ദുരിതബാധിതരെ സഹായിക്കാനും കൈനീട്ടി കത്തോലിക്ക സഭ

Thamasoma News Desk

ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട മനുഷ്യര്‍ക്കു കൈത്താങ്ങാകാനും സഭ മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്നു. വയനാട്ടിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടമൊരുക്കുന്ന വഴികളൊന്നും പോരാഞ്ഞിട്ടാവും സഭ (Divine retreat center) നേരിട്ട് ഇതു ചെയ്യുന്നത്. സഭയുടെ സ്വത്തെല്ലാം വിശ്വാസികള്‍ നല്‍കിയ ദാനമാണ്. ആ സ്വത്ത് സഭയുടേതല്ല, മറിച്ച് വിശ്വാസികളുടേതാണെന്നും അവശ്യസമയത്ത് അത് അവര്‍ക്കു തന്നെ നല്‍കണമെന്നും വിശ്വാസികളില്‍ നിന്നുതന്നെ ശബ്ദമുയര്‍ന്നിരുന്നു. എന്നാല്‍ ആ ശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ് സഭ എല്ലാക്കാലത്തും ചെയ്തിരുന്നത്. ഇപ്പോഴിതാ, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സഭ ഇറങ്ങിയിരിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കാനും അവയവിടെ എത്തിക്കാനും അറിയുന്നവരാണ് ജില്ലാ ഭരണകൂടങ്ങള്‍. അവര്‍ അത് ഭംഗിയായി ചെയ്യുകയും ചെയ്യുന്നുണ്ട്. എല്ലാ ജില്ലകളിലും പൊതുസമൂഹം ജില്ലാ ഭരണകൂടത്തോട് സഹകരിക്കുന്നുണ്ട്. പിന്നെ എന്തിനാണ് വയനാട്ടിലേക്ക് ഈ യാത്ര? അതും സഭയുടെ സ്വത്തുപയോഗിച്ചല്ല, മറിച്ച് അതിനും ജനങ്ങളില്‍ നിന്നും പിരിക്കുകയോ ശേഖരിക്കുകയോ ആണ് ചെയ്യുന്നത്.

ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സഭ ചെയ്യേണ്ടത് ഇതാണ്. പരിക്കേറ്റവരെ സൗജന്യമായി സഭയുടെ ആശുപത്രികളില്‍ ചികിത്സിക്കുക, ഉരുള്‍പൊട്ടലില്‍ അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും നല്‍കുക, ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ യോഗ്യതയനുസരിച്ച് ജോലി നല്‍കുക, സഭയുടെ സ്വത്തില്‍ നിന്നുമൊരു പങ്ക് വയനാടിന്റെ പുനര്‍ നിര്‍മ്മിതിക്കായി വിനിയോഗിക്കുക തുടങ്ങിയവയാണ്.

എന്തിനെയും സുഖപ്പെടുത്താന്‍ ശേഷിയുള്ള ആത്മീയ രോഗശാന്തിക്കാരൊക്കെ ഏതു മാളത്തിലാണാവോ കയറി ഒളിച്ചിരിക്കുന്നത്? വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതു പ്രവചിക്കാന്‍ ഒരു മതദൈവത്തിനും കഴിയാതെ പോയതെന്ത്? ഇനി ഈ ദുരിതമെല്ലാമൊന്നടങ്ങി, ആളുകള്‍ അവരവരുടെ ജോലികളിലേക്കു തിരിയുമ്പോള്‍ ഓരോരുത്തരായി മാളത്തില്‍ നിന്നും പുറത്തിറങ്ങും. രോഗശാന്തിയെന്ന പേരില്‍.
…………………………………………………………………………

വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍
എഡിറ്റര്‍: 8921990170, editor@thamasoma.com

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *