ഏകീകൃത സിവില്‍കോഡ്: പരിഷ്‌കൃത സമൂഹത്തിന്റെ ആണിക്കല്ല്

Jess Varkey Thuruthel

ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി മത വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന നിയമങ്ങളെ ഒറ്റ നിയമത്തിനു കീഴില്‍ കൊണ്ടുവന്നത് 1840 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആയിരുന്നു. ജാതി മത വര്‍ണ്ണവെറികള്‍ കൊടികുത്തി വാണിരുന്ന അക്കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍, തെളിവുകള്‍, കരാറുകള്‍ എന്നിവ മാത്രമേ ഏകീകൃത നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു പോലും സാധിച്ചിരുന്നുള്ളു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തിനിയമങ്ങളെക്കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അന്ന് സര്‍ക്കാരിനു കഴിയാതെ പോയി.

യൂണിഫോം സിവില്‍ കോഡിലൂടെ ഇന്ത്യയെ നവീകരിക്കാന്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ നടത്തിയ ശ്രമങ്ങളെ എതിര്‍ത്തത് പ്രധാനമായും മുസ്ലീങ്ങളായിരുന്നു. മതത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കടുത്ത വിവേചനങ്ങള്‍ക്കും നീതികേടുകള്‍ക്കും തടയിടാനായി ഒരു നിയമം കൊണ്ടുവരാന്‍ ബി ആര്‍ അംബേദ്ക്കറെപ്പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ജാതി മതങ്ങളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സാധിക്കാതെ പോയി.

ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുന്നതിനു വേണ്ടി 1946 ല്‍ രൂപീകൃതമായ ഭരണഘടന നിര്‍മ്മാണ സഭയില്‍ രണ്ടു ഗ്രൂപ്പില്‍പ്പെട്ട അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കറെപ്പോലുള്ള ധിഷണാശാലികള്‍ ഏകീകൃത സിവില്‍കോഡിനു വേണ്ടി വാദിച്ചപ്പോള്‍ മുസ്ലീം പോലുള്ള മതവിഭാഗങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തു. ഭരണഘടന നിര്‍മ്മാണ സഭയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെല്ലാം ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുകയായിരുന്നു. അതിനവര്‍ ഉയര്‍ത്തിപ്പിടിച്ചതു തന്നെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 ലെ പാര്‍ട്ട് 4 പ്രതിബാധിക്കുന്ന സംസ്ഥാന നയത്തിന്റെ നിര്‍ദ്ദേശ തത്വങ്ങള്‍ ആയിരുന്നു. ഏകീകൃത സിവില്‍ കോഡ് ഈ നിര്‍ദ്ദേശ തത്വങ്ങളെ ഹനിക്കുന്നവ ആയിരുന്നില്ല. പക്ഷേ, വ്യക്തി നിയമങ്ങളില്‍ ഇതു നടപ്പിലാക്കാന്‍ ഇന്ത്യയിലെ ന്യൂനപക്ഷ മതസമൂഹം പ്രത്യേകിച്ച് മുസ്ലീങ്ങള്‍ അനുവദിച്ചില്ല.

ഹിന്ദു നിയമങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി നിരവധി ബില്ലുകള്‍ ഇക്കാലയളവില്‍ പാസാക്കി. ഹിന്ദു മാര്യേജ് ആക്ട് 1955, ഹിന്ദു പിന്തുടര്‍ച്ചാ നിയമം 1956, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട് 1956, ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട് 1956 തുടങ്ങിയവയാണ് ഇവ. ഹിന്ദു കോഡ് ബില്‍ എന്നറിയപ്പെടുന്ന ഈ നിയമങ്ങള്‍ ബുദ്ധ, സിഖ്, ജൈന മതക്കാര്‍ക്കു മാത്രമല്ല ഹിന്ദുമതത്തിലെ എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ബാധകമായി. അതോടെ, സ്ത്രീകള്‍ക്ക് വിവാഹ മോചനം, സ്വത്ത് എന്നിവയ്ക്ക് അവകാശം ലഭിക്കുകയും ദ്വിഭാര്യാത്വം ബഹുഭാര്യാത്വം എന്നിവ നിറുത്തലാക്കുകയും ചെയ്തു.

