Jess Varkey Thuruthel
കോഴി ഒരു പക്ഷിയാണോ അതോ മൃഗമോ എന്ന ചോദ്യം ഗുജറാത്ത് ഹൈക്കോടതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ട്രോളുകളുടെ പെരുമഴ തീര്‍ത്തിരിക്കുന്നു ചിലര്‍. ആ ചോദ്യം കോടതി ഉന്നയിക്കാനുണ്ടായ സാഹചര്യമെന്താണ് എന്നുപോലും ചിന്തിക്കാതെയാണ് ഈ കളിയാക്കലുകള്‍.
കോടതിമുറിയില്‍ ഈ ചോദ്യം മുഴങ്ങാനൊരു കാരണമുണ്ട്. കോഴിക്കടകള്‍ രോഗങ്ങളുടെ മൊത്തവിതരണക്കാര്‍ കൂടി ആകുന്നു എന്നതാണ് അതിനു കാരണം. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കശാപ്പു ശാലകളില്‍ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളു. മാംസാവശിഷ്ടങ്ങള്‍ അതിവേഗം രോഗങ്ങള്‍ പടര്‍ത്തുമെന്നതിനാല്‍, പരിസര ശുചിത്വം മുതല്‍ ആരോഗ്യകരമായ എല്ലാ മാനദണ്ഡങ്ങളും ജീവികളെ കൊല്ലുമ്പോള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ കോഴിക്കടകളില്‍ സംഭവിക്കുന്നത് എന്താണ്?
ഈ വിഷയത്തില്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ എഴുതിയ എഫ് ബി പോസ്റ്റ് നോക്കുക.
‘കോഴി ഒരു ആനിമല്‍ ആണ്.
ഈ കാണുന്ന തരം പ്ലാസ്റ്റിക്ക് ഡ്രമ്മിലിട്ട് തന്നെയാണോ നിങ്ങള്‍ വാങ്ങാന്‍ പോവുന്ന കടകളിലും കോഴിയെ കഴുത്തറുത്ത് ചാവാന്‍ ഇടുന്നത്? അത് എപ്പഴെങ്കിലും കഴുകുന്നത് കണ്ടിട്ടുണ്ടോ ? ഒന്നിലധികം കോഴികള്‍ ഒരേ സമയം കഴുത്തറുത്തിട്ട് പിടപ്പിക്കാറില്ലെ? ചീറ്റിത്തെറിച്ച ചോരയും നൂറു കൂട്ടം ബാക്ടീരിയകളും കോഴികളുടെ തുവലുകളിലെയും കാലിലേയും അഴുക്കും സൂഷ്മ ജീവികളും അതിനുള്ളിലെ – പിടക്കലിനിടയില്‍ കോണ്‍ക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തിലേത് പോലെ കുഴയുകയില്ലെ? ഒരു ദിവസം വൈകുന്നേരമാകുമ്പോഴേക്കും അതിനുളള് എങ്ങനെ ആവും ഉണ്ടാവുക എന്ന് സങ്കല്പിച്ചിട്ടുണ്ടോ? പിറ്റേന്ന് രാവിലെ വെറുതെ ഒന്ന് കഴുകിയാല്‍പ്പോലും അതില്‍ ഒട്ടിപ്പിടിച്ച മാലിന്യം പോകുമെന്ന് കരുതുന്നുണ്ടോ ? ബാക്ടീരിയല്‍ കള്‍ച്ചര്‍ മീഡിയം ആയിരിക്കില്ലെ അതിന്റെ ഉള്‍ച്ചുമരുകള്‍ ?
തൂവലും വയറും പൊളിച്ച് മേശമേലിട്ട് അതേ തൂവല്‍ – തൊലി ഭാഗം കൊണ്ടല്ലേ അവര്‍ ആ മേശ തുടച്ച് താഴെയുള്ള ഡ്രമ്മിലേക്ക് ഇടാറുള്ളത് ? കഷണം നുറുക്കുന്ന മരക്കുറ്റി എന്നെങ്കിലും ഇടക്ക് കഴുകാറോ ഉണക്കാറോ ഉള്ളതായി കണ്ടിട്ടുണ്ടോ ? ഇങ്ങനെ ഒക്കെ ആണെങ്കില്‍ – നമ്മള്‍ വൃത്തിയുള്ള കോഴി ഇറച്ചി അല്ല വാങ്ങുന്നത്.’
കോഴിയെ കൊന്ന് ഇറച്ചി ആയിട്ടാണ് വില്‍ക്കുന്നത്. അപ്പോള്‍, കോഴിയിറച്ചി വില്‍ക്കുന്ന കടകളും മൃഗങ്ങളെ അറക്കുന്ന അംഗീകൃത അറവുശാലകളിലേത് പോലെ തന്നെ ശുചിത്വ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞതില്‍ ഇത്ര ട്രോളാന്‍ എന്തിരിക്കുന്നു??
കശാപ്പുശാലകളില്‍ വെച്ച് മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളുവെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അധികൃതര്‍ പൂട്ടിച്ചിരുന്നു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ കോഴി മൃഗമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇറച്ചിക്കോഴികളെ കശാപ്പുശാലകളില്‍ മാത്രമേ കൊല്ലാന്‍ കഴിയൂ. എന്നാല്‍ വിധി തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഇറച്ചിക്കോഴി വില്‍പനക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഹര്‍ജി സ്വീകരിച്ച് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, മൃഗസംരക്ഷണ ഡയറക്ടര്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) കമ്മീഷണര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. പക്ഷികളെ അറവുശാലയിലേക്ക് അയക്കണോ,കോഴിയെ മൃഗമായി കണക്കാക്കാമോ? നല്ല ചിക്കന്‍, ചീത്ത ചിക്കന്‍ എന്ന് എങ്ങനെ വേര്‍തിരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത തേടിയത്.
കോഴിയെ അറവു ശാലയിലേക്ക് അയച്ചാലും ഇല്ലെങ്കിലും ആഹാരസാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടങ്ങളിലെല്ലാം ശുചിത്വനിയമങ്ങള്‍ കര്‍ശനമായി പാലിച്ചേ തീരൂ. ആരോഗ്യം വച്ചു കളിക്കുന്നത് ജീവന്‍ പന്താടുന്നതിനു തുല്യമാണ്. പണം കൊടുത്ത് രോഗം വാങ്ങിക്കൂട്ടിയിട്ട്, പിന്നെയാ രോഗത്തിനു ചികിത്സ തേടി ആശുപത്രികളിലേക്കോടുകയാണ് ജനം. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം.
വയറ്റിലേക്കു തള്ളുന്നത് രോഗാണുക്കളുടെ കൂമ്പാരമാകരുത്. ആരോഗ്യമാണ് സമ്പത്ത്. കോഴി മൃഗമായാലും പക്ഷി ആയാലും അതു മാംസമാക്കി കൊടുക്കുമ്പോഴും ആഹാരമായി വച്ചു വിളമ്പുമ്പോഴും കഴിക്കുമ്പോഴും രോഗാണുക്കളാകരുത് ശരീരത്തിലേക്കെത്തുന്നത്. അവിടെ പരിഹസിക്കപ്പെടാന്‍ യാതൊന്നുമില്ലെന്ന സത്യമാണ് ഓരോ മനുഷ്യരും തിരിച്ചറിയേണ്ടത്. കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ആശുപത്രികളിലേക്ക് രോഗികളെ വന്‍തോതില്‍ സപ്ലൈ ചെയ്യുന്ന ഏജന്റുമാരായി സര്‍ക്കാര്‍ സംവിധാനങ്ങളും നിയമപാലകരും മാറിയാല്‍ ജനങ്ങള്‍ക്കൊപ്പം
തര്ന്നടിയുന്നത് ഒരു നാടു തന്നെ ആയിരിക്കും.