അവകാശങ്ങളില്ലാത്ത ജീവന്റെ പാതികള്‍

Jess Varkey Thuruthel

ജീവന്റെ പാതികള്‍ ജീവനാണെന്നു സ്ഥാപിച്ചെടുക്കുവാന്‍ ഇനിയെത്ര കാലം അവര്‍ പോരാടണം? പാതി ജീവനെ മരണം കവര്‍ന്ന തീവ്ര ദു:ഖത്തിലും ഹൃദയം തകര്‍ക്കുന്ന മറ്റൊരു വേദന… ആ ജീവനറ്റ ശരീരത്തിനൊപ്പം അവസാന നിമിഷമിരിക്കാനും ആരുടെയൊക്കെയോ കാരുണ്യം ആവശ്യമാണത്രെ! ഗേ ദമ്പതികളിലൊരാളായ മനു മരണത്തിലൂടെ വേര്‍പിരിയുമ്പോള്‍, ഭാര്യാ ഭര്‍തൃ ബന്ധത്തിലെ പങ്കാളിക്കു ലഭിക്കുന്ന ഒരു പരിഗണനയും ലഭിക്കാതെ ദു:ഖം നെഞ്ചിലമര്‍ത്തി അവരും!

ഇന്ത്യയില്‍ വിവാഹം കഴിക്കണമെങ്കില്‍ ഒരാള്‍ സ്ത്രീയും മറ്റേയാള്‍ പുരുഷനുമായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി. പ്രായപൂര്‍ത്തിയായ ഒരാണിനും പെണ്ണിനും ഒരുമിച്ചുള്ള ജീവിതവും സാധ്യമാണ്. വിവാഹിതരായ പങ്കാളിക്കുള്ളത്ര അവകാശങ്ങള്‍ കോടതി അവര്‍ക്കും അനുവദിച്ചു കൊടുക്കുന്നുണ്ട്. പക്ഷേ, ക്വിയര്‍ ഗ്രൂപ്പിന്റെ കാര്യം അങ്ങനെയല്ല. പങ്കാളിയില്‍ അവര്‍ക്ക് അവകാശങ്ങളൊന്നുമില്ല. വിവാഹമായോ ലിവിംഗ് ടുഗതര്‍ ആയോ അവരുടെ ജീവിതത്തെ അംഗീകരിക്കുന്നുമില്ല.

അവര്‍ തമ്മിലുള്ള വിവാഹത്തിന് നിയമാനുവാദം നല്‍കിയാല്‍ ഏത് ആകാശമാണിവിടെ ഇടിഞ്ഞു വീഴുന്നത്? ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ ഇല്ലാത്ത എന്തു പ്രശ്‌നങ്ങളാണ് ഈ ബന്ധങ്ങളില്‍ ഉണ്ടാകാനുള്ളത്? ഒരു കുടുംബം ഉണ്ടാക്കാനുള്ള ഇവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ട് എന്താണിവിടെ സംരക്ഷിക്കാനുള്ളത്? ആരോഗ്യമുള്ള ഏതൊരാണും പെണ്ണും പോലുള്ള ലൈംഗികത പോലെ സ്വാഭാവികമാണ് ഇവര്‍ തമ്മിലുള്ളതെന്ന് അംഗീകരിക്കാന്‍ മനസില്ലാത്തത് എന്തുകൊണ്ട്?

മാതാപിതാക്കളുടേയും ബന്ധുക്കളുടേയും സ്‌നേഹവും പരിഗണനയും ഉറച്ച പിന്തുണയും ആവശ്യമുള്ളത് ഈ മനുഷ്യര്‍ക്കാണ്. പക്ഷേ, തന്റെ ലൈംഗികാഭിമുഖ്യം വെളിവാക്കുന്ന, പ്രകടിപ്പിക്കാന്‍ ആരംഭിക്കുന്ന നിമിഷം മുതല്‍, വീട്ടില്‍ ഇവര്‍ക്കു സ്ഥാനമില്ലാതാകുന്നു. ആദ്യം ഉപദേശങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, പരിഹാസങ്ങള്‍, ചികിത്സകള്‍ പോലും നടത്തുന്നു. അതും അതിക്രൂരമായ രീതിയില്‍. ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന പ്രണയം പോലെ തന്നെ തീവ്രമാണ് ഇവര്‍ക്കുള്ളതെന്നു മനസിലാക്കാനും അംഗീകരിക്കാനും തയ്യാറല്ല പലരും. ഇവരെ ചേര്‍ത്തു പിടിക്കാന്‍ ഇവരുടെ കുടുംബങ്ങളുണ്ടെങ്കില്‍, സമൂഹത്തിന്റെ പരിഹാസങ്ങളൊന്നും ഇവരെ ഏശുകയില്ല. അതിനെയെല്ലാം തരണം ചെയ്യാന്‍ ഇവര്‍ക്കു സാധിക്കും. പക്ഷേ ആദ്യം ഇവരെ ആട്ടിപ്പായിക്കുന്നത് പിറന്ന വീട്ടില്‍ നിന്നുമാണ്. അതോടെ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കും പരിഹാസങ്ങള്‍ക്കും പരിധിയില്ലാതാകുന്നു. നിയമം പോലും പിന്തുണയ്ക്കില്ലാത്ത ഈ മനുഷ്യരുടെ നിലവിളികള്‍ ആരു കേള്‍ക്കാനാണ്?

കഴിഞ്ഞ ആറുവര്‍ഷമായി, കളമശേരിയിലെ ഒരു ഫ്‌ളാറ്റില്‍ ജെബിനും മനുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഒരു അമ്പലത്തില്‍ വച്ച് ഒരു വര്‍ഷം മുമ്പ് ഇവര്‍ വിവാഹിതരുമായി. പക്ഷേ, സ്വവര്‍ഗ്ഗാനുരാഗികളായ ഇവരുടെ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലാത്തതിനാല്‍, പങ്കാളിയെ അനന്തരാവകാശിയായി കണക്കാക്കുകയില്ല. അതിനാല്‍, മനുവിന്റെ മൃതദേഹത്തിനു പോലും പങ്കാളിയായ ജെബിന് അവകാശമില്ലെന്ന് നിയമം പറയുന്നു.

മനു ടെറസില്‍ നിന്നും കാല്‍ വഴുതി വീണതാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നില്‍ക്കവെ കാല്‍വഴുതി വീഴുകയായിരുന്നു. ആദ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പക്ഷേ, മനു ജീവിതത്തിലേക്കു മടങ്ങിവന്നില്ല.

അണ്‍ക്ലെയിം അഥവാ അവകാശികളില്ലാത്തവര്‍

ഇതാണോ നിയമം ഇവര്‍ക്കു നല്‍കുന്ന ലേബല്‍? മരിച്ചു വീഴുന്ന ഓരോ ക്വിയര്‍ ജീവിതവും അണ്‍ക്ലെയിം ആണെന്നു പറഞ്ഞുവയ്ക്കുന്നതിലൂടെ, ഈ വ്യക്തികളെല്ലാം അനാഥരാണെന്നു പ്രഖ്യാപിക്കുകയാണ് നിയമം. ബന്ധുക്കളാരും ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ പ്രോട്ടോക്കോള്‍ പ്രകാരം പഠനാവശ്യത്തിനായി മൃതദേഹം വിട്ടുകൊടുക്കണമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഏറെ സ്‌നേഹത്തോടെ അവരെ ഈ ലോകത്തു നിന്നും പറഞ്ഞയക്കാനുള്ള ക്വിയര്‍ സമൂഹത്തിന്റെ അവകാശത്തെക്കൂടിയാണ് ഇതു കവര്‍ന്നെടുക്കുന്നത്.

ആണും പെണ്ണുമല്ലാത്ത ഒരുത്തന്റെ കൂടെ പോയവന്റെ മൃതദേഹം പോലും തങ്ങള്‍ക്കു വേണ്ടെന്നും അതിനായി ആശുപത്രി ചെലവു വഹിക്കാന്‍ തയ്യാറല്ലെന്നുമാണ് മനുവിന്റെ ബന്ധുക്കള്‍ പറഞ്ഞത്. തന്റെ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനായി കാത്തിരിക്കുന്ന ആ മനുഷ്യന്റെ അവകാശങ്ങളെ അപ്പാടെ നിഷേധിച്ച്, മൃതദേഹം പോലും വേണ്ടെന്നു പറയുന്ന രക്തബന്ധുക്കളുടെ അവകാശമാണിവിടെ നിയമം സംരക്ഷിക്കുന്നത്. ജീവന്റെ പാതിയായി നെഞ്ചില്‍ കുടിയേറിയവരുടെ മൃതദേഹത്തിനു പോലും ഇവര്‍ക്ക് അവകാശമില്ലെന്നോ??


…………………………………………………………………..

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


………………………………………………………………….


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

Leave a Reply

Your email address will not be published. Required fields are marked *