വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണും ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകയുമായ ദീപ ജോസഫ്. നിമിഷ പ്രിയയുടെ കുടുംബത്തോടൊപ്പം യമനിലേക്കു പോകാന്‍ ഇവരും പദ്ധതിയിട്ടിരുന്നു. എന്നാല്‍, യമനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തേക്കു പോകുന്നത് നല്ലതല്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
യമനിലെത്തി തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബാംഗങ്ങളെ കാണാനായി യമനില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇവരുടെ യാത്രയെ സംബന്ധിച്ച കാര്യങ്ങളില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കോടതി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. 2017 ല്‍ മകള്‍ കൊലപ്പെടുത്തിയ യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തോടു സംസാരിക്കാനും ബ്ലഡ് മണിയെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യമനില്‍ പോകാന്‍ അവര്‍ അനുമതി തേടിയത്.
നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരിയും പത്തു വയസുള്ള മകളുമുള്‍പ്പടെ നാലുപേര്‍ക്ക് യമനിലേക്ക് യാത്ര അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.
യാത്രയുടെ കാര്യം മന്ത്രാലയം ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതായി മന്ത്രാലയത്തിലെ ഗള്‍ഫ് കാര്യ ഡയറക്ടര്‍ തനൂജ് ശങ്കര്‍ ഡിസംബര്‍ ഒന്നിന് കുമാരിയെ അറിയിച്ചു.
പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ കാരണം ആ രാജ്യത്തെ ഇന്ത്യന്‍ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയതായി അനുമതി നിഷേധിച്ച് മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നു. ”യമനില്‍ ഇന്ത്യയ്ക്ക് നയതന്ത്ര സാന്നിധ്യമില്ല. അതിനാല്‍ത്തന്നെ, ആ രാജ്യത്ത് നിങ്ങളുടെസുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ല. സമീപ മാസങ്ങളില്‍, സനയില്‍ ഉണ്ടായിട്ടുള്ള പ്രാദേശിക സംഭവവികാസങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. ഇവയെല്ലാം യാത്രയുടെ സുരക്ഷിതത്വത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നു,” കത്തില്‍ പറയുന്നു.
നിമിഷ പ്രിയയുടെ മോചനത്തിനായി നടത്തുന്ന പരിശ്രമങ്ങളില്‍ സാധ്യമായ എല്ലാക്കാര്യവും സര്‍ക്കാര്‍ ചെയ്യുമെന്നും കത്തിലുണ്ട്.
‘നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള എക്‌സിക്യൂഷന്‍ കമ്മറ്റി യമനില്‍ രൂപീകരിച്ചു. എങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യണമെന്നതാണ് ഞങ്ങള്‍ ചിന്തിക്കുന്നത്’ ദീപ ജോസഫ് പറഞ്ഞു.
Follow the THAMASOMA NEWS channel on WhatsApp: https://whatsapp.com/channel/0029Va8AepO0bIduqnOKHH47
#NimishaPriya #Savenimishapriyaforum #Delhihighcourt #Externalaffiresministry #Thalal