ജംഷിദ് പള്ളിപ്രം
ഒരു അമ്പത്തിയഞ്ച് വയസ്സുകാരനെക്കാള്‍ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്. (Victim of Kerala Police brutality)
ഹൃദ്രോഗിയായ മനുഷ്യന്‍. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടില്‍ നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അല്പം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും. വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാള്‍ കാല് വേദന മറക്കും.
സാധാരണ പോലെ ഒരു ദിവസം ഓട്ടോയുമായി റോഡിലിറങ്ങി. യാത്രക്കാരുമായി പോകുമ്പോള്‍ ഒരു ഹോംഗാര്‍ഡ് അയാളുടെ ഓട്ടോയുടെ മുന്നിലേക്ക് ചാടിവീണു. മുന്നിലേക്ക് പോവാന്‍ പാടില്ലെന്ന് പറഞ്ഞു. പിറകിലേക്കും പോവാനും സാധിക്കില്ല. ഹോം ഗാര്‍ഡ് എസ്.ഐയെ വിളിച്ചു. എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോയി.
വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കി എന്നതാണ് കുറ്റം.
പൊലീസ് നടപടിയില്‍ പരാതിയുമായി നേരെ എസ്.പി ഓഫീസില്‍ പോയി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞു.
സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചു. ഓട്ടോ വിട്ടുകൊടുക്കാന്‍ ഡിവൈഎസ്പി നിര്‍ദേശം നല്‍കി.
മേലുദ്യോഗസ്ഥനെ കണ്ടത് കീഴ്ഉദ്യോഗസ്ഥര്‍ക്ക് ദഹിച്ചില്ല. പലകാരണങ്ങള്‍ പറഞ്ഞു പോലീസ് ഓട്ടോ വിട്ടുകൊടുക്കാതെ അയാളെ സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓട്ടോ വിട്ടുതരാതെ ആയപ്പോള്‍ ഒരുമുഴം കയറില്‍ അയാള്‍ വാടക വീട്ടിലെ മുറിയില്‍ ജീവിതം അവസാനിപ്പിച്ചു.
ഇത് എംടി വാസുദേവന്റെയോ എം മുകുന്ദന്റയോ നോവലിലെ കഥാപാത്രമല്ല. അയാളുടെ പേര് അബ്ദുല്‍ സത്താര്‍ എന്നാണ്. കാസര്‍ക്കോട് സ്വദേശി. പോലീസ് ഭീകരതയുടെ ഇരയായി കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ച ഒരു സാധരണക്കാരനായ മനുഷ്യന്‍.
ഗതാഗത തടസ്സമുണ്ടാക്കി എന്ന പോലീസ് വാദമെടുത്താലും ഒരു ചെല്ലാന്‍ ഇട്ടാല്‍ തീരുന്ന പ്രശ്‌നം. സൗകര്യം പോലെ പെറ്റിയടച്ചാല്‍ തീരുന്ന കാര്യം. പക്ഷെ കാക്കിയുടെ ധാര്‍ഷ്ഠ്യത്തിന് മുന്നില്‍ അയാള്‍ ജീവിതം വെച്ച് കീഴടങ്ങി. പോലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാള്‍ക്കില്ല.
സാധരണക്കാരന്‍ നേരെ നിന്ന് സംസാരിച്ചാല്‍ അയാളോട് തോന്നുന്ന വിദ്വേഷം. മേലുദ്യോഗസ്ഥനെ കണ്ടാല്‍ അയാളോട് തോന്നുന്ന ഫ്രസ്‌ട്രേഷന്‍. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവില്‍ മുറിയില്‍ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പോലീസുകാര് ആനന്ദിച്ചിട്ടുണ്ടാവും.
ഈ മനുഷ്യരെ മുഴുവന്‍ ദ്രോഹിച്ച് നിങ്ങള്‍ എങ്ങനെയാണ് പോലീസുകാരെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നത്..? നിങ്ങള്‍ക്കൊരു ഹൃദയമുണ്ടോ..?
അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തതല്ല. ഈ സിസ്റ്റം അയാളെ കൊന്നതാണ്.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975