ഈ പോരാട്ടം എനിക്കു വേണ്ടി മാത്രമല്ല, എന്റെ മകളുടെ അന്തസിനു കൂടി വേണ്ടി

Thamasoma News Desk

മൂവാറ്റുപുഴയിലെ ഹോളി മാഗി പള്ളിയില്‍ വച്ച്, 2012 ഏപ്രില്‍ 12 നായിരുന്നു എന്റെ വിവാഹം. ആകുലമെങ്കിലും മനസില്‍ സന്തോഷവും ആകാംക്ഷയും നിറഞ്ഞിരുന്നു. അന്നു വൈകുന്നേരമാണ് എന്റെ മനസിനെ വല്ലാതെ ഉലച്ച, വിചിത്രമായ ആ കാര്യം അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ വീട്ടിനുള്ളില്‍ വച്ച് അവരെന്നോടു പറഞ്ഞു, ‘നല്ലൊരു ആണ്‍കുട്ടിയെ മാത്രം ഗര്‍ഭം ധരിക്കുക!’

കൈകൊണ്ടെഴുതിയ ഒരു കുറിപ്പ് എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ എന്നെ ഏല്‍പ്പിച്ചു. അതില്‍, ആണ്‍കുഞ്ഞിന്റെ ജനനത്തിനായുള്ള ഗര്‍ഭധാരണത്തിന് മുമ്പുള്ള ലിംഗനിര്‍ണയ രീതികള്‍ വിവരിച്ചിരുന്നു. അമേരിക്കയിലുള്ള അവരുടെ ബന്ധുക്കളില്‍ ഒരാള്‍ പരീക്ഷിച്ചു വിജയം കണ്ട നല്ലൊരു മാര്‍ഗ്ഗാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏതോ പഴയ മാസികയിലെ മലയാള പരിഭാഷയായിരുന്നു ആ കുറിപ്പ്.

ആ കുറിപ്പിലെ ഉള്ളടക്കമാണ് എന്നെ ഞെട്ടിച്ചത്. ഒരു ആണ്‍കുട്ടി ജനിക്കാനല്ല, മറിച്ച് നല്ലൊരു ആണ്‍കുട്ടി ജനിക്കാന്‍ ഏതു സമയത്ത് ഏതു രീതിയില്‍ ബന്ധപ്പെടണമെന്ന് അതില്‍ വ്യക്തമായി എഴുതിയിരിക്കുന്നു! ഈ രീതി പിന്തുടര്‍ന്നാല്‍ സുന്ദരനും ബുദ്ധിമാനുമായ ആണ്‍കുട്ടി ജനിക്കാനുള്ള സാധ്യത 95 ശതമാനമാണ് എന്നായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. ഇളം ചര്‍മ്മമുള്ള ഒരു കുട്ടിയുടെ ജനനം ഉറപ്പാക്കാന്‍ എനിക്ക് നിരവധി ‘ഔഷധ’ പൊടികള്‍ നല്‍കി. ഗര്‍ഭധാരണ സമയത്ത് മഹത്തായ പുരുഷ വ്യക്തിത്വങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ നിരവധി ലേഖനങ്ങള്‍ വായിക്കാനായി തന്നു.

യുകെയില്‍ ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കള്‍ അമേരിക്കയിലുമുണ്ട്. അത്യന്തം പുരോഗമനപരമായി ചിന്തിക്കുന്ന ഒരു കുടുംബമാണ് അതെന്ന് അതിനാല്‍ത്തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു. അങ്ങനെയുള്ള ഒരു കുടുംബത്തില്‍ നിന്നാണ് ഇത്തരം വെളിപ്പെടുത്തലുകള്‍! ഞാന്‍ നടുങ്ങിപ്പോയി!! ഇത്തരം പിന്തിരിപ്പന്‍ അന്ധവിശ്വാസങ്ങള്‍ ഇത്തരമൊരു കുടുംബത്തില്‍ എങ്ങനെ നിലനില്‍ക്കും? എങ്ങനെയാണ് ഇവര്‍ക്ക് ഇത്ര പെണ്‍വിരോധം വരാന്‍ കാരണം? അത് അറിയാനായി പിന്നത്തെ എന്റെ ശ്രമം.

പെണ്‍കുട്ടികളോട് ഇത്ര വിരോധം തോന്നാനുള്ള കാരണം എന്താണെന്ന് ഭര്‍ത്താവിന്റെ അമ്മയോടു ഞാന്‍ ചോദിച്ചു. പക്ഷേ, അവരുടെ പ്രതികരണം നിരാശാജനകമായിരുന്നു. ‘പെണ്‍കുട്ടികള്‍ എപ്പോഴും വലിയ സാമ്പത്തിക ബാധ്യതയാണ്. പെണ്ണാണ് ജനിക്കുന്നതെങ്കില്‍ കുടുംബത്തില്‍ നിന്നും പൈസ നഷ്ടമാകും. പക്ഷേ, നല്ലൊരു ആണ്‍കുട്ടിയാണെങ്കില്‍ കുടുംബത്തിലേക്കു പണം വരും’ എന്നായിരുന്നു അവരുടെ പ്രതികരണം. കാലഹരണപ്പെട്ടൊരു വിശ്വാസം മാത്രമല്ല ഇത്, ഇതൊരു കുറ്റകൃത്യം കൂടിയാണ്. ഞാനെന്റെ മാതാപിതാക്കളുടെ ഒരേയൊരു കുട്ടിയാണ്. അതിനാല്‍ത്തന്നെ ഇത്തരം ചിന്താഗതിയുമായി പൊരുത്തപ്പെടാന്‍ എനിക്കു കഴിയുമായിരുന്നില്ല. എങ്കിലും അവരെ എതിര്‍ക്കുന്നതിനു പകരം അവരുടെ ചിന്താഗതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിശബ്ദത പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

താമസിയാതെ, ഞാനും ഭര്‍ത്താവും യുകെയിലേക്ക് താമസം മാറി അവിടെ 2014 വരെ ഞാന്‍ കുട്ടികളില്ലാതെ തുടര്‍ന്നു. ഈ കാലയളവിലുടനീളം, എന്റെ ഭര്‍ത്താവിന്റെ കുടുംബവുമായുള്ള എല്ലാ ഫോണ്‍ സംഭാഷണങ്ങളും ഒരു പുരുഷ അവകാശി എന്ന വിഷയത്തെക്കുറിച്ചു മാത്രമായിരുന്നു. ഒടുവില്‍, ഞാന്‍ ഗര്‍ഭിണിയായി. ആര്‍ത്തവ തീയതിയെക്കുറിച്ച് തെറ്റായ വിവരം നല്‍കി എന്നു പറഞ്ഞ് ഭര്‍ത്താവ് എന്നെ കഠിനമായി കുറ്റപ്പെടുത്തി. അപ്രതീക്ഷിതമായി ഉണ്ടായ വലിയ തെറ്റ് എന്നാണ് ഇതിനെക്കുറിച്ച് ഭര്‍ത്താവ് എന്നോടു പറഞ്ഞത്. മൂന്ന് മാസത്തിന് ശേഷം, അദ്ദേഹം എനിക്ക് വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു, ഗര്‍ഭകാലമായതിനാല്‍ ഞാന്‍ എന്റെ മാതാപിതാക്കളോടൊപ്പം കൊല്ലത്ത് താമസിച്ചു.

