിതത്തെ താങ്ങി നിറുത്താനും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കനത്ത ശമ്പളമാണ് ഇന്നു ലഭിക്കുന്നത്. അപേക്ഷിക്കുന്ന മാത്രയില്‍ തന്നെ അവര്‍ക്ക് ലോണുകളും ലഭ്യമാണ്. എന്നുമാത്രമല്ല, രോഗത്തിനു ചികിത്സയും വിശ്രമവുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ തന്നെ നടക്കും. പക്ഷേ, സര്‍ക്കാര്‍ ജോലിയില്ലാത്ത, സ്ഥിരവരുമാനമില്ലാത്ത ഒരു വ്യക്തിക്ക് യാതൊരു തരത്തിലുമുള്ള സഹായങ്ങള്‍ ലഭ്യമല്ല. സിബില്‍സ്‌കോറിന്റെയും തിരിച്ചടവ് ശേഷിയുടെയും പേരില്‍ ബാങ്കുകള്‍ ഇവര്‍ക്കു ലോണ്‍ കൊടുക്കില്ല. ഇത്തരക്കാര്‍ മുന്‍പ് ചെന്നു പെട്ടിരുന്നത് ബ്ലേഡു കമ്പനികളുടെ കൈകളിലായിരുന്നു. കൊള്ളപ്പലിശയ്ക്കു പണം കടം കൊടുക്കുന്നവരുടെ കെണിയില്‍പ്പെട്ട് മുന്‍പ് നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ബ്ലേഡുകാരെ നിയന്ത്രിക്കുന്നതിനും തടയിടുന്നതിനും സര്‍ക്കാരുകള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. എന്നാലിന്ന് ആ ജോലി ഏറ്റെടുത്തിരിക്കുന്നത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളാണ്.

ബ്ലേഡുകാരുടെ ഭീഷണികള്‍ ഒരു നാട്ടില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വന്നതോടെ, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ചെടുത്ത് നാണംകെടുത്തി മരണത്തിലേക്കു തള്ളിവിടുകയാണ് ഇത്തരം കൊള്ള സംഘങ്ങള്‍.

ബാങ്കുകള്‍ നിഷ്‌കരുണം തള്ളിക്കളയുമ്പോള്‍, ഒരിടത്തു നിന്നും ലോണ്‍ കിട്ടാതെ വരുമ്പോള്‍, ഇത്തരം തട്ടിപ്പു സംഘങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഇവര്‍. സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ ഉള്ള സമാധാനം കൂടി തകര്‍ത്തെറിഞ്ഞ് മരണത്തിലേക്കു തള്ളിവിടുന്ന ലോണ്‍ ആപ്പുകളെയും തട്ടിപ്പു പണമിടപാടു സ്ഥാപനങ്ങളെയും നിലയ്ക്കു നിറുത്താന്‍ സര്‍ക്കാരിനു കഴിയണം. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം സുഭിക്ഷമായി ജീവിച്ചാല്‍ മതിയെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയേ തീരൂ. കനത്ത ശമ്പളവും മറ്റെല്ലാ ആനുകൂല്യങ്ങളും നല്‍കി ജനങ്ങളെ സേവിക്കാന്‍ തയ്യാറല്ലാത്ത വലിയൊരു വിഭാഗം ജീവനക്കാരെ സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നു. ജനങ്ങളുടെ ആവശ്യങ്ങളോടു മുഖം തിരിക്കുന്ന, പണിയെടുക്കാന്‍ യാതൊരു താല്‍പര്യവുമില്ലാത്ത, വെറുതെയിരുന്നു ശമ്പളം വാങ്ങുന്ന ഇത്തരക്കാരെ താങ്ങിനിറുത്താന്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറിലൊന്നു മതി, പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍.

സഹായം വേണ്ടതും കൈത്താങ്ങാവേണ്ടതും അത് ആവശ്യമുള്ളവര്‍ക്കാണ്. അതു നല്‍കാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ ജനകീയ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സ്വന്തം ജനതയെ മരണത്തിലേക്കു തള്ളിവിടുന്ന കൊള്ള സംഘങ്ങള്‍ക്കെതിരെ കനത്ത നടപടികള്‍ സ്വീകരിക്കാത്തിടത്തോളം കാലം മനുഷ്യര്‍ സ്വയം മരണം തെരഞ്ഞെടുക്കും. ഇനിയൊരാള്‍ പോലും ഇത്തരത്തില്‍ കടക്കെണിയില്‍ വീണു മരിക്കാതിരിക്കണമെങ്കില്‍ ഈ കൊള്ളസംഘത്തെ പിടിച്ചു കെട്ടിയേ തീരൂ.


Leave a Reply

Your email address will not be published. Required fields are marked *