പഴഞ്ചൊല്ലിലും പതിരുണ്ട്
‘ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം’-കാലാകാലങ്ങളായി കേട്ടു തഴമ്പിച്ച ഇന്നും ഏറെ പ്രചാരത്തോടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പഴഞ്ചൊല്ലാണിത്. അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയേ ഉള്ളൂവെങ്കിലും കൊഞ്ചിച്ചും ലാളിച്ചും വഷളാക്കാതെ കര്‍ശനമായ ശിക്ഷ നല്‍കി വളര്‍ത്തണം എന്നാണിതിന്റെ സാരം. പണ്ട് വീട്ടിലും സ്‌കൂളിലുമെല്ലാം ചെറിയ തെറ്റുകള്‍ക്കു പോലും ശിക്ഷ ഏറ്റുവാങ്ങിയാണ് ഓരോ കുട്ടിയും തന്റെ ബാല്യം പിന്നിട്ടിരുന്നത്. പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടുകാര്‍ക്കു പുറമേ നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും കൂടി സഹിക്കണം. ചില അധ്യാപകരുടെ ശിക്ഷാരീതികള്‍ കൊണ്ട് മാത്രം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും ഏറെയുണ്ട് ഈ നാട്ടില്‍.
പ്രായം ചെറുതായാലും വലുതായാലും തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അതിനുള്ള ശിക്ഷയാണ് പ്രധാനം. തെറ്റിന്റെ വ്യാപ്തിയനുസരിച്ച് അവനെ അല്ലെങ്കില്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ഗുണദോഷിക്കുന്നതിനു പകരം ഉച്ചത്തില്‍ ചീത്ത വിളിച്ചു ചൂരല്‍ കൊണ്ട് തല്ലി പൊട്ടിച്ചുമാണ് പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുന്നത്. ഇത്തരം പെരുമാറ്റം അവരുടെ സ്വഭാവ രൂപീകരണത്തില്‍ എത്രത്തോളം പങ്കുവഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. തങ്ങളുടെ ഭാഗം കേള്‍ക്കാനും തങ്ങളെ സ്്നേഹിക്കാനും ആരും ഇല്ല എന്ന ചിന്ത ഉടലെടുക്കുന്നിടത്താണ് ഓരോ കുട്ടിയും വഴി തെറ്റിപ്പോകുന്നത്.
കുട്ടി എന്ന വ്യക്തി
ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്. മുതിര്‍ന്ന ഏതൊരാളും ചിന്തിക്കുന്നതു പോലെ തന്നെയാണ് ഓരോ കുട്ടിയും കാര്യങ്ങള്‍ ചിന്തിക്കുന്നത്. അവയ്ക്ക് അര്‍ത്ഥവും വ്യാപ്തിയും കുറവാണെന്ന് നാം പറയുമെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യം തന്നെയാണ്. അവനും/അവള്‍ക്കും മാനവും അഭിമാനവും ഉണ്ട്. ചെറുപ്രായത്തില്‍ തന്നെ കുട്ടിത്തം നഷ്ടപ്പെടുന്നത് കുട്ടിക്കളിയായി എടുക്കാവുന്ന സംഗതി അല്ല. കുട്ടികളെ ബഹുമാനിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. മറ്റുള്ളവരുടെ മുന്നില്‍ ഇകഴ്ത്തി കാണിക്കുക, മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ചീത്ത പറയുക, തല്ലുക തുടങ്ങിയവയെല്ലാം അവരുടെ മനസില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കും.
എന്ത് തെറ്റ് ചെയ്താലും അവരെ സ്വകാര്യമായി മാറ്റിനിര്‍ത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണ് ഓരോ രക്ഷിതാവും ചെയ്യേണ്ടത്. വീട്ടില്‍നിന്നും നാം പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് എന്നും അവരുടെ മനസില്‍ നിലനില്‍ക്കുക. ഓരോ കുട്ടിക്കും തന്റേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം ഉണ്ടാകും. അവയെ ബഹുമാനിക്കുകയും അവന്റെ/അവളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് വഴിതെളിയിച്ചു കൊടുക്കുകയുമാണ് രക്ഷിതാക്കളുടെ കര്‍ത്തവ്യം. മറിച്ച് തങ്ങള്‍ക്ക് നേടാന്‍ കഴിയാതെ പോയത് മക്കളിലൂടെ നേടാം എന്ന് കരുതി അവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി തങ്ങളുടെ വഴിയേ നടക്കാന്‍ പ്രേരിപ്പിക്കുന്ന നിരവധി മാതാപിതാക്കള്‍ ഈ നാട്ടിലുണ്ട്. അവരോടെല്ലാം ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് നേടാനാവാത്തത് നേടാനുള്ള കളിപ്പാവകളല്ല, നിങ്ങളുടെ കുട്ടികള്‍. അവരുടെ സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള ചിറകുകളാണ് നിങ്ങള്‍ നല്‍കേണ്ടത്.
