ജെസ് വര്‍ക്കി തുരുത്തേല്‍
നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് മനസു നിറയെ ആശങ്കകളോടെയാണ് ആ അമ്മ കടന്നു വന്നത്. അവര്‍ക്കു പ്രായം 65 വയസ്. 80 വയസിലേറെ പ്രായമുള്ളവര്‍ പോലും ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെ ഓടി നടക്കുന്ന ഇക്കാലത്ത് 65 എന്നത് ഒരു വയസേയല്ല. പക്ഷേ, നിരവധി രോഗങ്ങള്‍ ആ ശരീരത്തില്‍ കൂടുകൂട്ടിയതിനാല്‍, ഒരു ചെറുപുഞ്ചിരി പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ക്യാമ്പിലെത്തിയ (Free medical Camp) ഒരു പരിചയക്കാരനോട് തന്റെ പ്രശ്‌നങ്ങളുടെ ഭാണ്ഡമഴിക്കുകയായിരുന്നു അവര്‍.
‘വിശ്രമിക്കണമെന്നാണ് എന്നോട് എല്ലാ ഡോക്ടര്‍മാരും പറയുന്നത്. ഇവിടെ നിന്നും എന്നോടു പറയുന്നതും ഇതു തന്നെ ആയിരിക്കും. പക്ഷേ, ഞാനെങ്ങനെ വിശ്രമിക്കും? നാലു മക്കളുണ്ട് എനിക്ക്. അവര്‍ ജോലിക്കാരാണ്. അതിനാല്‍ത്തന്നെ വീട്ടു ജോലികളില്‍ എന്നെ സഹായിക്കാന്‍ ആരുമില്ല. വേദനയില്ലാത്ത ഒരു ഭാഗം പോലും എന്റെ ശരീരത്തിലില്ല. എന്റെ കൈ അനക്കാന്‍ സാധിക്കുന്നില്ല. നട്ടെല്ലിന് തേയ്മാനമുണ്ട്. പക്ഷേ, ഒരു നിമിഷം പോലുമെനിക്കു പണി ചെയ്യാതിരിക്കാന്‍ കഴിയില്ല. എനിക്കു സുഖമില്ലെന്നു പറയുമ്പോള്‍, ഭര്‍ത്താവ് ചോദിക്കുകയാണ് നിനക്കിവിടെ എന്താണ് പണിയെന്ന്. ഞാനെന്താണ് ഇവരോടു പറയുക? ഒരു ദിവസം ഞാന്‍ വീഴും, അതുവരെ പോകട്ടെ ഈ ജീവിതം. അല്ലാതെ ഞാനെന്തു ചെയ്യും. എന്നെ കേള്‍ക്കാന്‍ ആരുമില്ല. ഒരു സഹായത്തിനും ആരുമില്ല…’ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ, നെല്ലിമറ്റം സെന്റ് ജോസഫ് യു പി സ്‌കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തിയവരില്‍ കൂടുതല്‍ പേരും പ്രായമായവരായിരുന്നു. അവരുടെയെല്ലാം മുഖത്ത് ഒട്ടേറെ വേവലാതികളുമുണ്ടായിരുന്നു. ഏതെങ്കിലുമൊരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി ചെന്നെത്തുമ്പോള്‍ അവരെ കേള്‍ക്കാനോ അവരുടെ രോഗമെന്താണെന്ന് ക്ഷമയോടെ മനസിലാക്കാനോ തിരക്കു മൂലം ഡോക്ടര്‍മാര്‍ക്കു കഴിയാതെ വരുന്നു. മരുന്നിനേക്കാള്‍ അവര്‍ക്കാവശ്യം അവരെ കേള്‍ക്കുവാനും പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാനും കഴിയുന്നവരെയാണ്. പക്ഷേ, അതു പലപ്പോഴും നടക്കാറില്ല. മുന്നിലിരിക്കുന്ന രോഗിയുടെ രോഗവിവരങ്ങള്‍ വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ ചോദിച്ചറിഞ്ഞ്, അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കുറിച്ചു നല്‍കുന്ന ഡോക്ടര്‍മാരും നിസ്സഹായര്‍ തന്നെ. കാരണം, തങ്ങളുടെ സേവനം കാത്തിരിക്കുന്ന രോഗികളുടെ ബാഹുല്യം ഓരോ വ്യക്തിയെയും പ്രത്യേകമായി കേള്‍ക്കാനും കരുതാനും സാധ്യമല്ലാത്ത ഒരവസ്ഥയിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്.
