ജനങ്ങളില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാര്‍

ഇന്ത്യാ മഹാരാജ്യം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലേക്ക് നീങ്ങുന്നു.
ഊതി പെരുപ്പിച്ച കണക്കുകള്‍ അല്ലാതെ മടിശീലയില്‍ ഒന്നുമില്ല. മാറിവരുന്ന
സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ അതിനൊക്കെയും
പരിഹാരമാകും. എന്നാല്‍, മനുഷ്യമനസ്സുകളില്‍ കുത്തിനിറയ്ക്കുന്ന വര്‍ഗീയ
വിഷത്തിന്റെ ലഹരി മായണമെങ്കില്‍ അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ
മതിയാവില്ല. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ വര്‍ഗീയത വളര്‍ത്തുന്നു
എന്നത് വളരെ ആശങ്കയോടെയാണ് കാണേണ്ടത്. ഓരോ ദിവസങ്ങളിലും
പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ഇന്ത്യയില്‍
ഒരു പ്രധാനമന്ത്രി ഉണ്ടോ എന്നുപോലും തോന്നിപോകുന്നൂ. വിദ്യാ സമ്പന്നര്‍
എന്ന് അഭിമാനിച്ച ഇങ് കേരളത്തിലും വര്‍ഗീയത ശക്തിപ്രാപിച്ചിരിക്കുന്നു. 
കഴിഞ്ഞ തിങ്കളാഴ്ച ദളിതര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടുള്ള പ്രതികരണം
അതിന് ഒരു ഉദാഹരണം മാത്രം. ചിലര്‍ പ്രശസ്തരാകുവാന്‍ ബോധമില്ലായ്മ
വിളമ്പുന്നു. ജനങ്ങള്‍ പ്രതികരിക്കുമ്പോള്‍ ക്ഷമ ചോദിക്കുന്നു. നേതാക്കള്‍
ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട് വര്‍ഗീയ തീവ്രവാദത്തിന്
കുടപിടിക്കുന്നൂു ലജ്ജാകരം തന്നെ. കേരളമേ ഉണരുക. ഹര്‍ത്താലിനെ ആരും തന്നെ
അനുകൂലിക്കുന്നില്ല. എന്നാല്‍ ചില വിഭാഗങ്ങളുടെയാകുമ്പോള്‍ മാത്രം ചിലരുടെ
സവര്‍ണ്ണ മേധാവിത്വം അറിയാതെ പുറത്തുവരുന്നു. 
ശ്രീജിത്ത് പന്തളം എന്ന നാമത്തില്‍ ഒരു ചെറുപ്പക്കാരന്‍ നടത്തിയ വെല്ലുവിളി
ഓരോ മനുഷ്യനോടുമാണ് എന്ന് നമ്മള്‍ തിരിച്ചറിയുക. തന്റെ സ്ഥാപനം തുറക്കുകയോ
അടക്കുകയോ ചെയ്യുന്നത് അതിന്റെ ഉടമയുടെ അവകാശവും സ്വാതന്ത്ര്യവും ആകുന്നു.
അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. ആ മാന്യന്‍ വിശ്വസിക്കുന്ന
ദേശീയപാര്‍ട്ടി ആവശ്യത്തിനും അനാവശ്യത്തിനും ഇവിടെ ഹര്‍ത്താല്‍
നടത്തിയിട്ടുണ്ട്. ജയലളിത തമിഴ്‌നാട് ഭരിക്കുന്ന കാലഘട്ടത്തില്‍ അവിടെയുള്ള
ഒരു സ്വാമിയെ കൊലക്കുറ്റത്തിന് പ്രതിയായി ചേര്‍ക്കപ്പെട്ട് കസ്റ്റഡിയില്‍
എടുത്ത് ജയിലില്‍ അടച്ചു. അന്ന് തമിഴ്‌നാട്ടിലെ ഒരൊറ്റ ഹൈന്ദവ സംഘടനകളും
ശക്തമായി പ്രതികരിച്ചില്ല. എന്നാല്‍ അന്ന്, കുമ്മനം രാജശേഖരന്‍
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്് കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കി. സ്വന്തം
ജീവനിലുള്ള ഭയം കൊണ്ട് അതിനെയും ജനങ്ങള്‍ അംഗീകരിച്ചു. 
