ചിത്ര നിലമ്പൂര്‍: തല ഉയര്‍ത്തിപ്പിടിക്കാന്‍ ആദിവാസികളെ പ്രാപ്തരാക്കിയ പെണ്‍കരുത്ത്


 Written by: 
ഉദയ് ശങ്കര്‍

മാറിനില്‍ക്കെന്ന് ഒരാണ് കല്‍പ്പിച്ചാല്‍ മാറിനില്‍ക്കേണ്ടവളല്ല, മറിച്ച്, ലോകത്തിനു മുന്നില്‍ കരുത്തിന്റെ പ്രതീകമാകാന്‍ കഴിവുള്ളവളാണ് സ്ത്രീയെന്ന് ചിത്ര നിലമ്പൂര്‍ നമുക്കു കാണിച്ചു തരും. ജീവിതവും ജീവനോപാധിയും നഷ്ടപ്പെടുത്തിയിട്ടും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും തളരാതെ നീതിക്കു വേണ്ടി പൊരുതിയ പെണ്‍കരുത്താണ് ഈ 34 കാരി.

മലപ്പുറം ജില്ലയിലെ കൂടനായ്ക്കര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ചിത്ര ജനിച്ചത് പൊത്തുകല്ല് വില്ലേജിലെ അപ്പന്‍കാപ്പ് കോളനിയിലാണ്. സമീപത്തെ ആദിവാസി സ്‌കൂളില്‍ നനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി.

പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും തുടര്‍ന്നു പഠിക്കാന്‍ അവരെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. 16-ാം വയസില്‍ വിവാഹം കഴിഞ്ഞു, 18-ാം വയസില്‍ കുഞ്ഞും ജനിച്ചു. പക്ഷേ, സ്വപ്‌നങ്ങളില്‍ നിന്നും ചിത്രയെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ഉള്‍വനങ്ങളില്‍ താമസിക്കുന്ന ആദിവാസികുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമാണെന്നു കണ്ടതിനെത്തുടര്‍ന്ന് ഒരു ടീച്ചറായി ജോലി ചെയ്യാന്‍ ചിത്ര തീരുമാനിച്ചു. ആദിവാസികളുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ടീമിലെ അംഗവുമായിരുന്നു ചിത്ര.


വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദിവാസി സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനു വേണ്ടി വിവിധ ആദിവാസി ഊരുകളില്‍ നിരന്തരം കയറിയിറങ്ങി നടന്ന് സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുകയായിരുന്നു ചിത്ര ആദ്യം ചെയ്തത്. ഓരോ കുടുംബങ്ങളോടും പ്രത്യേകം പ്രത്യേകം കാണുകയും സംസാരിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് നിരവധി കുട്ടികള്‍ പഠനം തുടരാന്‍ തയ്യാറായി മുന്നോട്ടു വന്നു. സ്‌കൂളില്‍ ചേരുന്നതിന് ആവശ്യമായ രേഖകളുമായിട്ടാണ് ചിത്ര തന്റെ പര്യടനം നടത്തിയത്.

ഈ ഇടപെടലുകളിലാണ് വിദ്യാഭ്യാസമില്ലാത്ത ആദിവാസികളെ ചതിച്ചും പറ്റിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും വന്‍ നേട്ടങ്ങള്‍ കൊയ്യുന്നത് ചിത്ര കണ്ടെത്തിയത്. ഭൂമി അനുവദിച്ചു കിട്ടുന്ന കാര്യം വേഗത്തില്‍ നടപ്പാക്കിക്കൊടുക്കാമെന്ന് ഉറപ്പു കൊടുത്തു കൊണ്ട് ആദിവാസി കുടുംബങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും പണം വാങ്ങുന്നതായും എന്നാല്‍ ഭൂമിയുടെ അവകാശം ഇവര്‍ക്കു കൊടുക്കാതിരിക്കുന്നതും ചിത്ര മനസിലാക്കി.

ഇവര്‍ക്കെതിരെ ശബ്ദിച്ചു തുടങ്ങിയ ചിത്രയെ പണം നല്‍കി നിശബ്ദയാക്കാനാണ് അവര്‍ ആദ്യം ശ്രമിച്ചത്. അതിനു വഴങ്ങില്ലെന്നു കണ്ടപ്പോള്‍ ഭീഷണിയായി. അതിനിടയില്‍ ചിത്രയ്ക്കു ജോലിയും നഷ്ടമായി.

ആദിവാസികളുടെ അവകാശത്തിനായി സധൈര്യം പോരാടിയ ചിത്രയ്‌ക്കെതിരെ പിന്നീടുണ്ടായത് ആരോപണങ്ങളുടെ പെരുമഴയായിരുന്നു. മാവോയിസ്റ്റായി അവളെ മാറ്റാനുള്ള ശ്രമങ്ങളും ചില ഭാഗത്തു നിന്നുമുണ്ടായി. പക്ഷേ, അതെല്ലാം അവളെ കൂടുതല്‍ കരുത്തയാക്കുകയാണു ചെയ്തത്.

ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ താമസിക്കുന്നത് വനപ്രദേശത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 10 കോടി ജനങ്ങള്‍ ആദിവാസികളാണ്. 2006 ലാണ് വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാലിന്നും ആദിവാസികളുടെ അവകാശത്തിനായി ചിത്ര പോരാടുകയാണ്.


‘പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ ഒരു ഏക്കര്‍ സ്ഥലം വീതം 104 ആദിവാസി കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയതാണ്. എന്നാല്‍, 28 കുടുംബങ്ങള്‍ക്കു മാത്രമേ സ്ഥലം ലഭിച്ചിട്ടുള്ളു. ബാക്കിയുള്ള കുടുംബങ്ങള്‍ക്കു നല്‍കുന്ന കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നടപടികള്‍ അനാവശ്യമായി വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്തത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാനും അവര്‍ തയ്യാറായില്ല. വയനാട് സംഭവിച്ചതും ഇതുതന്നെ. വനനിയമ അവകാശങ്ങളെന്നല്ല, ആദിവാസികള്‍ക്കായി എന്തു നല്‍കിയാലും അതൊന്നും അവരിലേക്കെത്തുന്നില്ല എന്നതാണ് സത്യം,’ ചിത്ര പറഞ്ഞു.

സ്വന്തം അവകാശങ്ങളെക്കുറിച്ച് ആദിവാസികളെ ബോധവത്കരിക്കുന്നതിനുവ വേണ്ടി വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഓരോ വില്ലേജുകളിലെയും ഊരുകള്‍ കയറിനടന്ന് ചിത്ര അവര്‍ക്കു ക്ലാസുകള്‍ നല്‍കി. സെമിനാറുകള്‍ സംഘടിപ്പിച്ചു. അനീതിക്കെതിരെ പരാതി കൊടുക്കുവാനും പരാതി എങ്ങനെ എഴുതണമെന്നും അവരെ ചിത്ര പഠിപ്പിച്ചു.

ചിത്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ ആദിവാസി ഊരുകളില്‍ നിന്നുതന്നെ നേതാക്കളെ തെരഞ്ഞെടുത്ത് മെച്ചപ്പെട്ട ട്രെയിനിംഗ് നല്‍കി. അതിലൂടെ, കൃത്യസമയത്ത് പരാതി നല്‍കാന്‍ അവരെ പ്രാപ്തരാക്കി.

ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു പിടിക്കാന്‍ അവര്‍ക്കു സാധിച്ചത് ചിത്രയുടെ ധീരമായ ഇടപെടലിലൂടെയായിരുന്നു.

വനാവകാശ നിയമം നടപ്പാക്കാനുള്ള പോരാട്ടം മാത്രമല്ല ചിത്ര നടത്തിയത്. മഹിള സമഖ്യ, നീതി വേദി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആദിവാസി സ്ത്രീകളെ അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പ്രാപ്തരാക്കി.

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തം പഠനവും ചിത്ര മുന്നോട്ടു കൊണ്ടുപോയി. അങ്ങനെ 12-ാം ക്ലാസ് പഠനം മാത്രമല്ല, മലയാളത്തില്‍ ഡിഗ്രിയെടുക്കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ നീതി വേദിയുടെ പാരാലീഗലായി ജോലി ചെയ്യുകയാണ് ചിത്രയിപ്പോള്‍.


ഈ ജോലിയിലൂടെ ആദിവാസി സമൂഹം നേരിടുന്ന നിരവധിയായ ചൂഷണ കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ചിത്രയ്ക്കു സാധിച്ചു. അടിമ ജോലിയില്‍ നിന്നും കേള്‍വി ശേഷിയില്ലാത്ത ഒരു മനുഷ്യനെ രക്ഷപ്പെടുത്തിയതാണ് അതില്‍ ഏറ്റവും പ്രധാനം. ഇദ്ദേഹത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും ചിത്രയ്ക്കു സാധിച്ചു.

ഭൂമിയിലുള്ള ആദിവാസികളുടെ അവകാശത്തിനും വിദ്യാഭ്യാസത്തിനും തൊഴിലവസരത്തിനും വേണ്ടി 2017 ല്‍ പട്ടിക വര്‍ഗ്ഗ സേവ സൊസൈറ്റി രൂപീകരിച്ചു.

ആദിവാസി സമൂഹത്തെ ശാക്തീകരിക്കുന്നതില്‍ ചിത്ര വഹിച്ച പങ്കിന്റെ അംഗീകാരമായി 2018 ല്‍ അവര്‍ക്ക് 2018 ല്‍ എം ജെ ജോസഫ് ഔട്ട്സ്റ്റാന്റിംഗ് കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

സ്വന്തമായി തീരുമാനങ്ങളെടുക്കാനും നീതി നടപ്പാക്കാനും കഴിവും തന്റേടവുമുള്ള കരുത്തുറ്റ സ്ത്രീ സമൂഹമാണിവിടെ വളര്‍ന്നു വരേണ്ടത്.


………………………………………………………………………………………………………….
Tags: #ChitraNilambur, #forestrightact #adivasis #exploitationsofadivasis #neetivedi #womenempowerment
Inputs taken from the better India

Leave a Reply

Your email address will not be published. Required fields are marked *