ഇത്രയേറെ തെറിവിളിക്കാന്‍ ലൈംഗികത എന്തു തെറ്റുചെയ്തു?

Jess Varkey Thuruthel 

ജീവിതത്തിലാദ്യമായിട്ടാണ് കരോളിനിറങ്ങിയത്. വീടുകളില്‍ നിന്നും വീടുകളിലേക്ക് ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ പോകുന്നതിനിടയില്‍, മുന്നില്‍ പോകുന്ന കുട്ടികളിലൊരുവന്റെ അഭിപ്രായ പ്രകടനം. ‘നമ്മുടെ ക്രിസ്മസ് പാപ്പയെ ആരോ പ… . കണ്ടില്ലേ, വയറ്. പത്താം മാസമാണ്…’ എന്റെ കാലുകള്‍ നിശ്ചലമായി….. പിന്നീടുള്ള ഓരോ ചുവടുവയ്പും യാത്രികമായി…. പിന്നോട്ട്, പിന്നോട്ട്, പിന്നോട്ട്….!

കരോള്‍ സംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആണ്‍കുട്ടിയാണ് അതു പറഞ്ഞത്. കേള്‍വിക്കാരനോടു രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചപ്പോഴാണ് ആ ചങ്ങായിക്കും (എനിക്കും) എന്താണു പറഞ്ഞതെന്നു വ്യക്തമായത്. കുളിര്‍നിലാവു പെയ്യുന്ന രാത്രിയില്‍ രക്ഷകന്റെ പിറവി ഘോഷിക്കുകയാണ് തങ്ങളെന്ന് അവന്‍ ഓര്‍മ്മിച്ചതേയില്ല. ആ അശ്ലീല തമാശയിലൂടെ അപമാനിക്കപ്പെട്ടത് അവന്റെ മാതാപിതാക്കള്‍ ആണെന്നവന്‍ ഓര്‍മ്മിച്ചില്ല. എന്തിന്, അവനുള്‍പ്പടെയുള്ള മനുഷ്യരുടെയും സകല ജീവജാലങ്ങളുടെയും ജന്മം ഇങ്ങനെയാണ് എന്നവന്‍ കണക്കിലെടുത്തില്ല… അവനെ സംബന്ധിച്ചിടത്തോളം വയര്‍ വീര്‍പ്പിച്ചൊരാള്‍ കൂടെയുണ്ട്. അതിനു കാരണം ഏതോ ഒരുത്തന്‍ ‘പ…’യതാണെന്ന് മാത്രമറിയാം. അല്ലെങ്കില്‍ അത്രമാത്രം ലൈംഗിക വിദ്യാഭ്യാസം മാത്രമേ അവനു ലഭിച്ചിട്ടുള്ളു എന്നു സാരം.

വീട്ടകങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈംഗികത എന്ന പേരുച്ചരിക്കുന്നതു പോലും അനുവദിച്ചിട്ടില്ല. മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതു പോലെ പഠിപ്പിക്കാന്‍ പറ്റുന്നൊരു കാര്യമല്ല ലൈംഗികത. ഓരോ കുട്ടികളും വരുന്നത് ഓരോരോ ചുറ്റുപാടുകളില്‍ നിന്നുമാണ്. അവരുടെ ആ സാഹചര്യങ്ങളെ മനസിലാക്കി വേണം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചും ക്ലാസെടുക്കാന്‍.

ലൈംഗികത എന്നത് വെറും സ്ത്രീ പുരുഷ ലിംഗങ്ങളുടെ സംയോജനം മാത്രമല്ല. അങ്ങനെ സംയോജിച്ചതു കൊണ്ടു മാത്രം ഗര്‍ഭം ധരിക്കണമെന്നുമില്ല. ഓരോ ജീവിവര്‍ഗ്ഗത്തിന്റെയും ഉള്ളിലുള്ള അദമ്യമായ, തീവ്രമായൊരു വികാരമാണ് ലൈംഗികത. പ്രായപൂര്‍ത്തിയായവര്‍ പോലും ലൈംഗികതയെ ലിംഗ-യോനീ സന്നിവേശമായി മാത്രമാണ് കണ്ടിരിക്കുന്നത്. അതിനപ്പുറം, തീവ്രമായൊരു അനുരാഗമാണ്, പ്രണയമാണ്, സ്‌നേഹമാണ്. സ്‌നേഹത്തിന്റെയും പ്രണയതത്തിന്റെയും അനുരാഗത്തിന്റെയും പൂര്‍ത്തീകരണമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികത.