ശ്രീജിത് എന്ന വ്യക്തിയുടെ അഭിപ്രായ പ്രകടനത്തിന് ഒട്ടും
വിലകല്പിക്കുന്നില്ല. എങ്കിലും കേരളത്തില്‍ പലയിടത്തും ഇതുപോലുള്ള
ശ്രീജിത്തുമാര്‍ ദുഷിച്ച മനസ്സുമായി ജീവിക്കുന്നൂ. ‘ശ്രീജിത്ത് പന്തളം’
എന്നാണ് ആ മാന്യവ്യക്തിയുടെ പേര് സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്കില്‍
കൊടുത്തിരിക്കുന്നത്. താങ്കളുടെ പേരിനൊപ്പമുള്ള സ്ഥലപ്പേര് ആരാണാവോ
താങ്കള്‍ക്ക് കല്പ്പിച്ചു നല്കിയത്….?? ഒരു സ്ഥലപ്പേര് ഏവര്‍ക്കും
തോന്നുന്നതുപോലെ തന്റെ പേരിനൊപ്പം ചേര്‍ക്കുവാന്‍ അവകാശമില്ല എന്ന്
ഓര്‍ക്കുന്നത് നന്ന്. കലാ സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന
വ്യക്തികള്‍ക്ക് ആ നാട്ടിലുള്ളവര്‍ നല്കുന്ന ഒരു ആദരവാണ് ആ വ്യക്തിയുടെ
പേരിനൊപ്പം ജന്മനാടിന്റെ പേരുകൂടി ചേര്‍ത്ത് വിളിക്കുന്നത്. 
മണ്മറഞ്ഞു പോയിട്ടുള്ളവരും, ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം
വ്യക്തിത്വങ്ങള്‍ക്ക് സ്വന്തം പേരിനൊപ്പം നാടിന്റെ നാമം കൂടി ചേര്‍ത്ത്
വിളിക്കുന്നു. അവര്‍ ആരും തന്നെ ജന്മനാടിന് പേരുദോഷം വരുത്തിയിട്ടില്ല.
എന്നാല്‍ ശ്രീജിത്ത് പന്തളം ആ നാടിനു തന്നെ ഈ പേരില്‍കൂടി അപമാനം
വരുത്തിയിരിക്കുന്നു. വികസനത്തിന്റെ പാതയിലുള്ള പന്തളം എന്ന അതിപ്രശസ്തമായ
സ്ഥലം, പന്തളം കൊട്ടാരവും അവിടെനിന്നും ശബരിമലയിലേക്ക് പുറപ്പെടുന്ന
തിരുവാഭരണവും ഇതൊക്കെയും മലയാളിയുടെ മനസ്സില്‍ വലിയ ഒരു സ്ഥാനമാണ്
സൂക്ഷിക്കുന്നത്. നാനാജാതിമതസ്ഥര്‍ അധിവസിക്കുന്ന ഈ പ്രദേശം
മതസൗഹാര്‍ദ്ദത്തിന് പെരുമ കേട്ടതുമാണ്. അവിടെയുള്ള ഇതര മതസ്ഥര്‍ അതീവ
ബഹുമാനത്തോടെയാണ് തിരുവാഭരണ ഘോഷയാത്രയെ എതിരേല്‍ക്കുന്നത്. അതേപോലെ
പള്ളികളിലെ പെരുന്നാളുകളെയും, റമദാനെയും ജാതിമത ഭേദമില്ലാതെ ആദരിക്കുന്നൂ.
ഇങ്ങനെയുള്ള നാട്ടില്‍ ഇതുപോലുള്ളവര്‍ നാടിന്റെതന്നെ സമാധാനത്തെ
തകര്‍ക്കുന്നവര്‍ ആണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. 
ശ്രീജിത്ത് തന്റെ സ്ഥാപനത്തില്‍ നിന്ന് വെല്ലുവിളിക്കുന്നത് കേട്ടു,
ഏതെങ്കിലും ഒരു ഹിന്ദുവിന്റെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞാല്‍
അവര്‍ക്ക് വീട്ടില്‍ നടന്നുപോകുവാന്‍ കഴിയുകയില്ല എന്നുള്ള രീതിയില്‍.
പ്രിയ അനുജന്‍ എല്ലാ ഹിന്ദുക്കളുടെയും സുരക്ഷാ ഒരുക്കുവാന്‍ ഏത്
സര്‍ക്കാരാണ് താങ്കളെ ഈ വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. ഏത് മത
നേതാക്കളാണ് ഹിന്ദുക്കളെ സംരക്ഷിക്കുവാന്‍ പറഞ്ഞത്? വഴിയാത്രക്കാരന്
വഴിനടക്കുവാനുള്ള അവകാശം നിറവേറ്റപ്പെടേണ്ടത്, അവിടുത്തെ സര്‍ക്കാരും
പോലീസ് സംവിധാനവുമാണ്. 
ഹിന്ദുവിന്റെ വാഹനം തടഞ്ഞാല്‍ എന്ന വാക്കിന് പകരം ‘ഇവിടുത്തെ സാധാരണ
ജനവിഭാഗത്തിന്റെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചാല്‍ ‘എന്ന്
പറഞ്ഞിരുന്നെങ്കില്‍ അതിന് അല്പം കൂടി മാന്യതയും അന്തസ്സും
ഉണ്ടാകുമായിരുന്നൂ. അവിടെയും നിങ്ങള്‍ക്ക് നിയമത്തെ കയ്യിലെടുക്കുവാനുള്ള
അവകാശമില്ല. ഇത്രത്തോളം സാമാന്യ ബോധം ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു
സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ കഴിയാതെ
ജാതി തിരിച്ച് വ്യക്തികളെ കാണുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ദൈവമില്ല
എന്നതല്ലേ സത്യം. 
അണികളില്‍ നിന്നും തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ തെറ്റുകളെ
തിരുത്തേണ്ടതും വേണ്ടിവന്നാല്‍ അതിനു മാപ്പ് പറയേണ്ടതും ആണ് നല്ല
നേതൃത്വത്തിന്റെ ഉത്തരവാധിത്വം. നിര്‍ഭാഗ്യവശാല്‍ അത് ഇവിടെ
സംഭവിക്കുന്നില്ല. ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്, നേതൃത്വം അണികളെ
തെറ്റുകള്‍ പറയുവാനും പ്രവര്‍ത്തിക്കുവാനും പ്രോത്സാഹിപ്പിക്കുന്നു എന്ന്
തന്നെ. ഈ തെറ്റായ നടപടികള്‍ ഒരു രാജ്യത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുകയില്ല.
രാജ്യത്തെ ഒരുതരം അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടും. ഇന്ന് നമ്മുടെ രാജ്യം
ഒരു പിഞ്ചു ബാലിക മൃഗീയമായി കൊല്ലപ്പെട്ടതില്‍ മനുഷ്യ ഹൃദയമുള്ള ഓരോ
വ്യക്തികളും അഗാധമായി ദുഃഖിക്കുകയും പൈശാചികമായ ഈ ക്രൂരകൃത്യം ചെയ്തവരെ
മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 
തന്റെ രാജ്യം ഏതെന്നോ, ജാതി എന്താണ്, മതം ഏതാണ് എന്ന് പോലും
ചിന്തിക്കുവാനുള്ള പ്രായം എത്താത്ത പിഞ്ചു ബാലിക. പ്രകൃതി സൗന്ദര്യങ്ങള്‍
കവിഞ്ഞൊഴുകുന്ന കാശ്മീരിന്റെ വിരിമാറിലൂടെ ഒരു ചിത്രശലഭത്തെ പോലെ പാറി
നടക്കേണ്ടവള്‍. ആരൊക്കെയോ കുത്തിനിറച്ച മത വിദ്വേഷം, ആ കുരുന്നിന്റെ ജീവന്‍
അപഹരിച്ചു. തലകുനിക്കുന്നു മറ്റു ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍. ഒരു പിഞ്ചു
ബാലികയുടെ ജീവനു പോലും സുരക്ഷയില്ലാത്ത ഈ രാജ്യത്തിന്റെ ഭരണകര്‍ത്താക്കളെ
ഓര്‍ത്ത്. 
മറ്റുള്ള രാജ്യങ്ങളെക്കാള്‍ ഇന്ത്യ എന്ന രാജ്യത്തെ മുമ്പില്‍ എത്തിക്കും
എന്ന് വീമ്പു പറയുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയോട് ഒരു പൗരന്‍ എന്നുള്ള
നിലയില്‍ താഴ്മയോടെ അപേക്ഷിക്കുകയാണ്, ഞങ്ങള്‍ക്ക് ആരുടേയും മുന്നില്‍
എത്തി ചേരണ്ട. സമാധാനവും, സാഹോദര്യവും ഉണ്ടായിരുന്ന ആ പഴയ ഇന്ത്യയെ
ഞങ്ങള്‍ക്ക് തിരിച്ചുതരുവാന്‍ സാധിക്കുമോ താങ്കള്‍ക്ക്? അതുമാത്രം മതി ഇനി
ഓരോ ഇന്ത്യക്കാരനും. താങ്കളെപ്പോലുള്ള ഭരണകര്‍ത്താക്കളുടെ പേരുകള്‍
ഒരുകാലത്തും ലോകം മറക്കില്ല, അത്രയ്ക്ക് വഞ്ചനയാണ് താങ്കളും
അങ്ങയോടൊപ്പമുള്ള അനുയായികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓരോ ദിനവും
സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഭാരതമേ ഉണരുക.
Santhosh Pavithramangalam


Tags: Child rape in India, rape of an 8 year old girl in Kashmir, fanaticism in India, religious hooligans, 

Leave a Reply

Your email address will not be published. Required fields are marked *