അങ്ങനെ, 2014 ഡിസംബറില്‍ എന്റെ മകള്‍ ജനിച്ചു. ഭര്‍ത്താവില്‍ നിന്നുള്ള പ്രതികരണം അത്യന്തം വേദനാജനകമായിരുന്നു. ഞങ്ങളെ കാണാന്‍ വരുന്നതു പോലും അപൂര്‍വ്വമായിരുന്നു. മകളെ വളര്‍ത്താനും അദ്ദേഹം താല്‍പര്യം കാണിച്ചില്ല. 2015 മെയ് മാസത്തില്‍, ഞാനും മകളും യുകെയില്‍ എത്തി, പക്ഷേ ഞങ്ങളുടെ താമസം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഞങ്ങള്‍ തിരിച്ചെത്തിയത് മുതല്‍, ഭര്‍ത്താവ് വൈകാരികമായി അകന്നു നിന്നു, മോളെ കാണാനോ ഇടപഴകാനോ ശ്രമിച്ചില്ല. ഒരു മാസത്തിനു ശേഷം വീണ്ടും ഞങ്ങളെ നാട്ടിലേക്കു തിരിച്ചയച്ചു.

ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ട് ഒന്‍പത് വര്‍ഷമായി, പക്ഷേ, ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതോടെ വിവാഹമോചന നടപടികള്‍ നീണ്ടുപോയി. 2022-ല്‍, ഒരു ട്രയല്‍ കോടതി ജീവനാംശം അനുവദിച്ചു, എന്നാല്‍ എന്റെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഒരു റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു, നടപടിക്രമങ്ങള്‍ പിന്നെയും നീണ്ടു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, അദ്ദേഹം ഇപ്പോള്‍ ജീവനാംശം നല്‍കുന്നുണ്ട്. വിരോധാഭാസമെന്നു പറയട്ടെ, ഇംഗ്ലണ്ടിലെ ഞങ്ങളുടെ മകളുടെ സൗജന്യ വിദ്യാഭ്യാസത്തിനായി ഭര്‍ത്താവ് ഇപ്പോള്‍ അവളുടെ കസ്റ്റഡി ആവശ്യപ്പെടുകയാണ്.

ഈ കേസിനെക്കുറിച്ചും ഗര്‍ഭധാരണ നിയമങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ, ഗര്‍ഭധാരണത്തിനു മുമ്പുള്ള ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ട് സൂക്ഷ്മമായി അവലോകനം ചെയ്തു. ഞാന്‍ ലിംഗാധിഷ്ഠിത വിവേചനത്തിന്റെയും ദുരുപയോഗത്തിന്റെയും ഇര മാത്രമല്ല, അത്തരം അനീതികളെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ട കാലഹരണപ്പെട്ട ഒരു നിയമവ്യവസ്ഥയുടെ ഇര കൂടിയാണെന്ന് ഞാന്‍ കണ്ടെത്തി.

ഒരു മകളേക്കാള്‍ വലിയ മൂല്യം ഒരു മകന് ഉണ്ടെന്നുള്ള വിശ്വാസം നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്, ഇത് വിവേചനത്തിന്റെയും അനീതിയുടെയും ദൂഷിത വലയമാണ്. എന്റെ ഈ പോരാട്ടം ആര്‍ട്ടിക്കിള്‍ 226 പ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഴഞ്ചന്‍ വിശ്വാസങ്ങളുടെയും വ്യവസ്ഥാപരമായ അനീതികളുടെയും ചങ്ങലകളില്‍ നിന്നുള്ള മുക്തിയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ, എന്റെ മകള്‍ക്ക് ശോഭനവും കൂടുതല്‍ നീതിയുക്തവുമായ ഭാവി ഉറപ്പാക്കുന്നതിനു വേണ്ടിക്കൂടിയാണ് ഈ പോരാട്ടം.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനങ്ങളും ഇന്നും ആഴത്തില്‍ വേരോടുകയാണ് കേരളത്തില്‍. വിദ്യാഭ്യാസവും പുരോഗതിയും കൈവരിച്ച കേരളത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുക തന്നെ ചെയ്യും. കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ചിന്തിക്കാവുന്നതിലും ദയനീയം.

……………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–

 

…………………………………………………………………………..

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

Leave a Reply

Your email address will not be published. Required fields are marked *