‘ആശുപത്രിയിലേക്ക് നിങ്ങള്‍ വരുമ്പോള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ ശരീരത്തെ ബാധിച്ചിരിക്കുന്ന രോഗവും അവയ്ക്കുള്ള ചികിത്സയും ആ ചികിത്സാരീതി സ്വീകരിച്ചാലുള്ള നേട്ടവും കോട്ടങ്ങളും നിങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്നു. ഇത് ഡോക്ടര്‍മാരെന്ന നിലയില്‍ ഞങ്ങളുടേയും രോഗികള്‍ എന്ന നിലയില്‍ നിങ്ങളുടേയും നിസ്സഹായതയാണ്. നിങ്ങളുടെ രോഗമെന്താണെന്നോ ഒരു മരുന്നു കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെന്താണെന്നോ കൃത്യമായി നിങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്കു സാധിക്കില്ല. മനുഷ്യശരീരത്തെ ബാധിക്കുന്ന വിവിധങ്ങളായ രോഗങ്ങളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും യാതൊന്നും പഠിക്കാതെയാണ് നാം വളര്‍ന്നുവരുന്നത്. നമ്മുടെ സ്‌കൂളുകളില്‍ പണ്ടും ഇന്നും അത്തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്നില്ല. അവയ്‌ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നത് ഇത്തരത്തിലുള്ള മെഡിക്കല്‍ ക്യാമ്പുകളിലൂടെയാണ്. ഇവിടെ ഞങ്ങള്‍ക്ക് ജോലിയുടെ അമിതഭാരമില്ല. ഞങ്ങളുടെ മുന്നിലെത്തുന്ന നിങ്ങളെ എല്ലാവരെയും അനുഭാവ പൂര്‍വ്വം കേള്‍ക്കാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കാനും ഞങ്ങള്‍ക്ക് ധാരാളം സമയം ലഭിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതു ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. യാതൊരു ടെന്‍ഷനുമില്ലാതെ ഞങ്ങള്‍ക്കു ജോലി ചെയ്യാന്‍ സാധിക്കുന്ന അവസരവും ഇതു തന്നെ. എന്നാല്‍ നിങ്ങളുടെ നിരവധിയായ ജോലികള്‍ മാറ്റിവച്ചാണ് നിങ്ങള്‍ ഈ ക്യാമ്പിലെത്തിയിരിക്കുന്നത്. അതിനാല്‍, ഇത്തരം അവസരങ്ങള്‍ നിങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം,’ രാജഗിരി ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീമിന്റെ ഭാഗമായി എത്തിയ ഓങ്കോളജി സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ മുരളി കൃഷ്ണന്‍ പറഞ്ഞു.
വിശ്രമിക്കാന്‍ സമയമില്ലെന്നും തങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെന്നും കൂടെ ഒരാള്‍പോലുമില്ലെന്നുമുള്ള ഒരായിരം വേവലാതികളുമായി മെഡിക്കല്‍ ക്യാമ്പിലേക്കെത്തിയ നിരവധിയായ മനുഷ്യര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ഡോ മുരളികൃഷ്ണന്റെ ഈ വാക്കുകള്‍. ‘ഇന്നു ഞങ്ങള്‍ക്കു സമയമുണ്ട്, ഞങ്ങള്‍ നിങ്ങളെ ക്ഷമയോടെ കേള്‍ക്കാം, നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെങ്കിലും ഞങ്ങളോടു പറയൂ,’ എന്നദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മരുന്നിനുമപ്പുറം രോഗം ഭേതമാക്കുന്ന ഒരു സിദ്ധൗഷധമുണ്ട്. ആതുര സേവന രംഗത്തുള്ളവരുടെ കാരുണ്യത്തോടെയുള്ള നോട്ടം, ഒരു തലോടല്‍, ചേര്‍ത്തണയ്ക്കല്‍… ഇവ മാത്രം മതി ഏതു മാരക രോഗത്തെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ശക്തി നേടാന്‍. ഒരു രോഗിക്ക് ഇതു കിട്ടാതെ വരുമ്പോള്‍, ഡോക്ടര്‍മാര്‍ക്ക് ഇതു നല്‍കാന്‍ സാധിക്കാതെ വരുമ്പോള്‍ രോഗിയും ഡോക്ടറും തമ്മിലുള്ള സംഘര്‍ഷം ഉടലെടുക്കുകയായി. ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് ഇതു ചെന്നെത്തുന്നു.
‘നെല്ലിമറ്റത്തുള്ളവര്‍ക്കു മാത്രമല്ല, സമീപ പ്രദേശത്തുള്ളവര്‍ക്കും സെന്റ് ജോസഫ് സ്‌കൂള്‍ ഒരു വികാരമാണ്. കഴിഞ്ഞ 75 വര്‍ഷങ്ങളിലായി നിരവധി പേരാണ് ഈ സ്‌കൂളില്‍ പഠിച്ചിറങ്ങിയത്. ഈ നാടിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച്, ഇവിടുത്തെ സ്‌നേഹത്തണലില്‍ വിശ്രമിച്ചാണ് ഞങ്ങള്‍ ജീവിതം കരുപ്പിടിപ്പിച്ചത്. ഈ സ്‌കൂളില്‍ നിന്നും ഇവിടുത്തെ നാട്ടുകാരില്‍ നിന്നും സ്വീകരിച്ച സ്‌നേഹം ഇരട്ടിയായി തിരിച്ചു നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്‌കൂളിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 ഇന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കിയതും ഇതേ ലക്ഷ്യത്തോടു കൂടിത്തന്നെ. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഈ മെഡിക്കല്‍ ക്യാമ്പ്. ഇവിടുത്തെ ആളുകള്‍ക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. യാതൊരു പണച്ചിലവുമില്ലാതെ, രോഗങ്ങള്‍ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനും ചികിത്സിച്ചു ഭേതമാക്കുവാനും ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ വളരെയേറെ സഹായകരമാണ്. എന്നുമാത്രമല്ല, ഈ മെഡിക്കല്‍ ക്യാമ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസിയില്‍ നിന്നും മരുന്നുകളും ലഭ്യമാണ്. കണ്ണിന്റെ രോഗങ്ങള്‍ കണ്ടെത്താനായി ഐ ക്യാമ്പും പല്ലുകളുടെ ആരോഗ്യസംരക്ഷണത്തിനായി സൗജന്യ ഡെന്റല്‍ ക്യാമ്പും നേരത്തെ നടത്തിയിരുന്നു. ഇന്നിപ്പോള്‍, ഓങ്കോളജി, ഓര്‍ത്തോ, ഗ്യാസ്‌ട്രോ, കാര്‍ഡിയോളജി, ജനറല്‍ മെഡിസില്‍ ഇവയെല്ലാം സമന്വയിപ്പിച്ചു കൊണ്ടു നടത്തുന്ന ഈ ക്യാമ്പ് വളരെയേറെ പേര്‍ക്ക് സഹായകരമാണ്. കണ്‍സല്‍ട്ടേഷന്‍ ഫീസ് നല്‍കാതെ, യാത്രാ ചെലവില്ലാതെ, ഡോക്ടറെ കാണാനും അവരോടു തങ്ങളുടെ ആശങ്കകള്‍ പറയുവാനും ലഭിക്കുന്ന മികച്ച അവസരമാണിത്,’ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സംസാരിക്കവെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജോയി പോള്‍ പറഞ്ഞു.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തത്. സ്‌കൂള്‍ മാനേജരും, ജൂബിലി ആഘോഷ കമ്മറ്റി ചെയര്‍മാനുമായ റവ. ഫാ.ജോര്‍ജ് കുരിശുംമൂട്ടില്‍, ആഘോഷ കമ്മറ്റി കണ്‍വീനറും സ്‌കൂള്‍ പ്രധാന അധ്യാപകനുമായ വിനു ജോര്‍ജ്, വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായ ആന്റണി പെരേര (പി ടി എ പ്രസിഡന്റ്), ഷീജ ജിയോ (എം പി ടി എ ചെയര്‍പേഴ്‌സണ്‍), സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഡിസംബര്‍ ഒന്നിന് നെല്ലിമറ്റം സെന്റ് ജോസഫ് സ്‌കൂളില്‍, രാവിലെ 9 മണി മുതല്‍ ഒരുമണി വരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സിബി മാത്യു സ്‌കൂളിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ സദസ്യരുമായി പങ്കുവച്ചു.
സൗജന്യമായി നല്‍കുന്നതെല്ലാം ഗുണനിലവാരമില്ലാത്തവയാണെന്ന മിഥ്യാധാരണ ജനങ്ങള്‍ക്കുണ്ട്. സൗജന്യ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നും പലപ്പോഴും ആളുകളെ അകറ്റിനിറുത്താന്‍ കാരണം അവരുടെ മനസിലുള്ള ഇത്തരം ചിന്താഗതികളാണ്. എന്നാല്‍, തങ്ങള്‍ പോലുമറിയാതെ തങ്ങളുടെ ശരീരത്തില്‍ പിടിമുറുക്കാനൊരുങ്ങുന്ന രോഗങ്ങളെ കണ്ടെത്താനും ചികിത്സിക്കാനും ആരോഗ്യകരമായി ജീവിക്കുവാനും ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ ഏറെ പ്രയോജനകരമാണ്.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975