മരണം വരെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയുമെങ്കിലും മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് ഉറ്റവരെ പറഞ്ഞേല്‍പ്പിക്കാന്‍ മാത്രമേ ഓരോ മനുഷ്യനും സാധിക്കുകയുള്ളു. അവരവരുടെ ആചാരമനുസരിച്ച് മൃതശരീരങ്ങള്‍ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. മൃതശരീരങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതു തന്നെ പ്രകൃതിക്കു ദോഷമാണെന്നിരിക്കെ ശ്മശാനങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ വര്‍ഷങ്ങളായി അടക്കം ചെയ്യുന്നതു നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നു. ഇതെല്ലാം ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പെട്ടെന്നൊരു മാറ്റം സാധിക്കില്ല.
മൃതശരീരം കത്തിച്ചു ചാമ്പലാക്കിയ ശേഷം ആ ചാരം ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതിനു പകരം നാം അധിവസിച്ച മണ്ണില്‍ തന്നെ അലിഞ്ഞു ചേരുന്നതിനെക്കാള്‍ വലിയ മഹത്തായ കര്‍മ്മമെന്താണുള്ളത്…?? പ്രേതഭൂത പിശാചുക്കളെ സംബന്ധിച്ച പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞു പറ്റിച്ചാണ് ഇക്കാലമത്രയും മൃതശരീരം നാം ജീവിക്കുന്ന ചുറ്റുപാടു വിട്ട് ദൂരെയൊരിടത്ത് അടക്കം ചെയ്യാന്‍ ആരംഭിച്ചത്. ഇപ്പോഴും ഈ കഥകള്‍ക്കൊന്നും ക്ഷാമവുമില്ല. ജീവിച്ചിരുന്ന കാലമത്രയും നമ്മുടെ ഉറ്റവരും ഉടയവരും ആയിരുന്നവര്‍ മരിച്ച ശേഷം നമുക്കെതിരെ യുദ്ധം ചെയ്യാനും നമ്മെ കടിച്ചു കീറാനും പല്ലും ദംഷ്ട്രകളും ചോരയൊലിക്കുന്ന വായുമായി നമ്മെ തേടിയെത്തുന്നതിന്റെ യുക്തിയെക്കുറിച്ചും ആരും ചോദ്യം ചെയ്തിട്ടില്ല. ഇതെല്ലാം ചിലര്‍ക്ക് ജീവിക്കാനുള്ള ഉപാധികളായതിനാല്‍ അവരാ കഥകളെ പൊലിപ്പിച്ചെടുത്തു.
പുണ്യനദികളായി നമ്മള്‍ കരുതുന്ന ഗംഗയും യമുനയും ഗോദാവരിയുമെല്ലാം മാലിന്യങ്ങള്‍ പേറിയാണ് ഒഴുകുന്നത്. ഇവയെല്ലാം ഇത്തരത്തില്‍ മലീമസമായതിനു പിന്നില്‍ ആചാരങ്ങള്‍ക്കു വലിയ പങ്കുണ്ട്.
ഈ പ്രപഞ്ചത്തില്‍ ഏതെങ്കിലുമൊരു ദൈവമുണ്ടെങ്കില്‍ അത് ഈ പ്രപഞ്ചം തന്നെയാണ്. മനുഷ്യന്റെ ജനനത്തോടെയാണ് അതിന്റെ നാശമാരംഭിച്ചത്. പ്രകൃതിയെയും അതിലെ സര്‍വ്വ ചരാചരങ്ങളെയും ദ്രോഹിക്കാതെ ജീവിച്ചു മരിച്ചു പോകേണ്ടതിനു പകരം അവയെ കഴിയുന്നത്ര മലീമസമാക്കി കടന്നുപോകുകയാണ് ഓരോ മനുഷ്യരും. ദൈവത്തിന്റെ പേരില്‍, ആചാരത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യാനുള്ളതല്ല എന്റെ മൃതദേഹമെന്നും മരിച്ച ശേഷം ദഹിപ്പിച്ച് ആ ചാരം ഞാന്‍ ജീവിക്കുന്ന എന്റെ മണ്ണില്‍ ഏതെങ്കിലുമൊരു വൃക്ഷത്തിനു ചുവട്ടില്‍ കുഴിച്ചിടണമെന്നും മക്കളെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. അതിനിടയിലാണ് ഈ കുറിപ്പ്……
Manoj Ravindran Niraksharan
ആചാരത്തില്‍ ഒരു ചെറിയ മാറ്റം !
—————————————-
ഹിന്ദു ആചാരപ്രകാരം ശവസംസ്‌ക്കാരത്തിന് ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്. തുടര്‍ കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ അസ്ഥികള്‍, ചിതയില്‍ കത്തിയമര്‍ന്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എടുത്തശേഷം, ബാക്കിയുള്ള അസ്ഥികളും ചാരവുമെല്ലാം കടലില്‍ ഒഴുക്കുന്ന രീതിയാണ് വൈപ്പിന്‍ ദ്വീപ് വാസിയായ ഞാന്‍ ചെറുപ്പം മുതല്‍ കണ്ടിട്ടുള്ളത്.
.
തുടര്‍ കര്‍മ്മങ്ങള്‍ക്ക് വേണ്ടി ശേഖരിച്ച ചുരുക്കം അസ്ഥികള്‍ പിന്നീട് ആലുവ, തിരുനെല്ലി, രാമേശ്വരം എന്നിവിടങ്ങളിലെ നദികളിലോ സമുദ്രത്തിലോ ആണ് ചെന്നെത്തുന്നത്. വിശ്വാസികള്‍ക്ക് അത് ഒഴിവാക്കാന്‍ പറ്റാത്ത കാര്യം തന്നെയാകാം. പക്ഷേ…..
.
തുടര്‍ കര്‍മ്മങ്ങള്‍ക്ക് ആവശ്യമില്ലാത്ത അസ്ഥികളും ചാരവുമെല്ലാം കടലിലും നദികളിലും നിക്ഷേപിക്കുന്നതില്‍ ഒരു വലിയ ശരികേടില്ലേ? എല്ലാ മതവിഭാഗക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും ഒരുപോലെ അവകാശമുള്ള പൊതുസ്ഥലങ്ങളാണ് അതെല്ലാം. എല്ലാവരും ഏകോദര സഹോദരങ്ങളായി കഴിഞ്ഞു പോരുന്ന നാടായതുകൊണ്ട് എതിര്‍പ്പുകള്‍ ഉണ്ടാകുന്നില്ല എന്നേയുള്ളൂ. ഭൗതികാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ അടക്കം കടലില്‍ തള്ളുന്നതും കാണാനിടയായിട്ടുണ്ട്.
.
പരിസ്ഥിതിക്കും മറ്റ് മനുഷ്യര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ സ്വയം മനസ്സിലാക്കി തിരുത്തേണ്ടത് അവനവനാണ്. കാലാകാലങ്ങളായി തിരുത്തലുകളിലൂടെ കടന്നു പോയിട്ടുണ്ട് ജനങ്ങള്‍. ഇനിയുമത് തുടരുക തന്നെ വേണം.
സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ ഇന്നുവരെ ഞാന്‍ ഏറ്റവുമധികം കേട്ടുപോരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവാണ് സഹോദരന്‍ അയ്യപ്പന്‍. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിക്കപ്പെട്ട, ‘സഹോദരന്‍ മെമ്മോറിയല്‍’ ഹൈസ്‌ക്കൂളിലായിരുന്നു എന്റെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. എന്റെ അമ്മ കായികാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചതും സഹോദരിമാരില്‍ ഒരാള്‍ പഠിപ്പിച്ചിരുന്നതും ചെറായി എന്ന സ്ഥലത്തുള്ള ഇതേ സ്‌ക്കൂളില്‍ത്തന്നെ.
.
സഹോദരന്‍ അയ്യപ്പന്റെ കുടുംബാംഗങ്ങള്‍ (കാക്കനാട് വീട്) പലരും, മരണശേഷം അസ്ഥികളും ചാരവും പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കാറില്ല. സ്വന്തം പുരയിടത്തിലെ തെങ്ങിന്റേയും മരങ്ങളുടേയും ചുവട്ടില്‍ തടമെടുത്ത് മൂടുകയാണ് പതിവ്. അവരില്‍ പലരും യുക്തിവാദികളായതുകൊണ്ടും യാതൊരുവിധ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാത്തവരുമായതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് മറുവാദം ഉണ്ടായേക്കാം. ശരിയായിരിക്കാം. പക്ഷേ, വിശ്വാസങ്ങള്‍ നിഷേധിക്കാതെ തന്നെ ചെറിയ ചില സാമൂഹിക അപാകതകള്‍ എങ്ങനെ തിരുത്താം എന്നതാണല്ലോ വിഷയം.
.
അഞ്ച് ദിവസം മുന്‍പാണ് (26 ജൂലായ് 2022) എന്റെ അമ്മ മരിച്ചത്. അസ്ഥിസഞ്ചയനം ഇന്നലെ (31ജൂലായ്) ആയിരുന്നു. അമ്മ ഒരു വിശ്വാസി ആയിരുന്നതുകൊണ്ടുതന്നെ കര്‍മ്മങ്ങള്‍ക്ക് ആവശ്യമുള്ളതൊഴികെ ബാക്കിയെല്ലാ അസ്ഥികളും ചാരവും, അമ്മ പറഞ്ഞുവെച്ചിരുന്നത് പ്രകാരം പുരയിടത്തിലെ തെങ്ങുകളുടെ ചുവട്ടില്‍ത്തന്നെ അടക്കം ചെയ്തു. സഹോദരന്‍ അയ്യപ്പന്റെ പേരിലുള്ള സ്‌ക്കൂളില്‍ ജോലി ചെയ്ത ഒരദ്ധ്യാപിക അത്രയെങ്കിലും ചെയ്യണമല്ലോ.
.
ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളതായി അറിവില്ല. നാട്ടുകാരില്‍ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പരേതയുടെ ആഗ്രഹം നടപ്പിലാക്കുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് പറഞ്ഞ് അതവഗണിച്ചു. മാറ്റങ്ങളെല്ലാം ഒറ്റയടിക്ക് ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും പറ്റണമെന്നില്ല. മെല്ലെ മെല്ലെ ശരിയായിക്കോളും. പക്ഷേ, തുടര്‍ച്ചകളുണ്ടായാല്‍ മാത്രമേ മാറ്റങ്ങള്‍ പൂര്‍ണ്ണമാകൂ എന്ന് മാത്രം. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം പങ്കുവെക്കുന്നത്.
.
തെങ്ങിന്‍ ചുവട്ടില്‍ അസ്ഥികള്‍ കിടക്കുന്നല്ലോ എന്ന അസ്വസ്ഥത ആര്‍ക്കുമുണ്ടാകേണ്ടതില്ല. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിയിരുന്ന നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ അസ്ഥികളാണത്. അനാഥമായി എവിടെയോ കിടക്കുന്നതിലും ഭേദം നമ്മുടെ പുരയിടത്തില്‍ത്തന്നെ അതുണ്ടാകുന്നതല്ലേ ഭംഗിയും സ്‌നേഹവും. കത്തിയമര്‍ന്ന അസ്ഥികളാണത്. ഒട്ടും വൈകാതെ പൊടിഞ്ഞ് മണ്ണില്‍ ലയിച്ചോളും. അത്രതന്നെ ആയുസ്സേ നമ്മുടെ ആശങ്കകള്‍ക്കും അസ്വസ്ഥതകള്‍ക്കുമുള്ളൂ. വിശ്വാസങ്ങള്‍ ഒന്നും ഹനിക്കപ്പെട്ടിട്ടില്ല. ആചാരത്തില്‍ ഒരു ചെറിയ മാറ്റം.
.
മാത്രമല്ല, കേരളത്തില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ ഇങ്ങനെ ചെയ്യുന്നവരുണ്ട്. ചെയ്യാത്തവര്‍ക്ക് മാത്രമേ ഇതില്‍ പുതുമയും സങ്കോചവുമുണ്ടാകാന്‍ ഇടയുള്ളൂ. കാലക്രമേണ അലിഞ്ഞലിഞ്ഞ് ഇല്ലാതാകാന്‍ പോന്ന ഒരു ആശങ്ക മാത്രം
.
പുരയിടമില്ലാത്ത, നഗരങ്ങളിലെ ഫ്‌ലാറ്റുകളില്‍ ജീവിക്കുന്നവരുടെ കാര്യത്തില്‍, പൊതുസ്മശാനങ്ങളില്‍ ദഹിപ്പിക്കപ്പെടുന്നവരുടെ കാര്യത്തില്‍, ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന് ചോദ്യമുയര്‍ന്നേക്കാം. വേണമെങ്കില്‍ എല്ലാത്തിനും മാര്‍ഗ്ഗമുണ്ട്. കവി പാടിയത് പോലെ അവനവനാത്മ സുഖത്തിനായ് ആചരിക്കുന്നത് അപരന് ബുദ്ധിമുട്ടാകരുത് എന്ന കോണില്‍ ചിന്തിച്ചാല്‍ എല്ലാച്ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്.
.
വാല്‍ക്കഷണം:- വിശ്വാസി അല്ലാത്തതുകൊണ്ട്, ആചാരങ്ങളൊന്നുമില്ലാതെ ദഹിപ്പിച്ച ശേഷം, എന്റെ മുഴുവന്‍ അസ്ഥികളും ചാരവും, ഞാന്‍ നട്ടുവളര്‍ത്തിയ മരങ്ങളുടെ ചുവട്ടിലിടാനുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കി ഇതുപോലെ സമൂഹമാദ്ധ്യമത്തില്‍ പരസ്യപ്പെടുത്തിയ എന്റെ മരണപത്രത്തില്‍ അക്കാര്യം വിശദമായി സൂചിപ്പിച്ചിട്ടുണ്ട്.