കുറ്റവും ശിക്ഷയും
താന്‍ തെറ്റ് ചെയ്തു എന്ന് കരുതുന്ന ഒരു കുട്ടി അതെപ്പോഴും മാതാപിതാക്കളോട് നേരിട്ട് പറയാന്‍ മടിക്കും. പറഞ്ഞാല്‍ അമ്മ വഴക്ക് പറയുമോ അച്ഛന്‍ തല്ലുമോ തുടങ്ങിയ ആധിയാണ് അവനെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നത്. മറ്റുള്ളവര്‍ പറഞ്ഞ് അറിയുമ്പോള്‍ ഭൂരിഭാഗം രക്ഷിതാക്കളും ചെയ്യുന്നതും അതു തന്നെയാണ്. ഒരു കുട്ടിക്ക് താന്‍ തെറ്റ് ചെയ്തതായി തോന്നിയാല്‍ അത് തന്റെ രക്ഷിതാക്കള്‍ക്കു മുന്നില്‍ വന്ന് നിന്ന് പറയാനുള്ള ആത്മധൈര്യമാണ് ഉണ്ടാക്കേണ്ടത്. ഓരോ കുടുംബത്തിലെയും അന്തരീക്ഷത്തില്‍ നിന്നുമാണ് കുട്ടികള്‍ അവ സ്വായത്തമാക്കുന്നത്.
കഞ്ചാവ് ഉപയോഗിച്ചതിന് സ്വന്തം മകന്റെ കണ്ണില്‍ മുളക് അരച്ച് തേച്ചൊരു അമ്മയെ കഴിഞ്ഞദിവസം നാം സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടതാണ്. അവന്‍ ചെയ്തത് നിയമപരമായി തെറ്റു തന്നെയാണ്. അവന്റെ ആരോഗ്യത്തിനും അത് ഹാനികരമാണ്. എന്നാല്‍ അത്യന്തം ഹീനവും പൈശാചികവുമായ ഒരു ശിക്ഷാരീതിയാണ് ആ അമ്മ സ്വന്തം മകനു മേല്‍ പ്രയോഗിച്ചത് എന്ന് നിസംശയം പറയാം. അവന്‍ കഞ്ചാവിന് അടിമയാണെങ്കില്‍ പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ അറിയിച്ച് കൗണ്‍സിലിങ് നടത്തുകയോ ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തിക്കുകയോ ആയിരുന്നു ചെയ്യേണ്ടത്. പകരം അവര്‍ സ്വീകരിച്ച നിഷ്ഠൂരമായ മാര്‍ഗം അവന്റെ ഭാവിയെ തന്നെ ബാധിക്കുന്നതാണ്.
ലഹരിയും കുട്ടികളും
ഇന്ന് ലഹരിക്കടിമകളായ ഭൂരിഭാഗം യുവാക്കളും അവ കുട്ടിക്കാലം മുതല്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയവരാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിരോധിത ഉത്പന്നങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നതും യുവാക്കളാണ്. കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഇവയുടെ പരസ്യം എന്നതാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വെമ്പുന്ന പ്രായത്തില്‍ സിനിമകളിലെ നായകന്മാരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും പുകവലി, മദ്യപാനം, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം ആരംഭിച്ചവരും ഉണ്ട്.
ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം ഓരോ ദിവസവും പുതുതായി 82,000 മുതല്‍ 99,000 വരെ കുട്ടികള്‍ പുകവലി ആരംഭിക്കുന്നു എന്നാണ്. ഇവരില്‍ പകുതി മുതിരുമ്പോഴും പുകവലി തുടരുകയും പിന്നീട് പുകവലിയുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍മൂലം ചെറുപ്രായത്തില്‍ തന്നെ മരിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഏകദേശം 250 മില്യണ്‍ കുട്ടികളെ പുകയില ഉത്പന്നങ്ങള്‍ കൊല്ലുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സിഗരറ്റ്, ബീഡി, ഹുഡ്ക തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന പുകയില ഉത്പന്നങ്ങള്‍ നമ്മുടെ ഭാവി തലമുറയെ തന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്.
ലഹരിവിമുക്തമായ ഒരു നാടിനുവേണ്ടി ആത്മധൈര്യവും മന:ശക്തിയുമുള്ള യുവാക്കളായി രാജ്യത്തിനു മാതൃകയാകാന്‍ വേണ്ടി ഓരോ കുട്ടികളും വളര്‍ന്നുവരണം. അതിനുവേണ്ടിയുള്ള വിദ്യാഭ്യാസവും പരിശീലനുമാണ് ഓരോ രക്ഷിതാക്കളും നല്‍കാന്‍ ശ്രമിക്കേണ്ടത്. കുട്ടികള്‍ എപ്പോഴും അനുകരിക്കുന്നത് തങ്ങളുടെ മാതാപിതാക്കളെയാണ്. അവര്‍ക്ക് നല്ലൊരു മാതൃകയാകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
https://www.ncbi.nlm.nih.gov/pmc/articles/PMC2669568/