ഷാ ബാനോ കേസ്


മുഹമ്മദ് അഹമ്മദിനെതിരെ ഷാ ബാനോ ബീഗം നല്‍കിയ കേസ് ഷാ ബാനോ കേസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1985 ലായിരുന്നു ഇത്. തന്റെ 40 വര്‍ഷത്തെ വിവാഹ ജീവിതം ഒറ്റ നിമിഷം കൊണ്ട് മുത്തലാക്കിലൂടെ അവസാനിപ്പിച്ച ഭര്‍ത്താവ് അഹമ്മദ് ഖാനെതിരെ ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 125 പരിപാലന നിയമ പ്രകാരം സംരക്ഷണാവകാശം ആവശ്യപ്പെട്ട് ഷാ ബാനോ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ സുപ്രീം കോടതി വിധി ഷാ ബാനോയ്ക്ക് അനുകൂലമായിരുന്നു. ഈ വിധി ജാതി മതങ്ങള്‍ക്കും അധീതമായി ഇന്ത്യയിലെ എല്ലാവര്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി വിധിച്ചു. സമൂഹത്തില്‍ നടക്കുന്ന ഇത്തരത്തിലുള്ള അനീതികളും കടുത്ത നീതികേടുകളും അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുകയാണ് ഏക പോംവഴിയെന്ന് അന്നത്തെ ചീഫ് ജസ്റ്റിസായ ഐ വി ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ലമെന്റിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍, അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിന് കോടതിയുടെ ഈ നിര്‍ദ്ദേശം സ്വീകാര്യമായില്ല. ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നതിനു പകരം മുസ്ലീം വിമന്‍ ആക്ട് 1986 (വിവാഹ മോചന അവകാശ സംരക്ഷണം) നടപ്പാക്കുകയാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ ചെയ്തത്. ഇതോടെ, ഷാ ബാനോ കേസിലെ സുപ്രീം കോടതി നിര്‍ദ്ദേശം അസാധുവാകുകയും ഡിവോഴ്‌സ് കേസില്‍ മുസ്ലീം വ്യക്തി നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതേത്തുടര്‍ന്ന്, വിവാഹ മോചിതയാകുന്ന മുസ്ലീം സ്ത്രീയ്ക്ക് പരിപാലന അവകാശം ലഭിക്കുന്നത് വെറും മൂന്നുമാസത്തേക്കു മാത്രമായി. പിന്നീടുള്ള അവളുടെ പരിപാലനം ബന്ധുക്കള്‍ക്കും വഖബ് ബോര്‍ഡിനുമായി.

സര്‍ള മുഡ്ഗല്‍ കേസ്

സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് ഏകീകൃത സിവില്‍ കോഡ് വീണ്ടുമെത്തിച്ച കേസായിരുന്നു സര്‍ള മുഡ്ഗല്‍ കേസ്. ഈ കേസിലെ എതിര്‍കക്ഷി കേന്ദ്ര സര്‍ക്കാരായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ച ഒരു ഹിന്ദുവിന് ഇസ്ലാം നിയമ പ്രകാരം രണ്ടാമതൊരു വിവാഹം കഴിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ഈ കേസ്. രണ്ടു വിവാഹങ്ങള്‍ കഴിക്കാനായി ഇസ്ലാം മതം സ്വീകരിക്കുന്നത് വ്യക്തിനിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 118-ാം വകുപ്പ് ക്രിസ്ത്യാനികളോടു കാണിക്കുന്നത് കടുത്ത വിവേചനമാണെന്നു കാണിച്ച് മലയാളിയും പുരോഹിതമുമായ ജോണ്‍ വള്ളമറ്റം 1997 ല്‍ സുപ്രീം കോടതിയില്‍ ഒറു റിട്ട് ഹര്‍ജ്ജി മസര്‍പ്പിച്ചു. മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്വത്ത് വില്‍ക്കുന്നതില്‍ അകാരണമായ നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത് എന്നു കാണിച്ചായിരുന്നു ഈ ഹര്‍ജ്ജി.

ഹര്‍ജ്ജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ്മാരായ വി വി ഖാരെ, ജസ്റ്റിസ് എസ് ബി സിന്‍ഹ, ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍ എന്നിവര്‍ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചു. ആര്‍ട്ടിക്കിള്‍ 44 പ്രകാരം ഇന്ത്യയിലുടനീളമുള്ള എല്ലാ പൗരന്മാര്‍ക്കുമായി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതായി ജസ്റ്റിസ് ഖാരെ നിര്‍ദ്ദേശം നല്‍കി. ‘ഭരണഘടനയുടെ 44-ാം അനുച്ഛേദം പ്രാബല്യത്തില്‍ വരുത്താത്തതില്‍ ഖേദമുണ്ട്. രാജ്യത്ത് പൊതു സിവില്‍ കോഡ് രൂപീകരിക്കാന്‍ പാര്‍ലമെന്റ് ഇനിയും ഇടപെടേണ്ടതുണ്ട്. ആശയങ്ങളില്‍ അധിഷ്ഠിതമായ വൈരുദ്ധ്യങ്ങള്‍ നീക്കി ഇന്ത്യയുടെ ഉന്നതിക്കായി ഒരു പൊതു സിവില്‍ കോഡ് സഹായിക്കും,’ ഖാരെ അഭിപ്രായപ്പെട്ടു.

വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചവകാശം/സ്വത്തവകാശം, ദത്തെടുക്കല്‍ എന്നീ നാലു വിഷയങ്ങളാണ് ഏകീകൃത സിവില്‍ കോഡ് കൈകാര്യം ചെയ്യുന്നത്.
ഇതു നടപ്പിലാകുന്നതോടെ, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുഞ്ഞുങ്ങളെ വിവാഹം കഴിക്കാന്‍ സാധിക്കില്ല, ഭാര്യയെ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ള രീതിയില്‍ ഉപേക്ഷിച്ച് ബന്ധം അവസാനിപ്പിക്കാനുള്ള അവസരം ഉണ്ടാവില്ല, ഉപേക്ഷിക്കുന്ന ഭാര്യയ്ക്ക് സ്വയം ജീവിക്കാനുള്ള പ്രാപ്തി ഉണ്ടാകുന്നത് വരെ ചിലവിനു കൊടുക്കേണ്ടി വരും, ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവസരം നഷ്ടപ്പെടും, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ സ്വത്തുക്കള്‍ ഒരേപോലെ ഭാഗം വെക്കേണ്ടി വരും. ന്യൂനപക്ഷ മതങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലീം മതത്തില്‍ നടക്കുന്ന ഈ കടുത്ത അനീതികള്‍ അവസാനിക്കും. അതിനാല്‍, മുസ്ലീങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നു.

ഇന്ത്യയിലെ ഓരോ പൗരന്റെയും വ്യക്തിപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഒരുകൂട്ടം നിയമങ്ങള്‍ അടങ്ങിയതാണ് ഏകീകൃത സിവില്‍ കോഡ്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. സ്ത്രീകളോടുള്ള വിവേചനവും അനീതിയും അവസാനിപ്പിക്കാന്‍ മാത്രമല്ല, രാജ്യത്തിന്റെ മതേതരത്വത്തെ ശക്തിപ്പെടുത്താനും ഐക്യം നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. യഥാര്‍ത്ഥ മതേതര ഇന്ത്യയുടെ ആണിക്കല്ലാണിത്. അത്യന്തം പുരോഗമന പരമായ ഈ പരിഷ്‌കാരം മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ എതിര്‍ക്കുന്നത് പരിഷ്‌കൃത മനുഷ്യനു ചേര്‍ന്നതല്ല.

നമ്മുടെ മൗലീകാവകാശങ്ങള്‍ക്ക് വിരുദ്ധമായ വിവേചനങ്ങളും അസമത്വങ്ങളും അവസാനിപ്പിച്ച് ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയെ നവീകരിക്കേണ്ടതുണ്ട്. ജാതി, മതം, ഗോത്രം, താമസസ്ഥലം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായ ക്രിമിനല്‍ കോഡ് ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍, വ്യക്തിനിയമങ്ങള്‍ നിയന്ത്രിക്കുന്ന വിവാഹ മോചനവും പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ട ഏകീകൃതമായ ഒരു കോഡും ഇന്ത്യയില്‍ നിലവിലില്ല. നികുതി നിയമങ്ങളിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ടതാണ് യു സി സി. ഗിഫ്റ്റ്, ഡീഡുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഖാപ് പഞ്ചായത്തുകള്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തുന്ന ദുരഭിമാനക്കൊലകള്‍ക്കെതിരെയും ഫലപ്രദമായ മാര്‍ഗ്ഗമാണ് യു സി സി.

യു സി സി നടപ്പാകുന്നതോടെ മതനിയമങ്ങള്‍ അവസാനിക്കും. പൗരന്മാരുടെ അവകാശങ്ങള്‍ക്ക് അനുയോജ്യമായ സംരക്ഷണവും ലഭിക്കും. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് ആണെന്നോ പെണ്ണെന്നോ ട്രാന്‍സെന്നോ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ ഓരോ പൗരനും അവരുടെ മൗലികവും ഭരണഘടനാ പരമവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയേ തീരൂ. യു സി സിയിലൂടെ നമ്മുടെ രാജ്യത്തിന്റെ മതേതരത്വവും ദേശീയ അഖണ്ഡതയും ശക്തിപ്പെടുത്താനാകും.



Leave a Reply

Your email address will not be published. Required fields are marked *