പിടിച്ചടക്കിയോ കീഴ്‌പ്പെടുത്തിയോ സാധിക്കേണ്ട ഒന്നാണ് ലൈംഗികത എന്നാണ് ഇന്നും ആളുകള്‍ മനസിലാക്കിയിട്ടുള്ളത്. കേരളത്തിലിന്നും, എല്‍ പി സ്‌കൂളുകളില്‍പ്പോലും, ശിക്ഷാ നടപടികളുടെ ഭാഗമായി ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്കിടയിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കിടയിലും ഇരുത്തുന്നുണ്ട്. ഇതിനെതിരെ എത്ര ശക്തമായി പ്രതികരിച്ചാലും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് അധ്യാപകരുടെ ചിന്താഗതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പരസ്പരം സംസാരിക്കാന്‍ പോലും അനുവദിക്കാത്ത സ്‌കൂളുകളുണ്ട്. അങ്ങനെ സംസാരിച്ചാല്‍ ഉടന്‍ മാതാപിതാക്കളുടെ അടുക്കല്‍ പരാതികളെത്തും. പിന്നീട്, അവര്‍ക്ക് വീട്ടില്‍ നിന്നും കിട്ടും ശകാരവും വഴക്കും.

ലൈംഗികാവയവങ്ങളെയും ലൈംഗികതയെയും സൂചിപ്പിക്കാന്‍ തെറിവാക്കുകളുപയോഗിക്കുന്ന രീതിക്ക് അവസാനമുണ്ടാകണം. ലൈംഗികതയെക്കുറിച്ചും ലൈംഗിക അവയവങ്ങളെക്കുറിച്ചും വളര്‍ന്നു വരുന്ന തലമുറയെങ്കിലും ഇത്തരം തരംതാണ വാക്കുകള്‍ ഉപയോഗിക്കാതിരിക്കണം. അതിനു വേണ്ടത് ശരിയായ ലൈംഗിക വിദ്യാഭ്യാസമാണ്. ഈ ഭൂമിയിലെ ജീവന്റെ അടിസ്ഥാനമാണത്. അതെങ്ങനെയാണ് ഇത്രയേറെ മ്ലേച്ഛമായത്? ഈ ലോകത്ത് വിശപ്പിനോളം പ്രാധാന്യമുള്ളൊരു വികാരത്തെ ഇത്രമേല്‍ തരംതാഴ്ത്തിയതാരാണ്? ലൈംഗികതയെ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ സ്വന്തം ജന്മത്തെ തന്നെയാണ് അവഹേളിക്കുന്നത് എന്ന് അറിയാത്തതെന്തേ? പ്രത്യുത്പ്പാദന ശേഷിയുള്ള ഓരോ ആണും പെണ്ണും ഇണ ചേര്‍ന്നതിന്റെ ഫലം തന്നെയാണ് ഈ ഭൂമിയിലെ ജീവന്റെ ആധാരം. അപ്പോള്‍ അതിനെ ഇത്രമേല്‍ മ്ലേച്ഛമായി വിവക്ഷിക്കാന്‍ പാടുണ്ടോ?

ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് ജീവനും ജീവിതവും മാറിക്കൊണ്ടേയിരിക്കുന്നു. പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ളതു മാത്രമേ ഈ ഭൂമിയില്‍ ശേഷിക്കുകയുള്ളു. അതിനാല്‍, ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന മഹത്തായ കര്‍മ്മമാണത്. ഉണ്ടാകട്ടെ എന്നു കല്‍പ്പിക്കുമ്പോള്‍ ഉണ്ടായതല്ല അതൊന്നും. 2023 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇസ്രായേലില്‍ ഉണ്ടായിരുന്ന സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നത് നമുക്ക് ഊഹിക്കാന്‍ മാത്രമേ കഴിയുകയുള്ളു. അന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍, ജനനമരണങ്ങള്‍, ജീവിത രീതികള്‍, സാഹചര്യങ്ങള്‍ തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ജീവിതങ്ങള്‍ രൂപപ്പെടുന്നത്. ഇന്ന്, കാലം ഏറെ പുരോഗമിച്ചിരിക്കുന്നു. എന്നിട്ടും ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിവിടുത്തെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ പരാജയമാണ് വിളിച്ചോതുന്നത് എന്നു പറയാതെ വയ്യ.

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *