അബ്ദുറഹിമിനെ വധശിക്ഷയ്ക്കു വിധിക്കാനുള്ള കാരണങ്ങള്‍

Jauzal C P

കൊന്ന പാപം പണം കൊടുത്തു കഴുകിക്കളയാനാകുമോ? അബ്ദുറഹീമിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കാനായി മോചനദ്രവ്യമായി (Blood Money) 34 കോടി രൂപ വേണമെന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഒന്നിച്ചു പ്രയത്‌നിച്ച്, അതില്‍ വിജയം കണ്ട ശേഷം മുസ്ലീം സമൂഹം നേരിടുന്നത് നാനാകോണില്‍ നിന്നുമുള്ള വിമര്‍ശനങ്ങളാണ്. ആരെയും കൊല്ലാം, പണമുണ്ടെങ്കില്‍ രക്ഷപ്പെടാനാവും എന്ന നീതിയാണ് ഇസ്ലാമിലുള്ളതെന്ന ആരോപണങ്ങള്‍ക്കു മറുപടി പറയുന്നു, ഡോക്ടഫായ ജൗസല്‍.

2006 ഡിസംമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരുപാടു പ്രതീക്ഷകളുമായി, നാട്ടില്‍ നിന്നും സൗദിയില്‍ എത്തിയതായിരുന്നു അബ്ദുല്‍ റഹീം. സൗദിയിലെ ഒരു വീട്ടില്‍ ഡ്രൈവറായി പ്രവാസം തുടങ്ങി. ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയ ആ മാസം തന്നെ റഹീമിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവമുണ്ടായി. വീട്ടിലെ സുഖമില്ലാത്ത ഇളയ കുട്ടിയായ അനസിനെ പുറത്ത് കൊണ്ട് പോവുകയും വരികയുമായിരുന്നു റഹീമിന്റെ ജോലി. മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടി ജീവിതം നിലനിര്‍ത്തിയിരുന്നത്.

(മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നത് കഴുത്തില്‍ ശ്വാസനാളത്തിലേക്ക് തുളയിട്ടിട്ടുള്ള ട്രക്കിയോസ്റ്റമി ട്യൂബും അതില്‍ കണക്ട് ചെയ്തിട്ടുള്ള പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനും ആയിരിക്കുമെന്നാണ് ഡോക്ടറായ ജൗസല്‍ വിലയിരുത്തുന്നത്.)

അങ്ങനെ ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോള്‍ റെഡ് സിഗ്‌നല്‍ കട്ട് ചെയ്യാനും വേഗതയില്‍ ഓടിക്കാനും കുട്ടി റഹീമിനെ നിര്‍ബന്ധിച്ചു. അത് ചെയ്യാത്തതിനാല്‍ റഹീമിനെ കുട്ടി പിന്നില്‍ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. തലയില്‍ അടിക്കുന്നതും തുപ്പുന്നതും തുടര്‍ന്നപ്പോള്‍ സ്റ്റിയറിങ്ങില്‍ കൈവെച്ച് കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടഞ്ഞു.

അബദ്ധത്തില്‍, അബ്ദുറഹീമിന്റെ കൈ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി ഡിസ്‌കണക്റ്റ് ആയി. തുടര്‍ന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്. ഉടന്‍ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേര്‍ന്ന് ഒരു കഥയുണ്ടാക്കി. പണം തട്ടാന്‍ വന്ന കൊള്ളക്കാര്‍ റഹീമിനെ കാറില്‍ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീര്‍ റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.

കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിച്ചത് ഇരുവര്‍ക്കും വിനയായി. പോലീസ് അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞ കഥ നുണയാണെന്ന് വ്യക്തമായി. അബദ്ധത്തില്‍ പറ്റിയാല്‍ കുട്ടിയെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കണമായിരുന്നു. അതിനുപകരം കള്ളക്കഥ മെനഞ്ഞു അത് പൊളിയുകയും ചെയ്തു.

ഇത്തരം ഒരു സാഹചര്യത്തില്‍ ഇത് മനപ്പൂര്‍വം ചെയ്ത കൊലപാതകമാണ് എന്ന് ആ കുടുംബത്തിനും കോടതിക്കും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ആ അറബി ഫാമിലിക്ക് പകരം കേരളത്തിലെ ഒരു മലയാളി ഫാമിലിയെ സങ്കല്‍പ്പിക്കുക. വീട്ടിലെ ഡ്രൈവറായി ഒരു മാസം മുമ്പ് മാത്രം ഹൗസ് ഡ്രൈവറായി ജോലിയില്‍ ചേര്‍ന്ന ഒരു ബംഗാളിയെയും സങ്കല്‍പ്പിക്കുക.

ബംഗാളി ഡ്രൈവര്‍ കൊണ്ടുപോയ മലയാളി കുട്ടി കാറില്‍ വച്ച് മരണപ്പെടുന്നു. കൊള്ളക്കാര്‍ വന്ന് തന്നെ കെട്ടിയിട്ടു കുട്ടിയുടെ മെഡിക്കല്‍ ഉപകരണം ഡിസ്‌കണക്റ്റ് ആക്കി അങ്ങനെ കുട്ടി മരണപ്പെട്ടു എന്ന് ബംഗാളി ഡ്രൈവര്‍ മൊഴി നല്‍കുന്നു. ഈ മൊഴി പച്ചക്കള്ളമാണെന്ന് കേരള പോലീസിന്റെ തുടര്‍ അന്വേഷണത്തില്‍ തെളിയുന്നു എന്നും കരുതുക.

അത്തരം ഒരു സന്ദര്‍ഭത്തില്‍ നമ്മുടെ പോലീസും കോടതിയും പൊതുജനവും എല്ലാം എത്തുന്ന നിഗമനം ഇത് ബംഗാളി മനപ്പൂര്‍വ്വം നടത്തിയ കൊലപാതകം ആണ് എന്നായിരിക്കും എന്നതില്‍ എനിക്കൊരു സംശയവുമില്ല. സത്യത്തില്‍ അത് തന്നെയാണ് അബ്ദുറഹീമിന്റെ കാര്യത്തിലും സംഭവിച്ചത്.

മനപ്പൂര്‍വമുള്ള കൊലപാതകത്തിനുള്ള ഇസ്ലാമിക ശിക്ഷ എന്താണ്? അതില്‍ കോടതിക്കുള്ള പങ്ക് എന്താണ് ? കുടുംബത്തിനുള്ള പങ്ക് എന്താണ്?

കൊലപാതകമാണ് എന്ന് സംശയിക്കപ്പെടുന്ന കേസുകള്‍ പരിശോധിച്ചു തെളിവിന്റെ അടിസ്ഥാനത്തില്‍ അത് കൊലപാതകം ആണോ അതോ അബദ്ധത്തില്‍ സംഭവിച്ചു പോയതാണോ എന്ന് തീര്‍പ്പാക്കുക എന്നത് മാത്രമാണ് ഇസ്ലാമിക കോടതിയുടെ റോള്‍.

കൊലപാതകം ആണ് എന്ന് കോടതി വിധിച്ച് കഴിഞ്ഞാല്‍ പിന്നീട് എന്താണ് ശിക്ഷ വേണ്ടത് എന്ന് തീരുമാനിക്കുന്നത് കോടതിയല്ല, മറിച്ച് കൊല്ലപ്പെട്ട ആളുടെ ഉറ്റ ബന്ധുക്കളാണ്. അതാണ് ഇസ്ലാമിക ശരീഅത്തും ഇന്ത്യന്‍ പീനല്‍ കോഡ് പോലെയുള്ള നിയമങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം.

പ്രതിക്ക് വധശിക്ഷ നല്‍കാം, നഷ്ടപരിഹാരം വാങ്ങി പ്രതിയെ വെറുതെ വിടാം, നഷ്ടപരിഹാരം ഒന്നും വാങ്ങാതെ തന്നെ മാപ്പ് നല്‍കി പ്രതിയെ വെറുതെ വിടാം.
ഇതില്‍ ഏതു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം മരണപ്പെട്ട ആളിന്റെ ഉറ്റ ബന്ധുക്കള്‍ക്ക് ആണ് ഉള്ളത്. അല്ലാതെ കോടതിക്കോ ഭരണകൂടത്തിനോ അല്ല. ഇന്ത്യന്‍ നിയമത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ ഒരു കാര്യം നമ്മള്‍ കൃത്യമായി മനസ്സിലാക്കണം.

അബ്ദുറഹീം മനപ്പൂര്‍വ്വം ചെയ്ത കൊലപാതകമാണ് എന്നാണ് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ വിശ്വസിക്കുന്നത്. സാഹചര്യ തെളിവുകള്‍ അനുസരിച്ച് കോടതിയും അങ്ങനെയാണ് വിധിച്ചത്. പറ്റിയ അബദ്ധം മറച്ചുവെക്കാനായി കള്ളക്കഥ മെനഞ്ഞതുകൊണ്ടു തന്നെ അബ്ദുറഹീമിന്റെ മൊഴികള്‍ കോടതിക്ക് വിശ്വാസ്യയോഗ്യമല്ലാതായി!

എന്നിരുന്നാലും 2006 ല്‍ നടന്ന സംഭവത്തില്‍ ഏകദേശം 18 കൊല്ലമായിട്ടും ഇത് വരെ സൗദി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയിട്ടില്ല. ഒരുപാട് മേല്‍ കോടതികളില്‍ അപ്പീലുകള്‍ പോയി അവിടെയെല്ലാം പരാജയപ്പെട്ടു. അബ്ദുറഹീം മനപ്പൂര്‍വം കൊല ചെയ്തതാണ് എന്ന് വിശ്വസിക്കുന്ന അറബി കുടുംബം അയാള്‍ക്ക് വധശിക്ഷ ലഭിച്ചാലേ നീതിയാവൂ എന്ന് കരുതുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാവണം നഷ്ടപരിഹാരം സ്വീകരിച്ച് ഇയാളെ വെറുതെ വിട്ടുകൂടേ എന്ന കോടതികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അബ്ദുറഹീമിനെ കൊണ്ട് ഒരിക്കലും സാധിക്കാത്ത അത്ര വലിയൊരു സംഖ്യ നഷ്ടപരിഹാരമായി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടാവുക. അയാളെ കൊണ്ട് അതിന് ഒരിക്കലും സാധിക്കുകയില്ല എന്നും അങ്ങനെ വധശിക്ഷ നടപ്പിലാക്കുമെന്നും അറബി ഫാമിലി കരുതിയിട്ടുണ്ടാവണം.

എന്തായാലും ഇത്ര ഭീമമായ സംഖ്യ നഷ്ടപരിഹാരമായി ആ ഫാമിലിക്ക് നല്‍കിയാല്‍ വധശിക്ഷ ഒഴിവാകും. അതിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
ഗുണപാഠം : അബദ്ധത്തില്‍ എന്തെങ്കിലും മരണം സംഭവിച്ചാല്‍ അത് ഒരിക്കലും മറച്ച് വക്കാനായി നുണക്കഥകള്‍ ഉണ്ടാക്കരുത്. അതോടെ നമ്മുടെ വാക്കിന് നിയമത്തിനു മുന്നില്‍ വിലയില്ലാതാവും. നമ്മള്‍ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. നമ്മുടെ നുണക്കഥ കൊണ്ട് മാത്രം അത് കൊലപാതകമായി തീരും.
രാത്രിയില്‍ വിജനമായ ഒരു സ്ഥലത്ത് നമ്മുടെ കാറിടിച്ച് ഒരാള്‍ മരിച്ചു എന്ന് കരുതുക. ആരും കണ്ടില്ല എന്ന് കരുതി കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി എങ്കില്‍ പിടിക്കപ്പെട്ടാല്‍ അപകടമരണം കൊലപാതകമാകും.

വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170
എഡിറ്റര്‍, തമസോമ

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

………………………………………………………………………………

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47

2 thoughts on “അബ്ദുറഹിമിനെ വധശിക്ഷയ്ക്കു വിധിക്കാനുള്ള കാരണങ്ങള്‍

    1. ഏതെങ്കിലും തരത്തില്‍ മരണം നടന്നാല്‍, അതു കൊലയോ മനപ്പൂര്‍വ്വമല്ലാത്ത കൊലയോ എന്തുമാകട്ടെ, ആ പാതകം ഒളിപ്പിക്കാനായി നടത്തുന്ന ശ്രമങ്ങളാണ് ഇവരെ കുറ്റവാളികള്‍ ആക്കുന്നത്.

      ഇവരുടെ സ്ഥാനത്ത് സാമാന്യ രീതിയില്‍ ചിന്തിക്കുന്ന ഒരാളാണെങ്കില്‍ ആദ്യം ചിന്തിക്കുന്നത് ആ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാനാണ്. പക്ഷേ, ഇവര്‍ ചെയ്തത് കള്ളക്കഥകളുണ്ടാക്കി രക്ഷപ്പെടാനാണ്.

Leave a Reply

Your email address will not be published. Required fields are marked *