വിവാഹത്തിന് ഇന്ത്യന്‍ ഭരണഘടന കൈമാറി നവദമ്പതികള്‍


Thamasoma News Desk

കേരളത്തില്‍, ഈ നവദമ്പതികള്‍ അതിവിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കമിടുന്നു. വിവാഹ വേളയില്‍, സ്വര്‍ണവും മോതിരവും താലിയും മാലയുമെല്ലാം കൈമാറുന്നതാണ് നിലവിലുള്ള ആചാരം. എന്നാല്‍, അതിനു പകരമായി ഇവര്‍ കൈമാറുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇന്ത്യയില്‍, ഓരോ മനുഷ്യരും, സ്ത്രീയോ പുരുഷനോ ട്രാന്‍സോ ആയിക്കൊള്ളട്ടെ, തുല്യരാണെന്നും തുല്യ അവകാശമാണെന്നും അവര്‍ ഇതിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.

സാധാരണയായി വിവാഹവേദിയില്‍ കൈമാറ്റം ചെയ്യപ്പെടുന്നത് പരമ്പരാഗതമായ മതാചാരങ്ങളും കീഴ് വഴക്കങ്ങളുമാണ്. എന്നാലിവിടെ, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഭരണഘടന കൈമാറ്റം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. തങ്ങളുടെ വിവാഹം മതേതരത്വം, സമത്വം, നീതി, സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിക്കാണിക്കുന്നതാവണം എന്നതാണ് ഇതിലൂടെ ദമ്പതികള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇവ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അടിസ്ഥാന തത്വങ്ങളാണ്, ഇവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ മതപരമായ ഭിന്നതകള്‍ മറികടക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാമെന്ന് ദമ്പതികള്‍ വിശ്വസിക്കുന്നു.

ഇതൊരു ധിക്കാരമല്ല. മറിച്ച്, ഇന്ത്യന്‍ സമൂഹത്തില്‍ സമത്വത്തിന്റെയും നീതിയുടെയും തത്ത്വങ്ങളെ ചവിട്ടിമെതിക്കുന്ന മതപരമായ ആചാരങ്ങള്‍ക്കെതിരായ ധീരമായ നിലപാടാണ്. ഭരണഘടനാ തത്വങ്ങള്‍ക്ക് മേല്‍ മതപരമായ ആചാരങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരിക്കുകയാണ്. എതിക്കപ്പെടാനാവാത്ത വിധം മതാചാരങ്ങള്‍ മനുഷ്യജീവിതത്തെ വരിഞ്ഞുമുറുക്കുന്നു. മതങ്ങളുടെ ഈ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്ന, ആത്മപരിശോധനയ്ക്കുള്ള ആഹ്വാനം കൂടിയാണിത്. തങ്ങളുടെ വിവാഹം മതപരമായ വിശ്വാസങ്ങളേക്കാള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് ദമ്പതികള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങളിലും പരമ്പരമായ ആചാരങ്ങള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നു. സ്വവര്‍ഗ വിവാഹത്തെയോ സിവില്‍ യൂണിയനുകളെയോ ഇന്ത്യ നിലവില്‍ അംഗീകരിക്കുന്നില്ല, ഏകീകൃത വിവാഹ നിയമത്തിന്റെ അഭാവം പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. മതപരമായ ആചാരങ്ങളേക്കാള്‍ ഭരണഘടനയ്ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, ദമ്പതികള്‍ നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുകയും ലൈംഗിക ആഭിമുഖ്യമോ ലിംഗ സ്വത്വമോ പരിഗണിക്കാതെ എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി വാദിക്കുകയും ചെയ്യുന്നു.

മതപരമായി ആഴത്തില്‍ വിഭജിക്കപ്പെട്ട ഒരു രാജ്യത്ത്, ദമ്പതികളുടെ തീരുമാനം ഇന്ത്യന്‍ സമൂഹത്തില്‍ മതത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു. മതവിശ്വാസങ്ങളേക്കാള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്ക് അത് ശ്രദ്ധ ക്ഷണിക്കുകയും സ്വവര്‍ഗ ബന്ധങ്ങളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന സംവാദങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഭരണഘടനാമൂല്യങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ചുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഇവരുടെ ഈ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *