കത്തിയമര്‍ന്ന പ്രണയമേ, വിടയേകട്ടെ ഞാന്‍…

 (എബ്രാഹാം കോശിയുടെ ഓര്‍മ്മകളിലൂടെ)

ഇന്നലെ രാവിലെ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. അത് അവളായിരുന്നു, എന്റെ കളിക്കൂട്ടുകാരന്റെ കാമുകി. എന്നെയൊന്നു കാണണമെന്നവള്‍ പറഞ്ഞു, പറഞ്ഞ സമയത്തു തന്നെ ഞാന്‍ ചെന്നു… അവളുടെ കൈയില്‍ ഒരു കവര്‍ ഉണ്ടായിരുന്നു. അതില്‍ നിറയെ, അവളുടെ കാമുകന്‍ അവള്‍ക്കു നല്‍കിയ സമ്മാനങ്ങളായിരുന്നു. ആ കവര്‍ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ പറഞ്ഞു, ‘ഇത് കൂട്ടുകാരന് തിരിച്ചു കൊടുക്കണം. വീട്ടുകാര്‍ എന്റെ കല്യാണമുറപ്പിച്ചു. പക്ഷേ, ഈ സമ്മാനങ്ങള്‍ എനിക്കു കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. കാരണം ഇതില്‍ നിറയെ അവന്റെ ഓര്‍മ്മകളാണ്…’ താന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്ന് അവള്‍ എന്നോടു ചോദിച്ചു… ‘ഇല്ല, യാതൊരു തെറ്റുമില്ല, അവനെ നീ മറക്കണം, മറ്റൊരു വിവാഹം കഴിക്കണം,’ ഞാനവളോടു പറഞ്ഞു…

അവന്‍ എന്റെ കളിക്കൂട്ടുകാരന്‍… എന്നെക്കാള്‍ മൂന്നുവയസിന് ഇളയവന്‍… കൊടിയ ദാരിദ്ര്യത്തില്‍ ജീവിച്ച എനിക്ക് വയര്‍ നിറയെ ആഹാരം തന്നവന്‍. അവന്റെ വീട്ടില്‍ എനിക്കൊരു ഇടമുണ്ടായിരുന്നു. ടൈല്‍ വിരിച്ച അവന്റെ വീടിന്റെ മുറ്റത്തുകൂടി നടക്കുമ്പോഴുള്ള ആ തണുപ്പ് ഇന്നുമെന്റെ ഹൃദയത്തിലുണ്ട്. അവന്റെ അമ്മ ഒരു ടീച്ചറായിരുന്നു, അച്ഛനാകട്ടെ, വിദേശത്ത് ഉയര്‍ന്നൊരു ജോലിയിലും. സമ്പന്നന്‍.

എന്റെ കൈപ്പത്തിയൊന്നു മുഖത്തോടു ചേര്‍ത്ത് ശ്വാസമെടുത്താല്‍ കത്തിയടര്‍ന്ന മാംസത്തിന്റെ ഗന്ധം ഇന്നുമെന്റെ ശ്വാസത്തിനു പിടിച്ചെടുക്കാനാവും. ഫെബ്രുവരി 12 ന് അവന്‍ കത്തിയമര്‍ന്നിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി.

കുട്ടിക്കാലത്തെ സ്‌കൂള്‍ ജീവിതമവസാനിപ്പിച്ച് ഞങ്ങള്‍ പലവഴിക്കു പിരിഞ്ഞു, പക്ഷേ, സൗഹൃദം അതേപോലെ തുടര്‍ന്നു. അവനൊരു പ്രണയമുണ്ടായിരുന്നു. ഒരുമിച്ചു പഠിച്ചവര്‍. രണ്ടു വീട്ടുകാര്‍ക്കും ഈ ബന്ധം സമ്മതമായിരുന്നു. എല്ലാറ്റിനും കൂട്ടായി ഞാന്‍ നിന്നു. പിന്നീട്, പഠനത്തിന്റെ ഭാഗമായി അവന്‍ കേരളത്തിനു വെളിയിലേക്കു പോയി. തിരിച്ചെത്തിയ അവന്‍ ആകെ മാറിയിരുന്നു. മയക്കു മരുന്നോ അങ്ങനെ എന്തൊക്കെയോ. എന്തായാലും പോയതു പോലെയല്ല അവന്‍ മടങ്ങിയെത്തിയത്…

സന്തോഷം മാത്രം കളിയാടിയിരുന്ന ആ കുടുംബം പ്രശ്‌നങ്ങളുടെ കൂത്തരങ്ങായി മാറി. സന്തോഷവും സമാധാനവും ആ വീടുവിട്ടകന്നു പോയി… അവന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോഴെല്ലാം പരിഹരിക്കാനായി അവന്റെ അമ്മ എന്നെയാണ് വിളിച്ചിരുന്നത്… ഞാനോടിയെത്തുമായിരുന്നു…

അങ്ങനെയൊരുനാള്‍, ഒരു വൈകിട്ട് 7 മണി സയത്ത്, ഞാനും വീടിനടുത്തുള്ള കുറച്ചു സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടയില്‍ ആരുടെയൊക്കെയോ നിലവിളികളും ഒരു വെളിച്ചവും കണ്ടു. ഞങ്ങളെല്ലാവരും അങ്ങോട്ടേക്ക് ഓടി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച!

ഒരു തീഗോളം മുറ്റത്തു കൂടി ഓടി നടക്കുന്നു! വീടിന്റെ മെയിന്‍ വാര്‍ക്കയ്ക്കും മുകളിലായി തീ ആളി ഉയര്‍ന്നു നില്‍ക്കുന്നു. പ്രാണനു വേണ്ടി പിടഞ്ഞു നിലവിളിച്ച് എന്റെ പ്രാണസ്‌നേഹിതനും…! അലറിക്കരയുന്ന അവന്റെ അച്ഛനും അമ്മയും… എന്തു ചെയ്യണമെന്നറിയില്ല… കണ്ടുനിന്നവര്‍ വെള്ളവും തുണിയും കൈയില്‍ കിട്ടിയതെല്ലാം എടുത്തു തീ കെടുത്തി. പക്ഷേ, അപ്പോഴേക്കും അവന്റെ ശരീരമാസകലം പൊള്ളിയിരുന്നു. അപ്പോഴും അവന്റെ ജീവന്‍ ബാക്കി നിന്നു, ബോധവും… കഠിനമായ വേദന സഹിക്കാനാവാതെ അവന്‍ അലറിക്കരഞ്ഞു…

എഴുന്നേല്‍പ്പിക്കാനായി കൈയില്‍ പിടിച്ചപ്പോള്‍ കത്തി വെന്തുരുകിയ തൊലിയും മാംസവും അവന്റെ ശരീരത്തില്‍ നിന്നും അടര്‍ന്നു പോന്നു… തൊടാന്‍ പോലും പറ്റാത്തതിനാല്‍, ഒരു തുണിയില്‍ പൊതിഞ്ഞ് ഞങ്ങളെല്ലാവരും അവനെ വീടിനുള്ളില്‍ ഹാളില്‍ നിലത്തു കിടത്തി. ഫാന്‍ ഇട്ടു കൊടുത്തു. ശരീരത്തില്‍ നിന്നും മാംസത്തിന്റെ ഗന്ധത്തോടെ ചൂടു പുക ഉയര്‍ന്നു.

ദാഹം സഹിക്കാനാവാതെ അവന്‍ വെള്ളം ചോദിച്ചു. ആരോ അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ടുവന്ന് അവന് വായിലൊഴിച്ചു കൊടുത്തു. കത്തിയ കനലിലേക്ക് വെള്ളമൊഴിച്ചാലെന്നതിലും ഭയാനകമായിരുന്നു ആ കാഴ്ച. ഉള്ളു മുഴുവന്‍ വെന്തുരുകിയ വായിലേക്ക് പച്ചവെള്ളമൊഴിച്ചപ്പോള്‍ വായില്‍ നിന്നും ചൂടുപുക ഉയര്‍ന്നു. ആ വെള്ളം അവന്‍ അപ്പോള്‍ത്തന്നെ തുപ്പി. അവന്റെ അമ്മ ബോധമറ്റു നിലത്തു വീണു. അതു നന്നായി എന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും തോന്നി… കരളുരുകുന്ന ആ കാഴ്ച മിനിറ്റുകള്‍ നേരത്തേക്കെങ്കിലും കാണേണ്ടല്ലോ…

നിലത്തു കിടന്ന അവന്‍ ഞങ്ങളെയെല്ലാം നോക്കി അലറിക്കരഞ്ഞു. ഈ ദയനീയാവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടു ഞങ്ങളും നിന്നു. അധികം വൈകാതെ ആംബുലന്‍സ് വന്നു. എല്ലാവരും കൂടി അവനെ ആംബുലന്‍സില്‍ കയറ്റി, പിന്നാലെ ഞങ്ങളും പോയി…

ആശുപത്രിയില്‍ അവനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു, അവനിനി ആയുസ് ഏറിയാല്‍ മൂന്നു ദിവസം മാത്രമെന്ന്! ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റിരിക്കുന്നു. മരിക്കും വരെ വേദന അറിയാതിരിക്കാന്‍ മരുന്നു കൊടുക്കുകയേ മാര്‍ഗ്ഗമുള്ളുവെന്ന്!!

അവന്‍ ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കരഞ്ഞുകൊണ്ട് അവളുടെ കാമുകി പ്രാര്‍ത്ഥനകളോടെ കാത്തിരുന്നു. അവന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് അവന്റെ അമ്മയും… അവന് മൂന്നു ദിവസം മാത്രമേ ആയുസുള്ളു എന്ന സത്യം അവരോടു പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല… ഡോക്ടര്‍മാര്‍ പറഞ്ഞതു പോലെ തന്നെ മൂന്നാം ദിവസം, ഫെബ്രുവരി 12 ന് അവന്‍ മരിച്ചു…!!!

വീട്ടുകാരോട് അവന്‍ 3000 രൂപ ചോദിച്ചു… കൊടുക്കാന്‍ വിസമ്മതിച്ച വീട്ടുകാരെ പേടിപ്പിക്കാന്‍ അവനും നോക്കി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന 5 ലിറ്റര്‍ മണ്ണെണ്ണ അവന്‍ തലയില്‍ക്കൂടി ഒഴിച്ചു, പിന്നെ ലൈറ്ററും കത്തിച്ചു. മരിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും ആശുപത്രിയില്‍ നിന്നുമിറങ്ങിയാല്‍ മുഖമെല്ലാം സര്‍ജ്ജറി ചെയ്തു നേരേയാക്കണമെന്നും അവന്‍ നഴ്‌സുമാരോടു പറഞ്ഞു… പക്ഷേ…

അവന്റെ അന്ത്യകര്‍മ്മത്തില്‍ ആ നാടുമുഴുവനും പങ്കെടുത്തു… ഒരിക്കല്‍ പ്രാണന്‍ വെന്തുരുകിയ ശരീരത്തില്‍ വീണ്ടും അഗ്നി കൊളുത്തി… ആ ശരീരമങ്ങനെ രണ്ടുതവണ കത്തിയെരിഞ്ഞു… ഇതുപോലെ ഒരവസ്ഥ ആര്‍ക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു കണ്ടുനിന്ന എല്ലാവരുടെയും ചുണ്ടിലപ്പോള്‍.

അവന്റെ മരണ ശേഷം ഏകദേശം 8 മാസങ്ങള്‍ മാത്രമേ അവന്റെ അമ്മ ജീവിച്ചിരുന്നുള്ളു… ക്യാന്‍സര്‍ അവസാന സ്‌റ്റേജിലായിരുന്നു… ആരുമറിഞ്ഞില്ല… ഭാര്യയും മകനും പോയ വഴിയിലൂടെ അച്ഛനും ഇറങ്ങിപ്പോയി. ഭാര്യ മരിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷം ട്രെയിനിനു തലവയ്ക്കുകയായിരുന്നു….

നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു ഞാന്‍ അവനുറങ്ങുന്ന മണ്ണിലെത്തി. അവന്റെ കാമുകി തിരിച്ചു നല്‍കിയ ആ സമ്മാനങ്ങളെല്ലാം അവന്റെ കാല്‍ക്കല്‍ കൊണ്ടുവച്ചു… തൊട്ടടുത്തു തന്നെ അവന്റെ അച്ഛനും അമ്മയും ഉറങ്ങുന്നു…!

കളിചിരികള്‍ മുഴങ്ങിയിരുന്ന ആ വീട്ടിലേക്കു ഞാനൊന്നു തിരിഞ്ഞു നോക്കി. കാടു പിടിച്ചു കിടക്കുന്നു വീടും പരിസരവും. മൂന്നു വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീട്. എന്റെ കണ്ണു നിറഞ്ഞൊഴുകി…

നാലു വര്‍ഷം അവന്റെ കാമുകി അവനെയോര്‍ത്തു മാത്രം ജീവിച്ചു. ചെറിയ പ്രായമാണ്… അവളുടെ കല്യാണം കഴിയുന്നതു തന്നെയാണ് നല്ലത്. ഈ ഫെബ്രുവരി 14ന് എല്ലാവരും പ്രണയദിനം ആഘോഷിക്കുമ്പോള്‍ ഉള്ളുനീറി ചങ്കു പൊട്ടി, താന്‍ ജീവനു തുല്യം സ്‌നേഹിച്ചവനെയോര്‍ത്തു കണ്ണീരൊഴുക്കി അവള്‍… സമ്മാനങ്ങള്‍ തിരിച്ചു നല്‍കി കരഞ്ഞുകൊണ്ടാണ് അവള്‍ എന്റെ അരികില്‍ നിന്നും ഓടിപ്പോയത്…

ഈ സങ്കടങ്ങള്‍ മറക്കാന്‍ അവള്‍ക്കു കഴിയട്ടെ… പ്രിയ കൂട്ടുകാരാ, വിട…


…………………………………………………………………………………


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?


തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


…………………………………………………………………………………..

തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47



Leave a Reply

Your email address will not be published. Required fields are marked *